ADVERTISEMENT

കേരളത്തിലെ ബിജെപി അണികൾക്ക് ഏറ്റവും പ്രിയങ്കരനായ നേതാക്കളിൽ പ്രമുഖ സ്ഥാനമാണ് പി.കെ.കൃഷ്ണദാസിന്. മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹകസമിതി അംഗവുമായ കൃഷ്ണദാസ് നയിക്കുന്ന വിഭാഗം കേരള ബിജെപിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നയിക്കുന്ന വിഭാഗത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഉൾപ്പാർട്ടി പോരാട്ടത്തിൽ കൂടിയാണ് അദ്ദേഹം ഏർപ്പെട്ടു വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാതെ പോയതിന്റെ അസ്വസ്ഥതകൾ ബിജെപിയിൽ വളരുന്ന പശ്ചാത്തലത്തിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കൃഷ്ണദാസ് സംസാരിക്കുന്നു.

∙പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ബിജെപിക്ക് കിട്ടി, പക്ഷേ പ്രതീക്ഷിച്ച പ്രകടനം ഉണ്ടായോ ?

സീറ്റിന്റെ എണ്ണത്തിലും വോട്ട് ശതമാനത്തിലും എൻഡിഎ വർധന ഉണ്ടാക്കി. ഒരു മുനിസിപ്പാലിറ്റി കൂടി പിടിക്കുകയും കൂടുതൽ പഞ്ചായത്തുകളിൽ ഭരണത്തിലേറുകയും ചെയ്തു. പക്ഷേ, ഒരു അട്ടിമറി ജയം അസാധ്യമായി. എൽഡിഎഫ്–യുഡിഎഫ് അവിഹിതബന്ധമാണ് അതിനു കാരണം. തിരുവനന്തപുരം കോർപറേഷനിലെ വോട്ടിങ് നില  മാത്രം പരിശോധിച്ചാൽ ഇതു ബോധ്യപ്പെടും.

∙ജില്ലാ പഞ്ചായത്തുകളിൽ നേരത്തെ ഉണ്ടായിരുന്ന സീറ്റുകൾ പക്ഷേ നിലനിർത്താനായില്ലല്ലോ? രാഷ്ട്രീയ വോട്ട് അവിടെ അല്ലേ? 

സീറ്റ് നിലനിർത്താനായില്ല.പക്ഷേ, ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ പരിശോധിച്ചാൽ ഞങ്ങളുടെ വോട്ട് ക്രമാതീതമായി വർധിച്ചു. സംസ്ഥാന വ്യാപകമായി ഈ വർധന ആദ്യമായാണ്.

∙2015 ലെ  1200 സീറ്റുകളിൽ നിന്ന് 1600 സീറ്റുകളിലേക്കുള്ള വളർച്ച കൊണ്ട്  ബിജെപി ‘ഹാപ്പി’ ആണ് എന്നാണോ? 

‘ഹാപ്പി’  എന്നല്ല. പക്ഷേ പാർട്ടി ഏറെ മുന്നോട്ടുപോയി. യുഡിഎഫ് –എൽഡിഎഫ് സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നേക്കാം എന്നതിനാൽ അതിനെ അതിജീവിക്കാനായി ഒരു പുതിയ തന്ത്രത്തിനും ഫോർമുലയ്ക്കും ഞങ്ങൾ രൂപം നൽകും. ഒരു പുതിയ പോർമുഖം  തുറക്കും.

∙ശക്തരായ രണ്ടു മുന്നണികളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ജയങ്ങൾ എത്രമാത്രം ഇവിടെ പ്രായോഗികമാണ്?

സാധിക്കും എന്നത് വ്യക്തം. യുഡിഎഫും എൽഡിഎഫും ഒന്നാണ് എന്ന ഞങ്ങളുടെ  രാഷ്ട്രീയ മുദ്രാവാക്യം നേരത്തെ കേരള സമൂഹം അംഗീകരിച്ചിരുന്നില്ല. എന്നാൽ സമീപകാല സംഭവങ്ങൾ കേരള ജനതയുടെ കണ്ണ് തുറപ്പിച്ചു. രണ്ടു മുന്നണികളും ഒന്നാണ് എന്ന ധാരണ പ്രബലമായി. ഒരു ഭാഗത്ത് ബിജെപി വിരുദ്ധ മുന്നണിയും  മറുഭാഗത്ത് ബിജെപി അനുകൂല മുന്നണിയും എന്നതിലേക്ക് കാര്യങ്ങൾ മാറുന്നു. ബിജെപി ജയിക്കുന്ന പാർ‍ട്ടിയാണ്, ഭരിക്കുന്ന പാർട്ടിയാണ് എന്നത് അരക്കിട്ടുറപ്പിക്കാനും ഇത്തവണത്തെ  തിരഞ്ഞെടുപ്പു ഫലം സഹായകരമായി. ജയിക്കാനുള്ള സാധ്യത കൂടി പരിഗണിച്ച് വോട്ടു ചെയ്യുന്നവരാണ് കേരളത്തിലുള്ളവർ.  നിയമസഭാ തിരഞ്ഞെടുപ്പിൽ കുറച്ചു കൂടി ശോഭനമായ സാധ്യതയാണ് മുന്നിൽ.

∙ചുരുക്കത്തിൽ ഈ തിരഞ്ഞെടുപ്പിൽ നിന്നു  ബിജെപി പഠിക്കേണ്ട പാഠം എന്താണ്? 

PK Krishnadas
പി.കെ.കൃഷ്ണദാസ് തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഒരു യോഗത്തിൽ പ്രസംഗിക്കുന്നു. ചിത്രം – മനോരമ

ജയിക്കാനായി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടി വരും എന്നതു തന്നെ.അക്കാര്യം ഞങ്ങൾക്ക് ആലോചിക്കേണ്ടിവരും.  ബിജെപിയെ തോൽപ്പിക്കാനായി ദേശവിരുദ്ധ ശക്തികളുമായി വരെ കൈകോർക്കുന്നവരായി മുന്നണികൾ മാറിയത് കണക്കിലെടുക്കേണ്ടിവരും.

∙സ്വർണക്കടത്തിനും മറ്റും ബിജെപി അടക്കം  കൂടുതൽ ഊന്നൽ കൊടുത്തപ്പോൾ വികസനവും മറ്റുമായി സർക്കാർ മുന്നോട്ടുപോയത് ഗുണം ചെയ്തു എന്നാണ്  മുതിർന്ന നേതാവായ ഒ.രാജഗോപാൽ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തന്ത്രം അപ്പോൾ പാളി എന്നാണോ? 

കേരള കോൺഗ്രസും(എം) എൽജെഡിയും ലക്ഷണമൊത്ത ദേശ വിരുദ്ധ സംഘടനയായ എസ്ഡിപിഐയും കൂടെ വന്നിട്ടും ജില്ലാ പഞ്ചായത്തുകളിൽ ഒഴിച്ച് വലിയ മുന്നേറ്റം എൽഡിഎഫിന് ഉണ്ടായിട്ടില്ല. എന്നാൽ നുണയുടെ രാഷ്ട്രീയത്തിൽ അവർ വിജയിച്ചു. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ റേഷനരിയും ജൻധൻ അക്കൗണ്ടിലൂടെ നൽകിയ 1500 രൂപയും എല്ലാം ഞങ്ങളാണ് കൊടുത്തത് എന്നതു കേരളമാകെ പ്രചരിപ്പിക്കുന്നതിൽ അവർ വിജയിച്ചു. പ്രധാൻമന്ത്രി ആവാസ് യോജനയിൽ നൽകിയ വീടുകൾ, വൈദ്യുതി, വെള്ളം പദ്ധതികളെല്ലാം ഞങ്ങളാണ് നടപ്പാക്കിയത് എന്ന് അവർ മേനി നടിച്ചു.

∙അതു നുണ പ്രചാരണമാണെങ്കിൽ അതു ബോധ്യപ്പെടുത്തുന്നതിൽ ബിജെപി പരാജയപ്പെടുകയല്ലേ ഉണ്ടായത്?

ഞങ്ങൾ എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ കുറച്ചു കാണുന്നില്ല. നുണ പ്രചരിപ്പിക്കുന്നതിൽ അവർക്ക് വലിയ വൈദഗ്ധ്യമുണ്ട്. ഞങ്ങൾ കള്ളക്കടത്തുകാർക്ക് എതിരാണ്  എന്നു പറഞ്ഞുകൊണ്ട് കാരാട്ട് ഫൈസലിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നതായി നടിച്ചശേഷം ആ സ്ഥാനാർഥിയുടെ അടക്കം വോട്ട് ഫൈസലിന് കൊടുക്കാൻ ശേഷിയുള്ള സംവിധാനമാണ് അവർക്കുള്ളത്!.

∙സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി ആദ്യമായി നേരിട്ട തിരഞ്ഞെടുപ്പാണ് ഇത്. മുൻ അധ്യക്ഷൻ എന്ന നിലയിൽ സുരേന്ദ്രന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

ബിജെപിക്ക് കൂട്ടായ നേതൃത്വമാണുള്ളത്. വിജയമാണെങ്കിലും പരാജയമാണെങ്കിലും അത് എല്ലാവർക്കും ബാധകമാണ്.

∙ ശോഭാ സുരേന്ദ്രനെപ്പോലെ ‘പോപുലർ’ ആയ ഒരു നേതാവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാൻ കഴിയാതെ പോയത് വീഴ്ച്ചയല്ലേ? തിരഞ്ഞെടുപ്പ് കാലത്തെ വലിയ വിവാദം അതായിരുന്നല്ലോ? 

ശോഭ ഉൾപ്പെടെയുള്ള ആർക്കെങ്കിലും എന്തെങ്കിലും പ്രയാസമോ പ്രശ്നമോ ഉണ്ടെങ്കിൽ അതു പരിഹരിക്കണം എന്നതു തന്നെയാണ് ഞങ്ങളുടെ  അഭിപ്രായം. സംസ്ഥാന അധ്യക്ഷനും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനും അതു വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്ക് അകത്ത് എന്തെങ്കിലും ആഭ്യന്തരപ്രശ്നങ്ങളുണ്ടെങ്കിൽ അക്കാര്യം സംഘടനയ്ക്ക്  അകത്ത് പരിഹരിക്കാൻ കഴിയണം.അതിനു പറ്റിയ നേതൃത്വം ഞങ്ങൾക്കുണ്ട്.

∙ആ നേതൃത്വത്തിന്  ശോഭയെ പാർട്ടി കമ്മിറ്റികളിൽ പോലും പങ്കെടുപ്പിക്കാൻ കഴിയുന്നില്ലല്ലോ? 

ആ പ്രശ്നം പരിഹരിക്കേണ്ടതാണ്. ബന്ധപ്പെട്ടവർ അതിനു ശ്രമിക്കും.

∙പാർട്ടി ഒരു രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുമ്പോൾ അതിൽ നിന്നു മാറി നിൽക്കുന്ന ശോഭയുടെ നടപടി അച്ചടക്ക ലംഘനമല്ലേ?

ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം സംഘടന പരിശോധിക്കണം എന്ന അഭിപ്രായമാണ് എനിക്കുളളത്. ആ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്നു തന്നെയാണ്  കരുതുന്നത്.

∙ശോഭയെ സംസ്ഥാന  കോർകമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നത് വീഴ്ച്ചയാണോ? സംസ്ഥാന നേതൃത്വം പറയുന്നതുപോലെ അതു ദേശീയ നേതൃത്വത്തിന്റെ മാത്രം തീരുമാനമാണോ?

PK Krishnadas
പി.കെ.കൃഷ്ണദാസ്

സംസ്ഥാനതലത്തിൽ ആർക്കൊക്കെ എന്തൊക്കെ ചുമതല കൊടുക്കണം എന്നു തീരുമാനിക്കുന്നതും നിശ്ചയിക്കുന്നതും സംസ്ഥാന നേതൃത്വമാണ്,അതൊടൊപ്പം കേന്ദ്ര നേതൃത്വവുമാണ്. രണ്ടും പേരും ചേർന്നാണ്.

∙ എല്ലാ വിഭാഗം നേതാക്കളെയും ഐക്യത്തോടെ  കൊണ്ടു പോകുന്നതിൽ നിലവിലെ പുതിയ നേതൃത്വത്തിനു വീഴ്ച്|യുണ്ടായോ? 

ഏതെങ്കിലും ഒരു കാര്യം  ചൂണ്ടിക്കാണിക്കാതെ കോട്ടവും നേട്ടവും കാടടച്ചു പറയാൻ കഴിയില്ല.

∙പി.എം.വേലായുധനപ്പോലെ ഒരു മുതിർന്ന നേതാവ് ഉന്നയിച്ച വിമർശനമാണ് ‍ഞാൻ ചൂണ്ടിക്കാണിച്ചത്? 

പി.എം. വേലായുധനായാലും, ശോഭയായാലും കെ.പി.ശ്രീശനായാലും..  ഇവർക്കെല്ലാം എന്തു പ്രശ്നം ഉണ്ടെങ്കിലും അതു ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. അതിനുള്ള കരുത്ത് പാ‍ർട്ടിക്കുണ്ട്.

∙താങ്കളെ തെലങ്കാനയുടെ  പ്രഭാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കി, പുതിയ ചുമതല നൽകിയില്ല. അതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനു പ്രതിഷേധമില്ലേ?

കേരളത്തിലെ അധ്യക്ഷന്റെ ചുമതല ഒഴിഞ്ഞ ശേഷം ആദ്യം എന്നെ അഖിലേന്ത്യാ സെക്രട്ടറിയാക്കി, അതിനുശേഷം തെലങ്കാനയുടെ ചുമതല ഏൽപ്പിച്ചു. അ‍ഞ്ചുവർഷത്തോളം ഒരേ  സംസ്ഥാനത്തിന്റെ ചുമതല തന്നെ എനിക്കു ലഭിച്ചു. കീഴ് വഴക്കം അനുസരിച്ച് തെലങ്കാനായിൽ ചുമതല നീട്ടിക്കിട്ടാൻ നിർവാഹമുണ്ടായിരുന്നില്ല. അതിനുശേഷം എന്തു ചുമതലയാണ്  നൽകേണ്ടത് എന്നത് അഖിലേന്ത്യാ നേതൃത്വമാണ് തീരുമാനിക്കേണ്ടത്.എനിക്ക് ഒന്നും പറയാൻ കഴിയില്ല. ഞാൻ കേരളത്തിൽ പ്രവൃത്തിക്കണോ, പുറത്തു പ്രവൃത്തിക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണ്.

∙വി.മുരളീധരനും പി.കെ.കൃഷ്ണദാസും നയിക്കുന്ന രണ്ടു വിഭാഗങ്ങൾ കേരള ബിജെപിയിൽ ഉണ്ടോ? 

കേരളത്തിലെ ബിജെപിയിൽ ബിജെപി പക്ഷം മാത്രമെയുള്ളൂ.

∙എൻഡിഎ ജോയിന്റ് കൺവീനർ കൂടിയാണ് താങ്കൾ സഖ്യകക്ഷികളെ കൂട്ടുന്നതിലും നിലനി‍ർത്തുന്നതിലും ബിജെപി  പരാജയമാണല്ലോ?

സഖ്യ കക്ഷികൾക്ക് അവരുടേതായ ആവശ്യങ്ങളുണ്ട്. അവരുടെ  ഭാഗത്തു  നിന്നു നോക്കിയാൽ ശരിയാണ്, ന്യായമാണ്. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ അത് വീണ്ടും പെടുത്തിയിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.

∙ബംഗാളിലും തമിഴ്നാട്ടിലും എല്ലാം ബിജെപിയുടെ വൻതോക്കുകൾ തന്നെ അടിക്കടി വന്നു പോകുന്നു. ഇവർക്കൊപ്പം  തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലേക്ക് ആരും വരാത്തത്  അവഗണനയാണോ?

PK Krishnadas at Walayar
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാളയാർ സമരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം രണ്ടു മുന്നണികളിൽ‍ നിന്നും ധാരാളം പേർ ബിജെപിയിലേക്ക് ചേക്കേറാൻ പോകുകയാണ്. ചില സമുദായങ്ങൾക്ക് ബിജെപിയോടുള്ള അകലം കുറഞ്ഞു. ഒരു മാറ്റം സംഭവിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ദേശീയ നേതാക്കൾ അങ്ങനെ വരാറില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ തുടങ്ങിയ എല്ലാ കേന്ദ്രനേതാക്കളുടെയും ഒഴുക്ക് തന്നെ ഇങ്ങോട്ട് ഉണ്ടാകാൻ പോകുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

∙ബിഷപ്പുമാരുമായി പ്രധാനമന്ത്രി നടത്താൻ പോകുന്ന ചർച്ച ന്യൂനപക്ഷത്തെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ? 

ആ കൂടിക്കാഴ്ചയും ബിജെപിയുടെ  രാഷ്ട്രീയ അജൻഡയും തമ്മിൽ ബന്ധമില്ല.അവരുടെ  പ്രയാസങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ  ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ആ കൂടിക്കാഴ്ച. അതേസമയം മതന്യൂനപക്ഷങ്ങളുടെ കൂടി പിന്തുണ ലഭിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ഈ രണ്ടു വിഭാഗങ്ങളിലും ബിജെപിക്കെതിരെ വലിയ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. അതു മാറ്റിയെടുക്കാനുള്ള ആസൂത്രിതവും ബോധപൂർവവുമായ ശ്രമം ഞങ്ങൾ നടത്തുന്നുണ്ട്. അതു വഴി ക്രൈസ്തവ സമൂഹത്തിൽ ബിജെപിക്ക് അനുകൂലമായ നല്ല  മാറ്റം ഞങ്ങൾ ദർശിക്കുന്നു. അതേ വേഗത്തിൽ മുസ്‌ലിം സമൂഹത്തിൽ മാറ്റം ഉണ്ടാകണമെന്നില്ല. സമയമെടുത്ത് ആയാലും  അതുണ്ടാകും.

∙കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നു. ഇത്തവണ എത്ര സീറ്റാണ് ലക്ഷ്യം? 

നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരാളം താമരകൾ വിരിയും എന്നതാണ് ഞങ്ങളുടെ  പ്രതീക്ഷ, ലക്ഷ്യം.

English Summary: Crossfire interview with BJP National Executive Member PK Krishnadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com