ADVERTISEMENT

കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്ന് ഇപ്പോഴും ചരിത്രപുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു. അമേരിക്ക ഈ ലോകത്തുതന്നെ ഉണ്ടായിരുന്നു. എന്നാല്‍ അമേരിക്കക്കാര്‍ അല്ലാത്തവര്‍ക്ക് അറിയില്ലായിരുന്നു എന്നു മാത്രം. എന്നാല്‍ സഞ്ചാര സാധ്യതകള്‍ വര്‍ധിച്ചതോടെ ലോകത്തിലെ വിദൂര കോണും മറ്റുള്ളവര്‍ക്കും പ്രാപ്യമായിത്തുടങ്ങി. വിമാനയാത്ര ലോകത്തെ പിന്നെയും അടുപ്പിച്ചു. ഇന്റര്‍നെറ്റ് കൂടി വന്നതോടെ ലോകം ഒരു ചെറിയ ഗ്രാമമായി മാറി എന്നു നമ്മള്‍ പറഞ്ഞുതുടങ്ങി.

എന്നാല്‍ ഒരു കുഞ്ഞന്‍ വൈറസ് ലോകമെന്ന ചെറിയ ഗ്രാമത്തെ വീണ്ടും വിസ്തൃതമായ ലോകമാക്കി മാറ്റി. ഇഷ്ടമുള്ളിടത്തേക്ക് ഇതാ ഞാന്‍ വരുന്നു എന്ന അഹങ്കാരത്തില്‍നിന്ന്, എന്റെ വീടിന്റെ പുറത്തേക്ക് ഇറങ്ങുന്നതു പോലും പേടിച്ച് എന്ന അവസ്ഥയിലേക്ക് ലോകം മാറുന്നു. 2020 ല്‍ തുടങ്ങിയ പ്രതിസന്ധിക്ക് 2021 ആകുമ്പോഴും അയവില്ലെന്നു മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്കു പോവുകയുമാണ്. കൊറോണ എന്ന കുഞ്ഞന്‍ വൈറസ് സമ്മാനിച്ചതാണ് ഈ അവസ്ഥ. കൊറോണ എങ്ങനെയാണ് നമ്മളുടെ ജീവിതം മാറ്റിമറിച്ചത്.

വ്യക്തിപരമായ ഒരു അനുഭവത്തില്‍നിന്നു തുടങ്ങാം. 2020 ഏപ്രിലില്‍ ഞാന്‍ ഓസ്‌ട്രേലിയയിലേക്ക് ഒരു യാത്ര പോകേണ്ടതായിരുന്നു. അതിനുള്ള ക്രമീകരണമൊക്കെ വളരെ നേരത്തേ ചെയ്തു. സഹോദരന്റെ കുടുംബത്തിലെ ഒരു സന്തോഷത്തില്‍ പങ്കുചേരാനുള്ള യാത്ര. മാര്‍ച്ച് ആദ്യവാരം വരെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതു കഴിഞ്ഞ് ലോകത്തു പലയിടത്തും ലോക്ഡൗണും മറ്റും വന്നു തുടങ്ങിയപ്പോഴും യാത്ര മുടങ്ങുമെന്നു കരുതിയില്ല.

ലോകം പൂര്‍ണമായും അടച്ചിടുന്ന കാര്യം ചിന്തിക്കാന്‍ കഴിയുന്നതാണോ? പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോയി. ലോകത്തെവിടെയും ലോക്ഡൗണ്‍ ഇതുവരെയും പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. വിമാന സര്‍വീസുകളുടെ കാര്യവും അങ്ങനെ തന്നെ. വല്ലപ്പോഴും യാത്ര ചെയ്യുന്ന എന്നെപ്പോലെയുള്ളവരുടെ കാര്യം പോകട്ടെ, നിരന്തരം യാത്ര ചെയ്യുന്നവരൊക്കെ വീട്ടിനുള്ളില്‍ അകപ്പെട്ടുപോയി. എന്റെ സഹപാഠി ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യയിലെ മേധാവിയാണ്. മാസത്തില്‍ രണ്ടാഴ്ചയെങ്കിലും വിദേശ യാത്രകളിലായിരിക്കും. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചിനു ശേഷം വീട് വിട്ട് യാത്ര ചെയ്യേണ്ടിവന്നിട്ടില്ല. അതെ, കൊറോണ നല്‍കിയത് വലിയ പാഠങ്ങളാണ്. കൊറോണ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചതെന്നു നോക്കാം.

നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള ഒരു ചങ്ങലയാണ് ഇപ്പോള്‍ ലോകം. ഏത് ഏതിനെ നിയന്ത്രിക്കുന്നു എന്നു പറയാന്‍ പറ്റില്ല. എന്നാല്‍ ഒരു മേഖലയുടെ പ്രശ്‌നം ആ മേഖലയുടേതു മാത്രമായി ഒതുങ്ങില്ലെന്നും സമസ്ത മേഖലയെയും ബാധിക്കും എന്നും ചുരുക്കം. ഒരു വാഹനത്തിലെ നിസാരമെന്നു കരുതുന്ന ഒരു നട്ട് എങ്ങനെയാണ് പ്രധാനമാകുന്നതെന്ന് ആ നട്ട് ഊരിപ്പോകുമ്പോള്‍ മാത്രമേ അറിയൂ.  

Covid Travel

യാത്ര

കോവിഡ് ഏറ്റവും ബാധിച്ചത് യാത്രയെയാണ്. നിരന്തരം യാത്ര ചെയ്തിരുന്ന മനുഷ്യര്‍, യാത്ര ചെയ്തില്ലെങ്കില്‍ ലോകം തകര്‍ന്നുപോകുമെന്നു വിചാരിച്ചിരുന്ന മനുഷ്യര്‍... അവരൊക്കെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു. പുറത്തേക്കിറങ്ങണമെങ്കില്‍ അധികാരികളുടെ അനുവാദം വാങ്ങേണ്ട സ്ഥിതി. ഇത് എങ്ങനെയാണ് ലോകത്തെ ബാധിച്ചതെന്നു നോക്കുക. വിമാനക്കമ്പനികള്‍ മുതല്‍ നാട്ടുമ്പുറത്തെ ഓട്ടോറിക്ഷ വരെ ഷെഡിലായി. ബസ് സര്‍വീസുകള്‍ നിലച്ചു. നമ്മുടെ കൊച്ചുകേരളത്തില്‍ പോലും നൂറുകണക്കിനു ബസ് ജീവനക്കാര്‍ തൊഴിലില്ലാത്തവരായി. എത്ര വലിയ പണിമുടക്കുണ്ടായാലും ട്രെയിന്‍ സര്‍വീസിനെ ബാധിക്കുമായിരുന്നില്ല. കാരണം അതൊരു വലിയ ചങ്ങലയാണ്.

അതില്‍ ഒരു സര്‍വീസ് നിര്‍ത്തിവച്ചാല്‍ പോലും മൊത്തം ബുക്കിങ്ങിനെയും മറ്റും ബാധിക്കും. എന്നാല്‍ 2020 മാര്‍ച്ച് 21 മുതല്‍ ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചു. ഇപ്പോഴും ഭാഗികമായി മാത്രമേ പുനരാരംഭിക്കാനായിട്ടുള്ളൂ. യാത്രാ സര്‍വീസുകള്‍ നിലച്ചപ്പോള്‍ ട്രെയിനിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരങ്ങളാണ് തൊഴില്‍രഹിതരായത്. പ്ലാറ്റ്ഫോമുകളിലെ കച്ചവടക്കാര്‍, ട്രെയിനിനുള്ളിലെ കച്ചവടക്കാര്‍, അതിനാവശ്യമായ സാധനം എത്തിക്കുന്നവര്‍... അങ്ങനെ പറഞ്ഞാല്‍ തീരില്ല പ്രതിസന്ധിയിലായവരുടെ എണ്ണം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ ടൂറിസം ബസ് വ്യവസായ രംഗം പൂര്‍ണമായും കട്ടപ്പുറത്തായി. ഈ വ്യവസായങ്ങളൊക്കെ ഇനി പച്ചപിടിച്ചുവരണമെങ്കില്‍ നാളേറെയെടുക്കും.

കോവിഡ് കുടിയേറ്റ തൊഴിലാളികളെയും തകര്‍ത്തുകളഞ്ഞു. കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സങ്കടക്കാഴ്ചകളിലേക്കാണ് ക്യാമറകള്‍ ചലിച്ചത്. അന്നന്നത്തെ അന്നം തേടി മഹാനഗരങ്ങളില്‍ അടിഞ്ഞ വന്‍ ജനസഞ്ചയം പെട്ടെന്ന് അനാഥരായി. ജോലിയില്ല, കൂലിയില്ല, ഭക്ഷണമില്ല. ജനിച്ചുവളര്‍ന്ന മണ്ണിന്റെ സുരക്ഷിതത്വത്തിലേക്ക് അവര്‍ മടങ്ങാനാഗ്രഹിക്കുക സ്വാഭാവികം. എന്നാല്‍ യാത്ര ചെയ്യാന്‍ ട്രെയിനില്ല, ബസില്ല. അവര്‍ ഉള്ളതൊക്കെ വാരിപ്പെറുക്കി കുഞ്ഞുങ്ങളെയും കൂട്ടി നടപ്പുതുടങ്ങി.

ഒന്നും രണ്ടും കിലോമീറ്ററല്ല, ആയിരം കിലോമീറ്ററിലേറെയാണ് മിക്കവര്‍ക്കും താണ്ടേണ്ടിയിരുന്നത്. ഭക്ഷണമോ വെളളമോ ഇല്ല. കുഞ്ഞുങ്ങളെ ഒക്കത്തേന്തിയ അമ്മമാര്‍, വലിച്ചുകൊണ്ടുപോകുന്ന സ്യൂട്ട് കേസിനു മുകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങള്‍, യാത്രയ്ക്കിടയില്‍ വാഹനം ഇടിച്ചു മരിച്ചവര്‍, ഒഴിഞ്ഞുകിടന്ന റയില്‍ ട്രാക്കില്‍ കിടന്നുറങ്ങുമ്പോള്‍ ട്രെയിന്‍ കയറി മരിച്ചുവീണവര്‍ .. നടപ്പിനിടെ അങ്ങു നാട്ടില്‍ കുഞ്ഞ് മരിച്ച വാര്‍ത്ത ഫോണിലൂടെ അറിഞ്ഞ് പാതയോരത്തിരുന്നു തേങ്ങുന്ന യുവാവ്... അങ്ങനെ സങ്കടക്കാഴ്ചകള്‍ ഒട്ടേറെയായിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ ഏതു കോണിലാണ് ഈ മനുഷ്യരുടെ സ്ഥാനം എന്നറിയില്ല.

രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കപ്പെട്ടതോടെ ഗള്‍ഫില്‍ കുടുങ്ങിയ പൗരന്മാരോടും നമ്മുടെ രാജ്യം മുഖംതിരിച്ചുതന്നെ നിന്നു. ബന്ധുക്കളുടെ മരണം ഉണ്ടായിട്ടുപോലും വന്നെത്താന്‍ കഴിയാത്തവരുടെ സങ്കടം നമ്മള്‍ കണ്ടു. മരിച്ചുപോയ മകന്റെ മൃതദേഹം കാര്‍ഗോയില്‍ കയറ്റി അയച്ച ശേഷം ഗള്‍ഫില്‍ത്തന്നെ തുടരേണ്ടിവന്ന മാതാപിതാക്കളുടെ നിസ്സഹായതയും നമ്മള്‍ കണ്ടു. എന്നാല്‍ വന്‍ വ്യവസായിയുടെ മരണത്തെത്തുടര്‍ന്ന് മൃതദേഹം എത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് എത്താനുമായി ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി നല്‍കുന്നതും നമ്മള്‍ കണ്ടു. അതേ. കോവിഡ് 19 നമുക്ക് പകര്‍ന്നു നല്‍കുന്നത് കുറേയേറെ തിരിച്ചറിവുകളാണ്.

NEPAL-HEALTH-VIRUS-ENTERTAINMENT-CINEMA
നേപ്പാളിൽ തീയേറ്ററുകൾ അണുവിമുക്തമാക്കുന്നു. (Photo by PRAKASH MATHEMA / AFP)

സിനിമ

സിനിമയില്ലാതൊരു ജീവിതമില്ല ഇന്ത്യയിലെ ജനകോടികള്‍ക്ക്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസത്തിനായി ആരാധകര്‍ കാത്തുനിന്നു. എന്നാല്‍ കൊറോണ വന്നതോടെ സിനിമാശാലകള്‍ അടഞ്ഞു എന്നു മാത്രമല്ല, ഷൂട്ടിങ് പോലും നിലച്ചു. തിരക്കേറിയ ജീവിതത്തില്‍നിന്ന് താരങ്ങള്‍ക്കും മോചനം. എന്നാല്‍ തിയറ്റര്‍ ഉടമകളും സിനിമയെ ആശ്രയിച്ചു മാത്രം കഴിയുന്ന ആളുകളും കഷ്ടത്തിലായി. ഇതേസമയം സാങ്കേതിക വിദ്യയുടെ വളര്‍ച്ച സിനിമാ ലോകത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതിനും കോവിഡ് കാലം സാക്ഷിയായി.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മലയാളത്തില്‍ ആദ്യത്തെ സിനിമ സൂഫിയും സുജാതയും റിലീസ് ചെയ്തു. സംവിധായകനും താരങ്ങളും വിവിധ സ്ഥലങ്ങളിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരണം നടത്തി സിനിമ നിര്‍മിക്കാമെന്നും കോവിഡ് കാലം കാട്ടിത്തന്നു. അങ്ങനെ നിര്‍മിച്ച സീ യൂ സൂണ്‍ സിനിമയും റിലീസ് ചെയ്തത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെതന്നെ. അതായത് വരും കാലങ്ങളിലും നവാഗത സംവിധായകര്‍ക്കും മറ്റും തിയറ്റര്‍ കിട്ടാനും വിതരണക്കാരനെ കണ്ടെത്താനും പഴയതുപോലെ കാത്തുകെട്ടിക്കിടക്കേണ്ടിവരില്ല എന്നൊരു മുന്നറിയിപ്പ് അതിലുണ്ട്.

നെറ്റ്ഫ്ളിക്‌സ് പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ സീരീസുകള്‍ക്കും ആരാധകരേറി. കണ്ണീര്‍ക്കഥകള്‍ മാത്രമായ മലയാളം സീരിയലുകള്‍ക്കപ്പുറം സിനിമയെ വെല്ലുന്ന ചിത്രീകരണവും പ്രമേയവുമാണ് ഇത്തരം സീരിയലുകളുടെ പ്രത്യേകത. ടിക് ടോക് പോയെങ്കിലും ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കാനും കാണാനും ആളുണ്ട്. പാചക സംബന്ധിയായ വിഡിയോകളും ജനം ധാരാളമായി കണ്ടു.

സ്റ്റേജ് കലാകാരന്മാർ

online-class

കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധിയിലായ ഒരു വിഭാഗമാണ് സ്റ്റേജ് കലാകാരന്മാർ. ഉത്സവകാലത്തും മറ്റുള്ള അവസരങ്ങളിലും സ്റ്റേജുകളിൽ കലാപരിപാടി അവതരിപ്പിച്ചിരുന്ന നാടക കലാകാരന്മാർ, മിമിക്രി ആർട്ടിസ്റ്റുകൾ, ഗാനമേളക്കാർ, അവരെ ആശ്രയിച്ച് നിൽക്കുന്ന കർട്ടൻ ജോലിക്കാർ... അങ്ങനെ വലിയ വിഭാഗം  ബുദ്ധിമുട്ടിലായി. ഇവരുടെ കാര്യത്തിൽ ഇനിയും ഒരു തീരുമാനമായിട്ടില്ല. ഒട്ടേറെ കലാകാരന്മാർ ആത്മഹത്യ ചെയ്തു. സങ്കടകരമാണ് അവരുടെ കാര്യം.

വിദ്യാഭ്യാസം

ഒരു ദിവസം പോലും സ്‌കൂളും കലാലയവും തുറക്കാതെ ഒരു അക്കാദമിക് വര്‍ഷം പോകുമല്ലോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. പഠനം ക്ലാസ് മുറി വിട്ട് പുറത്തേക്കു പോകണമെന്ന് ആഹ്വാനം ചെയ്ത അക്കാദമിക് വിദഗ്ധരും ഇത്തരം ഒരു സാഹചര്യം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ ആയി. അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കലിന്റെ വിദഗ്ധരായി മാറി. സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങി പരിചിതമല്ലാത്ത കാര്യങ്ങളൊക്കെ ജീവിതത്തിന്റെ ഭാഗമായി. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് അത് വാങ്ങിക്കൊടുക്കാനും ടിവി ഇല്ലാത്തിടത്ത് ടിവി എത്തിക്കാനും ഒക്കെ ജനം കൈയയച്ച് സംഭാവന ചെയ്തു. എങ്കിലും ഓണ്‍ലൈന്‍ പഠനം എത്രത്തോളം ഫലവത്തായി എന്നതിന്റെ കണക്കെടുപ്പ് അത്യാവശ്യമാണ്.

നഗരങ്ങളിലൊഴികെ മിക്ക സ്ഥലങ്ങളിലും ഇപ്പോഴും നെറ്റ് കണക്ടിവിറ്റി കുറവാണ്. നെറ്റ്‌വര്‍ക്ക് സ്പീഡും വളരെ കുറവ്. അതുകൊണ്ടുതന്നെ കുറേ കുട്ടികളെങ്കിലും എപ്പോഴും ക്ലാസിനു പുറത്താണ്. പലയിടത്തും രക്ഷിതാക്കളുടെ ഫോണ്‍ ആണ് കുട്ടികള്‍ക്കും ആശ്രയം. വൈകുന്നേരങ്ങളില്‍ രക്ഷിതാക്കള്‍ ജോലി കഴിഞ്ഞെത്തിയാലേ മിക്കവര്‍ക്കും ക്ലാസില്‍ കയറാനാകൂ. ഓണ്‍ലൈന്‍ ക്ലാസുകള്‍ വൈകിട്ടത്തേക്കു മാറ്റാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരായി. എങ്കിലും ക്ലാസിന്റെ അവസാനം നോക്കുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ കണ്ടാലായി എന്ന അവസ്ഥയും. എങ്കിലും ഒാൺലൈന്‍ വിദ്യാഭ്യാസം ഒരു സാധ്യതയാണ് എന്ന തിരിച്ചറിവ് വിദഗ്ധരും പങ്കുവയ്ക്കുന്നു. പ്രശസ്ത യൂണിവേഴ്‌സിറ്റികള്‍ക്കും മറ്റും ഓഫ് ക്യാംപസ് സെന്ററിനും നിലവിലെ വിദൂര വിദ്യാഭ്യാസ രീതിക്കും പകരം ഓണ്‍ലൈന്‍ വിദ്യാഭ്യാസം പരീക്ഷിച്ചു നോക്കാവുന്നതാണ്.

തൃശൂരിൽ നിന്നുള്ള ദൃശ്യം

ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായി യൂ ട്യൂബ് മാറി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. യൂ ട്യൂബ് നോക്കി പാചക പരീക്ഷണം, കേക്ക് നിര്‍മാണം, കരകൗശല വസ്തു നിര്‍മാണം തുടങ്ങി ആളുകള്‍ അഭ്യസിക്കാവുന്നതെല്ലാം അഭ്യസിച്ചു. യൂട്യൂബ് നോക്കി കേക്ക് നിര്‍മാണം പഠിച്ചവരില്‍ പലരും അത് കുടില്‍വ്യവസായമാക്കി മാറ്റി. വീട്ടില്‍ കേക്ക് ഉണ്ടാക്കി വില്‍ക്കുന്നതിനും ലൈസന്‍സ് വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍.

മുഖാവരണം

മൂഖാവരണം എത്ര പെട്ടെന്നാണ് നമുക്ക് ശീലമായത്. എന്‍ 95 പോലെയുള്ള പദങ്ങളും സുപരിചിതമായി. മാത്രമല്ല, വസ്ത്രത്തിനു ചേരുന്ന മാസ്‌ക് ധരിക്കാനും ശ്രമം തുടങ്ങി. ഇനി മാസ്‌ക് മാറ്റാന്‍ പറഞ്ഞാലും ആളുകള്‍ മടിച്ചേക്കും. കാരണം പൊടി അലര്‍ജി കാരണമുള്ള രോഗങ്ങളൊക്കെ നന്നായി കുറഞ്ഞിട്ടുണ്ട്. അത് ആശുപത്രികളെയും ബാധിച്ചു. സാധാരണ പനിക്കാരെ കാണാനില്ല. അതോടെ ആന്റി ബയോട്ടിക്കിനും വിപണിയില്ലാതായി. മിക്കവാറും സ്വകാര്യ ആശുപത്രികള്‍ പ്രതിസന്ധിയിലായി. രോഗികള്‍ തിങ്ങിനിറഞ്ഞിരുന്ന ആശുപത്രികള്‍ പലപ്പോഴും രോഗികള്‍ക്കായി കാത്തിരുന്നു.

ഇതിനിടെ ഇ കണ്‍സൽറ്റേഷനുമായി സര്‍ക്കാരും രംഗത്തുവന്നു. അതെ. ബുക്ക് ചെയ്താല്‍ വിഡിയോ കോളിലൂടെ രോഗിക്ക് ഡോക്ടറെ കാണാം. മരുന്നിന്റെ കുറിപ്പടിയും ഓണ്‍ലൈനായി എത്തും. രോഗാതുരമായ സമൂഹമായി ആവശ്യമില്ലാത്ത മരുന്നുകളെല്ലാം ഭക്ഷിച്ചുകൊണ്ടിരുന്ന രീതിയില്‍നിന്ന് മലയാളിക്കു വന്ന മാറ്റവും അദ്ഭുതാവഹമാണ്. മരുന്നില്ലെങ്കിലും വലിയ പ്രശ്നമില്ലാതെ മലയാളിക്കു ജീവിക്കാമെങ്കില്‍ പിന്നെ കേരളം മരുന്നിന്റെ വലിയ വിപണിയായി മാറിയതെന്തുകൊണ്ട് എന്നു ചിന്തിക്കാന്‍ അധികാരികള്‍ക്ക് അവസരം നല്‍കുന്ന പാഠമായും കോവിഡ് കാലം മാറി.

1200-messi-barcelona
മെസ്സി

ഇന്നലെ പള്ളിയില്‍ പോയിരുന്നു. മുഖംമൂടി വച്ചാല്‍ പിന്നെ ആളുകളെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നായിരുന്നു എന്റെ വിചാരം. അതു വെറുതേയാണെന്നു മനസ്സിലായി. ആളുകളെ നമുക്ക് രൂപം കൊണ്ടും സ്വരം കൊണ്ടും ഒക്കെ തിരിച്ചറിയാം. പക്ഷേ ഓഫിസിലെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്ന ക്യാമറയ്ക്കു മുന്നില്‍ മുഖാവരണം മാറ്റിനിന്നാല്‍ മാത്രമേ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനാവൂ. കംപ്യൂട്ടറിനു മുഖം കണ്ടേ പറ്റൂ. എന്നാല്‍ മനുഷ്യന് അതിന്റെ ആവശ്യമില്ല എന്നതും കോവിഡ്കാല തിരിച്ചറിവാകട്ടെ. എല്ലാ നിര്‍മിത ബുദ്ധിക്കും ഉപരിയാണ് മനുഷ്യന്റെ തലച്ചോറും വിവേചന ബുദ്ധിയും.

കായികം

Farmer-845
A farmer at his agriculture Paddy . 2004 August farmers day picture ( Chingam 1 picture ) @ Josekutty Panackal

കോവിഡ് കാരണം കായികരംഗം ആകെ തകര്‍ച്ചയിലായി. ഒളിംപിക്‌സ് മാറ്റിവയ്‌ക്കേണ്ടിവന്നു. ആയിരങ്ങള്‍ ആരവം മുഴക്കിയിരുന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ മൂകമായി. കോവിഡിനെ വെല്ലുവിളിച്ച് ടെന്നിസ് കളിച്ച ജോക്കോവിച്ച് ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലായി. ഐപിഎല്‍ കാണികളില്ലാതെ നടത്തേണ്ടിവന്നു. പക്ഷേ അതൊരു വിപ്ലവകരമായ തീരുമാനമായിരുന്നു. കളിക്കാര്‍ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി കളിച്ചു. ഗാലറികള്‍ വീടുകളിലേക്ക് മാറി. ആരവം വീടുകളില്‍ നിറഞ്ഞു. ടിവിയില്‍ കാണിച്ചുമാത്രം ക്രിക്കറ്റ് നടത്താമെന്നും ലാഭമുണ്ടാക്കാമെന്നും ബിസിസിഐ തെളിയിച്ചു. വരുംകാലങ്ങള്‍ക്കും മുന്നറിയിപ്പാണത്.

ഭക്ഷണം

യാത്രയില്ലെങ്കിലും കളികളില്ലെങ്കിലും കുഴപ്പമില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതു പറ്റില്ല. അതുകൊണ്ടാണല്ലോ കൃഷി അന്യം നിന്നുപോയ കേരളത്തില്‍ പെട്ടെന്ന് എല്ലാവരും കൃഷിക്കാരായി മാറിയത്. തരിശുഭൂമികള്‍ കൃഷി ചെയ്യാന്‍ ലോക്ഡൗണ്‍ കാലം മിക്കവരും ഉപയോഗിച്ചു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ പോലും അത്യാവശ്യം പച്ചക്കറി വളര്‍ത്താന്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു.

സിപിഐ പോലെയുള്ള രാഷ്ട്രീയ കക്ഷികള്‍ പച്ചക്കറി വിത്ത് വിതരണം ചെയ്യാനും തരിശുഭൂമികളില്‍ കൃഷി ചെയ്യാനും മുന്നിട്ടിറങ്ങി എന്നതും സന്തോഷകരമായ അനുഭവം. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ നിര്‍മാണപരവും ആണെന്ന് തെളിയിക്കുകയാണ് ഈ കോവിഡ് കാലം. ലോക്ഡൗണിലെ വിളവെടുപ്പിന്റെ ചിത്രങ്ങളായിരുന്നു വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും നിത്യവും. അന്നം എവിടെനിന്നെങ്കിലും വന്നോളും എന്ന ചിന്തയില്‍ നിന്നൊരു തിരിച്ചുപോക്ക് എന്നു വേണമെങ്കില്‍ പറയാം.

മനുഷ്യന്റെ അന്തമില്ലാത്ത ഉപഭോഗതൃഷ്ണ മാറ്റിവച്ചാല്‍ ഭൂമി കുറേക്കൂടി സുന്ദരമാകും എന്നും കോവിഡ് തെളിയിക്കുന്നു. പുഴകളിലൊക്കെ തെളിനീരൊഴുകുന്നു. രാസമാലിന്യവും ജൈവമാലിന്യവും ഖരമാലിന്യവും പുഴയിലേക്കു തള്ളാതായതോടെ പുഴകള്‍ തെളിഞ്ഞു. അതുപോലെ പാതയോരങ്ങളും കുറേക്കൂടി ശുചിയായി. 200 കിലോമീറ്റര്‍ അകലെ ജലന്ധറില്‍ നിന്നാല്‍ ഹിമാലയം കാണാനാകുമെന്നായി. ഡല്‍ഹിയിലെ കടുത്ത പുകമാലിന്യത്തിനും താല്‍കാലിക പരിഹാരമായി. എന്നാല്‍ ഇതൊക്കെ എത്ര കാലത്തേക്ക് എന്ന ചോദ്യം ഉയരുന്നുണ്ട്. ശ്രമിച്ചാല്‍ ലോകം കുറേക്കൂടി സുന്ദരമാക്കാനാവും.

മനുഷ്യരിലെ നന്മ വറ്റിപ്പോയിട്ടില്ലെന്നും കോവിഡ് കാലം തെളിയിക്കുന്നു. സഹജീവികള്‍ക്കു വേണ്ടി ഭക്ഷണ കിറ്റുകളെത്തിക്കാന്‍, മരുന്ന് എത്തിക്കാന്‍, മറ്റു സഹായങ്ങളെത്തിക്കാന്‍ കഴിയുന്നവരൊക്കെ സഹായിച്ചു. നന്മയുള്ളവരേറെയുണ്ട് ഭൂമിയില്‍. അവര്‍ ആരുമറിയാതെ നന്മ ചെയ്ത് പിന്‍വാങ്ങും.

gdp-growth.jpg.image

ഹോട്ടലുകള്‍ പോലും അടച്ചിട്ടെങ്കിലും നാടാകെ മുളച്ചുപൊന്തിയ കൊച്ചു കൊച്ചു കേറ്ററിങ് യൂണിറ്റുകള്‍ ഈ കൊറോണക്കാലത്തിന്റെ സവിശേഷതയാണ്. വിദേശത്തും സമാന അനുഭവമാണെന്ന് അവിടെയുള്ളവര്‍ പറയുന്നു. വീക്കെന്‍ഡില്‍ ആര്‍ക്കും പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്നാല്‍ അതു ശീലവുമാണ്. അവര്‍ക്കായി അവിടെയൊക്കെ ഫാമിലി പാക്കുകള്‍ എത്തിച്ചുകൊടുക്കാന്‍ തുടങ്ങി കേറ്ററിങ് യൂണിറ്റുകള്‍. വലിയ പരിപാടി നടത്തുന്നതിനേക്കാള്‍ ലാഭകരമായി മാറിയിട്ടുണ്ട് അവിടെ ഇത്തരം ബിസിനസ്.

ജിഡിപി

ആധുനിക സാമ്പത്തികശാസ്ത്രം ഉച്ചത്തില്‍ പറയുന്ന പല സിദ്ധാന്തങ്ങളും വെറും സോപ്പുകുമിളകളാണെന്ന് ലോക്ഡൗണ്‍ കാലം തെളിയിച്ചു. ഒരു ദിവസം ഉത്പാദനം നിലച്ചാല്‍ അത് ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്‌ഷനെ (ജിഡിപി) ബാധിക്കും എന്നൊക്കെ സാമ്പത്തിക വിദഗ്ധര്‍ പറയാറുണ്ട്. അങ്ങനെ ജിഡിപി തകര്‍ന്നാല്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നുപോകും എന്നൊക്കെയാണ് തിയറി. എന്നാല്‍ അങ്ങനെ ഒരു തകര്‍ച്ചയുണ്ടായോ എന്ന് കാലം വിലയിരുത്തും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്നും കൃഷിയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നതിനാല്‍ അവരെ ഇത്തരം തിയറികളൊന്നും ആശങ്കാകുലരാക്കുന്നില്ല. തീര്‍ച്ചയായും നഗര മേഖലകളില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ട്. തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ട്.

ഇതേസമയം വിപണി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയ്ക്കു പിടിച്ചുനില്‍ക്കാന്‍ ചടുലമായ ഉത്പാദന, വിപണന പ്രക്രിയ അനിവാര്യമാണെന്ന് കൊറോണക്കാലം ബോധ്യപ്പെടുത്തുകയും ചെയ്തു. രോഗത്തെ മരുന്നുകൊണ്ടു നേരിടാന്‍ കഴിയില്ലെന്നു ബോധ്യമായപ്പോഴാണ് ലോക്ഡൗണ്‍ എന്ന ആശയം വന്നത്. ജനം വീടിനുള്ളില്‍ അടച്ചിരിക്കുക. അതേ, രോഗവ്യാപനം പെട്ടെന്ന് ഉണ്ടാകാതിരിക്കാനും ചികിത്സയ്ക്ക് വിപുലമായ സൗകര്യം ഒരുക്കാനും ലോക് ഡൗണ്‍ ഇടവേള സഹായിക്കും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ അത്ര പെട്ടെന്ന് നടപ്പാക്കാന്‍ പറ്റുന്ന ആശയവുമല്ല. അതുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ഇറ്റലിയും സ്‌പെയിനുമൊക്കെ ലോക്ഡൗണ്‍ പൂര്‍ണമായും നടപ്പാക്കാന്‍ മടിച്ചുനിന്നത്. കാരണം ലോക്ഡൗണ്‍ എന്നു പറയുന്നത് സകല സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മരവിപ്പിക്കുന്നതാണ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടയിടുന്നത് ലോകം ഇന്നുവരെ നേടിയ ജീവിത സൗകര്യങ്ങളെ ഒരു നൂറ്റാണ്ടെങ്കിലും പിന്നോട്ടു കൊണ്ടുപോകും എന്നു ലോകം ഭയപ്പെട്ടു. ലോകമങ്ങും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പല വിമാനക്കമ്പനികളും ഇതോടെ തകര്‍ച്ചയുടെ വക്കിലാണ്. വിമാനം പറക്കുന്നതിനേക്കാള്‍ ചെലവാണ് നിലത്തു സൂക്ഷിക്കാന്‍. അതുപോലെ കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമ്പോള്‍, തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളെയും അതു ബാധിക്കുകയാണ്. ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഇതിനെ നിര്‍വചിക്കാന്‍ തിയറികളില്ല. ഇനിയെങ്കിലും സാമ്പത്തിക വിദഗ്ധര്‍ ജിഡിപി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ശാസ്ത്രം പുനര്‍ നിര്‍വചിക്കുന്നത് നന്നായിരിക്കും. ചുരുങ്ങിയപക്ഷം ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെങ്കിലും രണ്ടുതരം സാമ്പത്തിക ശാസ്ത്രം വേണ്ടിവരും.

Germany coronavirus Covid-19 lockdown
ജർമനിയിൽനിന്നുള്ള ദൃശ്യം

ഇതിനിടെ കൂടുതല്‍ സ്വകാര്യവല്‍ക്കരണം എന്ന ഗൂഢ അജന്‍ഡ ഒളിച്ചുകടത്താന്‍ ഇന്ത്യയില്‍ സാമ്പത്തിക പാക്കേജിനെ ഉപയോഗിക്കുകയും ചെയ്തു. ഐഎസ്ആര്‍ഒയും പ്രതിരോധ മേഖലയും എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതുകയാണ് ചില സംസ്ഥാനങ്ങള്‍. കേന്ദ്രവും അത് ഉടനെ നടപ്പാക്കാനൊരുങ്ങുകയാണ്.

മുതലെടുക്കുന്ന ഭരണാധികാരികള്‍

ലോക്ഡൗണ്‍ പല സാധ്യതകളും ഭരണാധികാരികളുടെ മുന്നില്‍ തുറന്നിട്ടു. ലോകത്തെവിടെയായാലും രോഗത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റൊരു കാരണത്തിന്റെ പേരില്‍ ജനാധിപത്യാവകാശങ്ങള്‍ കുറച്ചുനാളത്തേക്കെങ്കിലും സസ്‌പെന്‍ഡ് ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു. (യൂറോപ്പും അമേരിക്കയും അപവാദമാണ്). ചൈന പോലെയുള്ള കമ്യൂണിസ്റ്റ് സര്‍വാധിപത്യരാജ്യത്തു മാത്രം നടക്കുമെന്നു വിചാരിച്ച കാര്യങ്ങള്‍ ലോകത്തെവിടെയും അനായാസം നടപ്പാക്കാമെന്നു തെളിയിക്കപ്പെട്ടു. ഇന്ത്യയിലെ കാര്യം തന്നെയെടുക്കുക. ജനതാ കര്‍ഫ്യൂ എന്ന് ഒരു ദിവസത്തേക്കു പറഞ്ഞ ശേഷം ഒരു മുന്നറിയിപ്പും കൊടുക്കാതെ നീണ്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ആദ്യം രണ്ടാഴ്ച, പിന്നെ മൂന്നാഴ്ച, വീണ്ടും രണ്ടാഴ്ച. ഇപ്പോഴും പൂര്‍ണമായും ലോക്ഡൗണ്‍ അഴിഞ്ഞിട്ടില്ല. അസുഖകരമായ എല്ലാ പ്രക്ഷോഭങ്ങളില്‍നിന്നും ചോദ്യങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാനും കഴിഞ്ഞു.

ലോക്ഡൗണ്‍ ഫലത്തില്‍ അടിയന്തരാവസ്ഥയായി മാറുന്നത് നമ്മള്‍ കേരളത്തിലും കണ്ടു. ജില്ല വിട്ടു യാത്ര ചെയ്യാന്‍ പാസ്, ജില്ലാതിര്‍ത്തികള്‍ മെറ്റലിട്ട് അടയ്ക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ പൊലീസ് നിര്‍ബാധം പുറത്തെടുത്തു. ഫലത്തില്‍ ഓരോ നാട്ടുരാജ്യങ്ങള്‍ പോലെയായി. ആവശ്യവും അനാവശ്യവും പൊലീസ് നിര്‍ണയിക്കുന്ന രീതിയായി. ശിക്ഷാ നടപടി നിശ്ചയിക്കലും പൊലീസ് തന്നെയായി. കണ്ണൂരില്‍ പുറത്തിറങ്ങിയ ആളുകളെ പരസ്യമായി ഏത്തമിടീച്ചത് എസ്പി തന്നെയായിരുന്നു. വെറുതേ നില്‍ക്കുന്ന ആളുകളെ പോലും ലാത്തികൊണ്ടടിക്കുന്ന പൊലീസുകാരെയും കണ്ടു. തെങ്ങു കയറാന്‍ പോയ ആളെ ഉപകരണം സഹിതം പിടികൂടി പെറ്റിയടിക്കുന്നതും കണ്ടു. ഫലത്തില്‍ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ എങ്ങനെ നിഷേധിക്കാമെന്നതിന്റെ ഡ്രസ് റിഹേഴ്‌സല്‍ കൂടിയായി ലോക് ഡൗണ്‍.

എന്നാല്‍ യൂറോപ്പില്‍ ഇത് അത്ര കണ്ട് വിജയിക്കില്ലെന്നറിയാവുന്നതിനാല്‍ അവര്‍ ലോക്ഡൗണ്‍ കുറേക്കൂടി പ്രായോഗികമായാണ് നടപ്പാക്കിയത്. അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുമ്പോഴും ജനം ലോക്ഡൗണിനെതിരെ തെരുവിലിറങ്ങുന്നതും കണ്ടു. യുഎസിലെ ചില സ്റ്റേറ്റുകള്‍ നടപ്പാക്കിയ കര്‍ശന ലോക്ഡൗണിനെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ രംഗത്തുവരുകയും ചെയ്തു.

Coronavirus Covid

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ ഉദ്യോഗസ്ഥരാജ് എങ്ങനെ നടപ്പാക്കാമെന്ന് കോവിഡ് കാലം കാണിച്ചുതന്നു. അന്നന്നത്തെ ആഹാരം എങ്ങനെ സമ്പാദിക്കുമെന്നറിയാത്ത ഉന്തുവണ്ടിക്കച്ചവടക്കാരന്റെ വില്‍പനവസ്തുക്കള്‍ ഉള്‍പ്പെടെ പൊലീസ് അടിച്ചുതകര്‍ക്കുന്നതു കണ്ടു. ഒരു ദാക്ഷിണ്യവുമില്ലാതെ ലാത്തി ജനങ്ങളുടെ മേല്‍ പ്രയോഗിക്കുന്നതു കണ്ടു. അനീതി കണ്ട് പ്രതികരിച്ചാല്‍ കോവിഡ് കാലത്താണോ പ്രതികരണം എന്നു ചോദിച്ച് അടിച്ചിരുത്തുന്നതും കണ്ടു.

ഏകാധിപത്യം

നേരത്തേ പറഞ്ഞതുപോലെ, ലോക്ഡൗണ്‍ ഒരു ടെസ്റ്റ് ഡോസ് ആണ്. ലോകമെങ്ങും ഒരു വിഭാഗം ജനങ്ങള്‍ ഏകാധിപതികളെ സ്‌നേഹിച്ചുതുടങ്ങുന്ന മാനസികാവസ്ഥയിലാണെന്നു ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. റഷ്യയില്‍ പുടിന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു. തുര്‍ക്കിയില്‍, ഇന്ത്യയില്‍, ഈ കൊച്ചുകേരളത്തില്‍ വരെ ഏകാധിപത്യത്തിന്റെ കറുത്ത രശ്മികള്‍ വീഴുന്നുണ്ട്. ഒരു വിഭാഗം അതിനെ അംഗീകരിക്കുന്നുമുണ്ട്.

1200-covid-kerala-hike
കോവിഡ് കണ്ടെത്താൻ കേരളത്തിൽ സ്രവപരിശോധന നടത്തുന്നു

കോവിഡ് കൊണ്ടുവന്ന അസാധാരണ സാഹചര്യം കൂടുതല്‍ ഏകാധിപതികളെ സൃഷ്ടിച്ചേക്കാം. നിശ്ചിത സമയത്ത് മാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന, പണിയെടുത്ത് സ്വന്തം കുടുംബത്തേക്ക് മടങ്ങുന്ന ജനങ്ങളാണ് എല്ലാ ഭരണാധികാരികളുടെയും സ്വപ്നം. ആ ജീവിതരീതി കുറേക്കാലത്തേക്കെങ്കിലും അടിച്ചേല്‍പിക്കാന്‍ കഴിയുമെന്ന് ഭരണാധികാരികള്‍ കണക്കുകൂട്ടുന്നു. അതേ, ഇന്നലെ വരെ പുലര്‍ന്ന സ്വതന്ത്ര, ജനാധിപത്യ ലോകം നാളെ ഉണ്ടാകുമെന്നു കരുതരുത്.

കേരളം പഠിപ്പിച്ച പാഠം

ആരോഗ്യരംഗത്തെ വെറും കച്ചവടം മാത്രമായി കാണുന്ന രീതിയല്ല ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ കേരളം ഭരിച്ച ഭരണാധികാരികള്‍ സ്വീകരിച്ചത്. അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പിഎച്ച്സികള്‍, സിഎച്ച്സികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിങ്ങനെ കരുത്തുറ്റ ചികിത്സാ സംവിധാനം നമുക്ക് കെട്ടിപ്പടുക്കാനായി. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത നേട്ടം. ആ കരുത്തില്‍ നിന്നുകൊണ്ടാണ് നമ്മള്‍ കോവിഡിനെ നേരിട്ടത്.

Covid 19 | Corona Virus

ഒപ്പം ജനങ്ങളുടെ അവബോധവും എടുത്തുപറയണം. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ഒന്നു പറഞ്ഞാല്‍ മതി. അതനുസരിക്കാത്തവര്‍ ചുരുക്കമാവും. സാമൂഹിക അകലം പാലിക്കണമെന്നു പറഞ്ഞപ്പോഴും ജനം അതുള്‍ക്കൊണ്ടു. ആരോഗ്യകാര്യത്തിലുള്ള അമിത ശ്രദ്ധ ഒരു പരിധിവരെ ഉപകാരമായി. ഇതേസമയം സമ്പത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അമേരിക്ക കോവിഡ് നിയന്ത്രണത്തില്‍ പാളിപ്പോകുന്നതും കണ്ടു. എല്ലാം സ്വകാര്യവല്‍കരിച്ച അവിടെ ആരോഗ്യമേഖലയിലും കച്ചവടം മാത്രമാണ്. താങ്ങാനാവാത്ത ചികിത്സാച്ചെലവ് ജനങ്ങളെ അവിടെ വല്ലാതെ വലയ്ക്കുന്നു. ആരോഗ്യരംഗം തീര്‍ത്തും സ്വകാര്യവല്‍ക്കരിക്കുന്നത് ശരിയല്ലെന്ന് കേരളം പറഞ്ഞുകൊടുക്കുന്നു. മാത്രമല്ല, അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പങ്കും ഈ കോവിഡ് കാലം വ്യക്തമാക്കിത്തരുന്നു.

കോവിഡിനു മുമ്പും പിമ്പും

കോവിഡിനു മുമ്പും പിമ്പും എന്ന രീതിയില്‍ ലോകചരിത്രം രചിക്കപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ കണ്ടവരില്‍ ഏറെപ്പേരൊന്നും ഇന്നു ജീവിച്ചിരിപ്പുണ്ടാവില്ല. ലോകമഹായുദ്ധങ്ങള്‍ ലോകമെങ്ങും വാരിവിതച്ചത് മരണവും പട്ടിണിയുമാണ്. മാത്രമല്ല, രാജ്യങ്ങളുടെ ഭൂപടം തന്നെ മാറ്റിവരയ്ക്കപ്പെട്ടു. വന്‍ ശക്തികളായിരുന്നവര്‍ ഒറ്റ ബോംബിനു മുന്നില്‍ അടിപതറിപ്പോയി. റഷ്യയും അമേരിക്കയും എന്ന രണ്ടു വന്‍ശക്തികള്‍ ഏറെക്കാലം ലോകത്തെ നിയന്ത്രിച്ചു. എന്നാല്‍ കോവിഡ് 19 ഇതുവരെ കണ്ട യുദ്ധങ്ങളില്‍ നിന്നെല്ലാം ഭിന്നമാണ്. ശത്രു തീരെ കുഞ്ഞനാണ്. കാണാന്‍ പോലും കഴിയില്ല. എന്നാല്‍ അവന്‍ എവിടെയും ഉണ്ട്. ആരെയും ആക്രമിക്കാം. ആക്രമിക്കപ്പെട്ടവനില്‍നിന്ന് അനേകരിലേക്കു പടരാം. അതില്‍ ചിലരൊക്കെ മരിക്കാം. മിസൈലിനെതിരെ മിസൈല്‍ പ്രയോഗിക്കുന്നതുപോലെ ഇവിടെ കഴിയില്ല. കാരണം കൊറോണ വൈറസിനെ കൊല്ലാന്‍ പറ്റിയ മരുന്ന് ഇതുവരെയും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയുള്ള പ്രതീക്ഷ വാക്‌സീനില്‍ ആണ്. വാക്‌സീന്‍ ലോകരാജ്യങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ഉടന്‍ ഉപയോഗിച്ചുതുടങ്ങുമെന്നു കരുതാം. അതോടെ ലോകം വീണ്ടും ആ പഴയ ചടുലമായ ജീവിതരീതികളിലേക്കു മടങ്ങിയേക്കും എന്നു പ്രതീക്ഷിക്കാം. പതിഞ്ഞ താളത്തേക്കാള്‍ ചടുലതാളമാണല്ലോ യുവത്വം ആഗ്രഹിക്കുന്നത്.

English Summary: How corona virus affects life, Have a look?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com