എറണാകുളം – ഷൊർണൂർ ഓട്ടമാറ്റിക് സിഗ്‌നൽ വരും; ഇരട്ടി ട്രെയിൻ ഓടിക്കാം

HIGHLIGHTS
  • ഏറ്റുമാനൂർ–ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ 2021 ൽ പൂർത്തിയാകും
  • ഭാവിയിൽ പാസഞ്ചർ സർവീസെല്ലാം മെമു ആകും
railway-gm-john-thomas
ജോൺ തോമസ്, ജനറൽ മാനേജർ, ദക്ഷിണ റെയിൽവേ
SHARE

കൊച്ചി∙തിരക്കേറിയ എറണാകുളം–ഷൊർണൂർ സെക്‌ഷനിൽ ഒാട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ ബോർഡിനു ശുപാർശ സമർപ്പിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്. അടുത്ത വർഷത്തെ പദ്ധതികളുടെ ഭാഗമായാണു റെയിൽവേ ബോർഡ് അനുമതിക്കായി പദ്ധതി ശുപാർശ ചെയ്യുന്നതെന്നു മനോരമ ഒാൺലൈനിനു അനുവദിച്ച ഇമെയിൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ എറണാകുളം–ഷൊർണൂർ പാതയിൽ വീണ്ടും ട്രെയിനുകളുടെ തിരക്കു വർധിക്കും. ഈ സെക്‌ഷനിൽ കൂടുതൽ ട്രെയിനുകളോടിക്കാൻ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഒാട്ടമാറ്റിക് സിഗ്‌നലിങ് ഏർപ്പെടുത്തുന്നതോടെ ഇപ്പോഴുളളതിന്റെ ഇരട്ടി ട്രെയിനുകൾ ഈ സെക്‌ഷനിൽ ഒാടിക്കാൻ കഴിയും.

കൊച്ചുവേളി വികസനം അടുത്ത വർഷം യാഥാർത്ഥ്യമാകും. കോട്ടയം പാത ഇരട്ടിപ്പിക്കൽ 2021 ഡിസംബറിൽ പൂർത്തിയാകുന്നതോടെ കേരളത്തിലോടുന്ന കൂടുതൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ സാധിക്കും. ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനുകളുടെ ഒാട്ടം സുഗമമാക്കാൻ യാഡ് റീമോഡലിങ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

ടെർമിനൽ സൗകര്യങ്ങളുടെ അപര്യാപ്തതയാണു കേരളം നേരിടുന്ന പ്രധാന പ്രശ്നം. കൊച്ചുവേളി, നേമം ടെർമിനൽ പദ്ധതികളുടെ അവസ്ഥ എന്താണ്?

കൊച്ചുവേളിയിൽ 2 പ്ലാറ്റ്ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനും 40 കോടി രൂപ ചെലവിൽ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ കരാർ ക്ഷണിച്ചിട്ടുണ്ട്. പണം ലഭിക്കുന്ന മുറയ്ക്കു 2021–22 കാലയളവിൽ പണി പൂർത്തീകരിക്കാൻ കഴിയും. കൊച്ചുവേളിയിൽ കൂടുതൽ ട്രെയിനുകൾ കൈകാര്യം ചെയ്യാൻ ഇതു മൂലം കഴിയും. നേമം പദ്ധതി ഉൾപ്പെടുന്ന തിരുവനന്തപുരം–പാറശാല പാത ഇരട്ടിപ്പിക്കലിനു സ്ഥലം ഏറ്റെടുക്കാൻ 250 കോടി രൂപ ആവശ്യപ്പെട്ടു റെയിൽവേ ബോർഡിനു കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

പാതകളിലെ സ്ഥിരം വേഗ നിയന്ത്രണങ്ങൾ ട്രെയിനുകളുടെ സുഗമമായ ഒാട്ടത്തിനു കേരളത്തിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ എണ്ണം കുറയ്ക്കാൻ എന്തെങ്കിലും നടപടിയുണ്ടാകുമോ?

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണു പല സെക്‌ഷനുകളിലും വേഗ നിയന്ത്രണങ്ങൾ വന്നിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാലാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിന്റെ ഉറപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങളാണു ഇതിന് ആധാരം. ഇവ സ്ഥിരമായി നിരീക്ഷിക്കാൻ സംവിധാനമുണ്ട്. അടിത്തറ ഉറയ്ക്കുന്നതോടെ ആ ഭാഗങ്ങളിലെ വേഗ നിയന്ത്രണങ്ങൾ നീക്കാൻ കഴിയും.

ഏറ്റവും തിരക്കേറിയ എറണാകുളം–ഷൊർണൂർ സെക്‌ഷനിൽ എന്തു കൊണ്ടു ഒാട്ടമാറ്റിക് സിഗ്‌നലിങ് പരിഗണിക്കുന്നില്ല?

എറണാകുളം–ഷൊർണൂർ സെക്‌ഷനിൽ ഒാട്ടമാറ്റിക് സിഗ്‌നലിങിനു അനുമതിക്കായി 2021–2022 സാമ്പത്തിക വർഷത്തെ ശുപാർശകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷൊർണൂർ യാഡിലെ തൃശൂർ, പാലക്കാട് ഭാഗത്തേക്കുള്ള ഒാരോ കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ ഇനിയും യാഥാർത്ഥ്യമായിട്ടില്ല, ഇത് എന്നത്തേക്ക് ഉണ്ടാകും?

ഷൊർണൂർ യാഡിൽ ട്രെയിനുകളുടെ ഒാട്ടം മെച്ചപ്പെടുത്താൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. യാഡ് റീമോഡലിങ് സംബന്ധിച്ചു റെയിൽവേ പഠനം നടത്തുന്നുണ്ട്. ഷൊർണൂരിലെ സമയ നഷ്ടം ഒഴിവാക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്നാണു പരിശോധിക്കുന്നത്. പാത ഇരട്ടിപ്പിക്കലും യാഡ് റീമോഡലിങ്ങിന്റെ ഭാഗമായി ഏറ്റെടുക്കും.

ഗേജ് മാറ്റത്തിനു ശേഷം കൊല്ലം–ചെങ്കോട്ട സെക്‌ഷനിൽ അനുവദനീയമായ വേഗ പരിധിയും കോച്ചുകളുടെ എണ്ണവും വളരെ കുറവാണ്. ഗാട്ട് സെക്‌ഷനിൽ 30 കിലോമീറ്റർ വേഗവും 14 കോച്ചുകൾക്കുള്ള അനുമതിയുമാണുള്ളത്. ഇതു കൂട്ടാൻ നടപടിയുണ്ടാകുമോ?

അതിന്റെ സാധ്യത പരിശോധിച്ചു വരികയാണ്. പാതയിലെ വളവുകളും കയറ്റങ്ങളും മൂലം കോച്ചുകൾ കൂട്ടുന്നതിനു ഗാട്ട് സെക്‌ഷനുകളിൽ പരിമിതിയുണ്ട്.

ചരക്കു ലോറികൾ വാഗണിൽ കയറ്റി കൊണ്ടു പോകാവുന്ന റോ റോ സർവീസിന്റെ പരീക്ഷണ ഒാട്ടം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നടത്തിയിരുന്നു. കേരളത്തിൽ എപ്പോളായിരിക്കും റോ റോ സർവീസ് തുടങ്ങുക?

ഇതിന്റെ ശുപാർശ അന്തിമഘട്ടത്തിലാണ്. റെയിൽവേ ബോർഡിന്റെ മാർഗ നിർദേശ പ്രകാരം തുടർ നടപടികളുണ്ടാകും.

മിഷൻ റഫ്താരിന്റെ ഭാഗമായി വിവിധ സോണുകളിൽ ട്രെയിനുകളുടെ വേഗം കൂട്ടിയെങ്കിലും കേരളത്തിൽ കാര്യമായ വർധനയുണ്ടായില്ല. ഈ പദ്ധതികളിൽ ദക്ഷിണ റെയിൽവേയിൽ നിന്ന് ഏതൊക്കെ പാതകളാണുള്ളത് ?

ദക്ഷിണ റെയിൽവേയിൽ ചെന്നൈ–ഗുഡൂർ, ചെന്നൈ–അറക്കോണം–റേനിഗുണ്ട സെക്‌ഷനുകളിൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്.ആർഡിഎസ്ഒ (റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഒാർഗനൈസേഷൻ) സ്പീഡ് ട്രയലുകൾ പൂർത്തിയായി. അവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു വേഗം വർധിപ്പിക്കും. കേരളത്തിൽ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ കഴിയും. ഏറ്റുമാനൂർ–ചിങ്ങവനം (16.84 കിലോമീറ്റർ) പാത ഇരട്ടിപ്പിക്കൽ ഡിസംബർ 2021ൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

കോവിഡ് മൂലം നിർത്തി വച്ച അൺ റിസർവ്ഡ‍് പാസഞ്ചർ ട്രെയിൻ ഒാപ്പറേഷന്റെ ഭാവി എന്തായിരിക്കും ?

കൂടുതൽ ദീർഘദൂര ട്രെയിനുകൾ ആധുനിക എൽഎച്ച്ബി റേക്കുകളിലേക്കു മാറി കൊണ്ടിരിക്കയാണ്. ഇതുവഴി ഒഴിവാക്കുന്ന പരമ്പരാഗത ഐസിഎഫ് കോച്ചുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ സർവീസിന് ഉപയോഗിക്കാൻ കഴിയും. ഈ ഘടകങ്ങൾ പരിഗണിച്ചാണു ട്രെയിൻ സർവീസുകൾ പ്ലാൻ ചെയ്യുന്നത്. പാസഞ്ചർ സർവീസുകൾ തീർച്ചയായും ഉണ്ടാകും. ദീർഘദൂര പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റുന്നതോടെ റിസർവ്ഡ് യാത്രക്കാർക്കും അൺ റിസർവ്ഡ് യാത്രക്കാർക്കും ഒരു പോലെ യാത്രാസൗകര്യം ലഭിക്കും. ഭാവിയിൽ പാസഞ്ചർ ട്രെയിനുകൾ എല്ലാം മെമു ട്രെയിനുകളാക്കി മാറ്റും. പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന മെമു ട്രെയിനുകൾ വരുന്നതോടെ പാസഞ്ചർ സർവീസുകൾ കൃത്യസമയം പാലിക്കും.

രാജ്യത്തു തേജസ്, ശതാബ്ദി, ഉദയ് തുടങ്ങിയ പ്രിമീയം ട്രെയിനുകളില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം. ഈ സ്ഥിതിക്കു മാറ്റമുണ്ടാകുമോ?

കേരളത്തിൽ തേജസ്, ശതാബ്ദി ട്രെയിനുകളോടിക്കുന്നതിന്റെ സാധ്യത പരിശോധിച്ചു വരികയാണ്. റെയിൽവേ ബോർഡാണു അന്തിമ തീരുമാനം എടുക്കേണ്ടത്.

എറണാകുളം മാർഷലിങ് യാഡിലെ ടെർമിനൽ പദ്ധതി പഠിക്കാനായി റെയിൽവേ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) ചുമതലപ്പെടുത്തിയിരുന്നല്ലോ. ഭാവിയിൽ ഈ പദ്ധതിയിൽ പ്ലാറ്റ്ഫോമുകളും പിറ്റ്‌ലൈനുകളും കൂട്ടാൻ കഴിയുമോ?

കെആർഡിസിഎല്ലിന്റെ റിപ്പോർട്ട് ലഭ്യമായിട്ടില്ല. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കാകും ടെർമിനൽ വികസനം സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കുക. നിലവിലുള്ള യാഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണു ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.

English Summary: Interview with Southern Railway General Manager John Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ