ADVERTISEMENT

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ പൊലീസിന് എന്തു പറ്റി, പൊലീസിന്റെ ഇടപെടൽ ശരിയായിരുന്നോ?  ജീവനൊടുക്കാൻ ശ്രമിച്ച രാജന്റെ കൈയിൽ നിന്നു ലൈറ്റർ തട്ടിത്തെറിപ്പിച്ച പൊലീസിന്റെ നടപടി ശരിയായിരുന്നുോ? ഏതു രീതിയിൽ പൊലീസ് പ്രവർത്തിക്കേണ്ടതായിരുന്നു? മുൻ ഡിജിപി ജേക്കബ് പുന്നൂസ് പറയുന്നു..

ഈ വിഷയത്തിൽ ഞാൻ പൊലീസിന് അനുകൂലമാണ്. ദമ്പതികൾ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുമ്പോൾ ഒരാളുടെ കൈയിൽ ലൈറ്റർ കത്തിച്ചു വച്ചിരിക്കുകയായിരുന്നു. ചാനൽ ദൃശ്യങ്ങളിൽ ഇതു വളരെ വ്യക്തമാണ്.  കത്തിച്ചു വച്ച ലൈറ്ററുമായി നിൽക്കുന്ന ഒരാളെ കണ്ട് പൊലീസിന് നിർന്നിമേഷനായി നിൽക്കാൻ പറ്റുമോ? കാഴ്ചക്കാരനായി നിന്നാൽ, നിങ്ങൾ, മാധ്യമങ്ങൾ എല്ലാം കൂടി പൊലീസുകാരൻ കാഴ്ചക്കാരനായി നിന്നെന്നു പറയില്ലേ?

ലൈറ്റർ തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസുകാരനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.  പൊലീസുകാരൻ എല്ലായ്പ്പോഴും സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിക്കണം. അതു മാത്രമേ ആ പൊലീസുകാരൻ പ്രവർത്തിച്ചുള്ളൂ.

ആത്മഹത്യ നീക്കം തടയാൻ കഴിഞ്ഞിരുന്നുവെങ്കിൽ പൊലീസുകാരൻ ഹീറോയായിരുന്നു, ആ ഉദ്യോഗസ്ഥനെ എല്ലാവരും വാഴ്ത്തുമായിരുന്നു.  ഭാര്യ അമ്പിളിയെ ചേർത്തു പിടിച്ചാണ് രാജൻ ലൈറ്റർ കത്തിച്ചത്. രാജനൊപ്പം അമ്പിളിയെയും രക്ഷിക്കേണ്ട ഉത്തരവാദിത്തവും ആ പൊലീസുകാരനുണ്ടായിരുന്നു.

പൊലീസുകാരന്റെ പരിശ്രമം പരാജയപ്പെട്ടുവെങ്കിലും അയാൾ ആ സന്ദർഭത്തിൽ പരിശ്രമിച്ചത് ശരിയാണെന്നാണ് എന്നാണ് എന്റെ അഭിപ്രായം.  പരിശ്രമിക്കാതിരിക്കുന്നതിനെക്കാളും നല്ലത് അപകടം ഒഴിവാക്കാൻ വേണ്ടി ആ ഉദ്യോഗസ്ഥൻ പരിശ്രമിച്ചതാണെന്നതു നമ്മൾ തിരിച്ചറിയണം. 

∙ ഒരു ഉദാഹരണം, 4 സന്ദർഭം

ഈ അവസരത്തിൽ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം. റയിൽവേ പാളത്തിലൂടെ കാർ ഓടിക്കൊണ്ടിരിക്കുകയാണെന്നു വിചാരിക്കുക. ആ സമയം, ഇതു കണ്ട ഒരു പൊലീസുകാരൻ എന്താണ് ചെയ്യേണ്ടത്?  അയാൾ ഓടിപ്പോയി, റയിൽവേ പാളത്തിൽ നിന്നു കാറിനെ തട്ടി വെളിയിൽ കളയുകയാണ് ചെയ്യേണ്ടത്.  ഇങ്ങനെ ചെയ്യുമ്പോൾ, ആ പൊലീസുകാരൻ ചിലപ്പോൾ റയിൽപാളത്തിൽ തന്നെ വീഴാനും സാധ്യതയുണ്ട്.

റയിൽപാളത്തിൽ ഒരാൾ ജീവനൊടുക്കാൻ നിൽക്കുകയാണെന്ന് സങ്കൽപ്പിക്കുക.  ഞാനൊരു പൊലീസുദ്യോഗസ്ഥനാണ്. ഞാൻ റയിൽവേ പാളത്തിലൂടെ നടന്നു വരികയാണ്.  ആത്മഹത്യ ചെയ്യാൻ തയാറായി നിൽക്കുന്ന ഒരാളെ ഞാൻ കാണുന്നു.  ഞാൻ എന്താണ് ആ സമയത്ത് ചെയ്യേണ്ടത്? സിനിമയിലൊക്കെ കാണുന്നത് പോലെ ഞാൻ ഓടിച്ചെന്ന് അവനെ തട്ടിമാറ്റാനാണ് ഞാൻ ശ്രമിക്കേണ്ടത്.  തട്ടി മാറ്റാൻ ശ്രമിക്കുന്ന സമയത്ത് നാലു കാര്യങ്ങൾ അവിടെ സംഭവിക്കാം.

ഒന്നുകിൽ അവൻ തെറിച്ച് പാളത്തിനു പുറത്തേക്കു പോകാം. രണ്ട്, അവൻ പാളത്തിനു വെളിയിലേക്കു വീഴുന്നു. ഞാൻ പാളത്തിൽ വീഴുന്നു. ഞാൻ ചാകുന്നു, അവൻ ജീവിക്കുന്നു. മൂന്ന്, ഞങ്ങൾ രണ്ടു പേരും പാളത്തിൽ വീഴുന്നു, രണ്ടു പേരും മരിക്കുന്നു.  വേറൊരു സന്ദർഭത്തിൽ ഞാൻ പാളത്തിനു വെളിയിലേക്കു പോകുന്നു, അവൻ പാളത്തിൽ വീഴുന്നു, അവൻ മാത്രം മരിക്കുന്നു. ഞാൻ മാത്രം രക്ഷപ്പെടുന്നു.  ഇത്തരം സന്ദർഭങ്ങളിൽ സഡൺ ഡെയിഞ്ചർ ഒഴിവാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

1200-neyyattinkara-rajan-death
അമ്പിളിയെ ചേർത്തുനിർത്തി രാജൻ തീക്കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു (വലത്)

ചിലപ്പോൾ ആ ദൗത്യത്തിൽ പൊലീസുകാരൻ പരാജയപ്പെട്ടേക്കാം. അത് പ്രഫഷനൽ റിസ്കാണ്. പൊലീസുകാരൻ അവിടെ നിർനിമേഷനായി നിന്നു, അല്ലെങ്കിൽ വികാരനിർഭരനായി നിന്ന് എല്ലാം കണ്ടു എന്നു പറയുന്നതിൽ വലിയ അർഥമില്ല.  ആ സമയത്ത്, അയാളുടെ ബുദ്ധിക്കനുസരിച്ച് ദമ്പതികളുടെ ജീവൻ രക്ഷിക്കാനാണ് ആ പൊലീസുകാരൻ ശ്രമിച്ചത്.

ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് പരിശീലനമൊന്നും നൽകാനാകില്ല. പതിനായിരക്കണക്കിന് സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് പൊലീസുകാർ എത്രയെത്ര ജീവനുകൾ രക്ഷിച്ചിട്ടുണ്ട്.  2007ൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, ഒരു വർഷത്തിൽ പൊലീസുകാർ ജീവൻ രക്ഷിച്ച 50 പേരെ ഞാൻ ജനങ്ങളുടെ മുൻപാകെ അവതരിപ്പിച്ചിരുന്നു.  അങ്ങിനെ ഒരുപാട് പേരുടെ ജീവൻ പൊലീസ് രക്ഷിക്കാറുണ്ട്. 

∙ ചിലത് പാളിപ്പോകും, അതു തെറ്റല്ല

ദൗർഭാഗ്യവശാൽ ചില ഉദ്യമങ്ങൾ അല്ലെങ്കിൽ ദൗത്യങ്ങൾ പാളിപ്പോകും.  പാളിപ്പോകുമ്പോൾ പൊലീസുകാരന്റെ പ്രവൃത്തി തെറ്റാണെന്നു പറയുന്നതിൽ അർഥമില്ല.  മറ്റൊരു പ്രശ്നമുണ്ട്. കുടിയൊഴിപ്പിക്കാൻ വേണ്ടി പൊലീസുദ്യോഗസ്ഥൻ പോകേണ്ടിയിരുന്നുവോ എന്നത് ഡിജിപി അന്വേഷണത്തിലൂടെ ഡിജിപി കണ്ടെത്തണം.

കുടിയൊഴിപ്പിൽ പൊലീസ് ജോലിയാണോ എന്ന കാര്യത്തിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. കോടതി ഉദ്യോഗസ്ഥരാണ് കുടിയൊഴിപ്പിക്കേണ്ടത്. പൊലീസുകാരന്റെ ജോലിയല്ല കുടിയൊഴിപ്പിക്കൽ. അതേസമയം, സർക്കാർ ഭൂമി ആരെങ്കിലും കയ്യേറിയാൽ, അതു കണ്ടു നിൽക്കുന്ന പൊലീസുകാർ ഇടപെടണം.  കുടിയൊഴിപ്പിക്കാൻ കോടതി നിയോഗിച്ച ആമീന് അപകടം വരുമ്പോൾ മാത്രമാണ് പൊലീസ് ഇടപെടേണ്ടത്. 

ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ, അയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണെന്ന ന്യായമായ ചിന്ത ഒരു പൊലീസുകാരന്റെ മനസിലുണ്ടാകുകയാണെങ്കിൽ ആ പൊലീസുകാരൻ ഉടൻ പ്രതികരിച്ച്, കഴിയുന്നത്ര രീതിയിൽ പ്രതികരിച്ച് ആത്മഹത്യ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.  ചിലപ്പോൾ ആ ഉദ്യമം പാളിപ്പോകും.  പൊലീസുകാരൻ ആണെങ്കിൽ അയാൾ ആ സന്ദർഭത്തിൽ വെറുതേ നോക്കി നിൽക്കരുത്.

നെയ്യാറ്റിൻകരയിലെ പൊലീസുകാരൻ,  പൊലീസുകാരന്റെ ജോലി െചയ്തു. അതു മാത്രം. ഇതൊക്കെ നൈമിഷിക നേരം കൊണ്ട് എടുക്കേണ്ട തീരുമാനമാണിത്.  ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങൾക്കാണ് പരിശീലനവും സജ്ജീകരണങ്ങളും ഒക്കെ വേണ്ടി വരുന്നത്.

കുടിയൊഴിപ്പിക്കൽ എന്ന വലിയൊരു പ്രശ്നവും ഇതിലുണ്ട്.  കുടിയൊഴിപ്പിക്കലിൽ നിയമത്തിന്റെ നൂലാമാലകളുണ്ട്. കുടിയൊഴിപ്പിക്കലിൽ പൊലീസുകാരൻ അത്യുൽസാഹം കാട്ടാൻ പാടില്ല.  എന്നാൽ, സർക്കാർ ഭൂമി കയ്യേറുകയാണെങ്കിൽ പൊലീസുകാരൻ ഇടപെടണം. ആത്മഹത്യാ ശ്രമം തടയാൻ ശ്രമിച്ച പൊലീസുകാരന്റെ ശ്രമം പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്.

പക്ഷേ, ആ ദൗത്യത്തിൽ ആ പൊലീസുകാരൻ വിജയിച്ചിരുന്നെങ്കിൽ അവൻ സൂപ്പർ ഹീറോയാകുമായിരുന്നു.  കുടിയൊഴിപ്പിക്കലിന്റെ കാര്യത്തിൽ പൊലീസ് സംയമനം പാലിക്കണം. അതേസമയം, സർക്കാർ ഭൂമി ആരെങ്കിലും കയ്യേറുകയാണെങ്കിൽ പൊലീസ് ഇടപെടണം.

English Summary: Former DGP Jacob Punnoose on Neyyattinkara self immolation case

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com