ADVERTISEMENT

കൊച്ചി ∙ പുതുവർഷ പ്രതീക്ഷകളിൽ വിശ്വാസമർപ്പിച്ചു മൂലധന സമാഹരണത്തിനു വിപണിയെ ആശ്രയിക്കാൻ തയാറെടുക്കുന്ന കമ്പനികൾ ഏറെ. ഓഹരികളുടെ ആദ്യ പൊതു വിൽപനയുമായി (ഐപിഒ) കഴിഞ്ഞ വർഷം വിപണിയിലെത്തിയതിന്റെ ഇരട്ടിയിലേറെ കമ്പനികൾ ഈ വർഷം മൂലധന സമാഹരണത്തിനു തയാറെടുക്കുന്നതായാണു സൂചന. കേരളം ആസ്ഥാനമായുള്ള ഏതാനും കമ്പനികളിൽനിന്നുള്ള ഐപിഒയും ഈ വർഷം പ്രതീക്ഷിക്കാം.

∙ കാത്തിരുന്നവരും കടന്നുവരുന്നു

കോവിഡ് വ്യാപനംമൂലം ഓഹരി വിപണിയിലെ കാലാവസ്ഥ മോശമായിരുന്നതിനാൽ പല കമ്പനികൾക്കും കഴിഞ്ഞ വർഷം മൂലധന വിപണിയെ സമീപിക്കാനുള്ള ധൈര്യമില്ലായിരുന്നു. നിക്ഷേപകർ ഒഴിഞ്ഞുനിന്നേക്കുമോ എന്ന ഭീതിയായിരുന്നു അധൈര്യത്തിനു കാരണം. സാമ്പത്തിക കാലാവസ്ഥ മാറുകയും ആഗോള വിപണികൾക്കൊപ്പം ഇന്ത്യയിലെ ഓഹരി വിപണി പ്രസരിപ്പു വീണ്ടെടുക്കുകയും ചെയ്തതോടെ ഈ കമ്പനികൾക്കും ആത്മവിശ്വാസം കൈവന്നിരിക്കുന്നു. ഇതാണ് ഐപിഒ വിപണിയെ ഈ വർഷം സമീപിക്കാൻ ഇവയ്ക്ക് ഉത്തേജനമാകുന്നത്.

∙ പണലഭ്യത വേണ്ടുവോളം

കടന്നുപോയ വർഷത്തിന്റെ രണ്ടാം പകുതിയിൽ വിപണിയെ ആശ്രയിച്ച കമ്പനികളുടെ ഐപിഒകൾക്കു നിക്ഷേപകരിൽനിന്നു വലിയ വരവേൽപായിരുന്നു. വിപണിയിലെ ഉയർന്ന തോതിലുള്ള പണലഭ്യതയായിരുന്നു ഇതിനു പിന്നിൽ. പണലഭ്യത ഇപ്പോഴും വലിയ തോതിലാണു തുടരുന്നത്. ഇതും ഐപിഒ വിപണിയിലെത്താൻ കമ്പനികൾക്കു പ്രചോദനമാകുന്നു.

ബാങ്ക് നിക്ഷേപം, കടപ്പത്രങ്ങൾ തുടങ്ങിയവ നിക്ഷേപകർക്ക് അനാകർഷകമായതും അനുകൂലാവസ്ഥയായി കമ്പനികൾ കാണുന്നു. സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റിങ്ങിന് അവസരം ലഭിക്കുന്നു എന്നതാണു കമ്പനികൾ കാണുന്ന മറ്റൊരു നേട്ടം. ലിസ്റ്റിങ്ങിലൂടെ കമ്പനികൾക്കു കൈവരുന്നതു വർധിച്ച ‘വിസിബിലിറ്റി’യാണല്ലോ.

∙ മലയാളി സംരംഭവും വൻ വിജയം

കഴിഞ്ഞ വർഷം ഏറ്റവും അവസാനം വിപണിയിലെത്തിയതു മലയാളി സംരംഭമായ ആന്റണി വേയ്സ്റ്റ് ഹാൻഡ്‌ലിങ് സെൽ എന്ന കമ്പനിയാണ്. 15 ഇരട്ടി അപേക്ഷകരുടെ പിന്തുണയാണ് ഐപിഒയ്ക്കു ലഭിച്ചത്. ഇത് ഉൾപ്പെടെ 16 കമ്പനികൾ ചേർന്നു വിപണിയിൽനിന്നു സമാഹരിച്ച തുക 31,000 കോടി രൂപയ്ക്കു മേലെ. 

ബർഗർ കിങ് ഇന്ത്യ, ഹാപ്പിയ്സ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, റോസറി ബയോടെക്, റൂട്ട് മൊബീൽ തുടങ്ങിയ കമ്പനികളും കഴിഞ്ഞ വർഷം ഐപിഒ വിപണിയിലെ താരങ്ങളായിരുന്നു. 

∙ മെഗാ ഇഷ്യുവുമായി എൽഐസി

ഈ വർഷം വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി) വരെയുണ്ട്. എൽഐസിയുടേതു മെഗാ ഇഷ്യു ആയിരിക്കും. 64 വർഷം പിന്നിട്ട എൽഐസിയുടെ ഓഹരിമൂല്യം നിർണയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയുന്നു. മൂല്യനിർണയ സേവനരംഗത്തു ലോകത്തെതന്നെ ഏറ്റവും വലിയ സ്ഥാപനമായ മില്ലിമാൻ അഡ്വൈസേഴ്സിനാണ് ഇതിന്റെ ചുമതല.

∙ എൻഎസ്ഇ, സൊമാറ്റോ എന്നിവയും

നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) ലിമിറ്റഡ് ഈ വർഷം ഐപിഒ വിപണിയിലെത്തുമെന്നു കരുതുന്നു. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, ഇൻഡിഗോ പെയിന്റ്സ്, ഹോം ഫസ്റ്റ് ഫിനാൻസ് കമ്പനി, ബ്രൂക്ഫീൽഡ് ഇന്ത്യ റിയൽ എസ്റ്റേറ്റ് ട്രസ്റ്റ്, ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി, റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ, ഗ്രോഫേഴ്സ്, ലോധ ഡവലപ്പേഴ്സ്, ആകാശ് എജ്യുക്കേഷൻ, ജെഎസ്ഡബ്ള്യു സിമന്റ്സ്, ബജാജ് എനർജി, എപിജെ സുരേന്ദ്ര പാർക് ഹോട്ടൽസ്, സൊമാറ്റോ, സാംഹി ഹോട്ടൽസ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്, റെയിൽടെൽ കോർപറേഷൻ തുടങ്ങിയവയും ഓഹരികളുടെ ആദ്യ പൊതുവിൽപനയ്ക്കുള്ള ഒരുക്കത്തിലാണ്.

∙ കല്യാൺ ജ്വല്ലേഴ്സ്, ഇസാഫ് ബാങ്ക്

സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽനിന്ന് ഐപിഒ അനുമതി നേടിക്കഴിഞ്ഞ കമ്പനികളിൽ കേരളത്തിൽനിന്നു രണ്ടു കമ്പനികളാണുള്ളത്: കല്യാൺ ജ്വല്ലേഴ്സും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും. തൃശൂർ ആസ്ഥാനമായുള്ള കമ്പനികളാണു രണ്ടും.

കേരളത്തിൽനിന്ന് ഐപിഒ വിപണിയിലെത്തുന്ന ആദ്യ ജ്വല്ലറിയായിരിക്കും വിദേശ സ്വകാര്യ നിക്ഷേപ സ്ഥാപനമായ വാർബഗ് പിൻകസിനു വൻ നിക്ഷേപമുള്ള കല്യാൺ. ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും സ്വർണാഭരണ വിപണിയിൽ വ്യാപക സാന്നിധ്യമുള്ള കല്യാൺ ജ്വല്ലേഴ്സിന് ഐപിഒവഴി 1750 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജ്വല്ലറി വ്യവസായത്തിൽനിന്നുള്ള ഐപിഒ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റിങ് നിബന്ധന പാലിക്കുന്നതിന്റെ ഭാഗമായാണു 40 ലക്ഷത്തോളം ഇടപാടുകാരുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഒ. ഭാവിയിലെ മൂലധനാവശ്യങ്ങൾ കണക്കിലെടുത്തു 976.2 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.

∙ കൊശമറ്റം, മുത്തൂറ്റ് മിനി, കിംസ് ഹെൽത്ത് കെയർ

ഈ വർഷമല്ലെങ്കിലും സമീപഭാവിയിൽ ഐപിഒ വിപണിയിലെത്താൻ കേരളത്തിൽനിന്നു മൂന്നു കമ്പനികൾ തയാറെടുക്കുന്നുണ്ട്: കൊശമറ്റം ഫിനാൻസ്, മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്, കിംസ് ഹെൽത്ത് കെയർ എന്നിവ.

English Summary: New Year attracts more companies to IPO market than last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com