ADVERTISEMENT

ക്ഷണിച്ചുവരുത്തി ഇലയിട്ടശേഷം സദ്യയില്ല എന്നു പറഞ്ഞതുപോലെയായി കർഷകന്റെ അനുഭവം. വരുമാനം ഇരട്ടിയാകുന്ന നല്ലനാളുകൾ കാത്തിരുന്ന അവർ ഉള്ളതുകൂടി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണിപ്പോൾ. ‘2022ൽ കർഷകന്റെ വരുമാനം ഇരട്ടിയാകും’- 2016ൽ യുപിയിലെ ബറേലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണ്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന് പദ്ധതി തയാറാക്കാൻ പ്രത്യേക കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള പദ്ധതികൾ തയാറാക്കി തുടങ്ങിയതായി നിതി ആയോഗിന്റെ പ്രഖ്യാപനവുമുണ്ടായി. കർഷകരുടെ വരുമാനം ഇരട്ടിയാകണമെങ്കിൽ തുടർച്ചയായി 10 വർഷമെങ്കിലും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 10 ശതമാനത്തിനു മുകളിൽ മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുണ്ടാകണമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധർ അന്നേ ചൂണ്ടിക്കാട്ടി. 

തൊഴിലിന്റെ 42% സംഭാവന ചെയ്യുന്ന മേഖല, മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 15% കൃഷിയിൽനിന്ന്. ജനതയുടെ 60% കർഷകർ. 2016 ഏപ്രിലിൽ നാഷനൽ സാംപിൾ സർവേ ഓഫിസ് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു കർഷക കുടുംബത്തിന് ശരാശരി 47,000 രൂപ വാർഷിക കടമുണ്ട്. സാംപിൾ സർവേയുടെ കണ്ടെത്തലനുസരിച്ച് കർഷക കുടുംബത്തിന്റെ മാസ വരുമാനം 6426 രൂപ.

ഈ അവസ്ഥയിലുള്ള കർഷകരോടാണ് പുതിയ നിയമങ്ങളനുസരിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാം, കോർപറേറ്റുകളോട് വിലപേശി വില നിശ്ചയിക്കാം എന്നൊക്കെ സർക്കാർ വാഗ്ദാനം ചെയ്യുന്നത്. സമാന നിയമങ്ങൾ മുൻകൂട്ടി നടപ്പാക്കിയ ബിഹാറിൽ താങ്ങുവിലപോലും കിട്ടാതായ അനുഭവം കർഷകർക്കുണ്ട്. 

delhi-farmers

2022ന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ കർഷകർ തെരുവിൽ സമരത്തിലാണ്. കാർഷിക നിയമങ്ങൾ തള്ളിക്കളയണമെന്ന ആവശ്യവുമായാണ് സമരം. പാർലമെന്റിൽ ചർച്ച ചെയ്യാതെ ശബ്ദവോട്ടോടെ പാസാക്കിയ, കർഷകരുടെ അഭിപ്രായങ്ങൾ കേൾക്കാതെ കൊണ്ടുവന്ന നിയമങ്ങൾ ആവശ്യമില്ല എന്നാണ് അവരുടെ നിലപാട്. 

പുതിയ നിയമം താങ്ങുവില ഇല്ലാതാക്കുമെന്നും കോർപറേറ്റുകൾക്ക് കാർഷിക വിപണിയിൽ ആധിപത്യം നൽകുമെന്നുമാണ് കർഷകരുടെ വാദം. സംസ്ഥാനങ്ങൾ നിയന്ത്രിക്കുന്ന മണ്ഡികളുടെ സ്ഥാനത്ത് കുത്തക കമ്പനികൾ എത്തുമെന്ന് അവർ ഭയക്കുന്നു. നിലവിൽ ധാന്യങ്ങൾ പരിധിയിൽ കവിഞ്ഞ് സംഭരിച്ചുവയ്ക്കാൻ സർക്കാർ സംവിധാനങ്ങൾക്കു മാത്രമാണ് അവകാശം.

പുതിയ നിയമമനുസരിച്ച് ഈ നിയന്ത്രണം ഇല്ലാതാകും. പകരം ആർക്കും ധാന്യങ്ങൾ എത്രവേണമെങ്കിലും സംഭരിക്കാം. കേരളത്തിലെ റബർ കർഷകരുടെ അവസ്ഥ നെല്ല്, ഗോതമ്പ് കർഷകർക്കും വരുമെന്നാണ് ബില്ലിനെ എതിർക്കുന്നവർ പറയുന്നത്. വിലയിടിക്കാനായി ധാന്യങ്ങൾ വൻതോതിൽ ഇറക്കുമതിചെയ്ത് സംഭരിക്കാൻപോലും കോർപറേറ്റുകൾ തയാറാകുമെന്നാണ് കർഷകരുടെ ഭയം.

എഫ്സിഐകളുടെ സ്ഥാനത്ത് കോർപറേറ്റ് കമ്പനികളുടെ സംഭരണ ശാലകൾ ഉയരുമെന്ന് അവർ ഭയക്കുന്നു. വിളകൾക്ക് തറവില ഉറപ്പാക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച നിയമനിർമാണത്തെക്കുറിച്ച് ഒന്നും വ്യക്തമല്ല. താങ്ങുവിലയില്ലാതെ വരുന്നതോടെ കർഷകരുടെ വിലപേശൽ ശേഷി ഇല്ലാതാകാം. കടംകയറി ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകരോടാണു വിലപേശൽ സാധ്യതയെക്കുറിച്ചും വിശാലമായ വിപണിയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്. 

Content Highlights: Farm laws drawbacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com