പ്രതികാരം തീർക്കാൻ ‘പോക്സോ’: കുട്ടികളെ കരുവാക്കി കള്ളപ്പരാതികൾ ഏറുന്നു

trivandrum-pocso-act
പ്രതീകാത്മക ചിത്രം.
SHARE

കോഴിക്കോട്∙ ഏതു നിരപരാധിയുടെയും ജീവിതം കുടുക്കാൻ ഒറ്റ പരാതി മതി. അതു ലൈംഗികാതിക്രമ പരാതിയാണെങ്കിൽ പൊലീസ് വിട്ടയച്ചാലും നാട്ടിൽ തലയുയർത്തി നടക്കാനാകില്ല. സ്വത്ത് കേസുകളിലും അതിർത്തി തർക്ക കേസുകളിലും മേൽക്കൈ ലഭിക്കാൻ പോക്സോ അടക്കമുള്ള വ്യാജ പരാതികൾ നൽകുന്നതു കൂടുകയാണ്. കൊച്ചു കുട്ടികളെ വരെ ഇത്തരത്തിൽ വ്യാജ പരാതിക്ക് ഉപയോഗിക്കുന്നതോടെ സത്യം കണ്ടെത്താൻ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് പൊലീസിന്. 

കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ അർധരാത്രി മകനെയും കൊണ്ട് എത്തിയ പിതാവിന്റെ പരാതി, മകനെ പീഡിപ്പിച്ച അയൽവാസിക്കെതിരെ കേസെടുക്കണമെന്നായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തു മകനെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം നടന്നതു മറ്റൊരു സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടേക്കു പോകാൻ ആവശ്യപ്പെട്ടെങ്കിലും പിതാവ് തയാറായില്ല. ഒടുവിൽ പീഡന പരാതിയിൽ ഇയാൾ ഉറച്ചു നിന്നതോടെ പൊലീസ് കേസെടുത്തു. പിറ്റേ ദിവസം നടത്തിയ അന്വേഷണത്തിലാണ് പിതാവ് മറ്റൊരു പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. കൗണ്ടർ പരാതി എന്ന നിലയിലാണ് മകനെ പീഡിപ്പിച്ചതായി പരാതി നൽകാനെത്തിയത്. 

സ്വത്ത് തർക്കമുണ്ടാകുന്ന കേസുകളിൽ കുട്ടികളെ ബന്ധു പീഡിപ്പിച്ചതായും അതിർത്തി തർക്കമുണ്ടാകുന്ന കേസുകളിൽ അയൽവാസി പീഡിപ്പിച്ചതായും പരാതിയുണ്ടായി. ദമ്പതികൾ തമ്മിലുള്ള വിവാഹ മോചന കേസുകളിലും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടി പീഡനത്തിനിരയായെന്നും അതിനാൽ വിട്ടു നൽകണമെന്നുമായിരുന്നു അമ്മയുടെ പരാതി. 

ഇത്തരത്തിൽ വ്യാജ ലൈംഗിക അതിക്രമ പരാതികൾ പെരുകുന്നതോടെ വെട്ടിലാകുന്നത് പൊലീസാണ്. കേസെടുക്കാനും എടുക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. പൊലീസ് സ്റ്റേഷനുകളിലെ സ്ഥിരം കേസുകൾക്കു പുറമേ വ്യാജ കേസുകളിൽ കൂടി അന്വേഷണം നടത്തേണ്ട അവസ്ഥയാണ്. വിശദമായ അന്വേഷണത്തിനായി പൊലീസിന് ഏറെ സമയം വേണ്ടി വരുന്നു എന്നതാണ് പ്രശ്നം. കുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കണം, ശാസ്ത്രീയ പരിശോധനയ്ക്കായി കുട്ടിയുടെ വസ്ത്രം, ഫോൺ ഉപയോഗിക്കുന്ന കുട്ടിയാണെങ്കിൽ ഫോൺ അടക്കമുള്ള വസ്തുക്കൾ എന്നിവയെല്ലാം സയിന്റിഫിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കേണ്ടി വരും.  

ഫൊറൻസിക് ലബോറട്ടറികളിൽ രണ്ടു വർഷം മുൻപു വരെ നാലോ അഞ്ചോ പോക്സോ കേസുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു മാസം 30–40 കേസുകളാണ് ശാസ്ത്രീയ അന്വേഷണത്തിനായി അയയ്ക്കുന്നത്. ഇതിനിടയിൽ വ്യാജ പരാതികൾ കൂടി പെരുകുമ്പോൾ യഥാർഥ കേസിലെ ഇരകൾക്കു കൃത്യസമയത്ത് നീതികിട്ടാത്ത അവസ്ഥയുണ്ടാകുന്നു. 

പോക്സോ കേസിന്റെ ഗൗരവം അറിയാത്തവരാണ് വ്യാജപ്പരാതിയുമായി എത്തുന്നതെന്നു പൊലീസ് പറയുന്നു. വിശദമായ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നു തെളിയുമ്പോൾ കള്ളപ്പരാതി നൽകിയവർക്കെതിരെ കേസെടുക്കുകയാണ് ഇപ്പോൾ പൊലീസ് ചെയ്യുന്നത്. 

ഏറ്റവും ഒടുവിൽ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച റിമാൻഡ് തടവുകാരൻ ജയിലിൽ ആത്മഹത്യ ചെയ്തതോടെ വെട്ടിലായതു പൊലീസാണ്. കേസെടുത്തത് വ്യാജ പരാതിയിലാണെന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്തിറങ്ങി. ഈ കേസിൽ ഇപ്പോൾ പൊലീസ് വീഴ്ച സംബന്ധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. 

Content Highlights: Fake POCSO case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA