ADVERTISEMENT

കൊച്ചി∙ കോവിഡിനു ശേഷമുള്ള ബിസിനസ് ട്രെൻഡുകൾ എന്തൊക്കെയാവും? കലണ്ടർ വർഷംവച്ചു പറയാൻ പറ്റുന്നതല്ല. കോവിഡ് കഴിഞ്ഞ് വരുന്ന കാലത്ത്. വാക്സിനേഷൻ കഴിഞ്ഞു മാസ്കും സാമൂഹിക അകലവും മറ്റും ഇല്ലാതാവുമ്പോഴേക്കും പുതിയ ബിസിനസ് തരംഗങ്ങൾ ഉണരും. കോവിഡ് കാലത്ത് പിടിച്ചു നിർത്തിയിരുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും സ്വാഭാവികമായും അധികശക്തിയോടെ തിരിച്ചു വരുന്നതിന്റെ ഭാഗമായിട്ടാണിത്.

ചില ട്രെൻഡുകൾ ഇവയാണ്– 

1. സമ്പദ് വ്യവസ്ഥ

നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മൈനസ് 24 ശതമാനത്തിലേക്കു താഴ്ന്ന വളർച്ചാ നിരക്ക് രണ്ടാം പാദത്തിൽ മൈനസ് 7 ശതമാനത്തിലെത്തി ശുഭസൂചന നൽകിയിരുന്നു. കോവിഡ് കാലം കഴിയുമ്പോൾ വളർച്ചാ നിരക്ക് കുതിക്കും. 2021–2022 വർഷം 10% വരെ വളർച്ച പ്രവചിക്കുന്ന വിദഗ്ധരുണ്ട്. ഓഹരി വിപണിയിൽ ഇന്നു കാണുന്ന ദിവസേനയുള്ള കുതിപ്പ് അന്നുണ്ടാവണമെന്നില്ല.

2.റിയൽ എസ്റ്റേറ്റ് 

പുഷ്ക്കലമാവും. ഭൂമി ഇടപാടുകൾ എല്ലാവരും നിർത്തി വച്ചിരുന്നു. ഭൂമിക്ക് പലയിടത്തും വിലയിടിയുകയും ചെയ്തു. വില കുറഞ്ഞ അവസ്ഥയിൽ ഭൂമി ഇടപാട് വർധിച്ച തോതിൽ നടക്കും. പണത്തിന് ആവശ്യക്കാരായ ഭൂ ഉടമകളും വിൽപ്പനയ്ക്കു തയാറാണ്. പാർപ്പിടങ്ങൾക്ക് ആവശ്യക്കാർ മാത്രമല്ല പാർപ്പിടങ്ങൾ  നിക്ഷേപ അവസരമായി കാണന്നവരും രംഗത്തു വരുന്നതോടെ പുതിയ പാർപ്പിട പദ്ധതികൾ വരും.

3. വിലക്കയറ്റം

സമ്പദ് വ്യവസ്ഥ വളരുമ്പോൾ വിലക്കയറ്റം സ്വാഭാവികം. വിലക്കയറ്റ നിരക്ക് 6% കഴിഞ്ഞ് ഉയരാം. അതോടെ പണപ്പെരുപ്പം പിടിച്ചു നിർത്താനും വിപണിയിൽ പണത്തിന്റെ ലഭ്യത കുറയ്ക്കാനും വായ്പാ പലിശ നിരക്ക് ഉയരും. സ്വാഭാവികമായും നിക്ഷേപങ്ങളും പലിശ നിരക്കും ഉയരും.

4. രൂപ ശക്തമാവും

 ശക്തിപ്പെടുമെന്ന് വിദഗ്ധർ പരക്കെ കരുതുന്നു. ഡോളറിന് ലോകമാകെ വിലയിടിവ് വരാം. അതിന്റെ ഭാഗമായും ഡോളർ വിനിമയ നിരക്ക് കുറയാം. ഇന്നുള്ള 72–75 രൂപ നിരക്ക് സ്ഥിരമായി നിൽക്കണമെന്നില്ല.

5.ഡിജിറ്റൽ വളർച്ച

കോവിഡ് കാലത്തു സംഭവിച്ച ഡിജിറ്റൽ വിപ്ളവം ഇനി പിറകോട്ടില്ല. തുടർന്നും ഡിജിറ്റൽ വളർച്ചയുണ്ടാകും എല്ലാ രംഗത്തും. സാധാരണക്കാരിലേക്ക് എത്തിയ ഡിജിറ്റൽ പണമിടപാട് ഇനിയും വർധിക്കും. ഓഫ് ലൈൻ ബിസിനസിനെ ഓൺലൈൻ ബിസിനസ് മറികടക്കും.

6. ഓഫിസ്–വാണിജ്യ കെട്ടിട പദ്ധതി

ഐടി കമ്പനികൾ പോലും പാതി ജീവനക്കാർക്കെങ്കിലും വർക്ക് ഫ്രം ഹോം സ്ഥിരമാക്കുമെന്നതിനാൽ വാടകയ്ക്കു കൊടുക്കാൻ ഓഫിസ് കെട്ടിടങ്ങളും മറ്റും നിർമ്മിക്കുന്ന ട്രെൻഡിന് ഇടിവാണു പ്രവചിക്കുന്നത്. വൻ നഗരങ്ങളിൽ നിലവിലുള്ള ഓഫിസ് സ്ഥലം തന്നെ കാലിയാവും.

7. ടൂറിസം

എങ്ങും പോകാനാവാതെ അടച്ചിരിക്കേണ്ടി വന്നവർ വർധിച്ച തോതിൽ യാത്രകൾക്കു മുതിരും. പക്ഷേ അപ്പോഴും വിമാനയാത്ര ചെയ്ത് വിദേശത്തേക്കു പോകുന്നതു പഴയ പോലെ ഉടൻ നടക്കണമെന്നില്ല. ആഭ്യന്തര സഞ്ചാരികളുടെ യാത്രാവർധനയാവും കാണുക. വിദേശത്തു പോയിരുന്നവർ സ്വദേശത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ എത്തും.

English Summary: Post Covid Business Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com