ADVERTISEMENT

അന്ന്, ബ്രിട്ടിഷുകാരുടെ പൊലീസ് പിടിച്ചുകൊണ്ടു പോകുമ്പോൾ അനുയായിയായ സുശീലയോടു കസ്തൂർബാ പറഞ്ഞു: ‘ഇനിയൊരു മടങ്ങിവരവുണ്ടാവില്ല; ഇത് അവസാന ജയിൽവാസമാകാം.’ ആ പ്രവചനം സത്യമായി. കസ്തൂർബാ പിന്നീടു മടങ്ങിവന്നില്ല. ഭർത്താവിന്റെ മടിയിൽ തലചായ്ച്ച് അവർ മരണത്തെ സ്വീകരിച്ചു. ഇന്ത്യ സ്വതന്ത്രയായി കാണണമെന്ന ആഗ്രഹം ബാക്കിയാക്കി കസ്തൂർബാ ഗാന്ധി എന്ന സമരസൂര്യൻ അസ്തമിച്ചിട്ട് ഈ മാസം 22ന് 75 വർഷം തികയുന്നു. എന്നും തന്റെ നിഴലായി നടക്കാൻ ആഗ്രഹിച്ച കസ്തൂർബായുടെ മഹത്വം ഭർത്താവായ മഹാത്മാഗാന്ധി ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിച്ചു; എന്നേക്കാൾ ഉയരത്തിൽ നിന്നവൾ! 

പോരാട്ടവഴികളിൽ ഗാന്ധിജിക്കു കരുത്തായി നിന്ന അവരെ ‘ബാ’ ചേർത്തു രാജ്യം വിളിച്ചു. ഗുജറാത്തിയിൽ ബാ എന്നാൽ അമ്മ. ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച കസ്തൂർ കപാഡിയ അങ്ങനെ കസ്തൂർബാ ആയി. 

ആദ്യ ജയിൽ ദക്ഷിണാഫ്രിക്കയിൽ

ഗാന്ധിജിയേക്കാൾ അഞ്ചുമാസം പ്രായക്കൂടുതലുണ്ട് കസ്തൂർബായ്ക്ക്. കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദബന്ധം വിവാഹത്തിനു വഴിയൊരുക്കി. ഒരേനാട്ടിൽ ജനിച്ച ഇരുവരും പതിമൂന്നാം വയസ്സിൽ വിവാഹിതരായി. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ വേളയിൽ ഗാന്ധിജി കസ്തൂർബായെയും ഒപ്പം കൂട്ടിയിരുന്നു. ഭാര്യയുടെ സമരവീര്യം അദ്ദേഹം മനസ്സിലാക്കുന്നത് അവിടെവച്ചാണ്. ഇന്ത്യൻ തൊഴിലാളികൾക്ക് ഒന്നിച്ചു താമസിക്കാൻ ഡർബനു സമീപം ഗാന്ധിജി സ്ഥാപിച്ച ഫീനിക്സ് ഫാമിലാണു കസ്തൂർബായിലെ പോരാളി ജനിക്കുന്നത്.  

ക്രിസ്ത്യൻ ഇതര വിവാഹങ്ങൾ അസാധുവാക്കി പ്രാദേശിക ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഗാന്ധിജി സമരത്തിന് ആളെക്കൂട്ടി. ഇക്കാര്യം കസ്തൂർബായിൽനിന്നു മറച്ചുവച്ചെങ്കിലും ഒരിക്കൽ അദ്ദേഹത്തിന്റെ സംസാരം അവർ കേൾക്കാനിടയായി. സമരത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ പരാമർശം കേട്ട കസ്തൂർബാ അദ്ദേഹത്തെ സമീപിച്ചു. ‘ഇക്കാര്യം എന്നോടു മറച്ചുവയ്ക്കുന്നതെന്തിനാണ്? സമരത്തിൽനിന്ന് അകറ്റി നിർത്താൻ എന്തു കുറവാണ് എനിക്കുള്ളത്?’ 

ജയിലിൽ പോകാൻ താൻ ആവശ്യപ്പെടില്ലെന്നു ഗാന്ധിജി മറുപടി നൽകി. 

‘താങ്കൾക്കു കഷ്ടപ്പാടുകൾ അനുഭവിക്കാമെങ്കിൽ എനിക്കും അതിനു സാധിക്കും. പോരാട്ടത്തിൽ പങ്കാളിയാകേണ്ടത് എന്റെ കടമയാണ്.’ ഉറച്ച വാക്കുകളിലുള്ള കസ്തൂർബായുടെ മറുപടിയിൽ ഗാന്ധിജി തലകുലുക്കി. ഫാമിലെ സ്ത്രീകളെ നയിച്ചു സമരത്തിനിറങ്ങിയ കസ്തൂർബായെ ഭരണകൂടം 3 മാസം കഠിന തടവിനു വിധിച്ചു. കസ്തൂർബായുടെ ജീവിതാവസാനം വരെയുള്ള ജയിൽവാസങ്ങളുടെ തുടക്കമായിരുന്നു അത്. 

മരിക്കാൻ ഞാൻ തയാർ

ഒരിക്കൽ, ദക്ഷിണാഫ്രിക്കയിൽവച്ച് രോഗബാധിതയായ കസ്തൂർബായെ ഗാന്ധിജി ഡർബനിലെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി വഷളായപ്പോൾ ഗാന്ധിജിക്കു മുന്നിൽ ഡോക്ടർ തന്റെ നിർദേശം വച്ചു: പോത്തിറച്ചിയിൽനിന്നുള്ള സത്ത് ചേർത്ത പാനീയം കസ്തൂർബായ്ക്കു നൽകണം. ജീവൻ രക്ഷിക്കാൻ മറ്റൊരു വഴിയുമില്ല. നിർദേശത്തെ ആദ്യം എതിർത്ത ഗാന്ധിജി, ഭാര്യയുടെ ആരോഗ്യത്തെ കരുതി പിന്നീടു വഴങ്ങി. കസ്തൂർബായ്ക്ക് എതിർപ്പില്ലെങ്കിൽ നൽകാമെന്ന് അദ്ദേഹം മറുപടി നൽകി. 

MKG-145501
ഗാന്ധിജിയും കസ്തൂർബായും.

പാനീയം കുടിച്ചില്ലെങ്കിൽ കസ്തൂർബാ മരിക്കുമെന്നും അത് അനുവദിക്കാൻ കഴിയാത്തതിനാൽ, ആശുപത്രിയിൽനിന്നു കൊണ്ടുപോകണമെന്നും ഡോക്ടർ കർശന മുന്നറിയിപ്പു നൽകി. അർധബോധാവസ്ഥയിലായിരുന്ന ഭാര്യയോടു ഗാന്ധിജി ഇക്കാര്യം പറഞ്ഞു. ജീവൻ നഷ്ടമായിക്കൊള്ളട്ടെ, പാനീയം കുടിക്കില്ല എന്ന് ഉറച്ച ശബ്ദത്തിൽ അവർ മറുപടി നൽകി. 

തന്റെ വിശ്വാസം അനുവദിക്കാത്തതൊന്നും വേണ്ടെന്ന കസ്തൂർബായുടെ നിലപാടിനു മുന്നിൽ ഗാന്ധിജി വഴങ്ങി. ഡോക്ടറുടെ ശകാരം വകവയ്ക്കാതെ അവരെയുംകൂട്ടി അദ്ദേഹം ആശുപത്രിയിൽനിന്ന് ഇറങ്ങി. ഭാര്യയെ താങ്ങിയെടുത്ത് ട്രെയിനിൽ ഇരുത്തി. ഡർബനിൽനിന്നു ഫീനിക്സ് ഫാമിലേക്ക്. നിലത്തു നിൽക്കാൻ പോലുമാവാത്ത അവസ്ഥയിൽ അവിടെയെത്തിയ കസ്തൂർബായെ പ്രദേശവാസികൾ പരിചരിച്ചു; പതിയെ രോഗം വിട്ടൊഴിഞ്ഞു.

വിജയലക്ഷ്മിക്കൊരു സാരി

ജവാഹർലാൽ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ വിവാഹവേളയിൽ ഗാന്ധിജിയും കസ്തൂർബായും സന്ദർശിച്ചു. വിവാഹദിനം വിജയലക്ഷ്മി ഖാദി സാരി ഉടുക്കണമെന്നു ഗാന്ധിജിക്കു നിർബന്ധം. അക്കാലത്ത്, നിറങ്ങൾ മുക്കിയ ഖാദി സാരികൾ  അപൂർവമാണ്. വിജയലക്ഷ്മിയുടെ ധർമസങ്കടം മനസ്സിലാക്കിയ കസ്തൂർബാ പരിഹാരം നിർദേശിച്ചു – സാരി താൻ സമ്മാനിക്കാം. ഖാദി സാരി സ്വയം നിറത്തിൽ മുക്കി, മനോഹര വിവാഹ വസ്ത്രമായി കസ്തൂർബാ സമ്മാനിച്ചു. അതണിഞ്ഞു വിജയലക്ഷ്മി വിവാഹിതയായി.

കരുതലിന്റെ ഷാൾ

വൈസ്രോയി ആയിരുന്ന വെല്ലിങ്‍‍ഡൺ പ്രഭു ഡൽഹിയിലെ തന്റെ ഒൗദ്യോഗിക വസതിയിലേക്ക് (ഇന്നത്തെ രാഷ്ട്രപതി ഭവൻ) ഒരിക്കൽ ഗാന്ധിജിയെയും കസ്തൂർബായെയും ക്ഷണിച്ചു. വിചിത്രമായ സൗന്ദര്യ സങ്കൽപങ്ങളുടെ ആരാധികയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ലേഡി വെല്ലിങ്‍‍‍ഡൺ. കെട്ടിടത്തിന്റെ അഴകിനെ നശിപ്പിക്കും വിധമുള്ള പല പരിഷ്കാരങ്ങളും അവർ നടപ്പാക്കി. അതിലൊന്നായിരുന്നു നീല ലോഹിത നിറത്തിലുള്ള കർട്ടൻ‍ മുറികളിൽ സജ്ജമാക്കിയത്. ലേഡി വെല്ലിങ്ഡണിന്റെ വിചിത്ര നടപടികൾ കെട്ടിടത്തിന്റെ ഭംഗി കെടുത്തിയെന്ന ആക്ഷേപം പലയിടങ്ങളിൽ നിന്നുമുയരുമ്പോഴാണ് ഗാന്ധിജിയും കസ്തൂർബായും അവിടം സന്ദർശിക്കുന്നത്. 

വ്യത്യസ്ത നിറത്തിലുള്ള കർട്ടൻ ശ്രദ്ധിച്ച കസ്തൂർബാ അതിനെ പരിഹസിച്ചില്ല. പകരം ലേഡി വെല്ലിങ്ഡണിന്റെ സൗന്ദര്യ സങ്കൽപത്തെ ബഹുമാനിച്ചു. അതേ നിറത്തിൽ ഖാദിയിൽ ഒരു ഷാൾ കസ്തൂർബാ സ്വയം തുന്നി അവർക്കു സമ്മാനിച്ചു.

സമര പോരാളി

സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സ്ത്രീകളെ അണിനിരത്തുന്നതിൽ കസ്തൂർബാ വലിയ പങ്കു വഹിച്ചു. പലകുറി ഇത് ബ്രിട്ടിഷുകാർക്ക് തലവേദനയായി. കസ്തൂർബായുടെ സമരവീര്യത്തെ ബ്രിട്ടിഷുകാർ ഭയപ്പെട്ടിരുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ്, തുടർച്ചയായി അവർ അനുഭവിച്ച ജയിൽവാസങ്ങൾ. ഒരിക്കൽ ഗുജറാത്തിലെ ബർദോളിയിൽ സമരം നയിക്കാൻ കസ്തൂർബാ പോയെന്നറിഞ്ഞ ഗാന്ധിജി ഇങ്ങനെ പ്രതികരിച്ചു: ‘അറുപതാം വയസ്സിൽ അവർക്ക് കഠിന തടവുശിക്ഷ ലഭിച്ചാലും അദ്ഭുതപ്പെടാനില്ല’! വർഷങ്ങൾ നീണ്ട ജയിൽവാസങ്ങൾ കസ്തൂർബയുടെ ആരോഗ്യത്തെ വേട്ടയാടി. ആരോഗ്യം ക്ഷയിച്ചപ്പോഴും പക്ഷേ, സമരവഴിയിൽ നിന്ന് അവർ മാറി നടന്നില്ല.

kasturba-kids
മക്കളായ ഹരിലാൽ, രാമദാസ്, ദേവ്ദാസ്, മണിലാൽ എന്നിവർക്കൊപ്പം കസ്തൂർബാ ഗാന്ധി.

അവസാന ശിക്ഷ

ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ ഗാന്ധിജി അറസ്റ്റിലായി. വിവരമറിഞ്ഞു ജനക്കൂട്ടം അദ്ദേഹം താമസിച്ചിരുന്ന ബോംബെയിലെ ബിർളാ ഹൗസിലേക്ക് ഒഴുകി. അന്ന് വൈകിട്ടുള്ള പൊതുസമ്മേളനത്തെ ഗാന്ധിജിയാണ് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം അറസ്റ്റിലായതിനു പിന്നാലെ കസ്തൂർബാ പ്രഖ്യാപിച്ചു – സമ്മേളനത്തെ ഞാൻ അഭിസംബോധന ചെയ്യും. എന്നാൽ, സമ്മേളന സ്ഥലത്തേക്കു പോകുംവഴി അവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന അനുയായി സുശീലയോടു കസ്തൂർബാ പറഞ്ഞു: ‘ഇനിയൊരു മടങ്ങിവരവുണ്ടാവില്ല; ഇത്തവണ ഇവർ എന്നെ ജീവനോടു പുറത്തുവിട്ടേക്കില്ല’. 

അർതർ റോഡ് ജയിലിലേക്കാണു കസ്തൂർബായെ കൊണ്ടുപോയത്. ശോചനീയ സാഹചര്യങ്ങളിലെ ജയിൽവാസം അവരെ തളർത്തി. ആരോഗ്യം തീർത്തും മോശമായപ്പോൾ ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന പുണെയിലെ ആഗാഖാൻ കൊട്ടാരത്തിലേക്ക് അവരെ മാറ്റാൻ ബ്രിട്ടിഷ് അധികൃതർ തീരുമാനിച്ചു. അതിതീവ്രമായ ശാരീരിക വേദനകൾ ഒടുവിൽ അവരെ കീഴ്പ്പെടുത്തി; 1944 ഫെബ്രുവരി 22ന് കസ്തൂർബാ വിടചൊല്ലി. കൊട്ടാരവളപ്പിൽ പിറ്റേന്നായിരുന്നു സംസ്കാരം. 

ചിതയെരിഞ്ഞു തീരുംവരെ അവിടെയിരിക്കാൻ തീരുമാനിച്ച ഗാന്ധിജിയോട് ആരോഗ്യം കണക്കിലെടുത്ത് മുറിയിലേക്കു മടങ്ങാൻ അനുയായികൾ സ്നേഹപൂർവം ഉപദേശിച്ചു. ‘ഞാനിവിടെ ഇരിക്കട്ടെ; 62 വർഷം പങ്കുവച്ച ജീവിതത്തിന്റെ അവസാന വിടചൊല്ലലാണിത്’; ഗാന്ധിജി മറുപടി നൽകി. 

പിന്നീടൊരിക്കൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘കസ്തൂർബായുടെ  അചഞ്ചലമായ സഹകരണമില്ലായിരുന്നുവെങ്കിൽ, ഞാൻ അഗാധമായ ഗർത്തത്തിൽ വീണുപോയേനെ...’

ബാ അമ്മയാണ്; കൈവിടില്ല! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com