ADVERTISEMENT

മഴ... ഒരുപാടുനാളുകൾക്കു ശേഷമാണു മഴ പെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ അയാളിവിടെ വന്നതിനുശേഷം ആദ്യമായാണ് മഴ പെയ്യുന്നത്. മഴ നനയാൻ അയാൾക്കു വല്ലാത്ത മോഹം തോന്നി. കടന്നുവന്ന വഴികളിലെ മഴയോർമകൾ...

മഴ അയാൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഇതുപോലൊരു മഴയത്താണു തന്റെ ഇടംകൈയിൽ വാടിത്തളർന്ന മറ്റൊരു വലംകൈ ചേർത്തുവച്ചത്. ഇതുപോലൊരു മഴയത്താണ് കുഞ്ഞു ജോൺ ഈ ഭൂമിയിലേക്കു വന്നത്...!

പണ്ടെവിടെയോ പറഞ്ഞുകേട്ടത് അയാൾക്കോർമവന്നു. ഒരുപാടുപേരുടെ സങ്കടങ്ങളാണു മഴയായി പെയ്യുന്നതെന്ന്. അങ്ങനെയാണെങ്കിലിപ്പോളൊരുപാടുപേരു  കരയുന്നുണ്ടാവും.

മഴ കനക്കുകയാണ്. ഞായറാഴ്ചയാണല്ലോ ഇന്ന്...! അയാൾക്കു പെട്ടെന്ന് ഓർമവന്നു. മഴ തുടങ്ങിയപ്പോഴേ കത്തിക്കൊണ്ടിരുന്ന മെഴുകുതിരികളെല്ലാം അണഞ്ഞിരുന്നു. മഴ നനയാനുള്ള മോഹം അയാളുടെയുള്ളിൽ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷേ, ആനി ഇന്നു വരാനിരുന്നതാവണം.. വിഷാദം നിഴലിച്ച ആ മുഖവും തനിക്കു മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരുന്ന ആ ചെറുപുഞ്ചിരിയും മനസ്സിലേക്കു വന്നു. ശ്ശെ.. ഈ നശിച്ച മഴകാരണമാവും ആനി വരാഞ്ഞത്. വേണ്ട... മഴയെ‌ കുറ്റപ്പെടുത്തണ്ട.. ഈ മഴ ഒന്നു നനയാൻ കഴിഞ്ഞിരുന്നെങ്കിൽ...

ഒരുപക്ഷേ ആനി ഇന്നു വന്നിരുന്നെങ്കിൽ ജോണിനെയും കൊണ്ടുവരുമായിരുന്നിരിക്കണം.. ആനി വന്ന് അടുത്തിരിക്കും. ഒരുപാടു വിശേഷങ്ങൾ പറയും, ജോണിന്റെ കുസൃതികൾ വിവരിക്കും. ഒടുവിൽ സ്വതവെ വിഷാദം നിറഞ്ഞ ആ വലിയ കണ്ണുകൾ നീർത്തടങ്ങളാകും ...ഒരു കുഞ്ഞുമഴ പൊഴിക്കും. വാടിത്തളർന്ന കൈകളിൽ ചേർത്തുവച്ച ലില്ലിപ്പൂക്കൾ തനിക്കു സമ്മാനിക്കും...

ഒരു കരച്ചിൽ അയാളെ ഓർമകളിൽ നിന്നുണർത്തി. മഴ നനഞ്ഞ് കുറേയാളുകൾ ചേർന്ന് ഒരു ചെറുപ്പക്കാരനെ കൊണ്ടുവരുന്നുണ്ട്. കരയുന്ന സ്ത്രീക്ക് ആനിയുടെ അതേ മുഖച്ഛായ.

‘‘ബൈക്ക് ഒരു ടിപ്പറിലിടിച്ചതാ.. ലോറി ഓവർസ്പീഡിലായിരുന്നു. എന്നാ പറയാനാ 25 വയസ്സേ ള്ളൂ.. ആ പെങ്കൊച്ചിനെ കണ്ടില്ലേ കെട്ടു കഴിഞ്ഞ് കൊല്ലം ഒന്നുപോലുമായില്ല... കഷ്ടം...’’ ആളുകൾ പിറുപിറുക്കുന്നത് അയാൾ കേട്ടു. ആ യുവതിയുടെ കരച്ചിലിനെ ഭേദിച്ച് ആളുകൾ വീണ്ടും വീണ്ടും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. 

‘‘നമ്മുടെ താഴെവീട്ടിലെ ഡേവിച്ചനും ഇങ്ങനെതന്നാരുന്നു. ഭാര്യ പ്രസവിച്ചതറിഞ്ഞു കൊച്ചിനെ കാണാൻ ആശുപത്രിയിലേക്കു പോയതാ.. എന്നാ പറയാനാ ആ കൊച്ചിന്റെ മുഖംപോലും ഒന്നു കാണാതെയല്ലേ...’’ ഒരുപക്ഷേ, ആ ചെറുപ്പക്കാരന്റെ അവസാനത്തെ മഴയാവണം ഇത്. തന്നെപ്പോലെ ഇനി അയാളും മഴ നനയാൻ മോഹിച്ച്.. ഒരു കല്ലറയ്ക്കുള്ളിൽ...!

മഴ ശക്തിപ്രാപിക്കുന്നതും മണ്ണിലേക്കാഴ്ന്നിറങ്ങുന്നതും അയാളറിഞ്ഞു. അന്നു താൻ, അവസാന മഴ നനഞ്ഞ അന്ന് ആനി സമ്മാനിച്ച ലില്ലിപ്പൂക്കളുടെ വിത്തുകൾ വേരൂന്നി കല്ലറയുടെ വിടവിലൂടെ അയാളിലേക്കിറങ്ങുന്നതും മഴയുടെ നനവും തണുപ്പും അരിച്ചെത്തുന്നതും അയാളറിഞ്ഞു. സെമിത്തേരിയിലേക്കുള്ള വഴിയിലെ കാൽപ്പാടുകളെല്ലാംതന്നെ മഴയിൽ മാഞ്ഞിരുന്നു.മഴ തോരുന്നതും കാത്ത് ആനിയും... 

അവളുടെ ഒരു കൈയിൽ അയാൾക്കു പ്രിയപ്പെട്ട ലില്ലിപ്പൂക്കളും മറ്റേ കൈയിൽ കൊച്ചു ജോണും. ‘ഡേവിസ്, താഴെവീട്ടിൽ...’ അയാളുടെ കല്ലറയുടെ ഇരുവശവും കുറെ ലില്ലിപ്പൂക്കൾ മഴയിൽ തല താഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com