ജൂതവേട്ടയുടെ ദിനങ്ങളിൽ നാത്‌സി യൂണിഫോമിലൊളിച്ച് നാലു വർഷം!

Solomon-paul
സോളമൻ പേൾ.
SHARE

ശലോമോനേ,

യുദ്ധത്തിലും പ്രണയത്തിലും

നീ ജയിച്ചോ തോറ്റോ

എന്നു ഞങ്ങൾ ചോദിക്കില്ല.

നിന്റെ മുറിവുകളുടെ

എണ്ണവും ആഴവും അളക്കില്ല.

ആ നെഞ്ചിലെ

ഓർമയുടെ മുറിപ്പാടുകളിൽ

ഒന്നു തൊടാൻ മാത്രം

അനുവദിക്കുക.

ഞങ്ങളുടെ കണ്ണീരിനാൽ

നിന്റെ മുറിവുണക്കാനല്ല, 

ആ ഹൃദയരക്തത്തിൽ തൊട്ടെങ്കിലും

പോർവിളികളുടെ വ്യർഥത

ഞങ്ങൾക്കു

മനസ്സിലാക്കാൻ മാത്രം...

സോളമൻ പേളിന്റെ ജീവിതകഥ കേട്ടുകഴിയുമ്പോൾ യുദ്ധത്തിന്റെയും വംശവാദത്തിന്റെയും അർഥശൂന്യതയാകും മനസ്സിൽ ബാക്കി നിൽക്കുക; പിന്നെ, എത്ര കൊടിയ യാതനയെയും അതിജീവിക്കാനുള്ള മനുഷ്യന്റെ കഴിവിലുള്ള വിശ്വാസവും. 

രണ്ടാം ലോകമഹായുദ്ധത്തിൽ നാത്‌സിപ്പട പടിഞ്ഞാറൻ പോളണ്ട് പിടിച്ചെടുത്തപ്പോഴാണ് സോളമൻ പതിനാലാം വയസ്സിൽ അച്ഛനമ്മമാരെ പിരിഞ്ഞത്. മക്കളെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി വീട്ടിൽനിന്നു പറഞ്ഞയയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞു– ‘‘എവിടെയായാലും ജൂതനാണെന്നതു മറക്കാതിരിക്കുക. ദൈവം കാക്കും.’’

അമ്മ പറഞ്ഞതു മറ്റൊന്നാണ് – ‘‘ജീവിക്കുക, എങ്ങനെയും.’’ 

രണ്ടു വർഷങ്ങൾക്കു ശേഷം നാത്‌സിപ്പടയ്ക്കു മുന്നിലകപ്പെട്ടപ്പോൾ അവൻ പറഞ്ഞു – ‘‘ജൂതനല്ല. എന്നിലുള്ളത് ശുദ്ധ ജർമൻ രക്തം.’’

ജൂതവേട്ടയുടെ ദിനങ്ങളിൽ നാത്‌സി യൂണിഫോമിലൊളിച്ചു നാലുവർഷം ജീവിച്ച ആ കുട്ടിയുടെ കഥയാണ് 94–ാം വയസ്സിൽ ഇസ്രയേൽ മണ്ണിലിരുന്നു സോളമൻ പേൾ പറഞ്ഞത്. 

1935 ആദ്യ പലായനം

ഹിറ്റ്‌ലർ അധികാരത്തിലെത്തി രണ്ടര വർഷത്തിനു ശേഷം 1935 നവംബറിൽ ജർമനിയിൽ വംശീയ നിയമം പ്രാബല്യത്തിലായി. ജൂതർക്കു പൗരാവകാശങ്ങളില്ലാതെയായി. അതിന്റെ അർഥം പത്തുവയസ്സുകാരൻ സോളമനു മനസ്സിലായതു വീട്ടുകാർക്കു കൊടുക്കാൻ സ്കൂൾ പ്രിൻസിപ്പൽ ഏൽപിച്ച ഒരു കുറിപ്പിലൂടെയാണ്. ‘‘ഇനി സ്കൂളിലേക്കു വിടേണ്ട.’’

അവൻ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി. ദുരിതങ്ങളുടെ ബാല്യം തുടങ്ങുകയായിരുന്നു. 

നാലു മക്കളുമായി പേൾ കുടുംബം ജർമനി വിട്ടു പടിഞ്ഞാറൻ പോളണ്ടിലെ ലുഡ്സിലെത്തി. പോളിഷ് ഭാഷ, പുതിയ കൂട്ടുകാർ. 

1939 വീടിനോടു വിട

സെപ്റ്റംബർ 1. ജർമൻ പട പോളണ്ടിനെ ആക്രമിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കം. കോൺസൻട്രേഷൻ ക്യാംപുകളിലും ഗെറ്റോ എന്നറിയപ്പെടുന്ന സങ്കേതങ്ങളിലും ജൂതരെ കാത്തു മരണം പതിയിരുന്നു. നാലു മാസത്തിനുശേഷം ഇത്തരമൊരു ഗെറ്റോയിലേക്കു മാറാൻ പേൾ കുടുംബത്തിനും നിർദേശം ലഭിച്ചു. പല ജൂത കുടുംബങ്ങൾക്കും സംഭവിച്ച അബദ്ധം ഇവർക്കുണ്ടായില്ല. മകളെ തങ്ങൾക്കൊപ്പം നിർത്തിയ മാതാപിതാക്കൾ മൂന്ന് ആൺമക്കളോടും വീട്ടിൽനിന്നു രക്ഷപ്പെട്ടുകൊള്ളാൻ നിർദേശിച്ചു. 

സോളമൻ 30 വയസ്സുള്ള സഹോദരൻ ഐസക്കിനും ഭാര്യയ്ക്കുമൊപ്പം കിഴക്കൻ പോളണ്ടിലേക്കു യാത്രയായി. സോവിയറ്റ് ആധിപത്യത്തിലുള്ള അവിടെ നാത്‌സി ഭീഷണിയുണ്ടാകില്ലെന്നതായിരുന്നു കണക്കുകൂട്ടൽ. ദുരിതങ്ങൾ താണ്ടിയുള്ള യാത്രയ്ക്കിടെ സഹോദരങ്ങൾ രണ്ടുവഴിക്കായി. സോളമൻ എത്തിപ്പെട്ടത് പോളണ്ട് അതിർത്തിയോടടുത്തു സോവിയറ്റ് യൂണിയന്റെ (ഇന്നു ബെലാറസിന്റെ) ഭാഗമായ ഗ്രോഡ്നോയിൽ; സോവിയറ്റ് കമ്യൂണിസ്റ്റ് യുവജന സംഘടന നടത്തുന്ന അനാഥമന്ദിരത്തിൽ അഭയം ലഭിച്ചു. എങ്ങനെയോ തള്ളിനീക്കിയ രണ്ടു വർഷങ്ങൾ. അക്കാലത്തു പഠിച്ച റഷ്യൻ ഭാഷ പിന്നീടു തുണയായി.

1941 നാത്‌സികളുടെ പിടിയിൽ

പലായനവും വ്യർഥമെന്നു തെളിയുകയായിരുന്നു. 1941 ജൂൺ 22നു ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു. സോളമൻ ആ വരവറിഞ്ഞതു പുലർച്ചെ ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി ഓടി രക്ഷപ്പെടാൻ ആരോ നിർദേശിച്ചപ്പോഴാണ്. എത്തിയത് ഇന്നു ബെലാറസിന്റെ ഭാഗമായ മിൻസ്കിൽ. ജർമൻ സേന അവിടവും വളഞ്ഞിരുന്നു. പിടിയിലകപ്പെട്ടവരെ അവർ രണ്ടായി തിരിച്ചു. ജൂതരും അല്ലാത്തവരും. ജൂതരെ സമീപത്തെ കാട്ടിലേക്കു മാറ്റി. അവിടെ കാത്തിരുന്നതെന്തെന്നു പറയേണ്ടല്ലോ. 

മറ്റുള്ളവരെ വരിയായി നിർത്തി പരിശോധന. കൂട്ടത്തിലൊളിച്ചിരുന്ന ജൂതരെ തിരഞ്ഞുപിടിച്ചു. സംശയം തോന്നുന്നവരുടെ വസ്ത്രമഴിച്ചു പരിശോധന. അഗ്രചർമം ഛേദിച്ചവരെങ്കിൽ ഉറപ്പിക്കാം, ജൂതൻ! വിധി മരണം. 

തനിക്കു മുന്നിൽ നിന്ന പലരും പിടിക്കപ്പെട്ടെങ്കിലും സോളമൻ ധൈര്യം വെടിയാതെ പറഞ്ഞു. ‘‘ഞാൻ ജർമൻ.’’ പത്തുവയസ്സുവരെ പറഞ്ഞുപഠിച്ച ജർമൻ ഭാഷ തുണയായി. ഭാഗ്യം, അവർ വസ്ത്രമഴിച്ചു നോക്കിയില്ല. 

ഇരുലോകങ്ങൾ, ഇരട്ട ജീവിതം

രണ്ടാം ജന്മമായിരുന്നു അത്. സോളമൻ പേരു മാറി ജോസഫായി. ഒപ്പമുള്ളവർ യുപ് എന്നു വിളിച്ചു. പകൽ നാത്‌സി. രാത്രി മറ്റെല്ലാവരും ഉറങ്ങുമ്പോൾ മാത്രം ജൂതൻ. വിരുദ്ധ ധ്രുവങ്ങൾക്കിടയിലെ ഇരട്ട ജീവിതം. ജർമനും റഷ്യനും അറിയുന്ന പതിനാറുകാരൻ നാത്‌സികൾക്കു പ്രിയങ്കരനായി. ജോസഫ് സ്റ്റാലിന്റെ മകൻ യാക്കോവ് ജർമനിയുടെ തടവിലായപ്പോൾ യുപ്പിനു പരിഭാഷകന്റെ റോൾ ലഭിച്ചു. 

എങ്കിലും ഉള്ളിൽ സദാ പടരുന്ന വിറയൽ അവൻ മാത്രമറിഞ്ഞു. അഗ്രചർമം ഛേദിച്ചവനെന്ന് അറിഞ്ഞാൽ ജൂതനെന്നു പെട്ടെന്നു തിരിച്ചറിയപ്പെടും. മറ്റുള്ളവർക്കു മുന്നിൽ വച്ചു കുളിക്കാതെയും വസ്ത്രം മാറാതെയും അവൻ സ്വയം ഒളിപ്പിച്ചു. 

സേനയിലെ ഒരു ഡോക്ടർ ‘പ്രത്യേക’ ഇഷ്ടം പ്രകടിപ്പിച്ചു തുടങ്ങിയതോടെ പ്രതിസന്ധി ഇരട്ടിച്ചു. പലവട്ടം പിടികൊടുക്കാതെ വഴുതിമാറിയെങ്കിലും ഒരു ദിവസം അയാൾ ആ രഹസ്യം കണ്ടുപിടിച്ചു. ഇതാണ് അവസാനം എന്നു സോളമൻ കരുതി. 

എന്നാൽ, സ്വവർഗസ്നേഹം നാത്‌സികൾക്കിടയിൽ കടുത്ത കുറ്റകൃത്യമായാണ് കണക്കാക്കിയിരുന്നത്. അങ്ങനെ, പരസ്പരം രഹസ്യങ്ങൾ ഒളിപ്പിച്ചുള്ള ജീവിതമായി. ഒരു സൈനിക ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെട്ടതോടെ ഭാഗ്യം തനിക്കൊപ്പമുണ്ടെന്നു സോളമനു തോന്നി. 

കുട്ടികളില്ലാത്ത ഒരു ഉന്നത സൈനിക ഓഫിസർ അവനെ മകനെപ്പോലെ കരുതിത്തുടങ്ങി. അയാൾ ദത്തെടുത്തു ജർമനിയിൽ പഠിക്കാനുമയച്ചു. 

ഇരയല്ല, വേട്ടക്കാരൻ

ഹിറ്റ്‌ലർ യൂത്ത് അക്കാദമിയിലെ പഠനം നാത്‌സി തത്വങ്ങളിലുറച്ചതായിരുന്നു. ജൂതവിരോധത്തിനു ശാസ്ത്രീയ അടിത്തറ പകരാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ പദ്ധതി. വംശശുദ്ധി പഠിപ്പിക്കുന്ന ക്ലാസിൽ അധ്യാപകൻ ആര്യന്മാരുടെ മുഖ, ശാരീരിക അളവുകൾ വിവരിക്കുമ്പോൾ മാതൃകയായി നിർത്തിയതു യുപ്പിനെ. മുഖത്തിന്റെ അളവുകളെടുത്ത അധ്യാപകൻ ആര്യന്മാരിൽ തന്നെ ഏറ്റവും വംശശുദ്ധിയുള്ളവരിലൊരാളാണ് ഇവനെന്നു പറഞ്ഞുകളഞ്ഞു! യുദ്ധാനന്തരം ഒരിക്കൽ ഇതേ അധ്യാപകനെ വഴിയിൽവച്ചു കണ്ടപ്പോൾ യുപ് സത്യം തുറന്നു പറഞ്ഞു സോളമനായി. ആര്യവാദത്തിനു നേരെ കാർക്കിച്ചു തുപ്പാൻ ചരിത്രം കാത്തുവച്ച ക്രൂരഫലിതം. 

ഇങ്ങനെയൊക്കെയാണെങ്കിലും നാത്‌സി ജീവിതം യുപ്പിനെ മാറ്റിമറിക്കുന്നുണ്ടായിരുന്നു. ജൂതനാണെന്നത് അവൻ എപ്പോഴൊക്കെയോ മറന്നു. വേഷം കൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും നാത്‌സിയായി മാറുകയായിരുന്നു. 

1943 എത്ര മാറിയാലും...

ആ വർഷം ക്രിസ്മസ് അവധിക്ക് യുപ് യാത്ര പോയി, പണ്ട് അച്ഛനമ്മമാരെ പിരിഞ്ഞ ലുഡ്സിലേക്ക്. ഗെറ്റോ വേലി കെട്ടിത്തിരിച്ചിരുന്നു. അപ്പുറത്ത് അവൻ പ്രിയപ്പെട്ടവരുടെ മുഖം തിരഞ്ഞു. ഉള്ളിലേക്കു കടക്കാനെന്തു വഴിയെന്ന് ആലോചിക്കുമ്പോഴാണ് ഒരു ട്രെയിൻ ഗെറ്റോയ്ക്ക് ഉള്ളിലൂടെ കടന്നുപോകുന്നതു കണ്ടത്. തൊട്ടുമുൻപുള്ള സ്റ്റേഷനിൽ പോയി അവൻ അടുത്ത ട്രെയിൻ പിടിച്ചു. ഗെറ്റോയ്ക്ക് ഉള്ളിൽ ഇറങ്ങാമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും അവിടെ നിർത്താതെ വണ്ടി കടന്നുപോയി. 

ഓരോ ദിവസവും ആറു യാത്രകൾ. രണ്ടു മുഖങ്ങൾ തിരഞ്ഞ് 12 ദിവസങ്ങൾ. ഒടുവിൽ, നിരാശനായി മടക്കം. 

1945 തോറ്റോ ജയിച്ചോ

അനാഥത്വത്തിനിടയിലെപ്പോഴോ ഒരു മുഖം അവന്റെ ജീവിതത്തിലേക്കു കടന്നുവന്നു. ലെനി എന്നായിരുന്നു അവളുടെ പേര്. നാത്‌സി വിദ്യാർഥിനി വിഭാഗത്തിലെ അംഗം. ജൂതവിരോധം മനസ്സിലേറ്റിയവൾ. യുപ് ജൂതനാണെന്ന് അവളുടെ അമ്മ എപ്പോഴോ കണ്ടുപിടിച്ചെങ്കിലും മകളോടു പറഞ്ഞില്ല. അതെ, അങ്ങനെയും ചിലർ. 

SUNDAY-ART

ഇതിനിടെ, യുദ്ധത്തിന്റെ ഗതി മാറുന്നുണ്ടായിരുന്നു. തിരിച്ചടികൾക്കിടെ, വിദ്യാർഥികളെ വരെ ഹിറ്റ്‌ലർ യുദ്ധമുന്നണിയിലേക്കിറക്കി. ഫലമുണ്ടായില്ല. ഹിറ്റ്‌ലർ ജീവനൊടുക്കി. ജർമൻ സേന സഖ്യശക്തികൾക്കു കീഴടങ്ങി. യുഎസ് സേനയുടെ പിടിയിലാകുമ്പോൾ താൻ ജർമനല്ല, ജൂതനാണെന്നു പറഞ്ഞു സോളമനു രക്ഷപ്പെടാമായിരുന്നു. പക്ഷേ, അക്കാര്യം അവൻ തന്നെ മറന്ന മട്ടായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് സത്യം തിരിച്ചറിഞ്ഞ് പട്ടാളം അവനെ മോചിപ്പിച്ചത്. ജോസഫ് എന്ന യുപ്പിന്റെ ജൂത–നാത്‌സി സങ്കര സ്വത്വം അവിടെ പൊലിഞ്ഞുവീണു. 

1948  ഇസ്രയേലിലേക്ക്... 

ആരുമില്ലാത്തവനായി വർഷങ്ങൾ ജീവിച്ച ശേഷം സോളമന് ഓരോരുത്തരെയായി തിരിച്ചുകിട്ടി. വീടുവിട്ടുള്ള യാത്രയ്ക്കിടെ പിരിഞ്ഞ സഹോദരൻ ഐസക്കിനെ മ്യൂണിക്കിൽ കണ്ടെത്തി. ‘ഹോളോകോസ്റ്റി’ന്റെ (ജൂതവേട്ട) ക്രൂരദിനങ്ങളെ അതിജീവിച്ചവരിൽ ഐസക്കും ഭാര്യയുമുണ്ടായിരുന്നു. ഇളയ സഹോദരൻ ഡേവിഡ് പലസ്തീനിലുണ്ടെന്ന് അറിഞ്ഞു. അച്ഛൻ ലുഡ്സ് ഗെറ്റോയിൽ പട്ടിണികിടന്നാണു മരിച്ചതെന്നും അമ്മ 1944ൽ മൊബൈൽ ഗ്യാസ് ചേംബറിൽ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നും പിന്നീടറിഞ്ഞു. സഹോദരിയെ നാസികൾ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. 1943ൽ സോളമൻ വീട്ടുകാരെ തിരഞ്ഞു പോയപ്പോൾ ആ അമ്മ എവിടെയോ ജീവനോടെയുണ്ടായിരുന്നു; കണ്ടെത്താനായില്ലെന്നു മാത്രം.

1948ൽ ഇസ്രയേൽ രാഷ്ട്രം രൂപീകൃതമായപ്പോൾ സോളമൻ അവിടേക്കു മടങ്ങി. ആ വർഷത്തെ യുദ്ധത്തിൽ പങ്കെടുത്തു. പിന്നീടു ബിസിനസുകാരനായി. 

1985 പറയാതിനി വയ്യ

നാലു പതിറ്റാണ്ടോളം തന്റെ കഥ സോളമൻ പുറംലോകത്തെ അറിയിക്കാതെ കാത്തു. ഹോളോകോസ്റ്റിനെ അതിജീവിച്ച ലക്ഷങ്ങൾക്കിടയിൽ താൻ വെറും നിസ്സാരനെന്നു കരുതി മിണ്ടാതിരുന്നതാണ്. 1983ൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങവെ, ഇനി രഹസ്യം കാക്കാൻ വയ്യെന്നു തോന്നി. സോളമൻ ജനിച്ചുവളർന്ന ജർമനിയിലെ പെയ്ൻ നഗരത്തിന്റെ മേയർ 1985ൽ അദ്ദേഹത്തെ അങ്ങോട്ടു ക്ഷണിച്ചു. അങ്ങനെ ലോകം ഈ കഥകളറിഞ്ഞു. ‘ഐ വാസ് ഹിറ്റ്‌ലർ യൂത്ത് ശലോമോൻ’ എന്ന പേരിൽ ജീവിതാനുഭവങ്ങൾ പുസ്തകമായി. ഇതിനെ ആധാരമാക്കി 1990ൽ നിർമിച്ച ‘യൂറോപ്പ യൂറോപ്പ’ എന്ന സിനിമയ്ക്കു മികച്ച വിദേശചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. 

ലെനി, അവൾ എവിടെ... 

യുദ്ധത്തിൽ നാത്‌സികൾ അടിയറവു പറ‍ഞ്ഞശേഷമാണ് താൻ ആരാണെന്ന കാര്യം സോളമൻ‌ കാമുകി ലെനിയോടു വെളിപ്പെടുത്തിയത്. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അവളുടെ മനസ്സുമാറി. സോളമൻ ഇസ്രയേലിലേക്കു പോകുമ്പോൾ ഒപ്പം പോകാനും ഒരുമിച്ചു ജീവിക്കാനും ആഗ്രഹിച്ചു. എങ്കിലും... 

ഒരു ജർമൻ യുവതിയെ വിവാഹം കഴിച്ച് ഇസ്രയേലിൽ കഴിയുന്ന സാഹചര്യം വേണ്ടെന്നു സോളമൻ തീരുമാനിച്ചു. ടെൽ അവീവിലെത്തിയ ശേഷം  സൈബീരിയൻ തടവനുഭവങ്ങളുള്ള ഡെവോറ എന്നയുവതിയെ വിവാഹം കഴിച്ചു. രണ്ടു മക്കൾ. 

ലെനി ഇപ്പോൾ കാനഡയിലെ വാൻകൂവറിലുണ്ട്; സോളമന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒരു സുന്ദരി മുത്തശ്ശി’. 

ഇന്ന്, എല്ലാ വർഷവും അവരെ കാണാൻ സോളമൻ കാനഡയിൽ പോകുന്നു. ഒരുമിച്ചവർ പാടുന്നു, നഷ്ടപ്രണയത്തിന്റെ ഉത്തമഗീതം.

ഓഷ്‌വിറ്റ്സും ദൈവവും

ജീവിതത്തിന്റെ ഇങ്ങേയറ്റത്ത് ഊന്നുവടിയില്ലാതെ, ശബ്ദം പതറാതെ, ടെൽ അവീവിൽ ഇന്ത്യൻ മാധ്യമസംഘത്തിനു മുന്നിൽ തന്റെ ജീവിതകഥ ആവർത്തിക്കുകയായിരുന്നു സോളമൻ. 

‘‘ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയൊരാൾ ദൈവത്തെ എങ്ങനെ കാണുന്നു ?’’

മറുപടിയിൽ സോളമന്റെ മനസ്സ് െതളിഞ്ഞു– ‘‘ഇല്ല, ഓഷ്‌വിറ്റ്സിനും* ദൈവത്തിനും ഒരുമിച്ചുപോകുക സാധ്യമല്ല.’’

* ഓഷ്‌വിറ്റ്സ്: കോൺസെൻട്രേഷൻ ക്യാംപുകളിലൂടെ കുപ്രസിദ്ധമായ പോളണ്ടിലെ സ്ഥലം. ഇവിടെ മാത്രം 11 ലക്ഷം ജൂതർ കൊല്ലപ്പെട്ടെന്നാണു കണക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA