‘ഞാൻ തത് ആകുന്നു’; രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച്

Maurice-Frydman
മോറിസ് ഫ്രീ‍ഡ്മാന്‍
SHARE

രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച മണിപ്പുരിലെ ഇംഫാലില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേ ഏറ്റവും അവസാനം വായിച്ച പുസ്തകമേത് എന്നൊരു ചോദ്യം സദസ്സില്‍ നിന്നുയര്‍ന്നു. ‘അയാം ദാറ്റ്’ എന്ന പുസ്തകമാണ് സമീപകാലത്തു വായിച്ചതെന്നും താനത് വീണ്ടുംവീണ്ടും വായിച്ചുവെന്നുമായിരുന്നു രാഹുലിന്റെ മറുപടി.  

നിസര്‍ഗദത്ത മഹാരാജ് എന്ന അതുല്യ ദാര്‍ശനികനുമായുള്ള സംഭാഷണങ്ങൾ മോറിസ് ഫ്രീ‍ഡ്മാന്‍ എന്ന പ്രതിഭാശാലി പുസ്തകരൂപത്തിലാക്കിയതാണ് അയാം ദാറ്റ്. ആധ്യാത്മിക ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്ന ഈ ഗ്രന്ഥം ‘ഞാന്‍ ആര്’ എന്ന അടിസ്ഥാന ദാര്‍ശനിക സംശയത്തിന് ഉത്തരം നൽകുന്നു. ഗൗരവമുള്ള ആത്മീയാന്വേഷണ വഴികളില്‍ സഞ്ചരിക്കുകയും മതസങ്കല്‍പങ്ങളുടെ പരിമിതികളില്‍ ഒതുങ്ങാത്ത ജിജ്ഞാസ പുലര്‍ത്തുകയും ചെയ്യുന്നവർ ഏറെ ഇഷ്ടപ്പെടുന്ന മോറിസ് ഫ്രീഡ്മാന്റെ ഈ പുസ്തകമാണ് രാഹുലിന്റെയും മനംകവര്‍ന്നത്. 

ആരായിരുന്നു ഫ്രീഡ്മാൻ?

ചരിത്രപുസ്തകങ്ങളിലൊന്നും ഈ പേരു കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. മഹാത്മാഗാന്ധിയുടെ ചില കത്തുകളിലും മറ്റു ചിലരുടെ ഓർമക്കുറിപ്പുകളിലും മാത്രമായി ഫ്രീഡ്മാന്റെ ചരിത്രം ഒളിഞ്ഞുകിടക്കുന്നു. 

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടവകാശമുള്ള ഒരു സമ്പൂര്‍ണ ജനാധിപത്യ സര്‍ക്കാര്‍ ഇന്ത്യയിൽ ആദ്യമായി അധികാരത്തില്‍ വരാന്‍ കാരണഭൂതനായ മനുഷ്യനായിരുന്നു മോറിസ് ഫ്രീ‍ഡ്‍മാനെന്ന് എത്രപേർക്കറിയാം? ഗാന്ധിജി ഉപയോഗിച്ചിരുന്ന ചര്‍ക്ക (ധനുഷ് തക്ലി) ഡിസൈന്‍ ചെയ്തതും ഇദ്ദേഹമാണ്. ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമയ്ക്കും സംഘത്തിനും വസിക്കാന്‍ ഭൂമി പതിച്ചുനല്‍കാന്‍ നെഹ്റുവില്‍ സമ്മര്‍ദം ചെലുത്തിയ മനുഷ്യസ്നേഹി,  രമണ മഹര്‍ഷിയിലെ ജ്ഞാനപ്രകാശത്തെ പുറംലോകത്തേക്ക് കൊളുത്തിവച്ച ദാര്‍ശനികന്‍ എന്നിങ്ങനെയുള്ള ചരിത്രധര്‍മങ്ങളും നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട അനുഗൃഹീത വ്യക്തിയായിരുന്നു മോറിസ് ഫ്രീഡ്‍മാന്‍. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും, ജനാധിപത്യത്തിന്റെ വിശുദ്ധഗ്രന്ഥമായ ഭരണഘടന എഴുതപ്പെടുന്നതിനും മുമ്പ് 1938ല്‍, പ‍ടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താറയിലുള്ള ഒൗന്ധ് എന്ന നാട്ടുരാജ്യം അവിടത്തെ രാജാവ് ജനങ്ങള്‍ക്കു വിട്ടുകൊടുത്തു. പ്രായപൂര്‍ത്തിയായ സകലര്‍ക്കും ജാതിയോ സാമ്പത്തിക സ്ഥിതിയോ പരിഗണിക്കാതെ വോട്ടവകാശം ലഭിച്ചു. ഈ ചരിത്രസംഭവത്തിനു  ഒൗന്ധിലെ രാജാവ് ഭവന്‍‍റാവു പന്തിനെ പ്രേരിപ്പിച്ചത് രണ്ടു പേരായിരുന്നു. മഹാത്മാഗാന്ധിയും മോറിസ് ഫ്രീഡ്മാനും. 

പോളണ്ടില്‍ ജനിച്ച മോറിസ് ഫ്രീഡ്‍മാന്‍ ചെറിയ പ്രായത്തിൽ തന്നെ മതപരമായ കാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്നു, ഒപ്പം ശാസ്ത്രസാങ്കേതിക വിദ്യകളിലും. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. സാങ്കേതിക വൈദഗ്ധ്യത്താല്‍ ഒട്ടേറെ പേറ്റന്റുകള്‍ സമ്പാദിച്ചു. ജൂതനായിരുന്നെങ്കിലും റഷ്യന്‍ ഒാര്‍ത്തഡോക്സ് സഭയില്‍ കുറെക്കാലം പുരോഹിതനായി. പിന്നെ ഫ്രാന്‍സിലേക്കു കുടിയേറി, ഇലക്ട്രിക്കൽ കമ്പനിയില്‍ മാനേജരായി. അപ്പോഴും ജ്ഞാനതൃഷ്ണയും സ്വാതന്ത്ര്യ ദാഹവും പുതിയദിശകള്‍ തേടിക്കൊണ്ടിരുന്നു. വിഖ്യാത എഴുത്തുകാരനായ പോള്‍ ബ്രണ്ടന്റെ രചനകളില്‍നിന്നും ഭാരതീയ ദര്‍ശനങ്ങള്‍ മനസ്സിലാക്കി. രമണ മഹര്‍ഷിയെക്കുറിച്ചു കേട്ടു. 

ഈ സമയം മൈസൂറിലെ ദിവാനായിരുന്ന സര്‍ മിര്‍സ ഇസ്മയില്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചു. ഫ്രീഡ്മാന്റെ കഴിവുകള്‍ മനസ്സിലാക്കിയ ദിവാന്‍ അദ്ദേഹത്തോട് ബെംഗളൂരുവിൽ തുടങ്ങാന്‍പോകുന്ന ഫാക്ടറിയുടെ ചുമതല ഏല്‍ക്കാന്‍ അഭ്യര്‍ഥിച്ചു. ഇന്ത്യയിലേക്കു പോകാന്‍ അവസരം നോക്കിയിരുന്ന ഫ്രീഡ്മാന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. 

1935ല്‍ ഇന്ത്യയിലെത്തി മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ തലവനായി ചുമതലയേറ്റു. താമസിയാതെ തിരുവണ്ണാമലയിലെത്തി രമണമഹര്‍ഷിയെ കണ്ടു. നാളുകളായി ആഗ്രഹിച്ച ഒരു പുതുലോകം ഫ്രീഡ്‍മാന് തുറന്നുകിട്ടുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് വാരാന്ത്യങ്ങളില്‍ ജീപ്പില്‍ തിരുവണ്ണാമലയിലെത്തും. മഹര്‍ഷിയുടെ പ്രഭാവം ഫ്രീഡ്‍മാനില്‍ മാറ്റങ്ങള്‍ വരുത്തി. ആഗ്രഹങ്ങള്‍ ഇല്ലാതായി, ലൗകികകാര്യങ്ങളില്‍ ശ്രദ്ധകുറഞ്ഞു. ‘മഹര്‍ഷീസ് ഗോസ്പല്‍’ എന്ന പുസ്തകത്തിലുള്ള അര്‍ഥവത്തായ ചോദ്യങ്ങള്‍ ഫ്രീഡ്‍മാന്റേതാണ്. 

സന്യാസം സ്വീകരിക്കാനുള്ള ഫ്രീഡ്‍മാന്റെ തീരുമാനം രമണമഹര്‍ഷി തിരസ്കരിച്ചതോടെ കാഞ്ഞങ്ങാട്ടെത്തി സ്വാമി രാംദാസില്‍നിന്ന് ദീക്ഷ സ്വീകരിച്ചു സന്യാസിയായി. ഭരതാനന്ദ എന്ന പേര് തിരഞ്ഞെടുത്തു.

ശമ്പളം പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്ത്, ഭിക്ഷയെടുത്തു വിശപ്പടക്കി, കാവിയുടുത്ത് ഫാക്ടറിയില്‍ ജോലിയെടുക്കുന്ന മാനേജരെ ദിവാന്‍ താക്കീതു ചെയ്തു. അങ്ങനെയെങ്കിൽ ജോലി വേണ്ടെന്നായി ഫ്രീഡ്‍മാന്‍. ഒത്തുതീര്‍പ്പെന്ന നിലയില്‍, ശമ്പളം വാങ്ങാതിരിക്കാനുള്ള അനുവാദം ലഭിച്ചു. ഓഫിസില്‍ വിഐപികള്‍ വരുന്ന ദിവസം കാവി ഒഴിവാക്കാന്‍ ഫ്രീഡ്‍മാനും സമ്മതിച്ചു. 

അധികം കഴിഞ്ഞില്ല, വിധിയുടെ നിയോഗവുമായി ഒരു വിഐപി ഫാക്ടറിയിലെത്തി, ഒൗന്ധിലെ രാജാവിന്റെ പുത്രന്‍ അപ്പാ പന്ത്. ഫ്രീഡ്‍മാനില്‍ ആകൃഷ്ടനായ പന്ത്, മൈസൂര്‍ ദിവാനോട് ഫ്രീഡ്‍മാന്റെ സേവനം കുറച്ചുനാളത്തേക്ക് തന്റെ രാജ്യമായ ഒൗന്ധിനു വിട്ടു നല്‍കാന്‍ അപേക്ഷിച്ചു. ദിവാന്‍ സമ്മതിച്ചില്ല. ഉടുത്തവസ്ത്രമൊഴികെ ഒന്നും സ്വന്തമായില്ലാത്ത ഫ്രീഡ്‍മാന്‍ ജോലി രാജിവച്ച് പന്തിനൊപ്പം ഒൗന്ധിലേക്കു പുറപ്പെട്ടു.

വരള്‍ച്ചയുടെ പിടിയില്‍പ്പെട്ടുപോയ ദരിദ്ര നാട്ടുരാജ്യമായിരുന്നു ഒൗന്ധ്. നികുതികുറയ്ക്കാനുള്ള കര്‍ഷകരുടെ പ്രക്ഷോഭം ശക്തമായ ഘട്ടത്തിലാണ് ഫ്രീഡ്‍മാന്‍ ഒൗന്ധിലെത്തുന്നത്. ഫ്രീഡ്‍മാന്‍ അധികാരം ജനങ്ങൾക്കു വിട്ടുനൽകാൻ രാജാവിനെ ഉപദേശിച്ചു. ഫ്രീഡ്‍മാന്റെ പരിണതപ്രജ്ഞ രാജാവിനെയും സ്വാധീനിച്ചു. രാജ്യം ജനാധിപത്യത്തിനു വിട്ടുനല്‍കുമെന്ന് 1938 നവംബര്‍ 23ന് രാജാ ഭവന്‍‍റാവു പന്ത് പ്രഖ്യാപിച്ചു. ഗാന്ധിജിയോട് ആലോചിച്ച് അതു നടപ്പില്‍ വരുത്താനുള്ള ഉത്തരവാദിത്തം ഫ്രീഡ്മാനിലായി.

ഫ്രീഡ്മാന്‍ സേവാഗ്രാമിലെത്തി ഗാന്ധിജിയെ കണ്ടു. ഗാന്ധിജിയുടെ കാര്‍മികത്വത്തില്‍ ഭരണഘടന തയാറായി. 1939 ജനുവരി 21ന് ആ ചരിത്ര നിമിഷം പിറന്നു. ഗാന്ധിജിയുടെ പൂര്‍ണ സ്വരാജ് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കുന്ന ഭരണഘടന ഒൗന്ധ് സ്വീകരിച്ചു. നിയമസഭ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു. സ്വരാജ് ഭരണം ഒൗന്ധിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. വിദ്യാഭ്യാസ നിലവാരം ഉയർന്നു. വധശിക്ഷ നിര്‍ത്തലാക്കി. കുറ്റകൃത്യങ്ങൾ കുറഞ്ഞു. എല്ലാത്തിനും മോറിസ് ഫ്രീ‍ഡ്‍മാന്‍ മേൽനോട്ടം വഹിച്ചു. സ്വാതന്ത്ര്യാനന്തരം ഒൗന്ധ് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 

നിയോഗം പൂർത്തിയാക്കിയ ഫ്രീഡ്മാൻ ഒൗന്ധ് വിട്ട് മുംബൈയിലെത്തി. അവിടെ ഖാദി ബോർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി. അയാം ദാറ്റ് 1973 ൽ പ്രസിദ്ധീകരിച്ചു. 1976ൽ ഫ്രീഡ്മാൻ അന്തരിച്ചു.

നിസർഗദത്ത മഹാരാജ്

Nisargadatta_Maharaj
നിസർഗദത്ത മഹാരാജ്.

മഹാരാഷ്ട്രയിലെ ഒരു ദരിദ്രകുടുബത്തിലാണ് നിസർഗദത്ത മഹാരാജ് എന്ന മാരുതി ജനിച്ചത്. കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. മറാത്തി മാത്രമേ അറിയുമായിരുന്നുള്ളൂ. ശൈവാദ്വൈത ദർശനം പിന്തുടരുന്ന നവനാഥ് സമ്പ്രദായത്തിൽപ്പെട്ട ഗുരുവിൽനിന്ന് ദീക്ഷ ലഭിച്ചെങ്കിലും കുടുംബസ്ഥനായി ജീവിച്ചു. ബീഡിയും മുറുക്കാനും വിൽക്കുന്ന കടയിൽനിന്ന് ലഭിക്കുന്ന പണമായിരുന്നു വരുമാന മാർഗം. 

‘ഞാൻ’ എന്ന യാഥാർഥ്യത്തെ ഏകാഗ്രതയോടെ ശ്രദ്ധിക്കുമ്പോൾ സംഭവിക്കുന്ന ജ്ഞാനോദയം അറിയൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ഉപദേശം. ‘ആരാണ് ഞാൻ’  എന്നതൊഴികയുള്ള ചോദ്യങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 

രാവിലെയും വൈകിട്ടും മുംബൈയിലെ അദ്ദേഹത്തിന്റെ വീട്ടിലെ കുടുസുമുറിയിൽ സത്‍സംഗത്തിനുശേഷം നടക്കുന്ന ചോദ്യോത്തരങ്ങളിലൂ‍ടെ ആ മുറുക്കാൻകടക്കാരൻ തന്റെ ശിഷ്യരുമായി സംവദിച്ചു. മഹാരാജിന്റെ സംഭാഷണങ്ങൾ ഫ്രീഡ്മാൻ പുസ്തകരൂപത്തിലാക്കിയതോടെ പലദേശക്കാരായ സത്യാന്വേഷകർ അദ്ദേഹത്തെ തേടി എത്തി. 1981ൽ മഹാരാജ് അന്തരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA