ADVERTISEMENT

സംഗീതജ്‍ഞരായിരുന്ന ജയ–വിജയൻമാർ ഇരട്ട സഹോദരർ മാത്രമായിരുന്നില്ല, സഹയാത്രികരും സുഹൃത്തുക്കളുമായിരുന്നു. ഒന്നിച്ചുള്ള ആ സംഗീതയാത്രയ്ക്കിടെ അപ്രതീക്ഷിതമായാണു കെ.ജി. വിജയൻ കടന്നുപോയത്. ഈ വിധിവിളയാട്ടം ജയനെ ഒട്ടൊന്നുമല്ല തളർത്തിയത്. ആത്മാവിന്റെ ഭാഗമായ സംഗീതത്തിൽപോലും താൽപര്യം നഷ്ടപ്പെട്ട്, ചിറകുപോയ പക്ഷിയെപ്പോലെ ജയൻ കഴിഞ്ഞ നാളുകൾ...

അക്കാലത്താണ് ഗായകൻ യേശുദാസിനെ തിരുവനന്തപുരത്തുവച്ച് യാദൃച്ഛികമായി കാണുന്നത്. ‘‘ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കരുത്. പാട്ടിലേക്കു മടങ്ങി വരൂ. വിഷുക്കാലത്തിനായി സന്തോഷമുള്ള കുറെ കൃഷ്ണഭക്തിഗാനങ്ങൾ ചെയ്യൂ. രമേശൻ നായർ എഴുതിയാൽ അസ്സലാവും. കസെറ്റ് തരംഗിണി ഇറക്കാം’’– യേശുദാസ് നിർബന്ധിച്ചു.

ജയൻ പറയുന്നു: ‘‘അന്ന് തിരുവനന്തപുരം ആകാശവാണിയിൽ ജോലി ചെയ്യുകയായിരുന്നു രമേശൻ നായർ. ഞാൻ നേരെ അദ്ദഹത്തിന്റെ വീട്ടിലെത്തി യേശുദാസിന്റെ നിർദേശത്തെപ്പറ്റി പറഞ്ഞു. അന്നു രാത്രിതന്നെ ഞങ്ങൾ പാട്ടുണ്ടാക്കാനിരുന്നു. നിങ്ങൾ അവിശ്വസിച്ചേക്കാം, നേരം പുലർന്നപ്പോഴേക്കും ‘മയിൽപ്പീലി’ എന്ന ആൽബത്തിലെ ഒൻപതു പാട്ടും പിറന്നുകഴിഞ്ഞിരുന്നു.’’ 

രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..., അണിവാകച്ചാർത്തിൽ ഞാൻ..., ചന്ദനചർച്ചിത..., ചെമ്പൈക്കു നാദം..., ഗുരുവായൂരപ്പാ നിൻ..., ഹരികാംബോജി രാഗം..., നീയെന്നെ ഗായകനാക്കി..., ഒരു പിടി അവിലുമായി..., യമുനയിൽ ഖരഹരപ്രിയ... എന്നിങ്ങനെ ഒന്നിനൊന്നു കിടപിടിക്കുന്ന കൃഷ്ണഭക്തി ഗാനങ്ങൾ... എല്ലാം പാടിയത് യേശുദാസ്! ഇന്നോളമിറങ്ങിയ കൃഷ്ണഭക്തി ഗാനങ്ങളിൽ ഏറ്റവും ഹിറ്റായ ‘മയിൽപ്പീലി’യിലെ ഈണങ്ങൾ പിറന്നതു ദുഃഖസാന്ദ്രമായ ആ മനസ്സിൽനിന്നായിരുന്നു.

മറ്റ് എട്ടു പാട്ടിൽനിന്നു ഭിന്നമാണ്

‘രാധതൻ പ്രേമത്തോടാണോ കൃഷ്ണാ

ഞാൻ പാടും ഗീതത്തോടാണോ...’

അയഞ്ഞ, ആഹ്ലാദം തുളുമ്പുന്ന ഈണം. ഈ വ്യത്യാസത്തിന്റെ രഹസ്യം ജയൻ വെളിപ്പെടുത്തുന്നു.

‘ഏതാണ്ട് അർധരാത്രി ആയപ്പോൾ ഞങ്ങൾ അൽപം വിശ്രമിക്കാനിരുന്നു. അപ്പോൾ ടിവിയിൽ കണ്ട ഗസലിന്റെ ഈണം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. ആ സ്വാധീനത്തിൽ ഉണ്ടാക്കിയ ട്യൂണാണ് ‘രാധതൻ പ്രേമത്തോടാണോ...’ അത് ഏതു രാഗമാണെന്ന് എനിക്ക് അറിയില്ല. ആഭേരിയുടെ ഛായ ഉണ്ടെന്നു മാത്രം.’

‘മയിൽപ്പീലി’യിൽ ട്യൂണിട്ടശേഷം എഴുതിയ ഏകഗാനമാണിത്.

വിഷുവിനോട് അനുബന്ധിച്ച് ഒട്ടേറെ ഭക്തിഗാനങ്ങൾ നമുക്കുണ്ടെങ്കിലും പ്രശസ്തിയിൽ മുന്നിൽ നിൽക്കുന്നതു സ്വാഭാവികമായും ചലച്ചിത്രഗാനങ്ങളാണ്. ഈ ശ്രേണിയിൽ കണിയായി വരുന്നത് ‘ഓമനക്കുട്ടൻ’ സിനിമയിൽ പൂന്താനത്തിന്റെ വരികൾക്ക് ദേവരാജൻ ഈണം നൽകി പി.ലീലയും രേണുകയും ചേർന്നു പാടിയ

‘കണി കാണും നേരം കമലനേത്രന്റെ 

നിറമേറും മഞ്ഞത്തുകിൽ ചാർത്തി 

കനകക്കിങ്ങിണി വളകൾ മോതിരം 

അണിഞ്ഞു കാണേണം ഭഗവാനേ’ 

എന്ന ലക്ഷണമൊത്ത വിഷുപ്പാട്ട്. കാർവർണനെ ഇത്ര ചന്തത്തോടെ മറ്റെവിടെ കാണാനാകും. 

‘അടിമകളി’ൽ വയലാറിന്റെ വരികൾക്ക് ദേവരാജൻ ഈണം നൽകി പി.സുശീല പാടിയ 

‘ചെത്തി മന്ദാരം തുളസി 

പിച്ചകമാലകൾ ചാർത്തി 

ഗുരുവായൂരപ്പാ നിന്നെ 

കണി കാണേണം’ 

എന്ന വരികൾ കേൾക്കുമ്പോൾ മയിൽപ്പീലി ചൂടി, മഞ്ഞത്തുകിൽ ചുറ്റി, മണിക്കുഴലൂതി വരുന്ന കണ്ണൻ ആരുടെ സ്വപ്നങ്ങളിലാണു മാലകൊരുക്കാത്തത്, വാകച്ചാർത്തു കഴിഞ്ഞ് വാസനപ്പൂവണിഞ്ഞു വരുന്ന അവന്റെ ഉടൽ കാണാൻ ഏതു ഗോപികയാണു കൊതിക്കാത്തത്!

‘സമ്മാന’ത്തിൽ വയലാറിന്റെ രചനയിൽ ദക്ഷിണാമൂർത്തി ഈണം നൽകി വാണി ജയറാം പാടിയ

‘എന്റെ കയ്യിൽ പൂത്തിരി, 

നിന്റെ കയ്യിൽ പൂത്തിരി 

എന്നും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി’ എന്ന ഗാനത്തിൽ ഭക്തിയേക്കാൾ ആഘോഷമാണ് നിറയുന്നത്. 

‘അമ്മയെ കാണാൻ’ സിനിമയിൽ പി. ഭാസ്കരന്റെ വരികൾക്ക് കെ. രാഘവൻ ഈണം നൽകി എസ്. ജാനകി പാടിയ

‘കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ

ഇന്നെന്നെ കണ്ടാലെന്തു തോന്നും 

കിങ്ങിണിപ്പൂവേ’ 

എന്ന വരികളിലൂടെയാണ് മലയാള സിനിമയിൽ ആദ്യമായി കർണികാരശോഭ പടർന്നത്, ബ്ലാക്ക് ആൻഡ് വൈറ്റിലാണെങ്കിലും. ഇതൊരു വിഷുപ്പാട്ട് എന്നതിനേക്കാൾ പ്രണയഗാനമാണെന്നു മാത്രം.

‘മൂന്നു പൂക്കളി’ൽ പി. ഭാസ്കരന്റെ വരികളിൽ പുകഴേന്തിയുടെ സംഗീതത്തിൽ എസ്. ജാനകി പാടിയ വിഷുപ്പാട്ടാണ്

‘തിരിയോ തിരി പൂത്തിരി 

കണിയോ കണി വിഷുക്കണി’ 

ഈ ഗാനത്തിൽ ലയിച്ചിരിക്കെ, കാലിൽ കിങ്ങിണി കെട്ടി, കയ്യിൽ പൂത്തിരിയുമായി വരുന്ന വിഷുക്കണിയിലെ വെള്ളരിക്ക വെൺമതിയാകും വെൺപുടവ പൊന്മുകിലാവും.

കാലം മുന്നോട്ടു ചലിക്കുമ്പോൾ ചുണ്ടിൽ കൽക്കണ്ടമാവുന്നത് ‘ദേവാസുര’ത്തിൽ പുത്തഞ്ചേരിയുടെ വരികൾക്ക് എം.

ജി. രാധാകൃഷ്ണൻ സംഗീതം നൽകി എം.ജി. ശ്രീകുമാറും അരുന്ധതിയും ആലപിച്ച

‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്’

അടിമുടി ഉത്സവമേളം. തങ്കത്തേരിലേറും അന്തിത്താരകങ്ങൾ വരവർണ ദീപരാജിയായി പെയ്തിറങ്ങുന്ന ഗാനം.

‘നന്ദന’ത്തിൽ രവീന്ദ്രന്റെ ഈണത്തിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി ചിത്ര പാടിയ

‘മൗലിയിൽ മയിൽപ്പീലി ചാർത്തി

മഞ്ഞപ്പട്ടാംബരം ചാർത്തി

ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന

ഗോപകുമാരനെ കണികാണണം’

എന്ന ഗാനം സമ്പൂർണമായ കണിയൊരുക്കലാണ്. കണ്ണന്റെ ഉണ്ണിക്കൈകളിലെ വെണ്ണക്കുടങ്ങളും കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന പൂവിതൾ പാദങ്ങളുമെല്ലാം കൃപയാകുന്ന കണി.

‘ചുക്ക്’ സിനിമയിൽ വയലാർ– ദേവരാജൻ ടീം ഒരുക്കി പി.ലീല ആലപിച്ച ‘സംക്രമവിഷുപ്പക്ഷി...’,  ‘ഇലഞ്ഞിപ്പൂക്കളി’ൽ മധു ആലപ്പുഴയുടെ രചനയിൽ കണ്ണൂർ രാജൻ ഈണം നൽകിയ ‘വിഷുപ്പക്ഷി ചിലച്ചു...’, ‘പുനരധിവാസ’ത്തിനുവേണ്ടി പുത്തഞ്ചേരി എഴുതി ജി. വേണുഗോപാൽ സംഗീതം നൽകി ആലപിച്ച ‘പാടുന്നു വിഷുപ്പക്ഷികൾ...’, ഇവൻ മേഘരൂപൻ സിനിമയിൽ ഒഎൻവി രചിച്ചു ശരത് ഈണം നൽകിയ ‘വിഷുക്കിളി കണിപ്പൂ കൊണ്ടുവാ...’, ‘മിണ്ടാപ്പൂച്ചയ്ക്കു കല്യാണ’ത്തിൽ മധു ആലപ്പുഴയുടെ വരികൾക്ക് രവീന്ദ്രൻ ഈണമിട്ട് യേശുദാസ് പാടിയ ‘മേടമാസപ്പുലരിക്കായലിൽ...’  ‘അഷ്ടമുടിക്കായലി’ൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ വരികൾക്കു ദക്ഷിണാമൂർത്തി സംഗീതം നൽകി ഷെറിൻ പീറ്റേഴ്സ് പാടിയ ‘മേടമാസക്കുളിരിലാരെ...’ തുടങ്ങി എത്രയെത്ര മനോഹരഗാനങ്ങളാൽ സമ്പന്നമാണു വിഷുമലയാളം.

പ്രധാനവിഷയമല്ലെങ്കിലും വിഷുബിംബങ്ങൾ പരാമർശിക്കുന്ന ഒരുപാടു ചലച്ചിത്രഗാനങ്ങൾ വേറെയുമുണ്ട്. 

‘കന്നിക്കൊയ്ത്തടുത്തൊരു

കതിരണി വയലിന്റെ 

കണികാണാനുണരടീ പൂവേ’

–ഉണരുണരൂ ഉണ്ണിപ്പൂവേ  (അമ്മയെ കാണാൻ– രചന: പി. ഭാസ്കരൻ, സംഗീതം: കെ. രാഘവൻ)

‘വെള്ളാരം കൽപടവിൽ 

വെള്ളോട്ടിൻ ഉരുളിയിൽ

വെള്ളണി പൂക്കണി വച്ചു 

വിഷുപ്പൂക്കണി വച്ചു’

–കൈതപ്പുഴക്കായലിലെ (ത്രിവേണി – വയലാർ, ദേവരാജൻ)

‘കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ

കണികണ്ടു കണ്ണു തുറന്നപ്പോൾ

വിളക്കുകൊളുത്തി നീയാദ്യമായ് നൽകിയ

വിഷുക്കൈ നീട്ടങ്ങളോർമയില്ലേ’

–തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി (കൂട്ടുകുടുംബം– വയലാർ, ദേവരാജൻ)

‘വടക്കിനി കോലായിൽ 

വിഷുവിളക്കറിയാതെ

ഞാൻ തന്ന കൈനീട്ടം 

ഓർമയില്ലേ’

–മറക്കുമോ നീയെന്റെ മൗനഗാനം 

(കാരുണ്യം–കൈതപ്രം)

‘കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ

ഓ, പൊന്നാര്യൻ 

കൊയ്യുന്നോരെന്റെ നാട്ടിൽ’

–കാക്കപ്പൂ കൈതപ്പൂ (അരയന്നങ്ങളുടെ വീട്– ഗിരീഷ് പുത്തഞ്ചേരി, രവീന്ദ്രൻ. ആലാപനം: പി. ജയചന്ദ്രൻ) അങ്ങനെ ഗൃഹാതുരത പൂത്തു വിടർന്നു പരിലസിക്കുന്ന ഒരുവല്ലം ഗാനസുമങ്ങൾ സ്വന്തമാണു ഭാഗ്യം ചെയ്ത മലയാളികൾക്ക്.

അസുരശക്തിക്കുമേൽ ശ്രീകൃഷ്ണൻ നേടിയ വിജയത്തിന്റെ ഉത്സവമാണ് വിഷു. നന്മയുടെ വിജയം ആഘോഷിക്കുകയും അർഥിക്കുകയും ചെയ്യുന്ന ഒട്ടേറെ കൃഷ്ണഭക്തിഗാനങ്ങൾ നമ്മുടെ സിനിമയിലുണ്ട്. 

കാളിന്ദി കാളിന്ദി... (ചുവന്ന സന്ധ്യകൾ– വയലാർ, ദേവരാജൻ), ഓടക്കുഴൽവിളി മേളം കേട്ടാൽ... (ദൃക്സാക്ഷി– ശ്രീകുമാരൻ തമ്പി, ദക്ഷിണാമൂർത്തി), ഒരു മയിൽപ്പീലിയായ് ഞാൻ...(അണിയാത്ത വളകൾ– ബിച്ചു തിരുമല, എ.ടി. ഉമ്മർ), കൃഷ്ണാ മുകുന്ദാ... (കുറ്റവും ശിക്ഷയും– മങ്കൊമ്പ്, എം.എസ്. വിശ്വനാഥൻ), വാർമേഘ വർണന്റെ മാറിൽ... (സാഗര സംഗമം– ശ്രീകുമാരൻ തമ്പി, ഇളയരാജ), കൃഷ്ണകൃപാ സാഗരം..., ആന്ദോളനം...(സർഗം–യൂസഫലി, ബോംബെ രവി), കണ്ണാ ആലിലക്കണ്ണാ...(ദേവി കന്യാകുമാരി– വയലാർ, ദേവരാജൻ. ആലാപനം: പി. മാധുരി), കേശാദി പാദം തൊഴുന്നേൻ... (പകൽക്കിനാവ്– പി. ഭാസ്കരൻ, ചിദംബരനാഥ്), കണ്ണാ കണ്ണാ കരിമുകിൽ വർണാ... (സ്വിമ്മിങ് പൂൾ– പി. ഭാസ്കരൻ, എം.കെ. അർജുനൻ), കണ്ണിനു കണ്ണായ കണ്ണാ... (പ്രിയ– യൂസഫലി, ബാബുരാജ്, ആലാപനം: ലതാ രാജു), കണ്ണാ കാർമുകിൽ വർണാ...(ഹൃദയത്തിന്റെ നിറങ്ങൾ– ശ്രീകുമാരൻ തമ്പി, ആർ. സുദർശനം), ശ്രീലവസന്തം പീലിയുഴിഞ്ഞു...(നന്ദനം –പുത്ത‍ഞ്ചേരി, രവീന്ദ്രൻ), കോലക്കുഴൽ വിളി കേട്ടോ രാധേ...(നിവേദ്യം–ലോഹിതദാസ്, എം. ജയചന്ദ്രൻ. ആലാപനം: വിജയ് യേശുദാസ്, ശ്വേതാ മോഹൻ), മുകിൽ വർണാ മുകുന്ദാ...(ബാഹുബലി 2– മങ്കൊമ്പ്, കീരവാണി) തുടങ്ങി...

നിവേദ്യത്തിലെ ‘കോലക്കുഴൽവിളി... ’ എന്ന ഗാനം തന്റെ ജീവിതത്തിൽ കൊണ്ടുവന്ന അനുഗ്രഹങ്ങൾ കൃതജ്ഞതാഭരിതം സ്മരിക്കുകയാണു സംഗീതസംവിധായകൻ എം. ജയചന്ദ്രൻ. ചെയ്യുന്ന പാട്ടുകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ സിനിമയിൽനിന്നു പുറന്തള്ളപ്പെടുമോ എന്നു ഭയന്നിരുന്ന കാലത്ത്, ഒരു ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങിവരുമ്പോഴാണു സംവിധായകൻ ലോഹിതദാസിന്റെ വിളി വരുന്നത്, ‘നിവേദ്യ’ത്തിന്റെ ചുമതല ഏൽപിക്കാനായി. ആ ചിത്രത്തിനു സംഗീതം നൽകാനായി വീട്ടിൽനിന്നിറങ്ങുമ്പോൾ ഭാര്യയോടു ജയചന്ദ്രൻ പറഞ്ഞു. ‘ഇതു രക്ഷപ്പെട്ടില്ലെങ്കിൽ വേറെ പണി നോക്കേണ്ടി വരും.’ ജയചന്ദ്രന്റെ കോലക്കുഴൽവിളിയിൽ ഭഗവാൻ പ്രസാദിച്ചു. പിന്നീടെന്നും വിഷുക്കാലം, അദ്ദേഹത്തിനും ആസ്വാദകർക്കും. 

‘വിഷുക്കണി’ എന്ന പേരിൽത്തന്നെ ഒരു സിനിമയുണ്ട് നമുക്ക്. അതിൽ വിഷുപ്പാട്ടൊന്നുമില്ല. പക്ഷേ, ഹിറ്റായ ഓണപ്പാട്ടുണ്ട്– സലിൽ ചൗധരിയുടെ ഈണത്തിൽ ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയ ‘പൂവിളി... പൂവിളി... പൊന്നോണമായി.’

കൃഷ്ണഭക്തി നെ‍ഞ്ചിൽതൊട്ട സിനിമയാണ് രഞ്ജിത് സംവിധാനം ചെയ്ത നന്ദനം. ഇതിലെ അലൗകികഗാനമാണു ‘കാർമുകിൽ വർണന്റെ ചുണ്ടിൽ...’.  പുത്തഞ്ചേരി (ഗാനരചന), രവീന്ദ്രൻ (സംഗീതം), ചിത്ര (ഗായിക), എന്നീ മൂന്നുപേർക്കും ഈ ഗാനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു എന്നതുമാത്രംമതി ഇതിന്റെ അനന്യതയ്ക്കു തെളിവായി. ഗാനരംഗത്ത് അഭിനയിച്ച നവ്യാ നായർ മികച്ച നടിക്കുള്ള അവാർഡും നേടി. 

മലയാള സിനിമാഗാനങ്ങളിൽ ഇത്രമാത്രം നെഞ്ചുലച്ച ഒരു പ്രാർഥനയില്ല. 

‘നിന്റെ നന്ദന വൃന്ദാവനത്തിൽ

പൂക്കും പാരിജാതത്തിന്റെ കൊമ്പിൽ

വരും ജന്മത്തിലെങ്കിലും ശൗരേ ഒരു

പൂവായ് വിരിയാൻ കഴിഞ്ഞുവെങ്കിൽ, 

നിന്റെ കാൽക്കൽ വീണടിയുവാൻ 

കഴിഞ്ഞുവെങ്കിൽ...’

ഇതിലും ആഴമുള്ള അർഥനയും ആഗ്രഹവുമുണ്ടോ? അടുത്ത ജന്മത്തിൽ കണ്ണന്റെ രാധയാവേണ്ട; അവന്റെ കാൽക്കൽ വീണഴുകുന്ന ഒരു പാരിജാതപ്പൂവായാൽ മതി. അത്രയേ വേണ്ടൂ യഥാർഥ ഭക്തയ്ക്ക്.

ഹൃദയസ്പർശിയായ ഒരു കൃഷ്ണഭക്തിഗാനം പ്രശസ്തമായ ഒരു പിണക്കം അലിയിച്ചില്ലാതാക്കിയിട്ടുണ്ട്: കവി എസ്.രമേശൻ നായർ എഴുതിയ ‘ശതാഭിഷേകം’ എന്ന ആക്ഷേപഹാസ്യ നാടകത്തെ തുടർന്ന് മുഖ്യമന്ത്രി കെ.കരുണാകരൻ അദ്ദേഹത്തോടു  കടുത്ത ദേഷ്യത്തിലായി. രമേശൻ നായർക്ക് ആകാശവാണിയിലെ ജോലി നഷ്ടപ്പെടുന്നതിൽവരെയെത്തി അകൽച്ചയുടെ കാഠിന്യം. വർഷങ്ങൾ കഴി‍ഞ്ഞ് ഒരു ഇന്റർവ്യൂവിൽ കരുണാകരനോട് ജേണലിസ്റ്റ് ചോദിച്ചു.

‘വലിയ ഭക്തനായ അങ്ങേക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്തിഗാനം ഏതാണ്?’

കരുണാകരന്റെ മറുപടി: ‘രമേശൻ നായർ എഴുതിയ, നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ...’

എത്ര കൊടിയ പിണക്കങ്ങൾക്കും ഇത്രയേ ആയുസ്സുള്ളൂ. ഒരു പുഴയും എക്കാലവും കലങ്ങിത്തന്നെ ഒഴുകുകയില്ലല്ലോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com