sections
MORE

ആ രാത്രിയിൽ ഉറങ്ങാതിരുന്ന നാലു പേർ

drawing
വര: അജിൻ കെ.കെ.
SHARE

ഉറങ്ങാതിരിക്കുന്ന പലരും രാത്രിയെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടോ സ്വയം അസ്വസ്ഥതപ്പെട്ടുകൊണ്ടോ പലയിടങ്ങളിൽ ഉണ്ടാവും. പക്ഷേ, ഇവർ നാലുപേരും എങ്ങനെയൊക്കെയോ ആ രാത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അൻപതോളം വർഷത്തിനു മുൻപു കല്യാണം നടക്കുന്ന സമയം അവർക്ക് അയാളെ ഒരു തരത്തിലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, മക്കളും കൊച്ചുമക്കളും ഒക്കെയായി ആ ആർജിത ബന്ധം സ്വാഭാവിക ബന്ധമായി പരിണമിച്ചപ്പോൾ അയാളില്ലാതെ അവർ ജീവിക്കില്ലെന്നുമായി. അതു സ്നേഹത്തിന്റെ പേരിലാണോ ബന്ധങ്ങളുടെ പേരിലാണോ എന്നൊന്നും പ്രസക്തമല്ലാത്തവിധം അവർ ഒന്നായി മാറിയിരുന്നു.‌

വിരമിച്ച കാലത്ത് പശുവിനെ വളർത്തണം എന്ന പണ്ടുതൊട്ടേയുള്ള ആഗ്രഹം ശക്തമായി ഉണർന്നു. അച്ഛനൊപ്പം പശുവിനെ കുളിപ്പിക്കാനും പുല്ല് അരിയാനും വീടുകളിൽ പാലു കൊണ്ടുനടന്നു വിൽക്കാനും പോയ കുട്ടിക്കാല ഓർമകളും അക്കാലത്തു സജീവമായി. മൂന്നു പശുക്കളെ വാങ്ങി ഭാര്യയുടെ സഹായത്തോടെ പാൽ വിതരണം തുടങ്ങിയതോടെ ക്ഷീരകർഷകനായി അറിയപ്പെടാനും തുടങ്ങി.

നെഞ്ചിടിപ്പിന്റെ നിയന്ത്രണരഹിതമായ വേഗം കൊണ്ടും കടുത്ത ശ്വാസംമുട്ടലുകൊണ്ടും അബോധാവസ്ഥയിൽ വീൽചെയറിലിരുന്ന് ഐസിയുവിന്റെ പ്രവേശനകവാടം കടന്നുപോയ അയാളുടെ കൂടെയെത്തിയ ആ അമ്മച്ചിയാണ് ഉറങ്ങാതിരുന്ന ആദ്യത്തെ ആൾ. പേരുകൊണ്ടു പ്രശസ്തമല്ലാതിരുന്ന ആശുപത്രിയായിരുന്നതു കൊണ്ടാവാം സെക്യൂരിറ്റി ജീവനക്കാരനല്ലാതെ മറ്റാരും അവിടെങ്ങും ഉണ്ടായിരുന്നില്ല. വൃദ്ധനെ അകത്ത് എത്തിച്ചതിനുശേഷം വീൽചെയർ സൂക്ഷിപ്പുകാരൻ മടങ്ങിപ്പോയതോടുകൂടി ഇരിക്കാൻ കിട്ടിയ കസേരയുടെ ആകർഷണത്തിൽ അയാൾ ഉറക്കം തൂങ്ങിത്തുടങ്ങിയിരുന്നു.

സെക്യൂരിറ്റി ജീവനക്കാരന്റെ ഉറക്കമൊന്നും ‘സംസാരിച്ചേ പറ്റൂ’ എന്ന അമ്മച്ചിയുടെ ആഗ്രഹത്തെ തടുത്തില്ല. പകുതി അയാളോടും പകുതി തന്നോടു തന്നെയും എന്ന നിലയ്ക്ക് അവർ പറഞ്ഞു തുടങ്ങി. ‘‘എനിക്കേ മാറ് എടുത്തതാ, കാൻസറായിരുന്നു. എന്നെ നോക്കിക്കൊണ്ടിരുന്നതും വീട്ടുജോലി ചെയ്തിരുന്നതും എല്ലാം കിളവൻ തന്നെയാണ്. ഒരാഴ്ച കൊണ്ടേ ചെറിയ പനി ഉണ്ടായിരുന്നതാണ്. ആശുപത്രിയിൽ പോകാമെന്നു പറഞ്ഞാൽ കേൾക്കണ്ടേ?

ആശുപത്രിയിൽ പോയി കിടന്നാൽ എന്നെ ആരു നോക്കുമെന്നാ ചോദ്യം. വേണ്ടാ എന്ന് എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ പശുക്കൾക്കു പുല്ലു പറിക്കാനെന്നു പറഞ്ഞു സന്ധ്യക്കു വയലിൽ പോയി മഴ നനഞ്ഞു വന്നപ്പോൾ തുടങ്ങിയ ചൂടാണ്. നേരം പോകുംതോറും ശ്വാസംമുട്ടലും കൂടിവന്നു. മൂന്നു വീട് അപ്പുറത്തു മകളുണ്ട്. ഓടിച്ചെന്ന് എത്ര വിളിച്ചിട്ടും കേട്ടില്ല. അതെങ്ങനാ, ഫാനിന്റെ കടകടാ ശബ്ദം കേട്ട് ഉറങ്ങുന്നവള് വേറെ ഒച്ചയൊന്നും കേൾക്കില്ലല്ലോ. ഭാഗ്യത്തിന് ഈ ഓട്ടോക്കാരനെ കിട്ടി. ഞങ്ങളിങ്ങു പോന്നു.’’

അമ്മച്ചി ഉച്ചത്തിൽ ഏങ്ങിക്കരഞ്ഞു:

‘‘എന്തായാലും കിളവനില്ലാതെ ഞാനിവിടുന്നു പോകത്തില്ല.’’

അവരുടെ പ്രസ്താവനയുടെ സാംഗത്യത്തെപ്പറ്റി ചിന്തിക്കാനുള്ള ഉണർവൊന്നും സെക്യൂരിറ്റി ജീവനക്കാരന് ഇല്ലായിരുന്നെങ്കിലും പോകേണ്ടതില്ല എന്ന അർത്ഥത്തിൽ അയാൾ തലയാട്ടി.

വിരശല്യത്താൽ വലയുന്ന കൊച്ചുമകളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന, നാൽപതുകളുടെ ഒടുക്കത്തിലേക്ക് എത്തുന്ന ഒരു സ്ത്രീയായിരുന്നു ഉറങ്ങാതിരിക്കുന്ന രണ്ടാമത്തെ ആൾ. സുഖമില്ലാത്ത അമ്മയെ നോക്കുന്ന അച്ഛനും സുഖമില്ലാതായി എന്ന അറിവു കിട്ടിയിട്ടും അവിടംവരെ പോയി അന്വേഷിക്കാൻ സമയം കിട്ടിയില്ല. രണ്ടു ദിവസത്തേക്കു വീടു സന്ദർശനത്തിന് എത്തിയ മകളും ഭർത്താവും അലോസരപ്പെട്ടാലോ എന്നു വിചാരിച്ചാണ് അവർ അവരുടെ വീട്ടിലേക്കു പോകാഞ്ഞത്.

ചെറുമകളുടെ ജ്വര ലക്ഷണങ്ങളും ഒരു കാരണമാവാം. ഭാഗം ചെയ്തിട്ടും സ്വന്തമായിരുന്നിട്ടും കാലശേഷം എന്ന് എഴുതിച്ചേർക്കപ്പെട്ടതിന്റെ മാത്രം കാരണത്താൽ, കിട്ടിയ കുടുംബസ്വത്ത് വിൽക്കാൻ പറ്റാത്തതിന്റെ ഇഷ്ടക്കേടുകൾ അച്ഛനോടും അമ്മയോടും കടുത്ത ഭാഷയിൽ ചില നേരങ്ങളിൽ രേഖപ്പെടുത്താറുണ്ടെങ്കിലും അവരെ കാണാൻ ചെല്ലുന്നതിനോ അന്വേഷിക്കുന്നതിനോ ഒന്നും അതൊന്നും ഒരു തടസ്സമല്ല. നാളെ തീർച്ചയായും പോകും. പക്ഷേ, പല ജോലികളും ചെയ്തു തീർത്തിട്ടു വേണം പോകാൻ. ചെറുമകൾക്കു കൊടുക്കാമെന്നേറ്റ കമ്മലു വാങ്ങണം. മകൾക്കും മരുമകനും നാളെ പോകുന്നതിനു മുൻപ് ഉച്ചഭക്ഷണം കൊടുക്കണം, അങ്ങനെ പല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ട്.

ആ രാത്രിക്കു നേരെ കണ്ണുചിമ്മാതെ നോക്കിയിരിക്കുന്ന മറ്റൊരു പെണ്ണു കൂടിയുണ്ട്. സാധാരണ ഒരു രാത്രിയിലും നീണ്ട നിദ്രകൾ നടത്തുന്നവളല്ല. പക്ഷേ, ഇന്നത്തെ നിദ്രയൊഴിയൽ അവളെ ആകെ അസ്വസ്ഥതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. അവൾക്കൊരു പേരും കിടക്കാൻ ഇടവും കൃത്യമായ ഭക്ഷണനേരങ്ങളും ഉണ്ടായിരുന്നതു കൂടാതെ രാത്രിയിൽ സ്വതന്ത്രമായി വീട്ടുമുറ്റത്തു നടക്കാൻ അവകാശമുണ്ടായിരുന്ന വീട്ടിലെ ഒരേയൊരു വ്യക്തിയും അവളായിരുന്നു. അന്നു പക്ഷേ, നടക്കുന്ന കാര്യങ്ങളെല്ലാം അവളുടെ അവകാശങ്ങൾക്കപ്പുറത്താണെന്ന് അവൾക്കു തോന്നി.

ആ വീട്ടിൽ ആകെയുണ്ടായിരുന്ന രണ്ടുപേർ അസമയത്ത് ആധിപ്പെട്ട് കടകടാ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു വണ്ടിയിൽ കയറിപ്പോകുന്നത് അവളും കണ്ടതാണ്. പക്ഷേ, അതുകൊണ്ടാണോ തനിക്കു ഭക്ഷണം കിട്ടാത്തത്, കൂട്ടിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്തത് എന്നൊന്നും മനസ്സിലാക്കാതെ അവൾ പലതരം താളവിന്യാസത്തോടെ കുരയും തുടങ്ങി.

ആ രാത്രിയിൽ പലയിടങ്ങളിലായി പലതരത്തിൽ ഉറങ്ങാതിരിക്കുന്ന ഈ മൂന്നു സ്ത്രീകൾക്കൊപ്പം ഉറങ്ങാതിരിക്കുന്ന മറ്റൊരാൾ ഒരു പുരുഷനാണ്. രാത്രിയെത്തും മുൻപേ ഉറങ്ങിപ്പോകാറുണ്ടായിരുന്ന അയാൾക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞതേയില്ല. പലതരം തയാറെടുപ്പുകളോടെ സ്വന്തം വീടുകളിൽ നിന്നിറങ്ങിയ രണ്ടു യുവ രാഷ്ട്രീയനേതാക്കളെ മറ്റു ചില തയാറെടുപ്പുകളുമായി വന്ന വേറെ ചിലർ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയതോടു കൂടി ആ താലൂക്കിലാകെ സംഘർഷാവസ്ഥ ഉരുത്തിരിയുകയും വിവാഹിതരായിട്ട് ദിവസങ്ങൾ മാത്രം കഴിഞ്ഞിരുന്ന യുവനേതാവിന്റെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തതോടെ അപ്രതീക്ഷിതമായി വന്ന ഹർത്താൽ പ്രഖ്യാപനത്തിൽ അടഞ്ഞുകിടന്ന വീഞ്ഞുശാലയ്ക്കു മുൻപിൽ നിന്നു നിറകണ്ണുകളോടെ അയാൾ ഓർത്തതും നഷ്ടപ്പെടാൻ പോകുന്ന ഉറക്കത്തെക്കുറിച്ചു തന്നെയായിരുന്നു.

കൊലപാതകത്തിന്റെ പേരിലാണോ, ആത്മഹത്യയുടെ പേരിലാണോ എന്നൊന്നും ഉറപ്പില്ലെങ്കിലും ഹർത്താലാണ് അയാളെ കരയിപ്പിച്ചത്. പല പ്രാവശ്യം ഫോൺ ഒച്ച കേൾപ്പിച്ചതു ഭാര്യക്കെന്തോ സംസാരിക്കാനുണ്ടെന്ന അറിയിപ്പുമായി ആണെന്ന് അറിഞ്ഞും അയാൾക്കു ഫോണിനോടു തന്നെ വിരോധമായി. ചില സന്ദേശങ്ങൾക്കു ശ്രോതാവിന്റെ അടുത്തെത്താൻ വളരെ ശ്രമപ്പെടേണ്ടിവരും. പക്ഷേ, ചില സന്ദേശങ്ങൾ ആയാസരഹിതമായിത്തന്നെ ശ്രോതാവിൽ എത്തുകയും ചെയ്യും.

തൊട്ടടുത്ത നിമിഷം ഒരപരിചിത നമ്പരിൽനിന്നെത്തിയ കോൾ അയാളെ പ്രതീക്ഷയുടെയോ സാന്ത്വനത്തിന്റെയോ മനോനിലയിൽ കൊണ്ടെത്തിച്ചു. സമ മനസ്കനായ സുഹൃത്ത് വിളിച്ചിരിക്കുകയാണ്. പതിനെട്ടു കിലോമീറ്റർ ഓടിയെത്തിയാൽ അവർക്കായി മാത്രം തുറന്നിരിക്കുന്ന ഒരു മദ്യശാല കണ്ടെത്താം. എത്രയും വേഗം സുഹൃത്തിന്റെ അടുത്തെത്താൻ ആ രാത്രിയിലൂടെ അയാൾ പാഞ്ഞുപോയി.‌ സുഹൃത്തിനെ കണ്ടെത്തുകയും അയാളുടെ ആവശ്യത്തിനു പരിഹാരം കണ്ടെത്തുകയും ചെയ്തതോടുകൂടി വീണ്ടുമെത്തിയ ഭാര്യയുടെ കോൾ എടുക്കുകയും കേട്ട കാര്യത്തിൽ വിഷമിക്കുകയും സുഹൃത്തിനെ ബുദ്ധിമുട്ടിക്കാതിരിക്കാനെന്നോണം അയാൾ ആ രാത്രിയുടെ ലഹരിയിൽ ശാന്തനായി ഇരുന്നു.

പരസ്പരം അപ്രസക്തമാക്കാൻ കഴിവുള്ളവരെങ്കിലും സൂര്യനോടു യാത്രപറഞ്ഞു തന്നെയാണ് രാത്രിയെപ്പോഴും പിരിഞ്ഞു പോകുന്നത്. രാത്രിയില്ലാതെയായതോടെ ഉറങ്ങാതിരുന്നവരുടെ കാരണങ്ങളും താൽപര്യങ്ങളും ഇല്ലാതെയായി. ഐസിയുവിന്റെ വാതിൽക്കൽ ഒറ്റയ്ക്കിരുന്ന അമ്മച്ചിയോടു പറയാതെ തന്നെ കിളവൻ മരിച്ചു. വിവരമറിഞ്ഞ് ആദ്യം എത്തിയത് അവരുടെ മൂത്തമകൾ തന്നെയാണ്. അന്ന് അവർ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും ചെയ്തുതീർത്ത് സ്വസ്ഥമായിരുന്നപ്പോഴാണ് മരണവിവരം എത്തുന്നത്. അതുകൊണ്ടു തന്നെ വേവലാതികളില്ലാതെ സത്യസന്ധമായി തന്നെ കരയാനും അമ്മയെ കെട്ടിപ്പിടിച്ച് അച്ഛന്റെ ഓർമകളിലൂടെ സഞ്ചരിക്കാനും അവർക്കു കഴിഞ്ഞു.

വിവരമറിഞ്ഞെത്തിയ മകനും വിഷമിക്കാൻ തക്കവണ്ണം ശാന്തനായിരുന്നു. വിഷമം സത്യസന്ധമായിരുന്നു താനും. സുഹൃത്തുക്കൾ കൂടെയുണ്ട്; എന്തു സഹായവും ഉറപ്പിക്കാമായിരുന്നുതാനും.ഉച്ചയോടെ വീട്ടുമുറ്റത്തു പാഞ്ഞെത്തിയ മരണവണ്ടിയിൽ കണ്ണുംനട്ട് നിന്ന പട്ടിക്കു മാത്രം തയാറെടുക്കാൻ സമയം കിട്ടിയില്ല. തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഇല്ലാതെ മരണത്തിലേക്കു നേരിട്ട് എത്തിയതുകൊണ്ട് അതിന്റെ കുര മാത്രമാണ് സമചിത്തതയില്ലാതെ, അച്ചടക്കമില്ലാതെ ഉയർന്നു കേട്ടത്.

ഇനി ആരെയും കാക്കേണ്ടതില്ലെന്നും സമയമായി വരുന്നുണ്ടെന്നും ഉള്ള മുന്നറിയിപ്പോടെ എല്ലാവരും തിരക്കു കൂട്ടിത്തുടങ്ങിയപ്പോൾ നിലവിളികൾക്കു പുതിയ ശബ്ദങ്ങൾ കൈവന്നു. മൂത്തമകളുടെ കണ്ണീരിനു മുൻപിൽ, മകന്റെ ശാന്തതയ്ക്കു മുൻപിൽ, കരയുന്ന കൊച്ചുമക്കൾക്കു മുൻപിൽ കരയാതിരുന്ന രണ്ടുപേർ അമ്മച്ചിയും പിന്നെ ആ പട്ടിയുമാണ്. പറ്റിക്കപ്പെട്ടതിന്റെ ഇളിഭ്യതയിൽ അശാന്തമായും അസാധാരണമായും പെരുമാറിയത് അവർ രണ്ടുപേരും മാത്രമാണ്. അമ്മച്ചിക്കു ചിരിയാണു വന്നത്. കിളവൻ പണ്ടും കുറെ കബളിപ്പിച്ചിട്ടുള്ളതാണെന്ന് ഓർത്തെടുക്കുകയും ചെയ്തു.

രംഗബോധമില്ലാതെ കുരച്ചുകൊണ്ടിരുന്ന പട്ടിയെയും അമ്മച്ചിയുടെ ചിരിയെയും കൂടിനിന്ന എല്ലാവരും ശാന്തമായിത്തന്നെ നേരിട്ടു. പരിചയമില്ലാത്തവരെ കണ്ടതിലുള്ള പന്തികേടാണ് പട്ടിക്കെന്നും കിളവന്റെ മരണം അമ്മച്ചിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും വിലയിരുത്തപ്പെട്ടു. മുറിക്കപ്പെട്ട കർപ്പൂരമാവിൽനിന്നു മരിച്ചുവീണ മാമ്പൂക്കളെ വിട്ട് കരിവണ്ടുകൾ പറന്നുപോയതോടെ ചിത ആളിക്കത്തിത്തുടങ്ങി. അമ്മച്ചി അപ്പോഴും ചിരിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA