ADVERTISEMENT

പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാർ രാമവർമ സിനിമയുടെ തിരക്കുകൾക്കിടയിൽനിന്ന് നാളുകൾ കൂടി ഒരു ദിവസം വീട്ടിൽ വന്നപ്പോൾ അമ്മ അംബാലിക തമ്പുരാട്ടി രോഗബാധിതയായി കിടപ്പിലാണ്. അമ്മയ്ക്കു കുറെ ദിവസമായി സുഖമില്ലാതിരുന്നിട്ടും താൻ അറിഞ്ഞും അന്വേഷിച്ചുമില്ലല്ലോ എന്ന കുറ്റബോധത്തിൽ മകന്റെ മനസ്സ് നീറി. അമ്മ അത്രവലിയ ദൗർബല്യമായിരുന്നു വയലാറിന്. പിന്നീട് സംഭവിച്ചതു വയലാറിന്റെ പത്നി ഭാരതി തമ്പുരാട്ടി പറയുന്നു. ‘അമ്മയുടെ കട്ടിലിനരികിൽത്തന്നെ വിഷമത്തോടെ കുറെ നേരം ഇരുന്നു. എന്നിട്ട് അവിടെത്തന്നെയിരുന്ന് കടലാസെടുത്ത് ഒരു കവിത എഴുതി അമ്മയെ വായിച്ചുകേൾപ്പിച്ചു.

അമ്മേ... അമ്മേ... അവിടത്തെ മുന്നിൽ

ഞാനാര് ദൈവമാര്... എന്നായിരുന്നു തുടക്കം. പിന്നീട് കുറെക്കാലം കഴിഞ്ഞ്, ആ കവിത ഒരു സിനിമയ്ക്കു കൊടുത്തു എന്ന് എന്നോടു പറഞ്ഞു.’

G-Devarajan-and-Ariyoor-Sadhasivan
ദേവരാജൻ, അയിരൂർ സദാശിവൻ

മലയാറ്റൂർ രാമകൃഷ്ണന്റെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ‘ചായം’ (1973) എന്ന സിനിമയിൽ ദേവരാജന്റെ സംഗീതത്തി‍ലാണ് ഈ മാതൃസ്തുതിഗാനം നാം കേൾക്കുന്നത്. പാടാൻ ഭാഗ്യം ലഭിച്ചത് അയിരൂർ സദാശിവന്. ‘പലപ്പോഴും അയിരൂർ സദാശിവനെ വീട്ടിലേക്കു വിളിച്ചുവരുത്തി അമ്മയുടെ അടുത്തിരുത്തി ഈ പാട്ട് പാടിപ്പിക്കുമായിരുന്നു. അത്ര ഇഷ്ടമായിരുന്നു അദ്ദേഹത്തിന് ഈ പാട്ട്. അമ്മയ്ക്കും വലിയ പ്രിയമായിരുന്നു ആ വരികളും സദാശിവന്റെ ആലാപനവും.’ ഭാരതി തമ്പുരാട്ടി പറയുന്നു.

‘മരം’ എന്ന സിനിമയിൽ യൂസഫലി കേച്ചേരി എഴുതി ദേവരാജൻ സംഗീതം നൽകിയ ‘മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്...’ എന്ന ഗാനമാണ് അയിരൂർ സദാശിവൻ  സിനിമയ്ക്കു വേണ്ടി ആദ്യം പാടിയത്. പക്ഷേ, ‘ചായം’ എന്ന സിനിമയാണ് ആദ്യം പുറത്തുവന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആദ്യ പിന്നണിഗാനമായി ‘അമ്മേ... അമ്മേ...’

വയലാറിന്റെ ഇഷ്ടഗായകനായിരുന്നു അയിരൂർ സദാശിവൻ. അദ്ദേഹം തന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടിക്കു പ്രണാമം അർപ്പിച്ചെഴുതിയ ‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ...’ എന്ന പാട്ട് പാടാൻ നിശ്ചയിച്ചത് സദാശിവനെയാണ്. സദാശിവന്റെ ശബ്ദത്തിൽ പാട്ടിന്റെ റിക്കോർഡിങ്ങും രംഗങ്ങളുടെ ചിത്രീകരണവും കഴിഞ്ഞിരുന്നെങ്കിലും മ്യൂസിക് കമ്പനിയുടെ കടുംപിടിത്തത്തിനു വഴങ്ങി യേശുദാസിനെക്കൊണ്ട് മാറ്റി പാടിക്കുകയായിരുന്നു.

shajancmathew@mm.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com