ADVERTISEMENT

സങ്കൽപ്പ വായുവിമാനത്തിലേറി എത്രയോ വട്ടം റഫീക്ക് അഹമ്മദ് സഞ്ചാരം നടത്തിയിട്ടുണ്ട്.

ആ സഞ്ചാരത്തിന്റെ ശേഷിപ്പുകൾ വേനൽപ്പുഴയിൽ തെളിനീരായും കാത്തിരുന്നു കാത്തിരുന്നു മെലിഞ്ഞ പുഴയായും മരണമെത്തുന്ന നേരത്ത് അരികിലിരിക്കാനുള്ള ക്ഷണമായും പറയാൻ മറന്ന പരിഭവങ്ങളായും മൺവീണയിൽ ശ്രുതിയുണർത്തുന്ന മഴയായുമെല്ലാം മലയാള ഗാനാസ്വാദകരുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്.

മനോഹരമായ സിനിമാ ഗാനങ്ങളും ഉള്ളുലയ്ക്കുന്ന കവിതകളും അഴുക്കില്ലം എന്ന നോവലും ഈ മനോവിമാനസഞ്ചാരത്തിന്റെ തെളിവുകളായി നമുക്കു മുന്നിലുണ്ട്.

എഴുത്തിന്റെ വഴികളിൽ ചിറകില്ലാതെ പറക്കുന്ന ഈ കവി ഇക്കഴിഞ്ഞ ഏപ്രിലിൽ, തന്റെ 57–ാം വയസ്സിൽ ആദ്യ വിമാനയാത്ര നടത്തി. ആ യാത്ര ഇത്രയും വൈകിയത് എന്തുകൊണ്ടെന്നറിയണമെങ്കിൽ ഈ വായനായാത്ര തുടരുക.

‘വെറുതേ ഒരു പേടി.’ തീർത്തും അയുക്തികമായ ഭയം. ഇതല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല...’ റഫീക്ക് അഹമ്മദ് വിമാനഭീതിക്കഥ പറഞ്ഞുതുടങ്ങുന്നതിങ്ങനെ.

എന്തിനാണു പേടിയെന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. എല്ലാവർക്കുമുണ്ടാകുമല്ലോ ഓരോരോ ഭയങ്ങൾ. കാറ്റിനെ, ഇടിമിന്നലിനെ, തീയെ, വെള്ളത്തെ, ലിഫ്റ്റിനെ... അത്തരമൊരു പേടിയായിരുന്നു വിമാനങ്ങളെ എക്കാലവും. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഇഴകീറിപ്പരിശോധിക്കാനൊന്നും റഫീക്ക് നിന്നിട്ടുമില്ല.

അതു മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയതുമില്ല. മരുന്നു കഴിച്ചാൽ ഈ പേടി മാറുമെന്നു പറഞ്ഞ വിദഗ്ധരുണ്ടെങ്കിലും വിമാനങ്ങളെ തൊടാതെ റഫീക്കും റഫീക്കിനെ കയറ്റാതെ വിമാനങ്ങളും സഞ്ചാരം തുടർന്നുകൊണ്ടേയിരുന്നു, ഏറെക്കാലം.

ആ പേടി പരസ്യമാകുന്നു

എങ്ങനെയാകാം കവിയുടെ വിമാനപ്പേടി പരസ്യമായത്?. സംവിധായകൻ രഞ്ജിത്താണ് അതിനു കാരണക്കാരൻ. പത്രത്തിലെ തന്റെയൊരു കോളത്തിൽ പലതരം പേടികളെക്കുറിച്ച് എഴുതിയ രഞ്ജിത്ത് പറഞ്ഞുപോയതാണ് അടുപ്പക്കാർക്കു മാത്രമറിയാവുന്ന റഫീക്കിന്റെ വിമാനപ്പേടി.

അതു വന്നതോടെ സിനിമാ മേഖലയിലടക്കം എല്ലാവരും റഫീക്കിന്റെ ട്രെയിൻ യാത്രകളുടെ രഹസ്യം തിരിച്ചറിഞ്ഞു. ഒരു തമിഴ് സിനിമാ ചർച്ചയ്ക്കിടെ ചെന്നൈയിൽനിന്ന് അടിയന്തരമായി നാട്ടിലെത്തേണ്ട റഫീക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാത്തതിനാൽ അവിടെനിന്നു പാലക്കാട് വരെ ടാക്സി വിളിച്ചു പോയിട്ടുണ്ട്.

അതും നിർമാതാക്കൾ എടുത്തുനീട്ടിയ വിമാന ടിക്കറ്റിനോട് നിർദയം ബൈ പറഞ്ഞുകൊണ്ട്. 

എന്തായാലും ക്ലൈമാക്സ് ആദ്യമേ പറയാം. കാലങ്ങൾ കൊണ്ടുനടന്ന പേടി മാറ്റിവച്ച് റഫീക്ക് അഹമ്മദ് എന്ന എഴുത്തുകാരൻ വിമാനത്തിൽ പറന്നു.

rafeekfriends
റഫീക്ക് അഹമ്മദ് (നടുവിൽ) സുഹൃത്തുക്കളായ മുനീറിനും യൂസഫ് കാരയ്ക്കാടിനുമൊപ്പം വിമാനത്തിൽ.

നീണ്ട കാത്തിരിപ്പിനൊടുവിൽ, ഒത്തിരി ആലോചനകൾക്കൊടുവിൽ കന്നിവിമാനയാത്ര എന്ന വൻ കടമ്പ കവി പൂർത്തിയാക്കി. ധൈര്യം പകരാനെത്തിയ രണ്ടു സുഹൃത്തുക്കൾ ഇരുവശത്തും ഉണ്ടായിരുന്നതിനാൽ വിചാരിച്ചത്രയും കഠിനമായില്ല യാത്രയെന്നു റഫീക്ക്. എന്നാലത് അത്ര എളുപ്പമായിരുന്നെന്നു കരുതല്ലേ എന്നു കൂട്ടിച്ചേർക്കൽ.

ഏപ്രിൽ 5, 2019

ഈ ദിവസം ജീവിതത്തിൽ മറക്കില്ല റഫീക്ക്. ഒരിക്കലും മാറില്ലെന്ന ഒരു പേടിയുടെ കൊമ്പൊടിച്ചത് അന്നാണ്. അതിലേക്കു നിമിത്തമായത് അബുദാബി മലയാളി സമാജത്തിന്റെ സ്വീകരണവും പുരസ്കാരവും.

കുന്നംകുളം എൻആർഐ സംഘത്തിന്റേതടക്കം ഒട്ടേറെ പരിപാടികളുമുണ്ടായിരുന്നു അവിടെ. വിമാനയാത്ര കൂടാതെ പറ്റില്ലെന്നതിനാൽ പതിവുപോലെ ക്ഷണം നിരസിക്കാനായിരുന്നു ശ്രമം. കവി വി. മധുസൂദനൻ നായർ അടക്കമുള്ളവർ ഉപദേശിച്ചു. ഇതു വേണ്ടെന്നു വയ്ക്കരുത്. പുരസ്കാരം സ്വീകരിക്കണം. യാത്രയൊക്കെ സുഖമാകും...

പൊതുവേ യാത്രകളൊന്നും ഇഷ്ടമല്ലാത്ത, വിമാനയാത്ര ഓർമയിൽപോലും സുഖകരമല്ലാത്ത കവി, അങ്ങനെയെങ്കിൽ ഒന്നു ശ്രമിക്കാമെന്നു കരുതി.

വിമാനങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചുമെല്ലാം ഇന്റർനെറ്റിൽ പരതിപ്പരതി ഒരു സത്യം മനസ്സിലാക്കി. അപകടസാധ്യത ഏറ്റവും കുറവ് വിമാനയാത്രയ്ക്കാണ്. അല്ലെങ്കിലും തൃശൂർ– കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ യാത്ര ചെയ്യുന്നൊരാൾക്ക് എന്തു മരണഭയം ഉണ്ടാകാനെന്ന ചോദ്യവും റഫീക്കിന്റേതാണ്. 

ഏറെക്കാലമായി ചങ്കോടു ചേർന്ന രണ്ടു സുഹൃത്തുക്കൾ പകർന്ന ധൈര്യമാണ് വിമാനയാത്രയോടു കവിക്ക് അർധസമ്മതമുണ്ടാക്കിയത്. മാപ്പിളപ്പാട്ടു ഗായകനെന്ന നിലയിൽ ശ്രദ്ധേയനായ യൂസഫ് കാരയ്ക്കാടും ലിവയിൽ താമസിക്കുന്ന മുനീറുമാണ് യാത്രയിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയത്. ഒന്നും പേടിക്കേണ്ടെന്നും തങ്ങൾ കൈപിടിച്ചോളാമെന്നും അവർ പറഞ്ഞതോടെ മനസ്സിലെ വായുഗർത്തങ്ങളുടെ ആഴം കുറ‍ഞ്ഞു. 

കൊച്ചിയിൽനിന്നായിരുന്നു വിമാനം. കൊച്ചി–അബുദാബി ഫ്ലൈറ്റ്. ഭാഗ്യത്തിന് രാത്രിയിലായിരുന്നു യാത്ര. കൊടിയ നെഞ്ചിടിപ്പും ആശങ്കകളുമായി റഫീക്ക് കൂട്ടുകാർക്കൊപ്പം വിമാനമേറി.

റഫീക്കിന്റെ കയ്യിൽ മുറുകെപ്പിടിച്ച് മുനീറും യൂസഫും. കവി ആദ്യ വിമാനയാത്രയിലേക്കും സുഹൃത്തുക്കൾ അവരുടെ പല യാത്രകളിലേക്കൊന്നിലേക്കും സീറ്റ് ബെൽറ്റ് മുറുക്കിയതോടെ ടേക് ഓഫ് ശുഭകരം. രാത്രിയായതിനാൽ താഴേക്കൊന്നും നോക്കേണ്ടിവന്നില്ല. അല്ലെങ്കിലും കാണാനൊട്ടും മനസ്സുമുണ്ടായിരുന്നില്ല. 

കൂട്ടുകാർ കൊടുത്ത ധൈര്യവും മനസ്സിലാർജിച്ച ധൈര്യവും കയ്യിൽപ്പിടിച്ച് റഫീക്ക് സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് യൂസഫും മുനീറും സുഖമായുറങ്ങുന്നു. അടുത്ത സീറ്റുകളിലേക്കും പാളിനോക്കി. യാത്രക്കാരെല്ലാം സുഖസുഷുപ്തിയിൽ.

പേടികളുടെ വിമാനം വീണ്ടും മനസ്സിലേക്ക് ഇരമ്പിയെത്തി. ഉള്ളിലൊരു വല്ലാത്ത ആന്തൽ. താൻ ശൂന്യതയിലാണെന്ന തോന്നൽ. ഭൂമിയുമായുള്ള ബന്ധം വിട്ടെന്ന ആശങ്ക, ഒരു പേടകത്തിലെ യാത്ര,  സംസാരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ... എന്തായാലും കയറിപ്പോയില്ലേ... ഇറങ്ങുംവരെ ഇരിക്കുകതന്നെ; സ്ക്രീനിൽ ഏതോ സിനിമ കാണുംമട്ടിലിരുന്നു. അതോടെ പേടിയുടെ വേഗമൊന്നു കുറ‍ഞ്ഞു. 

യാത്രയൊന്നു വേഗം തീരണേ എന്ന പ്രാർഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഒടുവിൽ അബുദാബി വിമാനത്താവളത്തിൽ ലാൻഡിങ്.

ഇത്രയല്ലേ ഉള്ളൂ എന്ന മട്ടിൽ കൂട്ടുകാരുടെ ചിരി. മൂന്നര മണിക്കൂറിലെ എരിഞ്ഞുതീരാത്ത ഓർമകൾ റഫീക്കിന്റെയുള്ളിൽ പിന്നെയും പുകഞ്ഞു.

rafeekcartoon

അങ്ങനെ ആദ്യ വിമാനയാത്രയുമായി റഫീക്ക് കടലിനപ്പുറം ലാൻഡ് ചെയ്യുമ്പോൾ സഫലമായത് 17 വർഷങ്ങളായുള്ള വിമാനത്തിന്റെ വിളിയാണ്.

വിമാനം തന്ന കവിത

റഫീക്കിന്റെ ഏറ്റവും പുതിയ കവിതകളിലൊന്നാണ് വേനൽമൊഴി. ആദ്യ വിമാനയാത്ര സമ്മാനിച്ച കവിതയെന്നു പറയാം.

മണലാരണ്യത്തിലെ വെയിൽത്തീയെ മറയ്ക്കാൻ ഒരു കാക്കക്കാലിന്റെ പോലും തണലില്ലാത്ത ഒരു കാലത്തെക്കുറിച്ച് ഒരു പ്രവാസി മലയാളി അവിടെ സംസാരിച്ചതു കേട്ടപ്പോഴാണ് കവിതയുടെ കുത്ത് കവിക്കേറ്റത്. 

സൗഹൃദക്കൂട്ടായ്മയിൽ, ഇന്നു ഗൾഫിൽ നല്ലനിലയിലുള്ള ഒരാൾ താനവിടെ എത്തുന്ന കാലത്തെക്കുറിച്ചു പറഞ്ഞിരുന്നു. റോ‍ഡുനിർമാണമായിരുന്നു ജോലി.

വെറും മണലാരണ്യം. ഇടയ്ക്ക് ആകാശത്ത് വിമാനങ്ങളെ കാണാം. അതൊന്നു തലയ്ക്കു മുകളിൽ നിന്നാൽ അൽപം തണൽ കിട്ടിയേനെ എന്ന് ആഗ്രഹിച്ചിരുന്നെന്ന് അയാൾ പറഞ്ഞപ്പോൾ റഫീക്കിന്റെ മനസ്സിലെ വിമാനവുമായി അതു കൂട്ടിമുട്ടി. 

പത്തു ദിവസത്തോളം അവിടെയുണ്ടായിരുന്നു. ഒട്ടേറെ പരിപാടികൾ, പ്രവാസലോകത്തിന്റെ നിറസ്നേഹം... വന്നില്ലായിരുന്നെങ്കിൽ നഷ്ടമായേനെ എന്നു തോന്നിപ്പിച്ച ദിനങ്ങൾ. 

പക്ഷേ, മടക്കയാത്രയുടെ ദിനമടുത്തതോടെ വീണ്ടും ഭയപ്പാട്. പക്ഷേ, പണ്ടത്തെയത്രയും ഇല്ല. യൂസഫ് മാത്രമാണ് ഏപ്രിൽ 15നു മടക്കയാത്രയിൽ കൂടെയുണ്ടായിരുന്നത്. 

എന്തായാലും, കുടഞ്ഞുകളഞ്ഞ പേടിയുമായി പ്രിയപ്പെട്ട അക്കിക്കാവിൽ തിരിച്ചെത്തിയ കവിക്ക് ഇപ്പോഴും വിമാനയാത്ര ഇഷ്ടമല്ല. ‘പേടി കുറഞ്ഞെന്നു മാത്രം. ഇനിയൊന്ന് പകൽ പോയിനോക്കണമെന്നുണ്ട്...’

വിമാനപ്പേടിമൂലം ഉപേക്ഷിച്ച യാത്രകളിൽ ചിലത് റഫീക്കിന്റെ ഓർമകളിൽ വട്ടമിട്ടു പറക്കുന്നുണ്ട്. യുഎസിലേക്കുള്ള ക്ഷണമായിരുന്നു അതിലേറ്റവും വലുത്. ദുബായിലേക്കും ഹൈദരാബാദിലേക്കുമൊക്കെ പലവിധ ചടങ്ങുകളിലേക്കുള്ള നിറമുള്ള ക്ഷണങ്ങൾ വേണ്ടെന്നുവച്ചതും വിമാനപ്പേടി മൂലമാണ്.  

എന്തായാലും വിമാനപ്പേടി പോയല്ലോ? വിമാനയാത്ര ചെയ്യാത്തവരോട് എന്താണു പറയാനുള്ളത്? – അവസാന ചോദ്യവുമായി എഴുന്നേറ്റപ്പോഴേക്കും റഫീക്കിന്റെ മറുപടിയെത്തി: ‘‘ഒന്നും പേടിക്കേണ്ട, ധൈര്യമായി കയറിക്കോളൂ... ഒരു പ്രശ്നവുമില്ല.’’  

ശബ്ദമൊന്നൊതുക്കി ആത്മഗതം പിന്നാലെ: എന്തായാലും ഞാനില്ല, എനിക്കത്ര ഇഷ്ടമല്ല. 

നിറഞ്ഞ ചിരിയോടെ മാനത്തേക്കു നോക്കുന്ന റഫീക്കിന്റെ മനസ്സിൽ ആയിരം വിമാനങ്ങളുടെ ഇരമ്പലെത്തിയിട്ടുണ്ടാകാം. വേനൽമൊഴിയിലെ വരികളാണ് ഉള്ളിലേക്കു പൊട്ടിവീണത്:

ഉയരങ്ങളെ പേടിപ്പൂ

അന്നുമിന്നും സഹോദരാ

താഴ്ചയെന്നെ വലിക്കാറു–

ണ്ടേതുയർച്ചയെയോർക്കിലും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com