ADVERTISEMENT

ഇരുപതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയതിന്റെ നാലാം വർഷം. അതുവരെ ജോലി ചെയ്തിരുന്ന നൈജീരിയൻ കയറ്റുമതി കമ്പനിക്കു സാജൻ പാറയിൽ ഒരിക്കൽ കൂടി കത്തയച്ചു. കമ്പനിയുടെ മേഖലാ തലവനായി വീണ്ടും ജോലി നൽകാമോ എന്ന അഭ്യർഥനയായിരുന്നു അത്.

ചുവപ്പുനാടയുടെ കുരുക്ക് കഴുത്തിൽ മുറുകി ജീവനെടുക്കും മുൻപ് രക്ഷപ്പെടാനുള്ള അവസാന ശ്രമം. വരുമാനം പുനഃസ്ഥാപിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം, ജന്മനാട് നൽകിയ വേദനകളിൽ മനസ്സുമടുത്ത ഒരു പ്രവാസിയുടെ രക്ഷപ്പെടാനുള്ള ശ്രമം കൂടിയായിരുന്നു അത്.

നാടിന്റെ വികസനത്തിനൊപ്പം സഞ്ചരിക്കണമെന്ന് ആഗ്രഹിച്ചു കയ്യിലെ പണം മുഴുവൻ നിക്ഷേപിച്ച് സംരംഭം തുടങ്ങിയ ഒരു പ്രവാസി.

അങ്ങനെയൊരാൾ വെറും 3 വർഷം കൊണ്ട് മനസ്സു മടുത്ത് ജീവനൊടുക്കിയതിന്റെ കാരണം അറിയണമെങ്കിൽ കണ്ണൂർ ചിറക്കൽ അരയമ്പേത്ത് നൂപുരത്തിൽ സാജൻ പാറയിലിന്റെ (49) ജീവിതത്തിലൂടെ അൽപനേരം സഞ്ചരിച്ചാൽ മതി!

ചുമടെടുപ്പ് മുതൽ എന്തും!

കൊറ്റാളി അരയമ്പേത്ത് ലക്ഷ്മണന്റെയും മൈഥിലിയുടെയും നാലാമത്തെ മകനാണു സാജൻ. ബിസിനസിനോടുള്ള ആഗ്രഹവും കഠിനാധ്വാനവും ആശയങ്ങളുമായിരുന്നു സാജന്റെ ചിറകുകൾ.

പറന്നുയരാൻ ഇനിയും ഉയരങ്ങൾ ബാക്കി നിൽക്കെയാണ് സിപിഎമ്മിന്റെ പാർട്ടിഗ്രാമത്തിലെ കൺവൻഷൻ സെന്ററിന്റെ ചുവപ്പുനാട അദ്ദേഹത്തിന്റെ ജീവനെടുത്തത്.

30 വർഷത്തിനിടെ സാജൻ ചെയ്യാത്ത ജോലികളില്ല, എടുക്കാത്ത റിസ്കുകളുമില്ല. ബികോം ബിരുദം പൂർത്തിയാക്കി മാഹിയിലെ ടൈൽസ് കമ്പനിയിൽ അക്കൗണ്ടന്റായാണു തുടക്കം. ഇരുപത്തിയൊന്നാം വയസ്സിൽ മുംബൈയിലേക്കും അവിടെ നിന്ന് 29–ാം വയസ്സിൽ നൈജീരിയയിലേക്കും പോയതാണു വഴിത്തിരിവായത്.

സാജൻ ആദ്യമായൊരു സംരംഭകനാകുന്നതു നൈജീരിയയിലാണ്. 1990കളുടെ അവസാനം നൈജീരിയയിലെ മാർക്കറ്റുകളിലേക്ക് ഹോൾസെയിലായി സ്റ്റീൽ പാത്രങ്ങൾ എത്തിക്കുന്ന ബിസിനസ്. തോക്കുമായി നൈജീരിയൻ കൊള്ളക്കാർ വീടുകളിലും കടകളിലും കവർച്ച നടത്തിയിരുന്ന കാലം.

പിടിച്ചുപറിക്കാരുടെ കേന്ദ്രമായ മാർക്കറ്റിലേക്കു സാധനമെത്തിക്കുന്നതു ദുഷ്കരമായിരുന്നു. ഏതു സമയവും ആക്രമണമുണ്ടാകുമെന്ന ഭയത്തിൽ കൊള്ളക്കാരെത്തിയാൽ എടുത്തു കൊടുക്കാൻ വേണ്ടി പണം പ്രത്യേകം മാറ്റിവച്ചിരുന്നതായും ഭാര്യ ബീന ഓർക്കുന്നു.

കുടുംബത്തെ നൈജീരിയയിലേക്ക് ഒപ്പം കൂട്ടിയ സമയത്ത് താമസിക്കാൻ നല്ല വീടു പോലും ഉണ്ടായിരുന്നില്ല. സ്റ്റീൽ പാത്ര വിതരണം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി, ഹോട്ടൽ, റസ്റ്ററന്റ് തുടങ്ങി ഒട്ടേറെ മേഖലകളിൽ സാജൻ കൈവച്ചു.

20 വർഷത്തെ പ്രവാസ ജീവിതത്തെ സാജൻ ഒറ്റവാക്കിൽ ചുരുക്കിപ്പറഞ്ഞിരുന്നത് ഇങ്ങനെയാണ്: ചുമട്ടുകാരൻ മുതൽ മാനേജിങ് ഡയറക്ടർ വരെ. സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കാൻ രാപകലില്ലാതെ അധ്വാനിക്കുന്നതിനിടെ സ്വന്തം കമ്പനിയിലെ ചുമടെടുപ്പ് മുതൽ കണക്കെഴുത്തുവരെ സാജൻ ചെയ്തു.

മനസ്സ് നിറയെ സ്വപ്നങ്ങൾ

anthoorsajanwife
സാജന്റെ ഓർമകളുമായി ഭാര്യ ബീന ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

നൈജീരിയയിൽ, ഹക്കാൻ അഗ്രി എക്സ്പോർട്ട് കമ്പനിയിൽ കൺട്രി മാനേജർ പദവിയിൽ ജോലി ലഭിച്ചതോടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു.

എള്ള്, പച്ചക്കറി, കശുവണ്ടി തുടങ്ങിയവ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന കമ്പനിയുടെ നൈജീരിയയിലെ മേധാവിയായിരുന്നു സാജൻ. നാട്ടിലേക്കുള്ള അവധിയാത്രകളാണ് ഇവിടെയും സംരംഭം തുടങ്ങണമെന്നു സ്വപ്നം കാണാൻ സാജനെ പ്രേരിപ്പിച്ചത്. നൈജീരിയയിൽ നിന്നു തിരിച്ചുവരാൻ ഭാര്യ ബീനയ്ക്കോ മക്കളായ പാർഥിപിനോ അർപ്പിതയ്ക്കോ താൽപര്യമുണ്ടായിരുന്നില്ല.

2014ൽ നാട്ടിലേക്കു സ്ഥിരമായി മടങ്ങുന്നതിനു മുൻപു തന്നെ കണ്ണൂരിൽ പാർഥ ബിൽഡേഴ്സ് എന്ന സംരംഭത്തിനു സാജൻ തുടക്കം കുറിച്ചു. വിവിധ സ്ഥലങ്ങളിൽ വില്ല പ്രോജക്ടുകൾ ഇതിന്റെ ഭാഗമായി ആരംഭിച്ചു.

ശുദ്ധഹൃദയനും നിഷ്കളങ്കനുമായ ഒരാൾക്കു ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നു സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഏറ്റെടുക്കുന്ന ജോലികളിലെ പൂർണതയും ആത്മാർഥതയും കൊണ്ടായിരുന്നു പാർഥ ബിൽഡേഴ്സ് അത്തരം സംശയങ്ങളെ മറികടന്നത്.

നാട്ടിൽ തിരിച്ചെത്തിയതോടെ സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായി. പാർട്ടി പരിപാടികളുടെ സ്പോൺസർ എന്ന നിലയിൽ സാജൻ സിപിഎമ്മിനും വളരെ അടുപ്പമുള്ളയാളായി.

ഇതിനിടയിലാണു ആന്തൂർ നഗരസഭയിലെ ബക്കളത്ത് 10 വില്ലകളും അതിനോടു ചേർന്നു കൺവൻഷൻ സെന്ററും നിർമാണം ആരംഭിച്ചത്.

സാജന്റെ മരണശേഷം ഭാര്യ ബീന പറയുന്നത് ഇതാണ്: ‘‘ഒരു പ്രവാസിയുടെ പണവും സഹായവും എപ്പോഴും എല്ലാവർക്കും ആവശ്യമായിരുന്നു. എന്നാൽ ഒരു പ്രശ്നമുണ്ടായപ്പോൾ കൂടെ നിൽക്കാൻ ആരും ഉണ്ടായില്ലെന്ന് അദ്ദേഹത്തിനു തോന്നി. നെഞ്ചിലേറ്റി കൊണ്ടു നടന്നവർ തന്നെ സഹായിച്ചില്ല എന്ന തോന്നലായിരുന്നു സാജനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്’’.

അഴിയാക്കുരുക്ക്

കേരളത്തിൽ മറ്റൊരു വ്യവസായിക്കും നേരിടേണ്ടി വരാത്ത കുരുക്കുകളാണു സിപിഎം ഭരിക്കുന്ന, പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാത്ത ആന്തൂർ നഗരസഭയിൽ സിപിഎം അനുഭാവി കൂടിയായ സാജനു നേരിടേണ്ടി വന്നതെന്നു ബീന പറയുന്നു.

സാജനും ഭാര്യ ബീനയും ബീനയുടെ പിതാവ് പാലോളി പുരുഷോത്തമനുമായിരുന്നു കൺവൻഷൻ സെന്ററിന്റെ മാനേജിങ് പാർട്നർമാർ.

2014ൽ കൺവൻഷൻ സെന്റർ നിർമാണം തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോഴാണു പ്രശ്നങ്ങളുടെ തുടക്കം. 2017 നവംബർ 29നു പരിശോധനയ്ക്കെത്തിയ നഗരസഭാ സംഘം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് 2018 ജനുവരി 30നും നോട്ടിസ് ലഭിച്ചു.

ഇതോടെ, സഹായം തേടി സാജൻ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനെ സമീപിച്ചു. ഈ സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷയും സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്ക്കു നീരസമുണ്ടായെന്നും ഈഗോയുടെ പേരിൽ പകപോക്കലുണ്ടായെന്നും മരണം വരെ സാജൻ വിശ്വസിച്ചിരുന്നതായി ഭാര്യ ബീന പറയുന്നു.

പിന്നീട് 2018 നവംബർ 19, 2019 ഏപ്രിൽ 20 തീയതികളിൽ നോട്ടിസ് നൽകി നഗരസഭ വീണ്ടും നിർമാണം മുടക്കി. ഒടുവിൽ സാജൻ മരിക്കുന്നതിനു 3 ദിവസം മുൻപ് ജൂൺ 15ന് 7 ക്രമക്കേടുകൾ അക്കമിട്ടു നിരത്തി മറ്റൊരു നോട്ടിസ് നഗരസഭാ സെക്രട്ടറി തയാറാക്കിയിരുന്നു. എന്നാൽ അതു കൈപ്പറ്റാൻ സാജൻ കാത്തുനിന്നില്ല.

നഗരസഭ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ ഇവയാണ്: കൺവൻഷൻ സെന്ററിനു ചുറ്റും മതിയായ സ്ഥലം ഒഴിച്ചിട്ടില്ല, പ്ലാനിൽ ഓപ്പൺ സ്പേസ് എന്നു കാണിച്ച സ്ഥലത്തു നിർമാണം നടത്തി, ബാൽക്കണി ഏരിയ 25 ശതമാനം അധികം പണിതു, പ്ലാനിൽ ഇല്ലാത്ത സോളർ പാനൽ സ്ഥാപിച്ചു, ആവശ്യത്തിനു വാഷ്ബേസിനും ശുചിമുറിയും ഇല്ല, റാംപിനു വേണ്ടത്ര ചെരിവില്ല.

തിരുവനന്തപുരം മുതൽ കാസർകോട് വരെ പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടങ്ങളിൽ ഇതിനേക്കാൾ ഗുരുതരമായ ചട്ടലംഘനമില്ലേയെന്ന സാജന്റെ കുടുംബത്തിന്റെ ചോദ്യത്തിനു പക്ഷേ, അധികൃതർക്ക് ഉത്തരമില്ല.

ഇനി വേറെ വഴിയില്ല

10 കോടി രൂപയായിരുന്നു കൺവൻഷൻ സെന്ററിനായി സാജൻ പരമാവധി മനസ്സിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ നഗരസഭയുടെ ഇടപെടൽമൂലം പണി നീണ്ടു. അധികം പണം ചെലവഴിക്കേണ്ടി വന്നു. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം പോലും ചെലവാക്കേണ്ടി വന്നതോടെ പ്രതിസന്ധിയായി.

കോടതിയെ സമീപിച്ചാൽ ഒത്തുതീർപ്പ് അനന്തമായി നീണ്ടുപോകുമോ എന്നതും ഭയത്തിനിടയാക്കി. അതുവരെയുള്ള സമ്പാദ്യം മുഴുവൻ ഒറ്റ സംരംഭത്തിൽ നിക്ഷേപിച്ച ശേഷം അതിൽ നിന്നൊരിക്കലും വരുമാനം ലഭിക്കില്ലേ എന്ന ചിന്തയാണു സാജനെ തകർത്തു കളഞ്ഞത്.

ഇങ്ങനെ ഒരവസ്ഥയിലാണ് ഒരിക്കൽ കൂടി തിരിച്ചുവരാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു സാജൻ നൈജീരിയയിലെ കമ്പനിക്ക് അഭ്യർഥന അയച്ചത്. എന്നാൽ, സെപ്റ്റംബറിൽ ആരംഭിക്കുന്ന സീസണിൽ പരിഗണിക്കാമെന്നു കമ്പനി മറുപടി നൽകിയതോടെ തൽക്കാലത്തേക്ക് ആ വാതിലും അടഞ്ഞു.

ഏപ്രിൽ 12നാണു പണി പൂർത്തിയാക്കി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. നിയമപ്രകാരം 15 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടർന്നുള്ള മാസങ്ങളിലേക്കു വിവാഹങ്ങളുടെ ബുക്കിങ് സ്വീകരിച്ചിരുന്നു.

എന്നാൽ, ഇവിടെ വിവാഹം നടത്തിയവർക്കു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നതോടെ തുടർന്നുള്ള ബുക്കിങ് ഒഴിവാക്കി. ഇക്കാര്യത്തിൽ അനിഷ്ടം പ്രകടിപ്പിച്ചു ചിലർ വിളിച്ചു. അവർക്കുണ്ടായ സാമ്പത്തിക നഷ്ടം വഹിച്ചോളാമെന്നു സാജൻ ഉറപ്പു നൽകേണ്ടി വന്നതായി ജീവനക്കാർ പറയുന്നു.

മരിക്കുന്നതിന് ഒരാഴ്ച മുൻപു സാജന് ഉറക്കം തീർത്തും നഷ്ടപ്പെട്ടതായി ബീന ഓർക്കുന്നു. കൺവൻഷൻ സെന്ററിന് ഒരിക്കലും അനുമതി കിട്ടില്ല, പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നു തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.

ദേശീയപാതയോരത്ത് ആർക്കും വേണ്ടാതെ അതൊരു സ്തൂപമായി തുരുമ്പെടുക്കുമെന്നു നഗരസഭാധ്യക്ഷ പറഞ്ഞതായും സാജൻ കുടുംബത്തോടു സൂചിപ്പിച്ചു.

മരണത്തിന്റെ തലേന്ന് അതുവരെ മനസ്സിലടക്കിവച്ച എല്ലാ ദുഃഖവും ചേർത്തു സാജൻ ബീനയോടു പറഞ്ഞു: ‘‘നാട്ടിലേക്ക് ഒരിക്കലും തിരിച്ചു വരരുതായിരുന്നു’’.

18നു വൈകിട്ടു കുടുംബത്തിനൊപ്പം ഒരുമിച്ച് ഉറങ്ങാൻ പോയ സാജനെ രാവിലെ കാണാതായപ്പോഴും ആരും അഹിതമായതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ 20 വർഷത്തെ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചു സാജൻ യാത്രയായെന്നത് ഉൾക്കൊള്ളാൻ കുടുംബത്തിന് ഇനിയുമായിട്ടില്ല.

സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കുകയും വേദന സ്വയം ഉള്ളിലടക്കുകയും ചെയ്യുന്നതായിരുന്നു സാജന്റെ ശീലം. ഇത്രയധികം വിഷമം ഉള്ളിലുണ്ടായിട്ടും ആരും അറിയാതെ പോയത് അതുകൊണ്ടാണെന്നും കുടുംബം സങ്കടപ്പെടുന്നു.

സാജന്റെ മരണശേഷം വിവാദങ്ങളേറെയുണ്ടായി. സിപിഎം കണ്ണൂർ വിഭാഗത്തിലെ ഇരുചേരികൾ തമ്മിലുണ്ടായ ഈഗോയാണു സാജന്റെ ജീവനെടുത്തതെന്ന ആരോപണം പുകഞ്ഞു കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ, ഈ മാസം തന്നെ കൺവൻഷൻ സെന്ററിന് അനുമതി നൽകുമെന്നു മന്ത്രി എ.സി. മൊയ്തീന്റെ പ്രഖ്യാപനവും വന്നു.

മാറണം ചട്ടങ്ങൾ; മനോഭാവവും

രണ്ടു വർഷം മുൻപ് ഒരു ദൃശ്യമാധ്യമം സംപ്രേഷണം ചെയ്ത സാജന്റെ അഭിമുഖം മരണശേഷം വൈറലായി. അതിൽ സാജൻ പറയുന്നതിങ്ങനെ:

‘‘ സംരംഭകന്റെ കയ്യിൽ പണം ഉണ്ടായതുകൊണ്ടു മാത്രം പോരാ. നമ്മുടെ നഗരസഭകളിലും ടൗൺ പ്ലാനിങ് ഓഫിസുകളിലും ഓരോ രേഖകളുടെ പേരു പറഞ്ഞ് അനാവശ്യമായി സംരംഭകനെ ബുദ്ധിമുട്ടിക്കുകയാണ്.

എന്ത് ആവശ്യത്തിനു ചെന്നാലും വലിയ കാലതാമസമുണ്ടാകുന്നു. ഈ സ്ഥിതി മാറണം’’. മരണമൊഴി പോലെ സാജൻ പറഞ്ഞ ആ വാക്കുകൾ കേരളത്തിനൊരു മുന്നറിയിപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com