ADVERTISEMENT

മാന്ദാമംഗലം വനംകൊള്ളക്കേസിലെ ഒന്നാം പ്രതി ബൈജു എങ്ങനെയാണ് മരിച്ചതെന്നതിന് ഇപ്പോഴുമില്ല ഉത്തരം.  മരിക്കുന്നതിനു മുൻപ് ബൈജു അന്വേഷണ സംഘത്തിനു നൽകിയ മൊഴി ഇക്കാലമത്രയും മൂടിവയ്ക്കപ്പെട്ടു.  കസ്റ്റഡി മരണം ചർച്ചയാകുമ്പോൾ ആ വെളിപ്പെടുത്തലുകൾ ആദ്യമായി വെളിച്ചം കാണുന്നു...

‘‘സർ, എനിക്കു മടുത്തതുകൊണ്ടാണ് ‌

അങ്ങയുടെ മുന്നിൽ സ്വയം ഹാജരായി

ഈ വെളിപ്പെടുത്തലുകൾ നടത്തുന്നത്.

ഞാൻ ചെയ്യാത്ത കുറെ കുറ്റങ്ങൾ ആളുകൾ

എന്റെ പേരിൽ അടിച്ചേൽപ്പി‌ക്കുന്നുണ്ട്...’’

തൃശൂർ മാന്ദാമംഗലം വനംകൊള്ളക്കേസിലെ ഒന്നാം പ്രതി ഏഴോലിക്കൽ ബൈജു വനംവകുപ്പ് അന്വേഷണ സംഘത്തോടു നടത്തിയ ഏറ്റുപറച്ചിൽ മൊഴിയുടെ തുടക്ക വാചകങ്ങളാണിത്. പക്ഷേ, മൊഴിയുടെ ഒടുക്കത്തിലെത്തിയപ്പോഴതു മരണമൊഴിയായി മാറിയിരുന്നു.

തെളിവെടുപ്പിനിടെ ഓടിപ്പോയ ബൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി വനംവകുപ്പ് പറഞ്ഞു. കസ്റ്റഡി മരണമെന്നു നാട്ടുകാരും ബന്ധുക്കളും വിലപിച്ചു. കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടത്തിയത് എങ്ങനെയെന്നും വനംവകുപ്പിലെ ഏതൊക്കെ ഉദ്യോഗസ്ഥർ പണം വാങ്ങി ഒത്താശ ചെയ്തെന്നും വെളിപ്പെടുത്തുന്ന ആ മൊഴിയും ബൈജുവിനൊപ്പം കുഴിച്ചുമൂടപ്പെട്ടു. കുഴിക്കുമേൽ അവസാനപിടി മണ്ണുവാരിയിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ മാന്ദാമംഗലം വനംകൊള്ളക്കേസ് ഒതുക്കി

നെടുങ്കണ്ടത്തെ കസ്റ്റഡി മരണം ചർച്ചയാകുമ്പോൾ ബൈജുവിന്റെ മരണമൊഴി ആദ്യമായി പുറംലോകം കാണുകയാണ്. മൊഴിയുടെ ഓരോ ഖണ്ഡികയും അതിനു പിന്നിലെ യാഥാർഥ്യവും കൈകോർക്കുന്നതു കാണൂ... മൂടിവയ്ക്കപ്പെട്ട സത്യങ്ങൾക്ക് അൽപായുസ്സത്രേ!

ഒന്നാം ഖണ്ഡിക: മുറിച്ച മരങ്ങളുടെ കണക്ക്

‘‘ഞാൻ മുറിച്ച മരങ്ങളുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയാൽ ആ തടികൾ എവിടേക്കു കടത്തപ്പെട്ടു എന്നെനിക്ക് ഓർമ വരും. പെട്ടെന്നു ചോദിച്ചാൽ ഓർമയിൽ നിന്നെടുത്തു പറഞ്ഞുതരാൻ കഴിയില്ല.

താമരവെള്ളച്ചാൽ ഭാഗത്തു നിന്നു ഞാൻ മുറിച്ച മരങ്ങളുടെ കൃത്യം കണക്ക് ഞാൻ തരാം. ഒരു മരം പോലും അതിൽ നിന്നു വിട്ടുപോയിട്ടില്ല. അവിടെ മാത്രം തുടക്കത്തിൽ ഇരുപതിലേറെ തേക്കുമരവും ഇരുൾമരവും മുറിച്ചു.’’

സംഭവിച്ചത്: 2015നും 2016നും ഇടയിൽ മാന്ദാമംഗലം വനമേഖലയ്ക്കു കീഴിലെ പാലക്കുന്ന്, താമരവെള്ളച്ചാൽ, വീണ്ടശേരി എന്നിവിടങ്ങളിൽ നിന്നു മുന്നൂറോളം തേക്ക്, ഈട്ടി മരങ്ങൾ മുറിച്ചുകടത്തപ്പെട്ടതായി വനംവകുപ്പ‍ിനു പരാതി ലഭിച്ചു. ആദ്യം പ്രതികരിച്ചില്ലെങ്കിലും സമ്മർദമേറിയപ്പോൾ 40 കേസുകൾ റജിസ്റ്റർ ചെയ്തു. താമരവെള്ളച്ചാൽ കോളനിയിലെ കൈവശഭൂമിയിൽ നിന്നുമാത്രം അനധികൃതമായി 18 തേക്കും ഈട്ടിയും മുറിച്ചുകടത്തി. ആദ്യ പരിശോധനയിൽ തന്നെ 50 മരക്കുറ്റികൾ കണ്ടെത്തി. മുന്നൂറോളം തേക്ക്, ഈട്ടി മരങ്ങളുടെ വിപണിമൂല്യം കോടികളാണ്.

രണ്ടാം ഖണ്ഡിക: കൊടുത്ത കാശിന്റെ കണക്ക്

‘‘ഞാൻ ചെയ്തതിനെല്ലാം ഫോറസ്റ്റുകാർ എന്റെ കയ്യിൽ നിന്നു പൈസ വാങ്ങിച്ചിട്ടുണ്ട്. ഓരോ ട്രിപ്പും കയറ്റുമ്പോഴും ഫോറസ്റ്റ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞിട്ടാണ് കയറ്റിയത്. സ്റ്റേഷനിലെ നാലു സാറുമ്മാരോട് പറഞ്ഞിട്ടാണ് ചെയ്തത്.

ഓഫിസർക്കും സ്റ്റാഫിനും പ്രത്യേകം പണം നൽകും. ഡപ്യൂട്ടി റേഞ്ചർക്ക് ഓരോ ലോഡിനും അയ്യായിരവും കിട്ടുന്നതിന്റെ പങ്കും കൊടുക്കും. സ്റ്റാഫിന് 5000 മുതൽ 10,000 വരെ. നാലഞ്ചു വർഷം മുൻപ് ഒരു സാറിന്റെ (പേര് വെളിപ്പെടുത്താൻ നിയമ തടസ്സം) കൂട്ടുകാരനു രണ്ട് ഈട്ടിയും ആറു തേക്കുമരങ്ങളും കാളക്കുന്ന് ഭാഗത്തു നിന്നു മുറിച്ചുകൊടുത്തു.

രണ്ടു ട്രിപ്പിന് 10,000 വീതവും പിന്നെയുള്ള ട്രിപ്പുകൾക്ക് 15,000 വീതവും വണ്ടിവാടകയ‍ായി തന്നു. ഈ സാർ പറ‍ഞ്ഞിട്ട് വാടാനപ്പിള്ളിയിൽ വരെ ഞാൻ തടി കയറ്റിയ വണ്ടി എത്തിക്കാറുണ്ട്. ഒരു ദിവസം സാറിന്റെ വീട്ടിൽ കുളിച്ചു വിശ്രമിച്ചാണ് ഞാൻ മടങ്ങിയത്.

സംഭവിച്ചത്: വനംകൊള്ളയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ അന്വേഷണം വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ 2017 ജൂലൈ 21ന് ചേരുംകുഴി ഏഴോലിക്കൽ ബൈജുവും പത്തു സഹായികളും പട്ടിക്കാട് റേഞ്ച് ഓഫിസർക്കു മുന്നിൽ കീഴടങ്ങി.

കുറ്റങ്ങൾ ഏറ്റുപറഞ്ഞു. ഫ്ലൈയിങ് സ്ക്വാഡ് സംഘം മൊഴി രേഖപ്പെടുത്തി. തടി കൊണ്ടുപോയ മില്ലുകൾ ബൈജു വനംവകുപ്പ് സംഘത്തിനു കാട്ടിക്കൊടുത്തു.

തെളിവെടുപ്പിനു ശേഷം തിരികെ മാന്ദാമംഗലം സ്റ്റേഷനിലെത്തിച്ചപ്പോൾ കാർപോർച്ചിൽ നിന്ന് ഓടിപ്പോയ ബൈജുവിനെ കണ്ടെത്തുന്നത് 23–ാം തീയതിയാണ്, മരിച്ച നിലയിൽ. കസ്റ്റഡി മരണമാണെന്നു വിവാദമുയർന്നപ്പോൾ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.വനംകൊള്ളക്കേസിലല്ല, കസ്റ്റഡിമരണക്കേസിൽ മാത്രം. ഇതോടെ ബൈജുവിന്റെ മൊഴിയിലെ വെളിപ്പെടുത്തലുകൾ തേഞ്ഞുമാഞ്ഞുപോയി.

മൂന്നാം ഖണ്ഡ‍ിക: വ്യാജ തൊണ്ടിക്കണക്ക്

‘‘മരംമുറിക്കേസ് വലിയ വിഷയമായപ്പോൾ ‍ഡപ്യൂട്ടി റേഞ്ചർ എന്നെ വിളിച്ച് തൊണ്ടി കൊടുക്കാൻ പറ്റുമോ എന്നു ചോദിച്ചു. എല്ലാവരും കൂടിയിട്ടാണ് വ്യാജ തൊണ്ടി ഒപ്പിക്കൽ‌ നടത്തിയത്. എന്റെ കേസുകൾ അന്നു പിടിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ കൊടുക്കാമെന്നു സമ്മതിച്ചു.

ഒരു തൊണ്ടിമുതൽ ഞാൻ എത്തിച്ചുകൊടുത്തു. കാളക്കുന്നു ഭാഗത്തു മറിഞ്ഞുകിടന്ന ഒരു തേക്കുമരമാണ് തൊണ്ടിയായി എത്തിച്ചുകൊടുത്തത്. രണ്ടുമൂന്ന് ഉണക്കക്കഷണങ്ങളാണ് നൽകിയത്. ഒരു ഫർണിച്ചർ കടയിൽ നിന്നു മോശം കഷണങ്ങൾ കൂടി തൊണ്ടിയായി എടുത്തുകൊണ്ടുവന്നു.

സംഭവിച്ചത്: ഫ്ലൈയിങ് സ്ക്വാഡ് വനംമന്ത്രിക്കു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യക്ഷ പങ്കോടെയാണ് വനംകൊള്ള നടന്നതെന്നു കൃത്യമായി പറയുന്നുണ്ട്.

കുറ്റകൃത്യം നടന്ന രണ്ടുവർഷങ്ങളിൽ മാന്ദാമംഗലം സ്റ്റേഷനിൽ ജോലിചെയ്ത റേഞ്ച് ഓഫിസർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എന്നിവർക്കു പങ്കുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. പരാതികൾ ലഭിച്ചിട്ടും മരക്കുറ്റികൾ കണ്ടെത്തി കേസ് റജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയ‍ാറായില്ല.

സമ്മർദം മുറുകിയപ്പോൾ‌ ഇതേ ഉദ്യോഗസ്ഥർ തന്നെ വനംകൊള്ളയിൽ കേസെടുത്തെങ്കിലും യഥാർഥ തടികൾക്കു പകരം തൊണ്ടിയായി കണ്ടെത്തിയത് കാശിനു കൊള്ളാത്ത പലകകളായിരുന്നു. ബൈജുവാണ് വ്യാജ തൊണ്ടി എത്തിച്ചുനൽകിയതെന്ന് റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു.

നാലാം ഖണ്ഡിക:ശല്യം തീർക്കാൻ കാശിന്റെ കണക്ക്

‘‘ഫ്ലൈയിങ് സ്ക്വാഡിലേക്കുള്ള പൈസ ഒരുദ്യോഗസ്ഥന്റെ കയ്യിലാണ് ഏൽപ്പിച്ചിരുന്നത്. നേരിട്ടും ഒരുതവണ കൊടുത്തിട്ടുണ്ട്. വീണ്ടശേരി കേസുകൾക്ക് 50,000 രൂപയും 10,000 രൂപയും രണ്ടുവട്ടമായി സ്ക്വാഡിൽ കൊടുത്തു. അവർ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയായിരുന്നു ഇത്.

രണ്ടുവർഷത്തിനിടെ രണ്ടുവട്ടം നേരിട്ടു പൈസ കൊടുക്കാൻ സ്ക്വാഡ് ഓഫിസിൽ പോയി. ഒരു മരംമുറിക്കേസ് പ്രശ്നമായപ്പോൾ 20,000 രൂപ സ്ക്വാഡ് ഓഫിസിൽ കൊടുത്തു.’’

സംഭവിച്ചത്: വനംവകുപ്പ് മേധാവിക്ക് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കേസ് ഒതുക്കാനുള്ള‌ ശ്രമത്തെക്കുറിച്ചു പരാമർശമുണ്ട്.

യഥാർഥ തൊണ്ടിക്കു പകരം വ്യാജ തൊണ്ടി കണ്ടെത്തിയെന്നും യഥാർഥ പ്രതികളെ പിടികൂടാതെ കേസ് ഒതുക്കിത്തീർക്കാനും കുറ്റവാളികളെ രക്ഷിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കഠിന ശിക്ഷാനടപടിക്കും കൺസർവേറ്റർ ശുപാർശ ചെയ്തു. ഇതേക്കുറിച്ച് അന്വേഷിച്ച വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞതിങ്ങനെ: ‘‘വനംകൊള്ള സംബന്ധിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടും തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും തെറ്റായ മഹസർ തയാറാക്കാൻ കീഴുദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തുകയും ചെയ്തു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം.’’

‘മരണ’മൊഴിയിൽ കൂട്ടിച്ചേർക്കേണ്ടത്...

ബൈജുവിന്റെ മൊഴിയിൽ പറയാൻ വിട്ടുപോയ ചില കാര്യങ്ങൾ പൂരിപ്പിക്കാൻ ശ്രമിച്ചത് ഫോറസ്റ്റ് കൺസർവേറ്ററും ഫ്ലൈയിങ് സ്ക്വാഡും വിജിലൻസ് സംഘവും മാത്രമല്ല, വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ കൂടിയാണ്.

കേസ് അട്ടിമറിക്കപ്പെടുകയാണെന്നും വകുപ്പിലെ കള്ളന്മാർ സംഘടിതരായി രക്ഷപ്പെടുന്നുവെന്നും മനസ്സിലാക്കി അവർ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർക്കു കത്തെഴുതി.

ക്രൈംബ്രാഞ്ച് പോലെ വനംവകുപ്പിനു പുറത്ത‍ുള്ള ഏതെങ്കിലും അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് മാന്ദാമംഗലം വനംകൊള്ള അന്വേഷിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ബൈജുവിന്റെ മൊഴിയുടെ ഗതി തന്നെയ‍ായിരുന്നു കത്തിനും. അതും പുറംലോകം കണ്ടില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com