ADVERTISEMENT

ആറുവരിപ്പാതയിലൂടെ നൂറ്റിരുപത് കിലോമീറ്റർ വേഗത്തിൽ പുതിയ ഔഡി ഓടിച്ചുപോകുമ്പോൾ പൊടുന്നനെ മനസ്സിൽ ഒരു ഓർമത്തുണ്ട് പാറിവീണു.

കുട്ടിക്കാലം കളിച്ചു മദിച്ച പഴയവീട് നിന്നിരുന്ന സ്ഥാനത്തിനു മുകളിലൂടെയാണു കാർ കടന്നുപോകേണ്ടത്. ഒരുപറ്റം കുടിലുകളുടെ ശ്മശാനഭൂമിയിലൂടെയാണ് നോക്കെത്താ ദൂരത്തേക്ക് പാത നീണ്ടുപോകുന്നത്.

കാൽ പതിയെ ബ്രേക്കിലമർന്നു. ഏതോ ഒരു ഉൾപ്രേരണയാൽ‍ ട്രാക്ക് മാറ്റി വണ്ടി സൈഡിലേക്ക് മാറ്റിയിട്ടു. സാവകാശം പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. വലുതും ചെറുതുമായ ഫ്ലാറ്റുകൾ റോഡിനിരുവശവും എഴുന്നുനിൽക്കുന്നു. അവിടവിടെയായി ഒറ്റപ്പെട്ട ചില നിറംകെട്ട വീടുകളും മരവിപ്പു ബാധിച്ച മരങ്ങളും.

ശരിയാണ്, ഇവിടെത്തന്നെയായിരുന്നു പഴയ കിടപ്പാടം, എതിർവശത്തു കുഞ്ഞിലക്ഷ്മിയുടെ വീടും. കുഞ്ഞിലക്ഷ്മി പെറ്റിക്കോട്ടിൽനിന്ന് പാവാടയിലേക്കും പിന്നെ ദാവണിയിലേക്കും വളരുമ്പോൾ, കുടുക്കുപോയി കുത്തിക്കെട്ടിയ ഹാഫ് ്രടൗസറിൽനിന്ന് കരയില്ലാത്ത കോറമുണ്ടിലേക്ക് മാറിയ കാലമൊഴിച്ച് മറ്റെല്ലാം മറക്കാൻ നോക്കി. പക്ഷേ, ഓർമകൾ അങ്ങിനെയങ്ങ് മരിക്കില്ല.

കുതിരവണ്ടിക്കാരനാവാനായിരുന്നു ചെറുപ്പത്തിലെ മോഹം. അന്ന് ഇടുങ്ങിയ നിരത്തിലൂടെ അപൂർവമായി മാത്രം കടന്നുപോകുന്ന വാഹനങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്നതിനിടയ്ക്ക് മണി കുലുക്കി, ടപ്ടപ് ശബ്ദം മുഴക്കി, ദേഹത്തെമ്പാടും തുകൽപട്ടകളിട്ട് ഗമയിലോടിപ്പോകുന്ന കുതിരയെ വീണ്ടും വീണ്ടും കാണാൻ ആശിച്ചതിൽ അദ്ഭുതമില്ല.

തലയെടുപ്പോടെ പിന്നിലിരുന്നിരുന്ന സായ്പ്തൊപ്പി വച്ച മെലിഞ്ഞ നീളംകൂടിയ കുതിരക്കാരനോട് വലിയ ആരാധനയായിരുന്നു. ഒരുദിവസം കുതിരയുടെ കുളമ്പിൽനിന്ന് ഊരിത്തെറിച്ച ലാടം ഇന്നും നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ശനിയാഴ്ചകളിൽ ചന്ദനത്തിരിയും നാൽപാമര സോപ്പും നിറച്ച കുതിരവണ്ടി കടന്നുപോകുമ്പോൾ കാറ്റിൽ പരക്കുന്ന ഇഷ്ടമുള്ള മണം വലിച്ചുകയറ്റാൻ മൂക്കുകൊണ്ട് ഓരോ അഭ്യാസങ്ങൾ കാണിക്കുന്നതുകണ്ട് എതിർവീടിന്റെ പടിക്കൽ കാത്തുനിൽക്കുന്ന കുഞ്ഞിലക്ഷ്മി പൊട്ടിച്ചിരിക്കും.

നുണക്കുഴികളില്ലാത്ത കുഞ്ഞിലക്ഷ്മി ചിരിക്കുന്നതു കാ‍ണാ‍ൻ നല്ല ഭംഗിയാണ്. നുണക്കുഴികളില്ലാത്ത പെണ്ണുങ്ങളോട് ഇപ്പോഴും ഇഷ്ടം കൂടുന്നത് ഒരുപക്ഷേ, കുഞ്ഞിലക്ഷ്മി കാരണമായിരിക്കാം.

കുറച്ചുനേരം അവിടെത്തന്നെ നിൽക്കാൻ തോന്നി. പിന്നെ അൽപം മുന്നോട്ടു നടന്നുനോക്കി. വാഹനങ്ങൾ ചളിയർച്ചന നടത്തിയ പാതയോരത്തെ ഒരു മങ്ങിയ സ്തൂപം ശ്രദ്ധിച്ചു. ‘രക്തസാക്ഷി രാമചന്ദ്രന്റെ സ്മരണ’യ്ക്കെന്ന് അതിൽ അത്രയൊന്നും ചന്തമില്ലാത്ത അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്.

ആറുവരിപ്പാതയ്ക്കു സ്ഥലമേറ്റെടുക്കുന്നതിനെതിരേ നാട്ടുകാർ സംഘടിപ്പിച്ച ദുർബലമായ ചെറുത്തുനിൽപിന്റെ കൂടെ അച്ഛൻ സജീവമായിരുന്നു. അന്നു പാർപ്പിടം തച്ചുതകർക്കാൻ വന്ന ബുൾഡോസറിനു മുന്നിലേക്ക് അലറിക്കരഞ്ഞുകൊണ്ട് എടുത്തു ചാടിയാണ് അച്ഛൻ മരിച്ചുവീണത്.

അത്രയൊന്നും ധീരനായിരുന്നില്ല അച്ഛൻ. കുട്ടിനേതാവുപോലുമായിരുന്നില്ല. പക്ഷേ, വിശപ്പുതിന്നു വെള്ളംകുടിച്ച് വിയർപ്പൊഴുക്കി പണിത വീടു തകരുന്ന കാഴ്ച കാണാൻ അച്ഛനു കെൽപുണ്ടായിരുന്നില്ല.

സ്തൂപത്തിലെ ച​ളിയും പൊടിയും തട്ടിമാറ്റി മൂന്നുനാല് ആംഗിളിൽ നിന്ന് അതിന്റെ പടമെടുത്ത് അൽപനേരം അവിടെ തലകുനിച്ചുനിന്നു.

വേണ്ട, കൂടുതലൊന്നും ആലോചിച്ചു കാടുകയറേണ്ട.

വാഹനങ്ങൾ ഇരച്ചുപായുന്ന വീതികൂടിയ പാത മുറിച്ചുകടന്ന് എതിർവശത്തെ സർവീസ് റോഡിലേക്കു തിരിഞ്ഞു. അവിടെ പുത്തൻ പെയിന്റടിച്ച ഒരു കൊച്ചു വായനശാല. പേരു കണ്ടപ്പോൾ അദ്ഭുതത്തോടെ മിഴിച്ചുനിന്നു.

‘കുഞ്ഞിലക്ഷ്മി സ്മാരക വായനശാല’.

കുഞ്ഞിലക്ഷ്മിയുടെ ആത്മഹത്യയെക്കുറിച്ച് അൽപം താമസിച്ചാണെങ്കിലും അറിഞ്ഞിരുന്നു. കുതിരപ്പന്തയക്കളരിയിലെ കരുത്തനായി വളരുന്നതിന്റെ തിരക്കിലായിരുന്നു അന്ന്. വലിയ കറ്റബോധമൊന്നും തോന്നിയില്ല. മാത്രമല്ല, ഒരു പന്തയക്കുതിരയുടെ പരുക്കിലുള്ള വേവലാതിയിലായിരുന്നു അപ്പോൾ.

പണ്ടു ശർക്കരപ്പൊടി പൊതിഞ്ഞ കടലാസ് ആർത്തിയോടെ നക്കിനുണയുമ്പോൾ, ആ കടലാസിലെ അക്ഷരങ്ങൾ വായിച്ചെടുക്കാനായിരുന്നു കുഞ്ഞിലക്ഷ്മിക്കു തിടുക്കം.

മുറതെറ്റാതെ വന്നിരുന്ന കത്തുകളിൽ വായിച്ച പുതിയ പുസ്തകങ്ങളെക്കുറിച്ചും, അറിയപ്പെടുന്ന സാഹിത്യകാരിയായി വളർന്നതിനെക്കുറിച്ചും അവൾ വർണിച്ചെഴുതി. പിൽക്കാലത്ത് ആദ്യനോവലിനുതന്നെ ഏതോ ഒരു വലിയ അവാർഡ് കിട്ടിയ വിവരവും അതിനു ലഭിച്ച സ്വീകരണങ്ങളെക്കുറിച്ചും ഒരുപാടെഴുതിയയച്ചു. കുതിരകളുടെ മസിലുകളുടെ കരുത്തിനെക്കുറിച്ചും അതിശയിപ്പിക്കുന്ന വേഗത്തെക്കുറിച്ചുമാണ് വല്ലപ്പോഴും അവൾക്കയയ്ക്കുന്ന മറുപടിയിൽ എഴുതാറുള്ളത്.

പെട്ടെന്നൊരാവേശത്തോടെ വിറയാർന്ന വിരലുകളാൽ വായനശാലയുടെ മിനുത്ത ചുവരിൽ പതുക്കെ തലോടി. കുഞ്ഞിലക്ഷ്മിയുടെ നുണക്കുഴികളില്ലാത്ത കവിളിൽ തലോടുന്ന കരുതലോടെ. അതേഭാവത്തിൽത്തന്നെ, ഒന്നുരണ്ടു സെൽഫിയെടുത്തു. വായശാലയ്ക്കു പൂശിയ പുത്തൻ പെയിന്റിനു കുഞ്ഞിലക്ഷ്മിയുടെ പൗഡറും വിയർപ്പും കലർന്ന ഗന്ധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com