ADVERTISEMENT

കഴിഞ്ഞ വർഷത്തെ പ്രളയം കഴിഞ്ഞ്, വെള്ളമിറങ്ങിയപ്പോൾ വയനാട്ടിലെ ഏറ്റവും ഹൃദയഭേദകമായ കാഴ്ചകളിലൊന്നായിരുന്നു തൊഴുത്തുകൾക്കുള്ളിൽ ചത്തുമലച്ചു കിടന്ന കന്നുകാലികൾ.

പ്രളയജലത്തിൽ ശ്വാസം കിട്ടാതെ മുങ്ങിച്ചത്ത നൂറുകണക്കിനു കന്നുകാലികളാണു വയനാട്ടിലെ നദികളിലൂടെ ഒഴുകിപ്പോയത്.

വിലത്തകർച്ചയിലും വിളനാശത്തിലും പൊറുതിമുട്ടിയ കർഷകന്റെ ഏക പ്രതീക്ഷയായിരുന്നു കാലിവളർത്തൽ.

എന്നാൽ, ആർത്തലച്ചെത്തിയ പ്രളയം വയനാട്ടിലെ ഒട്ടേറെ ക്ഷീരകർഷകരുടെ ജീവനോപാധി ഇല്ലാതാക്കി. ആകെ 6 കോടി 99 ലക്ഷം രൂപയുടെ നഷ്ടമാണു ക്ഷീരമേഖലയിൽ ഉണ്ടായത്. 

പ്രതിസന്ധിയിൽ ക്ഷീരകർഷകർക്കു കൈത്താങ്ങായത് സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ക്ഷീരവികസനവകുപ്പ് തുടക്കമിട്ട ‘ഡൊണേറ്റ് എ കൗ’ എന്ന പദ്ധതിയാണ്.

കൽപറ്റയിലെ ക്ഷീരവികസന ഓഫിസർ വി. ഹർഷയുടേതായിരുന്നു ആശയം. കൽപറ്റ ക്ഷീരവികസന ഓഫിസിലെ ജീവനക്കാർ ചേർന്ന് ആദ്യ പശുവിനെ സംഭാവന ചെയ്തു.

7 പശുക്കളെ നഷ്ടപ്പെട്ട മേൽ‌മുറിയിലെ മൊയ്തു എന്ന കർഷകനായിരുന്നു ഗുണഭോക്താവ്. അതൊരു തുടക്കമായി. 

സമൂഹ മാധ്യമങ്ങളിലൂടെ ഈ ക്യാംപെയ്നെക്കുറിച്ച്

അറിഞ്ഞ സുമനസ്സുകൾ കർഷകരെ സഹായിക്കാൻ തയാറായി. ക്ഷീരസംഘങ്ങളും ജനപ്രതിനിധികളും ചേർന്ന് ഗുണഭോക്താക്കളെ കണ്ടെത്തി.

ഇതുവരെ ഡൊണേറ്റ് എ കൗ പദ്ധതിയിലൂടെ കിടാരികളും പശുക്കളുമായി 310 കന്നുകാലികളെയാണ് കർഷകർക്കു ലഭിച്ചത്. ബെംഗളൂരുവിലെ റീച്ചിങ് ഹാൻഡ് എന്ന സംഘടന 250 കന്നുകുട്ടികളെ നൽകി. 

വിദേശരാജ്യങ്ങളിൽനിന്നുവരെ സഹായമെത്തി. ജീവനോപാധി നഷ്ടപ്പെട്ട നൂറുകണക്കിനു ക്ഷീരകർഷകർക്ക് അത്താണിയായി ഡൊണേറ്റ് എ കൗ ക്യാംപെയ്ൻ തുടരുന്നതിനിടെയാണ് വയനാട്ടിൽ ഇടിത്തീയായി കഴിഞ്ഞ ദിവസം വീണ്ടും മിന്നൽ പ്രളയമെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com