sections
MORE

എസ്. ഗുപ്തൻ നായർക്ക് ജന്മശതാബ്ദി; ‌അച്ഛന്റെ ഓർമകളുമായി മകൻ എം.ജി. ശശിഭൂഷൺ

gupthan
എസ്. ഗുപ്തൻ നായരും ഭാര്യ ഭാഗീരഥിയും (ഫയൽ ചിത്രം)
SHARE

ജോലി കഴിഞ്ഞ് സൈക്കിൾ ചവിട്ടി വീട്ടിലേക്കു വരുന്ന അച്ഛനെക്കുറിച്ചാണ് ആദ്യകാല ഓർമകൾ. അച്ഛൻ അധ്യാപകനാണെന്ന് അമ്മ പറഞ്ഞു.

സൈക്കിൾ ഫ്രെയിമിൽ ഇരുത്തി, അച്ഛൻ ഒരുദിവസം താൻ ജോലിചെയ്യുന്ന കോളജിൽ എന്നെയും കൊണ്ടുപോയി. കാവിച്ചുവപ്പു നിറത്തിലുള്ള കോളജ് അത്ഭുതത്തോടെ ആ ചെറിയ കുട്ടി കണ്ടു.

പ്രധാന കെട്ടിടത്തിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലായുള്ള അലങ്കാരപ്പനകളും ചെത്തിയൊരുക്കിയ ചെടികളുള്ള പൂന്തോട്ടവും മറ്റൊരദ്ഭുതമായിരുന്നു.

കോളജിൽനിന്ന് ഏറെയൊന്നും അകലെയല്ലാത്ത മറ്റൊരു കെട്ടിടത്തിന്റെ പിറകിലുള്ള ചെറിയ ഒരൊറ്റനിലക്കെട്ടിടത്തിലേക്കാണ് അച്ഛൻ പിന്നീടു കൊണ്ടുപോയത്.

ആദ്യം പോയത് യൂണിവേഴ്സിറ്റി കോളജാണെന്നും രണ്ടാമതു പോയത് പബ്ലിക് ലൈബ്രറിയുടെ പിന്നിലുള്ള കേരള ഗ്രന്ഥശാലാസംഘം ഓഫിസിലേക്കായിരുന്നുവെന്നും വീട്ടിൽ മടങ്ങിയെത്തിയശേഷമാണ് ഞാൻ അറിയുന്നത്.

പാളയത്തുള്ള ഒരു ഹോട്ടലിൽനിന്നു വാങ്ങിത്തന്ന തണുത്ത സർബത്തിന്റെ മധുരം അപ്പോഴും നാവിലുണ്ടായിരുന്നു.

അച്ഛൻ ജോലി ചെയ്യുന്ന കോളജാണ് യൂണിവേഴ്സിറ്റി കോളജെന്നും അന്ന് ഒരു ശനിയാഴ്ചയായതുകൊണ്ടാണ്, അച്ഛനു ഗ്രന്ഥാലോകം പ്രവർത്തിക്കുന്ന ഓഫിസിലേക്കു പോകാൻ കഴിഞ്ഞതെന്നും അമ്മ പറഞ്ഞു. ഗ്രന്ഥാലോകത്തിന്റെ പത്രാധിപർ അക്കാലത്ത് അച്ഛനായിരുന്നുവെന്ന് അമ്മ പറഞ്ഞാണ് അറിയുന്നത്.

കുട്ടികളോടൊപ്പം കളിതമാശകൾ പറയുകയും അവർക്കു കഥകൾ പറഞ്ഞുകൊടുക്കുകയും ചോക്ലേറ്റുകൾ നൽകുകയും ചെയ്യുന്ന, സഹപാഠികളുടെ അച്ഛന്മാരുടെ കൂട്ടത്തിലായിരുന്നില്ല ഞങ്ങളുടെ അച്ഛൻ എന്നു തിരിച്ചറിയുമ്പോൾ പരിഭവങ്ങൾ ഉണ്ടായിരുന്നു.

അച്ഛൻ ഒരു സാഹിത്യകാരനാണെന്നും അതാണു വീട്ടിൽ വന്നാലുടനെ വായനയിലേക്കും എഴുത്തിലേക്കും കടക്കുന്നതെന്നും അമ്മ പറയുമ്പോഴും വാക്കുകളിൽ പരിഭവമുണ്ടായിരുന്നു.

അച്ഛൻ എഴുതുന്നത്, എന്താണെന്നറിയാൻ ഞങ്ങൾ കുട്ടികൾക്കു കൗതുകമുണ്ടായിരുന്നു. അതു റേഡിയോ പ്രഭാഷണങ്ങളും മറ്റുമാണെന്ന് അമ്മ വിശദീകരിച്ചു.

എഴുതിയ ഖണ്ഡികകൾ പൂർത്തിയായിക്കഴിയുമ്പോൾ അച്ഛൻ ശബ്ദം താഴ്ത്തി സ്വയം വായിക്കുമായിരുന്നു. എഴുതിയതു തൃപ്തികരമാണെന്ന് അറിയാനും പ്രയാസമുണ്ടായിരുന്നില്ല. എഴുത്തിനു പുറമേ ഒരു മൂളിപ്പാട്ടുകൂടിയുണ്ടായാൽ തൃപ്തിയായി എന്നാണർഥമെന്നു ഞങ്ങളും തിരിച്ചറിഞ്ഞിരുന്നു.

ശനിയാഴ്ചകളെ ആ ചെറിയ പ്രായത്തിൽ ഞാനിഷ്ടപ്പെടാൻ തുടങ്ങിയത്, അന്നു സൈക്കിളിൽ അച്ഛന്റെ ഒപ്പം യാത്രചെയ്യാം എന്നതുകൊണ്ടായിരുന്നു. തപാൽ എടുക്കാനാണ് അച്ഛൻ ശനിയാഴ്ചകളിൽ യൂണിവേഴ്സിറ്റി കോളജിൽ പോയിരുന്നത്.

ശാസ്തമംഗലത്തെ രഥപ്പുരക്കുന്നിനോടു ചേർന്നുള്ള ഒരു വാടകവീട്ടിലായിരുന്നു അന്നു ഞങ്ങൾ താമസിച്ചിരുന്നത്. ട്രിവാൻഡ്രം ടെന്നിസ് ക്ലബ് അന്ന് അവിടെയും പ്രവർത്തിച്ചിരുന്നു. കളി കഴിഞ്ഞ് ടെന്നിസ് റാക്കറ്റുമായി വീട്ടിലേക്കു വരുന്ന അച്ഛന്റെ രൂപം ഇപ്പോഴും മറന്നിട്ടില്ല.

പിന്നീട് ഞങ്ങൾ വെള്ളയമ്പലത്തിനടുത്തുള്ള ആൽത്തറ ലെയ്നിലെ ഒരു വീട്ടിലേക്കു മാറി. അന്നത് ഞങ്ങളുടെ സ്വന്തമായിരുന്നു. തൊട്ടടുത്തായിരുന്നു സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ്.

അവിടെ പോകാറുണ്ടായിരുന്ന സാഹിത്യകാരന്മാരിൽ പലരും മടങ്ങുമ്പോൾ, ഞങ്ങളുടെ വീട്ടിലേക്കും വന്നിരുന്നു. അമ്മ പറഞ്ഞാണ് അവരാരൊക്കെയാണെന്ന് അറിഞ്ഞിരുന്നത്.

ഒരു സാമന്തനെ കാണാൻ വരുന്ന ഘനഗൗരവത്തിലായിരുന്നു ജോസഫ് മുണ്ടശ്ശേരിമാഷുടെ വരവ്. ആദ്യം ഡ്രൈവറെ അയച്ച് അച്ഛനുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് മുണ്ടശ്ശേരിമാഷ് വീട്ടിലേക്കു വന്നത്. പെട്ടെന്നു മടങ്ങുകയും ചെയ്തു.

കുടുംബസുഹൃത്തിന്റെ സൗഹാർദഭാവത്തോടെയാണ് എസ്.കെ. പൊറ്റെക്കാട് വന്നത്. അദ്ദേഹത്തിന് അതുകഴിഞ്ഞ് കെ. സുരേന്ദ്രനെ കാണാൻ പോകണമായിരുന്നു, ചേച്ചിയാണ് കൂടെപ്പോയത്. എം.എസ്. ദേവദാസും വൈക്കം ചന്ദ്രശേഖരൻനായരും പലതവണ വന്നതായി ഓർക്കുന്നു.

അച്ഛൻ കമ്യൂണിസ്റ്റ് ചേരിയിൽപ്പെട്ട എഴുത്തുകാരനല്ലെന്നും എന്നാൽ പുരോഗമന സാഹിത്യസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചിരുന്ന നാളുകളിലെ വ്യക്തിസൗഹൃദങ്ങൾ അവരെല്ലാം ഇപ്പോഴും പരസ്പരം പുലർത്തുന്നുണ്ടെന്നും പറഞ്ഞുതന്നത്, വീട്ടിൽ അച്ഛന്റെ സഹായിയായി ഉണ്ടായിരുന്ന നാരായണൻകുട്ടി ചേട്ടനാണ്. താനൊരു നല്ല വായനക്കാരനാണെന്ന് നാരായണൻകുട്ടി എപ്പോഴും അഭിമാനിച്ചിരുന്നു.

sunday
വൈക്കം ചന്ദ്രശേഖരൻനായർ എസ്. കെ. പൊറ്റക്കാട് ജോസഫ് മുണ്ടശേരി

കേരളപ്പിറവി പ്രഖ്യാപിച്ച 1956 നവംബർ ഒന്നിന്, ഞങ്ങളെ കനകക്കുന്നിൽ കൊണ്ടുപോയത് തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന എൻസിസി ഓഫിസർ തോമസ് സാറായിരുന്നു. തോമസ് സാറിന്റെ ഇളയ കുട്ടി ജിജി തോംസൺ (മുൻ ചീഫ് സെക്രട്ടറി) അന്നു കൈക്കുഞ്ഞായിരുന്നു.

വിജെടി ഹാളിലായിരുന്നു കലാപരിപാടികൾ. അടൂർ ഭാസിയായിരുന്നു സംഘാടകരിൽ ഒരാൾ. കാവ്യോൽസവത്തിലും നാടകത്തിലും അച്ഛൻ പങ്കെടുത്തിരുന്നു.

പത്മനാഭൻ നായർ എഴുതിയ ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന നാടകത്തിലെ സാമൂതിരിയായാണ് അച്ഛൻ അന്ന് അഭിനയിച്ചത്. സാമൂതിരിയെ വധിക്കാൻ പോർച്ചുഗീസ് ഗവർണർ ഗൂഢാലോചന നടത്തുന്നതും കെട്ടിലമ്മയുടെ ഏഷണികൾ കേട്ട് കുഞ്ഞാലിമരയ്ക്കാരെ സാമൂതിരി പുറത്താക്കുന്നതും മറ്റുമാണ് നാടകത്തിലെ പ്രമേയം. പച്ചപ്പട്ടുപുതപ്പുമായി സർവാഭരണവിഭൂഷിതനായി നിൽക്കുന്ന മുൻകുടുമക്കാരൻ സാമൂതിരി, അച്ഛനാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നത് നാടകം കുറെ മുന്നോട്ടു പോയപ്പോഴാണ്.

ഒരുനാൾ അച്ഛൻ തലശ്ശേരി ബ്രണ്ണൻ കോളജിലേക്കു സ്ഥലംമാറിപ്പോയതോടെ ആളനക്കം കുറവായ മറ്റു വീടുകളെപ്പോലെയായി ഞങ്ങളുടെ വീടും. 12 വർഷം കഴിഞ്ഞാണ് അച്ഛൻ തിരുവനന്തപുരത്തേക്കു തിരിച്ചുവരുന്നത്. ഇതിനിടെ പാലക്കാടും എറണാകുളത്തും ജോലി ചെയ്തു. മഹാരാജാസ് കോളജിൽ ജോലി ചെയ്യുമ്പോൾ എ.കെ. ആന്റണി വിദ്യാർഥിയായിരുന്നു.

അച്ഛനു മടങ്ങിവരാൻ ലഭിച്ചിരുന്ന ഓരോ അവസരവും തട്ടിത്തെറിപ്പിച്ചത് കെ. ഭാസ്കരൻ നായരാണെന്ന് ഞങ്ങൾ ധരിച്ചിരുന്നു. അദ്ദേഹമായിരുന്നു അന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടർ.

പ്രശസ്ത നിരൂപകനായി അറിയപ്പെട്ടിരുന്ന കെ. ഭാസ്കരൻ നായർ ഒരുകാലത്ത് അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാൽ കെ. ഭാസ്കരൻ നായർ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലായിരുന്നപ്പോൾ അന്നവിടെയുണ്ടായിരുന്ന മിക്ക അധ്യാപകർക്കും അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ നടപടികൾ അസ്സഹനീയമായിരുന്നു.

അവർ പ്രിൻസിപ്പലിന്റെ നടപടികളിൽ യോഗം ചേർന്നു പ്രതിഷേധിച്ചു. അധ്യാപക സംഘടനയുടെ പേരിൽ വൈസ്ചാൻസലർക്കു നിവേദനം നൽകി. ഉഗ്രഹരിപഞ്ചാനൻ എന്ന സിവിയുടെ കഥാപാത്രത്തെപ്പോലെ പ്രതികാരദാഹിയായിരുന്നു കെ. ഭാസ്കരൻ നായർ.

അദ്ദേഹം പിന്നീട് കോളജ് വിദ്യാഭ്യാസ ഡയറക്ടറായപ്പോൾ പഴയ പ്രതിഷേധക്കാരെയെല്ലാം ദൂരദിക്കുകളിലേക്കു സ്ഥലംമാറ്റി. മടങ്ങിവരാതിരിക്കാനുള്ള താഴുകൾ നിർമിച്ചു. ഏറ്റവും നീണ്ടകാലം പുറത്തു ജോലി ചെയ്യേണ്ടിവന്നത് അച്ഛനായിരുന്നു. ഞങ്ങൾ സഹോദരങ്ങൾ മൂന്നിടത്തായി.

പല തവണ വീടു മാറി. കെ. ഭാസ്കരൻനായരുടെ നടപടികളിൽ കടുത്ത ദുഃഖമുണ്ടായിരുനെങ്കിലും അച്ഛൻ ഒരിക്കലും അദ്ദേഹത്തെ നിന്ദിക്കുന്നതു കേട്ടിട്ടില്ല. കെ. ഭാസ്കരൻനായരുടെ ശൈലിയെ അന്നൊരിക്കൽ ഞാൻ മനഃപൂർവം പ്രശംസിച്ചപ്പോൾ, അച്ഛൻ പ്രതികരിച്ചു: ‘‘ശൈലി മാത്രം നന്നായാൽ പോരല്ലോ.’’

സാഹിത്യനിരൂപണം ഒരു ഗൂഢാലോചനയാകരുതെന്നു പിൽക്കാലത്ത് എസ്. ഗുപ്തൻനായർ എഴുതിയത്, കെ. ഭാസ്കരൻനായരെ ഓർത്തുകൊണ്ടാണോ എന്നെനിക്കറിയില്ല. പ്രസംഗവേദികളിലെ എസ്. ഗുപ്തൻനായർ മിതഭാഷിയായിരുന്നു.

കടന്നാക്രമണങ്ങളും ആക്രോശങ്ങളും ആ പ്രസംഗങ്ങളിൽ ഉണ്ടാകാറില്ല. സി.വി, ടഗോർ, വിവേകാനന്ദൻ, അരവിന്ദൻ, ജി, കുമാരനാശാൻ തുടങ്ങിയവരെക്കുറിച്ചു പ്രസംഗിക്കുമ്പോൾ ആ പ്രഭാഷണങ്ങൾ ശ്രദ്ധേയമായി മാറുന്നതിന് എനിക്കും സാക്ഷിയാകാൻ കഴിഞ്ഞിട്ടുണ്ട്.

ആശാൻ ജനകീയ കവിയോ? ചിന്താ ദരിദ്രമായ മലയാള സാഹിത്യം തുടങ്ങിയ പ്രബന്ധങ്ങൾ പ്രസംഗങ്ങളുടെ രൂപാന്തരങ്ങളായിരുന്നു. സി.വി. കൃതികളിലെ ശാന്തരസവും ഒരു പ്രസംഗമായിരുന്നു. കവിതയുടെ ഗംഗാപ്രവാഹം എന്ന പി. കുഞ്ഞിരാമൻനായർ കൃതികളെക്കുറിച്ചുള്ള പഠനവും ഒരു പ്രസംഗത്തിന്റെ വിപുലീകരണമായിരുന്നു.

കേരളത്തിനകത്തും പുറത്തും പിൽക്കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങളിൽ ചിലതിന്റെ ശ്രോതാവാകാന്‍ എനിക്കും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

മലയാള പ്രസംഗങ്ങൾ പോലെ അയത്നമായിരുന്നു ഗുപ്തൻനായരുടെ ഇംഗ്ലിഷ് പ്രസംഗങ്ങളും. വിഷയാവതരണവും അപഗ്രഥനവും സവിശേഷതാ വിവരണവും മറ്റും കഴിഞ്ഞ് ഉപസംഹാരത്തിലേക്ക് എത്തുമ്പോൾ പ്രഭാഷകൻ സാന്ത്വനത്തിന്റെ വക്താവോ ഇളക്കിപ്രതിഷ്ഠയുടെ തന്ത്രിമുഖ്യനോ ആയി മാറുമായിരുന്നു.

എതിരാളിയോടു വിയോജിക്കേണ്ടിവരുമ്പോൾ നർമത്തെയാണ് ഗുപ്തൻനായർ ആശ്രയിച്ചിരുന്നത്. കാവ്യഭാഗങ്ങൾ ശ്രുതിമധുരമായി ഉദ്ധരിച്ചിരുന്നു, പറയുന്നതു യുക്തിഭദ്രമായും. പ്രഭാഷണ സാമർഥ്യംകൊണ്ട് തന്റെ മുന്നിലിരിക്കുന്നവരെ വ്യാമുഗ്ധരാക്കുന്നവരിൽനിന്ന് എസ്. ഗുപ്തൻനായർ വ്യത്യസ്തനായിരുന്നു. തെളിനീരുറവയിൽ മുങ്ങിക്കുളിക്കുന്ന ഒരു സുഖാനുഭവം എന്നു ശ്രോതാക്കളെക്കൊണ്ട് പറയിപ്പിക്കാൻ എന്നിട്ടും അദ്ദേഹത്തിനു കഴിഞ്ഞു.

സുകുമാർ അഴീക്കോടും എസ്. ഗുപ്തൻനായരും അടുത്തടുത്തു പ്രസംഗിക്കുന്നതു പലതവണ ഞാനും കേട്ടിട്ടുണ്ട്. എസ്. ഗുപ്തൻനായരെ അദ്ദേഹത്തിന്റെ പ്രസംഗശേഷം നരേന്ദ്രപ്രസാദ് നിശിതമായി വിമർശിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.

മന്ദ്രസ്ഥായിയിൽ തുടങ്ങി ശബ്ദഘോഷങ്ങളിലൂടെ മുന്നോട്ടു നീങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്കു ശ്രോതാക്കളെ കൊണ്ടെത്തിക്കുന്ന സി.വി.യെക്കുറിച്ചുള്ള സുകുമാർ അഴീക്കോടിന്റെ പ്രസംഗം അത്ഭുതത്തോടെയാണു ഞാനും ഒരിക്കൽ കേട്ടത്. എസ്. ഗുപ്തൻനായരുടെ സി.വി. പ്രഭാഷണമായിരുന്നു സദസ്സിലുള്ള പലരെയും എന്നാൽ അന്നു തൃപ്തരാക്കിയത്.

എംഎ പരീക്ഷയുടെ വൈവോവോസി പരീക്ഷയ്ക്ക് അന്നൊരിക്കൽ ഡോ. എസ്.കെ. നായർ എന്നോടു ചോദിച്ചു; എസ്. ഗുപ്തൻനായർ എന്ന സാഹിത്യ നിരൂപകനെ അഞ്ചു മിനിറ്റിനുള്ളിൽ വിലയിരുത്തുക. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ആദ്യമൊന്ന് അമ്പരന്നെങ്കിലും ചോദ്യത്തിനു മറുപടി പറയാൻ ഞാൻ ശ്രമിച്ചു.

ജോസഫ് മുണ്ടശ്ശേരിയുടെയും കുട്ടിക്കൃഷ്ണമാരാരുടെയും കേസരിയുടെയും പ്രൗഢഗംഭീരകാലശേഷം മലയാള വിമർശനരംഗത്തു സജീവമായിരുന്ന നിരൂപകരിൽ ഒരാൾ. ഡോ. കെ. ഭാസ്കരൻനായരെക്കാൾ കൂടുതൽ സാഹിത്യകൃതികളെക്കുറിച്ച് എഴുതിയ ഒരു നിരൂപകൻ.

സുകുമാർ അഴീക്കോടിനെപ്പോലെ  അനുകൂലാരവങ്ങൾ ഉണ്ടാക്കാൻ ബോധപൂർവം ശ്രമിക്കാത്ത നിരൂപകൻ. എം. കൃഷ്ണൻനായരെപ്പോലെ എഴുത്തുകാരെയും വായനക്കാരെയും ഒരു കുറ്റാന്വേഷകനെപ്പോലെ നിരന്തരം പ്രകോപിപ്പിക്കാത്ത നിരൂപകൻ.

എന്റെ മറുപടി ഡോ. എസ്. കെ. നായരെ തൃപ്തിപ്പെടുത്തിയില്ലെന്നു തോന്നുന്നു. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോഴേക്ക് ബോർഡ് ചെയർമാൻ പ്രഫ. സി.എൽ. ആന്റണി കാരുണ്യത്തോടെ ഡോ. എസ്.കെ. നായരെ പിന്തിരിപ്പിച്ചു.

സി.വി., ചങ്ങമ്പുഴ, കേസരി, ജി, വൈലോപ്പിള്ളി, പി, കാരൂർ, ഉറൂബ് എന്നിവരായിരുന്നു എസ്. ഗുപ്തൻനായരുടെ പ്രിയപ്പെട്ട എഴുത്തുകാർ. ടഗോറിനെയാണ് ആരാധിച്ചിരുന്നത്. വാല്മീകി രാമായണം വായിക്കുന്നതുപോലെ ഗീതാഞ്ജലി വായിച്ചിരുന്നു.

ലക്ഷ്യത്തിനുവേണ്ടി ഏതു മാർഗവും സ്വീകരിക്കാമെന്ന പക്ഷക്കാരനല്ലായിരുന്നു ഈ ഗാന്ധിയൻ ദേശീയവാദി. ധൃഷ്ടമായ സ്വമതനിഷ്ടകൾക്കപ്പുറത്താണ് ഉൽകൃഷ്ട സാഹിത്യമെന്നും വിശ്വസിച്ചിരുന്നു.

ഇസങ്ങൾക്കപ്പുറം എന്ന തന്റെ പ്രിയപ്പെട്ട പുസ്തകത്തിലൂടെ ഈ ആശയം സ്ഥാപിക്കാനാണ് എസ്. ഗുപ്തൻനായർ ആഗ്രഹിച്ചത്.

നമ്മുടെ കവിതാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയനായ കവി ഇപ്പോൾ ആരെന്നു ചോദിച്ചാൽ ജി. ശങ്കരക്കുറുപ്പ് എന്നാണ് എന്റെ ഉത്തരമെന്ന് ഓടക്കുഴലിന്റെ അവതാരികയില്‍‍ എഴുതുമ്പോൾ നിരൂപകന് 31 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

രമണനെക്കുറിച്ചും ശബ്ദങ്ങളെക്കുറിച്ചും എസ്. ഗുപ്തൻനായർ പറഞ്ഞ പരുഷവാക്കുകൾ ഒരു വായനക്കാരനെന്ന നിലയിൽ എന്നെയും അദ്ഭുതപ്പെടുത്തി. മനസ്വിനി പോലുള്ള രചനകളാണ് ചങ്ങമ്പുഴയെ അനശ്വരനാക്കുന്നതെന്ന ആശയം എസ്. ഗുപ്തൻനായർക്കു പ്രിയപ്പെട്ടതായിരുന്നു. ബഷീറിന്റെ പ്രതിഭാസ്ഫുരണം അദ്ദേഹത്തിന്റെ കഥകളിലാണെന്നും ഗുപ്തൻനായർ വിശ്വസിച്ചിരുന്നു.

മികച്ച നോവലിസ്റ്റായി അദ്ദേഹം കണ്ടിരുന്നത് സി.വിയെ ആയിരുന്നു. അതുകഴിഞ്ഞാൽ ഉറൂബിനെയും. എംടിയുടെ അസുരവിത്തും പാറപ്പുറത്തിന്റെ അരനാഴികനേരവും കെ. സുരേന്ദ്രന്റെ ഗുരുവും നല്ല നോവലുകളാണെന്നു വിശ്വസിച്ചിരുന്നു.

മായന്റെ (ഉമ്മാച്ചു) ആത്മഹത്യയ്ക്കായുള്ള കാട്ടിലേക്കുള്ള യാത്ര വായിച്ചുകേൾപ്പിച്ചതു ഞാനിപ്പോഴും ഓർക്കുന്നു. ചന്ത്രക്കാരന്റെ യാത്രാമൊഴിയും അന്നൊരിക്കൽ നാടകീയമായി വായിച്ചുകേൾപ്പിച്ചു. ആശാന്റെ കാവ്യങ്ങളിൽ ഇഷ്ടം ചിന്താവിഷ്ടയായ സീതയായിരുന്നു.

സൂര്യകാന്തിയും നിമിഷവും ശിവതാണ്ഡവവും കളിയച്ഛനും കോതമ്പുമണികളും സഹ്യന്റെ മകനുമെല്ലാം ഉറക്കെ ചൊല്ലുമ്പോൾ ഒരു വലിയ ഗുരുനാഥന്റെ മുന്നിലിരിക്കുന്ന വിദ്യാർഥിയായി ഞാൻ മാറുമായിരുന്നു. ജീവിതത്തിന്റെ മഹാ ധന്യതകൾ!

1977ൽ അച്ഛൻ ടെന്നിസ് കളിക്കുന്നതു നിർത്തി. 2006 വരെയും പാട്ട് പതിവായി കേൾക്കുമായിരുന്നു. മധുര മണിഅയ്യരായിരുന്നു ഇഷ്ടഗായകൻ.

അച്ഛന് ഇഷ്ടമുണ്ടായിരുന്ന സ്റ്റിഫാൻ സ്വേഗിന്റെ വിയന്നയിലുള്ള വസതി നിന്നിരുന്ന സ്ഥലത്ത് ഒരിക്കൽ പോകാൻ സന്ദർഭമുണ്ടായി. അതിപ്പോൾ ഒരു ഹോട്ടലാണ്. രഥൗസ് പാർക്കെന്ന വീട്ടുപേര് തന്നെയാണ് ഹോട്ടലിനും.

രഥയാത്രികരുടെ പാർക്കെന്നു പരിഭാഷപ്പെടുത്താവുന്ന ഹോട്ടലിൽ താമസിക്കുമ്പോൾ, മനസ്സുകൊണ്ടു ഞാനും ഒരു സങ്കല്‍പ രഥയാത്രയിലായിരുന്നു. മരണംകൊണ്ട് സാന്നിധ്യം നഷ്ടപ്പെട്ടുപോയ എന്റെ ഗുരുവിനെ ഓർത്തുകൊണ്ടുള്ള ഒരു മാനസസഞ്ചാരം!

പത്രാധിപർ, പ്രസംഗകൻ, അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, നിരൂപകൻ എന്നീ നിലകളിൽ തന്റെ ആദർശങ്ങൾക്കൊപ്പം അനുയാത്ര ചെയ്ത എസ്. ഗുപ്തൻനായരെ എങ്ങനെയാവും ഈ നൂറാം ജന്മദിനവേളയിൽ വായനാശീലമുള്ള മലയാളികൾ ഓർക്കുക?

മലയാളഭാഷയുടെ തൂവെളിച്ചത്തെപ്പറ്റി അഭിമാനിച്ചിരുന്ന ഒരു ഗദ്യകാരൻ എന്ന നിലയിൽ? ഇന്നലത്തെ തലമുറകൾക്കു മാതൃകയായിരുന്ന ഒരധ്യാപകൻ എന്ന നിലയിൽ? ഉൽകൃഷ്‌ടമായ സാഹിത്യം എല്ലാ ധൃഷ്ട സ്വമതനിഷ്ടകൾക്കും അപ്പുറത്താണെന്ന് – ഇസങ്ങൾക്കപ്പുറത്താണെന്ന് – വിശ്വസിച്ച ഒരു നിരൂപകൻ എന്ന നിലയിൽ? സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ കേരളചരിത്രം വ്യംഗ്യമായി പ്രകാശിപ്പിക്കുന്ന ‘മനസാസ്മരാമി’ എന്ന ആത്മകഥയുടെ രചയിതാവ് എന്ന നിലയിൽ? വാല്മീകി രാമായണത്തിനു നല്ല മലയാളത്തിൽ ഒരു പുനരാഖ്യാനം തയാറാക്കിയ മോറൽ ക്രിട്ടിക്കെന്ന നിലയിൽ?

ഉത്തരം ഒരു വാക്യത്തിൽ പറയാൻ കഴിയില്ല. ഒറ്റ വാക്കുകളിലുള്ള ഉത്തരങ്ങളുടെ കാലം എന്നേ കഴിഞ്ഞുപോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA