sections
MORE

വിജയനഗരത്തിന്റെ ഫോസിൽ

sancharam2
ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം
SHARE

ഇവിടെ മലനിരകൾ‌ക്കിടയിൽ ചരിത്രം ചിതറിത്തെറിച്ചു കിടക്കുകയാണ്. ഹംപി, വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി. മലമടക്കുകൾക്കിടയിൽ സമൃദ്ധമായൊഴുകുന്ന തുംഗഭദ്രയുടെ തീരത്ത് കണ്ണെത്താ ദൂരത്തോളം മധ്യകാല സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പഴമയുടെയും വേനലിന്റെയും നരച്ച നിറത്തിൽ. 

വിദ്യാരണ്ണൻ എന്ന ഗുരുവിന്റെ സഹായത്തോടെ ഹരിഹരനും ബുക്കനും വിജയനഗരം സ്ഥാപിച്ചു. ആദ്യമൊക്കെ വിജയനഗരത്തിന്റെ ഭരണാധികാരികൾ ബാമിനി സുൽത്താന്മാരുമായി എതിരിട്ടു നിന്നു.

എന്നാൽ, കൃഷ്ണദേവരായർക്കു ശേഷം വിജയനഗരത്തിന്റെ സുവർണകാലം അവസാനിച്ചു. 1565 ലെ തളിക്കോട്ട യുദ്ധത്തോടെ തകർന്നടിഞ്ഞു. 

ഹംപിയിലെ ഓരോ ചുവടുവയ്പും ചരിത്രത്തിലേക്കാണ്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വിജനമായ പാതകൾ നമ്മെ നയിക്കുന്നത് നൂറ്റാണ്ടുകൾക്കു പിന്നിലേക്കാണ്. 

കുന്നിൻ മുകളിലെ ആഞ്ജനേയ സ്വാമിക്ഷേത്രത്തിന് അരികിൽ നിന്നാൽ കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചുയരുന്നതിനൊപ്പം കാഴ്ചകൾ തെളിയും. അന്നത്തെ ശിൽപികൾ കൈ വെക്കാത്ത ഒരു കല്ലുപോലും നമുക്കു കാണാനാകില്ല. മലകളുടെ മുകളിൽ അങ്ങിങ്ങായി പണ്ടുകാലത്തെ നിരീക്ഷണ ഗോപുരങ്ങളുമുണ്ട്. 

പരമാവധി കാഴ്ചകൾ കാണാനായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് ഒരു മാപ്പ് വാങ്ങുക. ഭൂരിഭാഗവും നടന്നു കാണുക. അല്ലെങ്കിൽ ഒരു ഓട്ടോ വാടകയ്ക്കെടുക്കുക. അയാൾ ഒറ്റ ദിവസംകൊണ്ടു പരമാവധി കാഴ്ചകളിൽ നമ്മളെ എത്തിക്കും. വാടകയ്ക്ക് ബൈക്കോ സൈക്കിളോ എടുത്താലും വഴികളെക്കുറിച്ച് ധാരണയില്ലെങ്കിൽ പ്രയാസമാകും.

കാതോർത്താൽ പോരാട്ടങ്ങളുടെ പെരുമ്പറ നമ്മുടെ കാതുകളിൽ മുഴങ്ങും, കണ്ണടച്ചാൽ ആ ദൃശ്യങ്ങൾ തെളിയും. സംഗീതം പൊഴിക്കുന്ന ശിലകളെ നമുക്കു സങ്കൽപിക്കാനാകുമോ ? ഉത്തരം ഹംപിയിലുണ്ട്.

വിടാല ക്ഷേത്രത്തിലാണ് ഹംപിയുടെ ട്രേഡ് മാർക്കായ കല്ലിൽ തീർത്ത രഥം. സംഗീതം പൊഴിക്കുന്ന ശിലകളും, ആസ്ഥാനമണ്ഡപവും ഇതിന്റെ ഭാഗമാണ്.  

മാറുന്ന കാലത്തോട് കലഹിച്ച് ഇക്കാലത്തിനും ജീവനാഡിയായി തുംഗഭദ്ര നിസംഗയായി അനുസ്യൂതമൊഴുകുന്നു. കുട്ടവഞ്ചിയാത്രയും തുംഗഭദ്രയുടെ തീരത്തുണ്ട്.

sancharam

2 കിലോമീറ്റർ മാറി ലോട്ടസ് മഹൽ, ആനകൾക്കു നിൽക്കാനുള്ള സ്ഥലം, കമ്മട്ടം. വിരൂപാക്ഷ ക്ഷേത്രത്തിന് അടുത്ത് ഹംപി ബസാർ.  ഭൂമിശാസ്ത്രപരമായി സുരക്ഷിതമായ ഈ മേഖലയെ രാജ്യ തലസ്ഥാനമാക്കിയവരെയും അതിലെ ഓരോ ശിലയെയും ജീവൻ തുടിക്കുന്ന വിധം മാറ്റിയെടുത്ത ശില്പികളേയും സ്മരിച്ചേ മതിയാകൂ.

യാത്രയുടെ ക്ഷീണമൊക്കെ ഇല്ലാതാക്കുന്നതാണു മാതംഗി മലയിലെ അസ്തമയക്കാഴ്ച.  ആകാശത്തിനും ഭൂമിക്കും അസ്തമയത്തിന്റെ ചുവപ്പുരാശി. ഹംപിയിലെത്തുന്നവരിൽ ഭൂരിഭാഗവും സന്ദർശിക്കുന്ന സ്ഥലമാണ് മാംഗോ ട്രീ റസ്റ്ററന്റ്. ഹിപ്പി ഐലൻഡാണ് ആഘോഷത്തിന്റെ മറ്റൊരുലോകം. 

 വിരൂപാക്ഷ ക്ഷേത്രം, കടൽകെലു ഗണപതി അമ്പലം, ശ്രീകൃഷ്ണ ക്ഷേത്രം, ഹസ്ര രാമ ക്ഷേത്രം, ലക്ഷ്മി നരസിംഹ ക്ഷേത്രം, ബാദവ ലിംഗ ക്ഷേത്രം, രാജ്ഞിയുടെ കൊട്ടാരം, താമരയുടെ ഇതളുകൾ പോലെ തൂണുകളുള്ള ലോട്ടസ് മഹൽ, ക്യൂൻസ് ബാത്, വിടാല ക്ഷേത്രം  തുടങ്ങി ഹംപിയിലെ കാഴ്ചകൾക്ക് അവസാനമില്ല. ചരിത്രത്തിലേക്കു വീണ്ടും വീണ്ടും മാടി വിളിക്കുന്ന എന്തൊക്കെയോ ഇവിടെ അവശേഷിക്കുന്നു. 

വഴി

മൈസൂരുവിൽനിന്ന് എല്ലാ ദിവസവും വൈകിട്ട് 6.40ന് ഹംപി എക്സ്പ്രസ് ട്രെയിൻ സർവീസ് ഉണ്ട്. രാത്രി 8ന് ഇതേ ട്രെയിൻ തിരിച്ചുമുണ്ട്. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഹുബ്ബളിയിലേക്ക് കുറഞ്ഞ നിരക്കിൽ ദിവസവും വിമാന സർവീസ് ഉണ്ട്. ഹുബ്ബളി–ഹോസ്പേട്ട് വഴി ബസിലും ഹംപിയിലെത്താം. പ്രവേശനപാസില്ല.  

സൗകര്യങ്ങൾ: 

ഹംപിയുടെ സമീപത്തു തന്നെ 500 രൂപ മുതൽ താമസ സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. കാഴ്ചകളൊക്കെ വിശദമായി കാണാൻ 2 ദിവസം വേണ്ടിവരും. കൂടുതൽ പണം മുടക്കാൻ സാധിക്കുമെങ്കിൽ ഹംപിയുടെ ആകാശക്കാഴ്ച കാണാൻ സ്വകാര്യ ഹെലികോപ്റ്റർ സർവീസുമുണ്ട്.

പ്രധാന സ്ഥലങ്ങളിൽ‌ നിന്നുള്ള ദൂരം:

∙ബെംഗളൂരു: 342 കിലോമീറ്റർ 

∙മംഗളൂരു:  390 കിലോമീറ്റർ

∙കൊച്ചി: 789 കിലോമീറ്റർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA