ADVERTISEMENT

അന്നത്തെ നാണക്കേടിനുശേഷം ഇത്രയുംകാലം മുയൽ ഒളിവിലായിരുന്നു. കറുമുറെ കടിച്ചുതിന്നാൻ കാരറ്റോ കുടിക്കാൻ നല്ല വെള്ളമോ കിട്ടാതെ കാടിന്റെ ഇരുണ്ട കോണി‍ൽ ശരിക്കുമൊരു അജ്ഞാതവാസം. ആരു കണ്ടാലും വിശേഷം ചോദിക്കുക, അന്നത്തെ ആ തോൽവിയെക്കുറിച്ചായിരിക്കും. ഒച്ചിനെപ്പോലെ ഇഴയുന്ന ആമയ്ക്കു മുന്നിലെ തന്റെ ദയനീയ തോൽവി.

രാത്രി ഇരുട്ടിന്റെ മറപറ്റി മുയൽ കാടിന്റെ പുറത്തേക്കു നടന്നു. ‘വിശപ്പകറ്റാൻ എന്തെങ്കിലും കിട്ടിയെങ്കിൽ...’ എത്തിയത് ഒരു ചെറിയ കുടിലിനടുത്താണ്. മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെളിച്ചത്തിൽ ഒരു മുത്തശ്ശി തന്റെ പേരക്കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്നു.

‘‘പണ്ട് പണ്ട് ഒരാമയും മുയലും...’’

മുയൽ അവിടെനിന്നു തിരിഞ്ഞോടി. ഇല്ല... ഇനിയും ഈ നാണക്കേടിന്റെ മാറാപ്പും ചുമന്നു നടക്കുവാൻ വയ്യ.. ഈ അജ്ഞാതവാസം അവസാനിപ്പിക്കുകതന്നെ. ആമയെ പരസ്യമായി വെല്ലുവിളിക്കണം.. അവനു മുന്നിൽ ഒരു വിജയം. അതു തന്റെ നിലനിൽപിന്റെ പ്രശ്നമാണ്.

പിറ്റേദിവസം മൃഗങ്ങളുടെ ഇടയിലേക്ക് മുയൽ ഇറങ്ങിവന്നു. പരിഹാസച്ചിരികൾക്ക് മുന്നിൽ പതറാതെ അവൻ ആമയുടെ താവളം തേടിനടന്നു. ഈ കാലംകൊണ്ട് ആമ ഒരു താരരാജാവായി മാറിയിരുന്നു. ഫ്ലക്സ് ബോർഡുകളിൽ നിറഞ്ഞുനിൽക്കുന്ന ആ രൂപം മുയൽ പല സ്ഥലങ്ങളിലും കണ്ടു.

അവസാനം ആ കൂടിക്കാഴ്ച നടന്നു. ഒരു മൽസരം ഒരേയൊരു ഓട്ട മൽസരം... മുയൽ തന്റെ ആവശ്യം മുന്നോട്ടുവച്ചു. പരിഹാസം നിറഞ്ഞ ഒരു അട്ടഹാസം തന്നെയായിരുന്നു ആമയുടെ മറുപടി...

ഇനിയുമൊരു മൽസരമോ... ആയിക്കളയാം... ഫാൻസ് അസോസിയേഷന് ഇതൊരു ആഘോഷമാക്കാമല്ലോ... പുറന്തോടിൽനിന്നു പുറത്തേക്കു നീണ്ട ആമയുടെ മുഖത്ത് അഹങ്കാരം വക്രിച്ചുനിന്നു.

ആ ദിവസം വന്നുചേർന്നു. മൽസരത്തിന്റെ പിരിമുറുക്കത്തിൽ കാട് നിശ്ചലമായി. കിളികളുടെ കളകൂജനങ്ങളും കാട്ടാറിന്റെ പാട്ടും അൽപനേരത്തേക്കു നിലച്ചുവോ എന്നു സംശയം. ആമയും മുയലും ഓട്ടമൽസരത്തിനു തയാറായി നിൽക്കുകയാണ്.

ആ പഴയ നാണക്കേടിന്റെ മാറാപ്പ് ഇന്നത്തോടെ വലിച്ചെറിയണമെന്ന ചിന്തയിൽ മുയലിന്റെ മുഖമാകെ വലിഞ്ഞുമുറുകിയിരുന്നു. ഇന്നത്തെ എന്റെ വിജയം മുത്തശ്ശിക്കഥയിലൂടെ ആയിരമായിരം കുട്ടികളിലേക്ക് കടന്നുചെല്ലണം. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നും അഹങ്കാരം നാശമാണെന്നുമുള്ള അറിവ് അവർക്കു പകർന്നു നൽകണം. ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും കരയുമ്പോൾ തള്ളിപ്പറയുകയും ചെയ്യുന്നവരെ വിശ്വസിക്കരുതെന്ന താക്കീതു നൽകണം. മുയലിന്റെ ചിന്തകളിൽ മീനസൂര്യൻ ജ്വലിച്ചുനിന്നു.

ആമ വളരെ ശാന്തനായി കാണപ്പെട്ടു. തോൽക്കാൻ പോവുന്നവന്റെ നിസ്സംഗതയായി മുയലിന്റെ ആരാധകർ, ആമയുടെ ഈ ഭാവത്തെ വിലയിരുത്തി. എന്നാൽ ‘നമുക്കു കാണാം’ എന്ന് ആമയുടെ ആളുകൾ ആർത്തുവിളിച്ചു.

മൽസരം തുടങ്ങിക്കഴിഞ്ഞു. കാടിന്റെ അങ്ങേത്തലയ്ക്കലുള്ള കൊല്യാനിപ്പുഴ വരെ ഓടേണ്ടതുണ്ട്. കാണികൾ ഇരുവശങ്ങളിലുംനിന്ന് ആരവം മുഴക്കുന്നു. ജയ് വിളികൾക്കും കൂവലുകൾക്കുമിടയിലുള്ള ആമയും മുയലും തങ്ങളുടെ രണ്ടാമങ്കം തുടങ്ങിക്കഴിഞ്ഞു.

മൽസരം മുറുകുകയാണ്. ഒപ്പം... ഒപ്പത്തിനൊപ്പം – ഇഴഞ്ഞു നീങ്ങുന്നവൻ ചാട്ടക്കാരനുമായി ബലാബലം നിൽക്കുന്നു... വിശ്വസിക്കാനാവാതെ കാണികൾ –

പക്ഷേ, സംഭവിച്ചത് അതുതന്നെയായിരുന്നു. അവസാനഘട്ടത്തിൽ മുയലിനെ പിന്നിലാക്കിക്കൊണ്ട്, ആമ ഫിനിഷിങ് പോയിന്റിൽ മുത്തമിട്ടു. ഇനി കഥകളിലൂടെ നൂറുനൂറു തലമുറകളിലേക്ക് നാണക്കേടിന്റെ പ്രതിരൂപമായി കടന്നുചെല്ലേണ്ട തന്റെ ദുർവിധിയോർത്ത് മുയൽ കരഞ്ഞുപോയി.

സമ്മാനദാനത്തിനായുള്ള ആഘോഷപ്പൊലിമയിൽ കാട് നിറഞ്ഞുതുളുമ്പി. വീരനായകനെയും വാനിലുയർത്തി മൃഗങ്ങൾ കാടിനുചുറ്റും വിജയഭേരി മുഴക്കി.

അടുത്ത നിമിഷം എല്ലാം മാറിമറിയുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ആമ ഉത്തേജകമരുന്ന് കഴിച്ചിരുന്നു എന്നു തെളിഞ്ഞതായി ഫ്ലാഷ് ന്യൂസുകൾ വന്നുതുടങ്ങി.

കാഹളം മുഴക്കിയവർ കാർക്കിച്ചുതുപ്പുവാൻ തുടങ്ങിയപ്പോൾ ആമ തന്റെ പുറന്തോടിനുള്ളിലേക്കു വലിഞ്ഞു. തിരിച്ചു വാങ്ങിയ ട്രോഫിയുമായി സംഘാടകർ മുയലിനെ തിരഞ്ഞു. പക്ഷേ...

കൊല്യാനിപ്പുഴയുടെ ആഴങ്ങൾ അപ്പോഴേക്കും ആ പരാജിതനെ ഏറ്റുവാങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com