ADVERTISEMENT

ആകാശം മഴയെ പ്രണയിക്കുന്നത് ഇവിടെയാണെന്ന് അൽപം അതിശയോക്തിയോടെ പറയുന്നതിൽ തെറ്റില്ല! ഇടുക്കി ജില്ലയിലെ പീരുമേട് ‍പഞ്ചായത്തിലെ പരുന്തുംപാറ.  അകലക്കാഴ്ചയിൽ പരുന്തിന്റെ തല പോലെ തോന്നിക്കുന്നൊരു പാറ. ഘടികാരസൂചി കറങ്ങിവരുംപോലെ അതുവഴി ഇടയ്ക്കിടെ വീശിപ്പോകുന്ന കാറ്റ്. അതിനൊപ്പം മുന്നറിയിപ്പില്ലാതെ പറന്നും പെയ്തും കൂട്ടുവരുന്ന മഞ്ഞും മഴയും. സമുദ്രനിരപ്പിൽനിന്ന് 4700 അടി ഉയരത്തിലുള്ള പരുന്തുംപാറയെക്കുറിച്ച് ഇതിലധികം പറയാനില്ല. കാരണം, അത് നന​ഞ്ഞറിയേണ്ടതാണ്!

പ്രകൃതിയുടെ അഴകളവുകളിൽ കൊടൈക്കനാലും മൂന്നാറും വരെ ചില കാര്യങ്ങളിൽ ഈ ചെറിയ പ്രദേശത്തിനു മുന്നിൽ നാണിച്ചു തലതാഴ്ത്തും! കോട്ടയം – കുമളി പാതയിൽ, പീരുമേട് കഴിഞ്ഞ് രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ വലത്തേക്കൊരു വഴി. അതിലൂടെ മൂന്നു കിലോമീറ്റർ... പരുന്തുംപാറയിൽ എത്തിക്കഴിഞ്ഞു! ‌

ഡെത്ത് വാലി

വർഷങ്ങൾക്കു മുൻപ് സ്രാമ്പിക്കൊക്ക എന്നായിരുന്നു പരുന്തുംപാറയുടെ പേര്. ആ പേരിനു പകിട്ടുപോരെന്നു തോന്നിയ പ്രദേശവാസികൾ ‘പരുന്തുംപാറയെന്ന’ പുതിയ പേരു വിളിച്ചു. എന്നാൽ, വഴിയിലൊരിടത്തു മൈൽക്കുറ്റിയിൽ മറ്റൊരു പേരാണ്– ഡെത്ത് വാലി; മരണത്തിന്റെ താഴ്‌വര!

വികസനം വിനോദസഞ്ചാരികളുടെ വേഷത്തിൽ എത്തുംമുൻപ് എത്ര കഥകളിലെ പ്രേതങ്ങൾക്കു വേണമെങ്കിലും സുഖമായി വിഹരിക്കാൻ തക്കവിധം നിഗൂഢതകളുണ്ടായിരുന്ന പ്രദേശം. സൂയിസൈഡ് പോയിന്റാണ് പരുന്തുംപാറയുടെ പ്രധാന ആകർഷണം. ആർക്കും അനായാസം ആത്മഹത്യ ചെയ്യാവുന്ന സ്ഥലമായിരുന്നു അത്. കുറെ വർഷങ്ങൾക്കു മുൻപ് രണ്ടുപേർ, മറ്റുള്ളവർ കണ്ടുനിൽക്കെ കൊക്കയിലേക്കു ചാടി ജീവനൊടുക്കിയതോടെ പീരുമേട് പഞ്ചായത്ത് അധികൃതർ ഉണർന്നു. സൂയിസൈഡ് പോയിന്റ് ഒന്നാകെ കൈവരി കെട്ടി. അതുവഴി മഞ്ഞിലൊട്ടി നടക്കാൻ വോക് വേ പണിതു.

ദൈവത്തിന്റെ സ്വന്തം പഞ്ചായത്താണു പീരുമേട് എന്നു തോന്നിപ്പോകും പരുന്തുംപാറയിലെ പരിഷ്‌കാരങ്ങൾ കണ്ടാൽ. ചെങ്കുത്തായ പാറയിലിടിച്ച് തിരശ്ചീനമായി മഞ്ഞു പറന്നുവരുന്ന കാഴ്ച പരുന്തുംപാറയുടെ മാത്രം പ്രത്യേകതയാണ്. സൂയിസൈഡ് പോയിന്റിലെ കൊടുംകൊക്കയുടെ താഴ്‌വാരത്തിൽ വീശുന്ന കാറ്റിനൊപ്പം കോടമഞ്ഞ് വന്നും പോയുമിരിക്കും.

ഒരു പകലിന്റെ പകുതിയോ ഒരു രാത്രി മുഴുവനുമോ മതിയാകും പരുന്തുംപാറയെ അറിയാൻ. പക്ഷേ, ഇപ്പോഴും തേക്കടിയിലേക്കു യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും ഇങ്ങനെയൊരു സ്ഥലം കണ്ണെത്തും ദൂരത്തുണ്ടെന്ന് അറിയാതെ വണ്ടിവിട്ടു പോകുന്നു. തേക്കടിയിലും കുട്ടിക്കാനത്തും താമസിക്കുന്നവർക്ക് ഇവിടേക്ക് ഒരു മണിക്കൂർകൊണ്ട് ഓടിയെത്താവുന്ന ദൂരമേയുള്ളൂ.

parunthumpara-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com