ADVERTISEMENT

ജനിച്ച് അൻപതു വർഷങ്ങൾക്ക് ശേഷം പെട്ടെന്നൊരു ദിവസം, ഒരു ബന്ധവും ഇല്ലാത്ത ഒരു സ്ത്രീ ‘ഞാനാണ് നിങ്ങളുടെ ചേച്ചി’ എന്ന് പറയുമ്പോൾ എന്തായിരിക്കും  മാനസികാവസ്ഥ? പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി എഴുതുന്നു... 

അഞ്ചു കൊല്ലം മുൻപ് എന്റെ പുസ്തകമായ ‘സ്വരഭേദങ്ങൾ’ ഇറങ്ങിയ സമയം. ഒരു ദിവസം ഒരു സ്ത്രീ ശബ്ദം. അവർ പേര് പറഞ്ഞു. ‘എനിക്കു കുട്ടിയെ കാണണം’. സ്വരഭേദങ്ങൾ വായിച്ച് ഇതുപോലെ പലരും പറയാറുണ്ട്, അതിനെന്താ കാണാമല്ലോ എന്നു പറഞ്ഞു ഞാൻ. കുട്ടിയുടെ അമ്മയുടെ പേരെന്താ ? അച്ഛന്റെ പേരെന്താ ? ഏട്ടന്റെ പേരെന്താ ? എന്നൊക്കെ ചോദിച്ചു അവർ.

ഞാൻ എല്ലാറ്റിനും ക്ഷമയോടെ മറുപടി പറഞ്ഞു. ഏറ്റവും ഒടുവിൽ എന്റെ ചേച്ചിയുടെ പേര് ചോദിച്ചു. ഇന്ദിര എന്ന് ഞാൻ പറഞ്ഞു. 

അവർ പറഞ്ഞു: ഇന്ദിര  കുട്ടിയുടെ സ്വന്തം ചേച്ചിയല്ല, ഞാനാണ് കുട്ടിയുടെ ചേച്ചി... – ഞാനതൊരു തമാശയായി മാത്രമേ കേട്ടുള്ളൂ.

ആത്മകഥ വായിച്ച് ചേട്ടനായും ചേച്ചിയായും അമ്മയായും ഒക്കെ പലരും എന്നോടു സംസാരിക്കാറുണ്ട്. അതുകൊണ്ടുതന്നെ എനിക്കതിൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല. ഞാൻ തമാശയോടെ ‘ഓ അതിനെന്താ, അങ്ങനെതന്നെ ആയിക്കോട്ടെ’ എന്നു പറഞ്ഞ് ഫോൺ സംഭാഷണം നിർത്താൻ ശ്രമിച്ചു.  എന്നെ കാണണം എന്നാവശ്യപ്പെട്ടപ്പോൾ ഞാൻ കോഴിക്കോട് വരുമ്പോൾ കാണാം എന്നു പറഞ്ഞു തൽക്കാലത്തേക്ക് രക്ഷപ്പെട്ടു.

അഞ്ചു വർഷങ്ങൾക്കു ശേഷം ഇതാ ആ ഭൂതം കുപ്പിയിൽനിന്നു വീണ്ടും പുറത്തു വന്നിരിക്കുന്നു.. ഇത്തവണ ഞാനതു കാണുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്‌.  ഒരാൾ എന്റെ പേരുപറഞ്ഞു കൊണ്ടാണ് ആ വിഡിയോയിൽ സംസാരിച്ചത്.  

എൺപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരമ്മ പറയുന്നു – ഒന്നര, രണ്ട് വയസ്സുള്ള കുഞ്ഞിനെ അവരുടെ മടിയിൽ നിന്ന് ആരോ പിടിച്ചെടുത്തു കൊണ്ടുപോയി. പിന്നെ കണ്ടിട്ടില്ല. കുഞ്ഞിന്റെ പേര് വിശാലാക്ഷി എന്നാണ്.

ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി ആണത് എന്നാണ് എനിക്കു തോന്നുന്നത് എന്ന്. ഈ വിഡിയോ കണ്ട് ഭാഗ്യലക്ഷ്മിയുടെ കണ്ണ് തുറക്കട്ടെ എന്ന അപേക്ഷയോടെ വിഡിയോയിലെ സംഭാഷണം അവസാനിക്കുന്നു.

അപ്പോഴും എനിക്ക് അതൊരു തമാശയായേ തോന്നിയുള്ളൂ. സത്യം പറ, എന്നെ നിങ്ങൾ മോഷ്ടിച്ചതാണോ എന്ന തമാശരൂപേണയുള്ള അടിക്കുറിപ്പോടെ ആ വിഡിയോ ചെന്നൈയിൽ താമസിക്കുന്ന എന്റെ ചേച്ചി ഇന്ദിരയ്ക്ക് ഞാൻ വാട്സാപ്പിൽ അയച്ചു കൊടുത്തു. 

ചേച്ചിക്കു പക്ഷേ അതത്ര തമാശയായി തോന്നിയില്ല. ചേച്ചി ആ വിഡിയോയിൽ കണ്ട നമ്പറിൽ വിളിച്ച് ആ വ്യക്തിയോട് സംസാരിച്ചു, അല്പം പരുഷമായിത്തന്നെ. ആ മനുഷ്യൻ ആ വിഡിയോ സോഷ്യൽ മീഡിയയിൽ നിന്നു ഡിലീറ്റ് ചെയ്തു. 

കാര്യം അവിടെ തീർന്നു എന്നാണു ഞാൻ കരുതിയത്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് ആ മനുഷ്യൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞു – ഭാഗ്യലക്ഷ്മി ആ അമ്മയെ ഒന്ന് വന്നു കാണാൻ കൂട്ടാക്കിയില്ലെങ്കിൽ ഞാൻ ഇനിയും അവർക്കെതിരെ പോസ്റ്റുകൾ ഇടും എന്നു പറഞ്ഞു. അപ്പോഴും ഞാൻ എന്നെ നിയന്ത്രിച്ചു, അരുത്, ദേഷ്യപ്പെടരുത്. ഇതെല്ലാം കാണാനും കേൾക്കാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരും സിനിമാക്കാരും.  

നാലു ദിവസം കഴിഞ്ഞപ്പോൾ അതാ മറ്റൊരാൾ വരുന്നു വിഡിയോയിലൂടെ ഇതേ വിഷയം പറഞ്ഞുകൊണ്ട്. 

ഇനിയും ഞാൻ നിശ്ശബ്ദയായിരിക്കുന്നതു ശരിയല്ല എന്നുതോന്നി. ഇതൊരു നിസ്സാരസംഭവം എന്ന രീതിയിൽ തന്നെയാണ് ഞാൻ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. അപ്പോഴേക്കും ആദ്യം വിഡിയോ പോസ്റ്റ് ചെയ്ത ആളും രണ്ടാമത് പോസ്റ്റ് ചെയ്ത ആളും എന്നെ വെല്ലുവിളിക്കുന്ന രീതിയിൽ തുടർച്ചയായി പോസ്റ്റുകൾ ഇട്ടു തുടങ്ങി. അതും എന്റെ സ്വകാര്യ ഫോൺ നമ്പർ സഹിതം.

നാട്ടുകാർ പിന്നെ ഏറ്റെടുത്തു കൊള്ളുമല്ലോ... ആളുകളുടെ ചോദ്യം സഹിക്കവയ്യാതായപ്പോൾ ഞാൻ പൊലീസിൽ പരാതി നൽകി. ആ പരാതിയും അവർ സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചു.

കേസ് നീട്ടിക്കൊണ്ടു പോകാൻ എനിക്ക് സമയമില്ലാത്തതുകൊണ്ട് താക്കീതു നൽകി അവസാനിപ്പിച്ചു. അറസ്റ്റ് ചെയ്യുകയും ഉടനെ ജാമ്യം നൽകുകയും ചെയ്യുന്ന നിയമമല്ലേ നമ്മുടേത്?!

എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങൾ – സാമൂഹിക പ്രവർത്തനം എന്നാൽ മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുക എന്നാണോ ? മറ്റൊരാളുടെ പിതൃത്വം അന്വേഷിക്കുക എന്നതാണോ ? 

ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാർത്തകളിലൂടെ അവർ എന്നെ മാത്രമല്ല, മരിച്ചുപോയ എന്റെ അച്ഛനെ, അമ്മയെ, കുടുംബത്തെ എല്ലാം അപമാനിക്കുകയല്ലേ?

 സൈബർ നിയമത്തിന്റെ ദൗർബല്യം കാരണമല്ലേ ഇത്തരം ആക്രമണങ്ങൾ ? 

ഒന്നര വർഷം മുൻപ് ഫെയ്സ്ബുക്കിൽ ഞാനും  മക്കളും ഒന്നിച്ചിരിക്കുന്ന ഫോട്ടോയിൽ ഒരാൾ അടിക്കുറിപ്പെഴുതി "നാണമില്ലേ ഈ സ്ത്രീക്ക് രണ്ട് അന്യ പുരുഷന്മാരുടെ മടിയിൽ കൈവച്ചുകൊണ്ടിരിക്കാൻ?" എന്ന്... അന്നും ഞാൻ പൊലീസിൽ പരാതി കൊടുത്തു, അറസ്റ്റ് ചെയ്തു, അഞ്ചു മിനിറ്റിനുള്ളിൽ അയാൾ ജാമ്യത്തിൽ പുറത്തിറങ്ങി, അടുത്ത പോസ്റ്റിട്ടു... ഞാൻ പൊലീസിൽ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണ്:  ‘ഞങ്ങൾക്ക് എന്തുചെയ്യാൻ പറ്റും, നിയമം അങ്ങനെയാണ്! 

ആ കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല.  എന്നെങ്കിലും കേസ് വിളിക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകുമോ ?.. അതായത് ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപമാനിക്കുന്നവർക്കെതിരെ കോടതിയിൽ കേസിനു പോയാൽ വാദിക്കു സാമ്പത്തിക നഷ്ടം, സമയം നഷ്ടം...

ഇത് എന്തുതരം നിയമമാണ് ? ഏതു വഴിപോക്കനും ആരെയും എന്തും പറയാം, അതു തടയാൻ ശക്തമായ നിയമമില്ല.

സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപമാനം സഹിക്കാൻ വയ്യാതെ ആത്മഹത്യയിലേക്കു പോകുന്ന ഒട്ടേറെ സ്ത്രീകളുണ്ട് ഈ നാട്ടിൽ. അതൊന്നും നിയമ സംരക്ഷകർക്ക് ഒരു വിഷയമേ അല്ല. ഞാൻ പോരാടാൻ തയാറാണ് ഏതറ്റം വരെയും. 

പക്ഷേ എല്ലാവരും അതുപോലെയാകില്ലല്ലോ. ഇന്ന് എനിക്കൊരു ചേച്ചിയെ കൊണ്ടുവന്നവർ നാളെ ഒരമ്മയെയോ അച്ഛനെയോ കൊണ്ടുവന്നാൽ ഞാനെന്തു ചെയ്യണം ? ആരോടു പോയി പരാതി പറയണം? 

എന്റെ വിഷയം ഒരു ചെറിയ വിഷയം തന്നെയാണ്. പക്ഷേ ഇതിനേക്കാൾ ഗൗരവമേറിയ വിഷയങ്ങൾ, സംഭവങ്ങൾ, സോഷ്യൽ മീഡിയയിലൂടെ എത്രയോ പേരുടെ ജീവിതവും ജീവനും ഇല്ലാതാക്കിയിട്ടുണ്ട്. ഇതിനൊരു പരിഹാരം വേണ്ടേ? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com