ADVERTISEMENT

2002 ഡിസംബർ.

ആ ക്രിസ്മസ് നാളുകളിൽ തൃശൂരിലെ നൂറുകണക്കിനു വീടുകളിലെ കടലാസുനക്ഷത്രങ്ങൾ നനഞ്ഞത് മഞ്ഞുകൊണ്ടായിരുന്നില്ല. ഫാ. ജോസഫ് വടക്കൻ മരിച്ചതിന്റെ വേദനകൊണ്ട്, ആ വീടുകളിൽ പെയ്ത കണ്ണീരിനാൽ ആയിരുന്നു...

83–ാം വയസ്സിലൊരു വൈകുന്നേരം. പതിവു മരുന്നു കഴിച്ചശേഷം ചാരുകസേരയിലേക്കൊന്നു ചാഞ്ഞു.

അതു മരണത്തിന്റെ കഥ.

ജനനമാണിപ്പോൾ വിഷയം; വൈദികനും രാഷ്ട്രീയക്കാരനും ജയിൽപ്പുള്ളിയും സാമൂഹിക വിപ്ലവകാരിയും ആയിരുന്ന ഫാ. വടക്കൻ ജനിച്ചിട്ടു വർഷം നൂറാകുന്നു.! ഒക്ടോബർ ഒന്നിന്.

പല കാര്യങ്ങളിൽ ആദ്യം

ഒരു വൈദികൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുക.

രാഷ്ട്രീയ സമരങ്ങൾക്കു നേതൃത്വം നൽകുക.

വിമോചനസമരത്തിന്റെ മുന്നണിയിൽ നിൽക്കുക.

അറസ്റ്റ് വരിക്കുക.

ജയിൽവാസം അനുഷ്ഠിക്കുക.

പത്രം നടത്തുക.

സഭയുമായി അഭിപ്രായവ്യത്യാസമുണ്ടായി പൊതുമൈതാനത്ത് കുർബാന നടത്തുക.

പിന്നീട് നിരുപാധികം അനുരഞ്ജനപ്പെട്ട് സഭയോടു ചേർന്നു നിൽക്കുക..

1967ലെ ഇഎംഎസ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ബി. വെല്ലിങ്ടൻ പറഞ്ഞതു ശരിയാണ്. അഗ്നിപർവതമായിരുന്നു ഫാ. ജോസഫ് വടക്കൻ.

ജോലിവിട്ട് വൈദികവൃത്തിയിൽ

ഫാ. ജോസഫ് വടക്കന്റെ ജനനം തൃശൂരിലെ കോൾപാടങ്ങൾ അതിരിട്ട തൊയക്കാവ് ഗ്രാമത്തിൽ. വടക്കൻ ഇട്ടിക്കുരുവിന്റെയും കുഞ്ഞിലയുടെയും ഏഴുമക്കളിൽ മൂന്നാമൻ. മാതാപിതാക്കൾ ചെറുപ്പത്തിൽ മരിച്ചപ്പോൾ 13–ാം വയസ്സിൽ കുടുംബത്തിന്റെ ചുമതല ചുമലിലേറ്റെടുത്തു.

ഇന്റർമീഡിയറ്റ് കഴിഞ്ഞയുടൻ തൊയക്കാവ് എൽപിസ്കൂളിൽ അധ്യാപകനായി. അഞ്ചുരൂപ ശമ്പളം. കോൺഗ്രസ് വില്ലേജ് കമ്മിറ്റി സെക്രട്ടറിയും അധ്യാപകയൂണിയൻ നേതാവുമായി രാഷ്ട്രീയത്തിലെത്തി.

ആ കുപ്പായങ്ങളെല്ലാം അഴിച്ചുവച്ച് 26–ാം വയസ്സിൽ വൈദികനാകാൻ തീരുമാനിച്ചു. 1956ൽ പൗരോഹിത്യം. തൃശൂരിലെ മലബാർ മിഷനറി ബ്രദേഴ്സിന്റെ സുപ്പീരിയറായി ആദ്യ നിയമനം. 65 മുതൽ 71 വരെ കുരിയച്ചിറ പള്ളി വികാരി. 

ലാവ അങ്ങനെയേ ഒഴുകൂ...

വൈദികനാകാൻ ചെല്ലുമ്പോൾ ഫാ. വടക്കന് ക്വിറ്റിന്ത്യ സമരത്തിലും വിനോബ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനത്തിലും പങ്കെടുത്ത അനുഭവമുണ്ടായിരുന്നു. വൈദികപഠനകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുണ്ടാക്കി.

പിന്നീടത് മലയോര കർഷക യൂണിയനായി. കർഷകരും തൊഴിലാളികളും അവരുടെ പ്രശ്നങ്ങളും മുന്നിൽ വന്നപ്പോൾ മലയോര കർഷക യൂണിയനെ തൊഴിലാളി പാർട്ടിയാക്കി. കെടിപി (കർഷക തൊഴിലാളി പാർട്ടി) രൂപപ്പെട്ടു.

64ലെ തിരഞ്ഞെടുപ്പിൽ പാർട്ടി അതുവരെ എതിർത്ത കമ്യൂണിസ്റ്റ് മുന്നണിയിൽ ഇടം നേടി. ഇഎംഎസ് മന്ത്രിസഭയിൽ കെടിപിയുടെ ബി. വെല്ലിങ്ടൻ മന്ത്രിയായി. 

1977ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.കെ. ചന്ദ്രപ്പനെതിരെ കണ്ണൂരിൽ മൽസരിച്ച ഫാ. വടക്കൻ തോറ്റു. 

പിന്നീട് കെടിപിയെ പിരിച്ചുവിടാനുള്ള രാഷ്ട്രീയ പക്വതയും കാട്ടി. സാധാരണമനുഷ്യർ നോക്കിയാൽ ദിക്കറിയാതെ ഒഴുകിപ്പോകുന്ന ജീവിതം...

ശരിയാണ്.., അഗ്നിപർവതത്തിന്റെ ലാവ അങ്ങനെയേ ഒഴുകൂ. 

ഉറക്കം കെടുത്തിയ കുടിയിറക്കം

1959ലെ വിമോചനസമരവും പിന്നീടുണ്ടായ ഉടുമ്പൻചോല, കൊട്ടിയൂർ, ഗൂഡല്ലൂർ കുടിയിറക്കുകളും ഫാ. വടക്കനിലെ കനലിനെ ഊതിത്തെളിയിച്ചു.

ഇടുക്കി ഡാം വരുന്നതിന്റെ മുന്നോടിയായി 1961ൽ ഉടുമ്പൻചോലയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കി അമരാവതിക്കാടുകളിലെ താൽക്കാലിക ടെന്റുകളിൽ താമസിപ്പിച്ചപ്പോഴും കൊട്ടിയൂരിലെ അയ്യായിരം കുടുംബങ്ങളെ വഴിയാധാരമാക്കിയപ്പോഴും ഫാ. വടക്കനിലെ കനൽ അഗ്നിപർവതമായി. 

ഗൂഡല്ലൂരിലെ മലയാളി കുടുംബങ്ങളെ മൈസൂർ സർക്കാർ പിഴുതെറിഞ്ഞപ്പോഴും എകെജിയുൾപ്പെടെയുള്ള ഇടതുനേതാക്കൾക്കൊപ്പം സമരങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഇതെല്ലാം വിജയിച്ച സമരങ്ങളായിരുന്നു. 

മേൽക്കൂരയുടെ സുരക്ഷിതത്വത്തിൽ അഭയം പ്രാപിച്ചവർ അനുഭവിച്ച ആനന്ദത്തിന്റെ ‘നൂറ്’... അതാണ് ഈ ജന്മശതാബ്ദി.

വടക്കൻസേന

ബി. വെല്ലിങ്ടൻ മാത്രമല്ല സമരസേനാനികൾ തന്നെയുണ്ടായിരുന്നു ഫാ. വടക്കനുചുറ്റും. എന്തു ത്യാഗം സഹിക്കാനും ഏതു പ്രതിസന്ധിയേയും നേരിടാനും തയാറായിരുന്നവർ.

പത്രപ്രവർത്തകരായിരുന്ന കെ.ആർ. ചുമ്മാർ, ജോയി ശാസ്താംപടിക്കൽ, വർഗീസ് മേച്ചേരി തുടങ്ങിയവരെല്ലാം ഫാ. വടക്കന്റെ അനുയായികളായിരുന്നു.

വിമോചനസമരകാലത്തും കർഷകപ്രക്ഷോഭകാലത്തും മലനാട് കർഷകയൂണിയൻ രൂപീകരിക്കുന്ന കാലത്തും അച്ചനൊപ്പം ആളുകൂടി.

രാഷ്ട്രീയമായിരുന്നില്ല അദ്ദേഹത്തിന്റെ വിഷയം. ജനങ്ങളുടെ നന്മയായിരുന്നു. അതിനാൽ കേളകത്തെ കൊട്ടിയൂരിൽ 1961ൽ കുടിയിറക്കുണ്ടായപ്പോൾ കോൺഗ്രസ് പശ്ചാത്തലം മറന്ന് കമ്യൂണിസ്റ്റുകാരുമായി ചേർന്നു സമരം ചെയ്തു.

വഴവങ്ങാടിയിൽ എകെജിയും വടക്കനച്ചനും ഒരേ വേദിയിൽ നിന്നു പ്രസംഗിച്ചതിനെപ്പറ്റി ബി. വെല്ലിങ്ടൻ എഴുതിയിട്ടുണ്ട്. ആ ഐക്യനിര കേരളത്തിലെ പതിനായിരക്കണക്കിനു കുടികിടപ്പുകാരെയും കുടിയേറ്റക്കാരെയും രക്ഷിച്ചുവെന്നത് ചരിത്രസത്യം.

അകൽച്ച, അടുപ്പം

രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടകാലത്ത് പലകാരണങ്ങളാൽ സഭയുമായി അഭിപ്രായവ്യത്യാസമുണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു 1971 നവംബർ 14നു തേക്കിൻകാട് മൈതാനിയിൽ പൊതുവേദിയിൽ അർപ്പിച്ച കുർബാന.

അഭിപ്രായവ്യത്യാസങ്ങൾ പെരുകിയപ്പോൾ തൃശൂർ ബിഷപ് മാർ ജോസഫ് കുണ്ടുകുളം വടക്കനച്ചന്റെ വൈദികവൃത്തിക്കു വിലക്കേർപ്പെടുത്തി. 

ഏഴു വർഷത്തിനുശേഷം സഭയുമായി അനുരഞ്ജനപ്പെട്ടു ഫാ. വടക്കൻ വൈദികവൃത്തിയിൽ തിരിച്ചെത്തി. അതേ മാർ ജോസഫ് കുണ്ടുകുളത്തിനൊപ്പം ദിവ്യബലിയർപ്പിച്ച പുനഃസമാഗമ വേള ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദമായി അദ്ദേഹം പിന്നീടു വിശേഷിപ്പിച്ചു.

ഐക്യരാഷ്ട്രസംഘടനയെ ഞെട്ടിച്ചയാൾ

ഐക്യരാഷ്ട്രസംഘടന 1987 രാജ്യാന്തര പാർപ്പിടവർഷമായി ആചരിച്ചപ്പോൾ എല്ലാ ലോകരാഷ്ട്രങ്ങളും ശ്രമങ്ങൾ നടത്തി. പക്ഷേ, ലോക റെക്കോർഡ് ഫാ. വടക്കനായിരുന്നു. തൃശൂരിലെ കുരിയച്ചിറയിൽ ഒരു വർഷം കൊണ്ട് 500 വീടാണു നിർമിച്ചത്. അന്നും ഇന്നും റെക്കോർഡ്. വീടു കിട്ടിയ പാവങ്ങളോട് ഒരു കരാറും വച്ചു. ആഴ്ചയിൽ 500 രൂപവച്ച് തിരിച്ചു നൽകണം.

കാരണം സർക്കാരിൽ നിന്നോ വിദേശ ഏജൻസികളിൽ നിന്നോ ചില്ലിക്കാശുപോലും സ്വീകരിച്ചല്ല അതു പണിതത്. പിന്നെങ്ങനെ പണം കണ്ടെത്തിയെന്നത് അത്ഭുതം.

13–ാംവയസ്സിൽ കുടുംബനാഥനായൊരാൾക്ക് ജീവിതം പഠിപ്പിച്ചുകൊടുത്ത പല ടെക്നിക്കുകളിലൊന്നാവുമത്.

അന്ന് ഈ പദ്ധതിയിൽ ആകൃഷ്ടനായ ഭവനനിർമാണമന്ത്രി എം.എൻ. ഗോവിന്ദൻ നായർ സർക്കാർ വക വീടുനിർമാണ പദ്ധതി തുടങ്ങി. വടക്കനച്ചന്റെ മേൽനോട്ടമുണ്ടായിരുന്ന ആ പദ്ധതിയുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടാകും. ലക്ഷം വീട് പദ്ധതി!

റിക്ഷാ...അല്ല രക്ഷാവണ്ടി

സ്വയംസഹായ ഭവനപദ്ധതിക്കു വടക്കനച്ചനെ പ്രേരിപ്പിച്ച ചില കാരണങ്ങളുണ്ട്. അരനൂറ്റാണ്ടുമുൻപ് തൃശൂരിലെ റിക്ഷാവണ്ടി വലിക്കുന്നവർ അവരുടെ സമ്പാദ്യത്തിന്റെ പകുതി റിക്ഷാമുതലാളിമാർക്കു കൊടുക്കണമായിരുന്നു. പൊരിവെയിലത്തു വണ്ടിവലിക്കുന്നവർക്കു ബാക്കി പാതികൊണ്ടു ജീവിതം കൂട്ടിമുട്ടില്ല.

വടക്കനച്ചൻ ആ തൊഴിലാളികളെ സംഘടിപ്പിച്ചു യൂണിയനുണ്ടാക്കി. സമരത്തിനു പോവുകയല്ല ചെയ്തത്. ചെറിയ തുകവീതം എല്ലാവരും ദിവസവും മാറ്റിവയ്ക്കും. അതുകൊണ്ടു റിക്ഷാവണ്ടി വാങ്ങി ഒരു ഭാഗ്യവാനു നൽകും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എല്ലാ തൊഴിലാളികൾക്കും റിക്ഷാവണ്ടി സ്വന്തം!

ലോട്ടറി ‘അടിച്ച’ വൈദികൻ

ക്ഷയം, കുഷ്ഠം, കാൻസർ രോഗങ്ങൾകൊണ്ടു വലയുന്നവർക്കു ചികിൽസാ ധനസഹായം കൊടുക്കാൻ പണം വേണം. ആരോഗ്യമന്ത്രി ബി. വെല്ലിങ്ടൻ ഫാ. വടക്കനുമായി ചർച്ച നടത്തി.

കൊൽക്കത്തയിൽ മിഷനറിമാർ നടത്തുന്ന ഡോൺ ബോസ്കോ ലോട്ടറി പദ്ധതിയെക്കുറിച്ച് അറിഞ്ഞ ഫാ. വടക്കൻ ആ സംവിധാനം പരിചയപ്പെടുത്തി. മുഖ്യമന്ത്രി ഇഎംഎസിന്റെ മുൻപിൽ ലോട്ടറി തുടങ്ങാനുള്ള ആശയവുമായി ഇരുവരുമെത്തി. ആ സംരംഭം പിന്നീടു കേരളത്തിന്റെ നട്ടെല്ലായി വളർന്നു: കേരളാ ലോട്ടറി!

കുഷ്ഠരോഗികളെ സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമായി പദ്ധതികൾക്കു രൂപം നൽകാൻ സർക്കാർ നിർദേശിച്ചതും ഫാ. വടക്കനോടായിരുന്നു. അദ്ദേഹം സമർപ്പിച്ച ലെപ്രസി കമ്മിഷൻ റിപ്പോർട്ട് മറ്റു സംസ്ഥാന ഗവൺമെന്റുകൾക്കും കേന്ദ്രത്തിനുമടക്കം വഴികാട്ടി.

1969ൽ തിരുവനന്തപുരത്ത് മൽസ്യത്തൊഴിലാളികൾ മതത്തിന്റെ പേരിൽ ചേരിതിരിഞ്ഞ് ഒരു കലാപമുണ്ടായി. സംഘർഷഭരിതമായ ആ അന്തരീക്ഷത്തിൽ മന്ത്രിമാർ പോലും അവിടേക്കു പോകാൻ മടിച്ചു.

അന്നേരം, ബീമാപള്ളിയിലേക്ക് ഒരാൾ ഒറ്റനടപ്പ്... ഒറ്റയ്ക്ക്.

സൗഹൃദത്തിന്റെ സാധ്യതകളുമായുള്ള പോക്ക്.

സംഘർഷമില്ലാതാക്കിയ ആ സന്ദർശകൻ മറ്റാരുമായിരുന്നില്ല...

സ്നേഹത്തിന്റെ, സേവനത്തിന്റെ, വികസനത്തിന്റെ ദിക്കറിഞ്ഞ ഫാ. വടക്കൻ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com