ADVERTISEMENT

ആയിരത്തി രണ്ടാമത്തെ രാവിൽ അല്ലുവും മുല്ലുവും ചോദിച്ചു.

‘‘ഉമ്മാ ഇന്ന് ഏതു കഥയാ? 

ഉമ്മ ചിരിച്ചു. ‘‘അതോ. ആയിരത്തിരണ്ടാം രാവിലെ കഥയുടെ കഥ.’’

‘‘ആയിരത്തൊന്നല്ലേ ഉള്ളു. ഉമ്മയുടെ ഒരു തള്ള്.’’ മുല്ലു പരിഭവിച്ചു.

‘‘അല്ല മുല്ലൂസേ, ശരിക്കും ഉണ്ട്. അതിന്റെ കഥയാ പറയാൻ പോന്നെ.’’

ഉമ്മ പറ്റിക്കുകയാണോ എന്ന സംശയം തീർന്നില്ലെങ്കിലും മുല്ലു പിന്നീടൊന്നും പറഞ്ഞില്ല.

‘‘ആയിരത്തൊന്നാം രാവോടെ ഷെഹറാസാദ് പട്ടമഹിഷിയായെങ്കിലും ഷെഹരിയാർ രാജാവിന് കഥക്കൊതി തീർത്തിരുന്നില്ല. അങ്ങനെ ആയിരത്തിരണ്ടാം രാവെത്തി. കുളിച്ചൊരുങ്ങി, സുഗന്ധതൈലങ്ങൾ പൂശി, സ്വർണത്തളികയിൽ പഴങ്ങളും സ്വർണമൊന്തയിൽ കാച്ചിയ പാലുമായി മണിയറയിലേക്ക് പോകാനൊരുങ്ങുകയായിരുന്ന ഷെഹറസാദിന്റെ മുൻപിൽ ഒരു ജിന്ന് പ്രത്യക്ഷപ്പെട്ടു. അവർ ഭയന്ന് വിറച്ചുപോയി.

സ്വർണത്തളികയൊന്നു കിടുങ്ങി. അപ്പോൾ ഷെഹറസാദിന്റെ മുൻപിൽ മുട്ടുകുത്തി ജിന്ന് പറഞ്ഞു, ‘‘േപടിക്കേണ്ട മഹാറാണീ, കഥകളെ കാക്കുന്ന ജിന്നാണ് ഞാൻ. എനിക്ക് ഒരു അപേക്ഷയുണ്ട്.’’ തുടർന്ന് പറഞ്ഞതെല്ലാം അവരുടെ ചെവിയിലായിരുന്നു. അവർ തലയാട്ടി സമ്മതിക്കുകയും ചെയ്തു.

കഥ കേൾക്കാനായി രാജാവ് അക്ഷമനായി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ താടിരോമങ്ങളിൽ വിരലോടിച്ച് ഷെഹറസാദ് കൊഞ്ചി. ‘‘മാപ്പു തരണേ തമ്പുരാനേ. ഇന്നത്തെ കഥ നാളെ പറയാം. ഇന്നൊരു സുഖം തോന്നുന്നില്ല.’’ അപ്പോഴേക്കും സുൽത്താൻ ഷെഹറസാദിൽ അനുരക്തനായി കഴിഞ്ഞിരുന്നല്ലോ. മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം സമ്മതം മൂളി. ആയിരത്തിരണ്ടാം രാവിലെ ആ കഥ പിന്നീടൊരിക്കലും ആരും ആരോടും പറഞ്ഞില്ല.

ഉമ്മ നിർത്തി. അല്ലുവിന്റെയും മുല്ലുവിന്റെയും മുഖം തെളിഞ്ഞില്ല. അധികം സംസാരിക്കാത്ത അല്ലു വായ തുറന്നു, ‘‘കഥ കഴിഞ്ഞോ ഉമ്മാ?’’ ഉമ്മയ്ക്ക് ചിരിവന്നു. ‘‘ഇല്ലല്ലോ. ഇനിയല്ലേ ശരിക്കുള്ള കഥ.’’ ഉമ്മ നിർത്തി. ‘‘വേഗം പറ ഉമ്മാ.’’ അവർക്ക് ധൃതിയായി. ‘‘ഞാനൊരു രഹസ്യം പറയാം. ആരോടും പറയരുത്. പറയുവോ?’’ അവർ ഇല്ലെന്ന് തലയാട്ടി.

‘‘ആ കഥയുണ്ടല്ലോ. അത് ഉമ്മാക്കറിയാം.’’

‘‘എന്നാൽ പറ ഉമ്മാ.’’ രണ്ടുപേരും ഒന്നിച്ച് ഒച്ചയുണ്ടാക്കി.

‘‘അയ്യോ പറയാൻ പാടില്ല.’’

‘‘പ്ലീസ് ഉമ്മാ.’’

‘‘ജിന്ന് ഷഹറസാദിനോട് എന്താ പറഞ്ഞതെന്നറിയോ?’’.

‘‘എന്താ ഉമ്മാ.’’

‘‘ആ കഥ ആരോടും പറയരുതെന്ന്. പറഞ്ഞാൽ ഇനി പിറക്കാൻ പോകുന്ന കഥകളെല്ലാം ചാപിള്ളകളാകുമെന്ന്.’’

‘‘വെറുതെ തള്ളല്ലേ ഉമ്മാ. അത് ഉമ്മയ്ക്കെങ്ങിനെ അറിയാം?’’

ഉമ്മ പൊട്ടിച്ചിരിച്ചു. ‘‘അതോ, അത്... ഉമ്മ തന്നെയായിരുന്നു ഷഹറസാദ്. പിന്നേ ഷഹറസാദിന് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നൂട്ടോ.’’

അല്ലുവും മുല്ലുവും ശബ്ദിക്കാവാനാകാതെ ഉമ്മയുടെ മുഖത്തേക്കുതന്നെ വാപിളർന്ന് നോക്കിനിൽക്കുമ്പോൾ കഥകളുടെ നിധികുംഭം കാക്കുന്ന ജിന്ന് ഊറിയൂറിച്ചിരിക്കുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com