sections
MORE

തനി വെജിറ്റേറിയൻ!

travel
കമ്പത്തെ നെൽപ്പാടങ്ങളിലൊന്ന്. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
SHARE

∙ കേരള അതിർത്തിയിലെ കമ്പം, തേനി വഴിയിലൂടെ തമിഴ് ഫാം ടൂറിസത്തിന്റെ രുചിയറിഞ്ഞ് ഒരു യാത്ര

മേഘങ്ങൾക്കിടയിൽനിന്നു മണ്ണിലേക്ക് വലിയൊരു പച്ച പെയ്ന്റുപാട്ട മറിഞ്ഞുവീണതിന്റെ നടുവിലൂടൊരു കറുത്ത വര വരച്ചിരിക്കുന്നു. കമ്പം–തേനി റോഡിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ തോന്നുന്നതിങ്ങനെയാണ്. റോഡിനിരുവശവും പച്ച നിറമുള്ള കൃഷിയിടങ്ങൾ.

വിളഞ്ഞുനിൽക്കുന്ന നെല്ലും പയറും കാബേജും പാവയ്ക്കയും വാഴയ്ക്കയും. ഇവയെല്ലാം നാളെ നമ്മുടെ അടുക്കളയിലെത്തേണ്ടതാണെന്ന് അറിയുമ്പോഴാണ് തേനി– കമ്പം റൂട്ടിലെ യാത്ര കുറച്ചധികം സ്പെഷൽ ആകുന്നത്.

സൂപ്പർമാർക്കറ്റിൽനിന്നും ചന്തയിൽനിന്നും തൂക്കമളന്നുവാങ്ങി നമ്മൾ കഴിക്കുന്ന പച്ചക്കറികളൊക്കെയും ചെടിയിൽനിന്ന് നമ്മുടെ കൈകൊണ്ട് പറിച്ചെടുക്കാം തലപ്പൊക്കത്തിൽ പന്തലിൽ പടർന്നു നിൽക്കുന്ന മുന്തിരിവള്ളികളിൽനിന്ന് ചെറുപുളിയും അതിലേറെ മധുരവുമുള്ള കുഞ്ഞുമുന്തിരികൾ കുലയോടെ കടിച്ചുതിന്നാം. 

∙ പച്ചക്കറി, പച്ചയ്ക്ക്! 

അതിർത്തിയായ കുമളിയിൽനിന്ന് ചുരമിറങ്ങുമ്പോൾ മുതൽ പച്ചപ്പുനിറഞ്ഞ കൃഷിഭൂമിയുടെ ആകാശദൃശ്യം കാണാം. പച്ചപ്പാടങ്ങളെ കീറിമുറിച്ചുപോകുന്ന വളവുകളില്ലാത്ത റോഡ്.

മുല്ലപ്പെരിയാർ ഡാമിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്ന തമിഴ്നാടിന്റെ വൈദ്യുതോൽപാദന കേന്ദ്രമായ ലോവർക്യാംപാണ് ‘ഫാം ടൂറിസത്തിന്റെയും’ പ്രവേശന കവാടം. ലോവർക്യാംപ് മുതൽ തേനിവരെയുള്ള 60 കിലോമീറ്ററും പാതയ്ക്കിരുവശവും കൃഷിപ്പെരുമയാണ്. 

grape
ലോവർ ക്യാംപിലെ മുന്തിരിത്തോട്ടം.

പച്ചക്കറിക്കടയിലെ തട്ടകളിൽ അടുക്കിവച്ചിരിക്കുന്ന പോലെ ഭൂമി തിരിച്ചുള്ള കൃഷി. പാസോ ഫീസോ ഇല്ലാതെ സഞ്ചാരികളെ കൃഷിയിടത്തിലേക്ക് തമിഴ് കർഷകർ സ്വാഗതം ചെയ്യും. 

പാകമായി നിൽക്കുന്ന പഴങ്ങൾ പറിക്കാനും കഴിക്കാനും ഒരു പ്രശ്നവുമില്ല. കൂടാതെ മണ്ണിൽനിന്ന് നേരെ വണ്ടിയിലേക്ക് പച്ചക്കറികൾ വാങ്ങി നിറയ്ക്കുകയും ചെയ്താൽ കർഷകർക്ക് ഇരട്ടി സന്തോഷം.

∙  മുന്തിരി മധുരം

വർഷത്തിൽ മുഴുവൻ സമയവും മുന്തിരിത്തോട്ടങ്ങളിലെത്തി വള്ളികളിൽനിന്ന് നേരിട്ട് പറിച്ചുകഴിക്കാം എന്നതാണ് കമ്പത്തെ മുന്തിരിത്തോട്ടങ്ങളുടെ പ്രത്യേകത.

ഒരു തോട്ടത്തിൽ വിളവെടുക്കുമ്പോഴേക്കും അടുത്ത തോട്ടത്തിൽ മുന്തിരി പാകമായിട്ടുണ്ടാവും.  തോട്ടങ്ങളിൽനിന്ന് നേരിട്ട് അൻപതു രൂപയിൽ താഴെമാത്രം വിലയ്ക്ക് മുന്തിരി പെട്ടികളിലാക്കി വാങ്ങാം.

ഇളംവെയിലിൽ വീശുന്ന തണുത്ത കാറ്റിനൊപ്പം വഴിയരികിലിരുന്ന് നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാനും കാളവണ്ടിയിൽ കയറി ഒന്ന് ചുറ്റാനും ചേറിലിറങ്ങിനിന്ന് നെൽച്ചെടികൾക്കിടയിലെ കളപറിക്കാനുമൊക്കെ ആഗ്രഹമുണ്ടെങ്കിൽ നേരെ വണ്ടിയെടുക്കാം കമ്പം–തേനി റൂട്ടിലേക്ക്.

കുടുംബത്തോടൊപ്പം പ്രകൃതിയെ അറിഞ്ഞ് ഒരുനാൾ ചെലവഴിക്കാൻ ഏറ്റവും യോജിച്ച സ്ഥലമാണ് ഈ തമിഴ്ഗ്രാമങ്ങൾ. തിരിച്ചുപോരുമ്പോൾ ഒരു ചെറിയ അടുക്കളത്തോട്ടം തുടങ്ങാനുള്ള പ്രചോദനം ഈ മണ്ണിൽനിന്ന് കിട്ടുമെന്ന് തീർച്ച.

 യാത്ര, താമസം:

കുമളിയിൽനിന്ന് കേരള–തമിഴ്നാട് അതിർത്തി പാത വഴി ചുരമിറങ്ങി കമ്പത്തെത്താം. കുമളിയിൽനിന്ന് കമ്പത്തേക്ക് 20 കിലോമീറ്റർ കമ്പം മുതൽ തേനിവരെ 40 കിലോമീറ്റർ. ഗ്രാമപ്രദേശത്ത് താമസ സൗകര്യം ലഭ്യമല്ല. കുമളിയിലോ തേക്കടിയിലോ താമസിച്ചു തമിഴ്നാടു കണ്ടു മടങ്ങുന്നതാണു സൗകര്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA