ADVERTISEMENT

15,200 കിലോമീറ്റർ... ഒറ്റയ്ക്കൊരു  ബൈക്കിൽ മലയാളി യുവാവ് നടത്തിയ യൂറോപ്പ്– ആർട്ടിക് യാത്രയുടെ ത്രസിപ്പിക്കുന്ന കഥ!

കുട്ടിക്കാലത്തെ കൗതുകങ്ങളിൽ ഒന്നായിരുന്നു ആർട്ടിക് – ലോകത്തിലെ എല്ലാ വഴികളും ഭൂമിയുടെ ഉത്തരധ്രുവമായ ആർട്ടിക്കിൽ ചെന്ന് അവസാനിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പാതിരാസൂര്യൻ ഉദിക്കുന്ന ആർട്ടിക്കിനെക്കുറിച്ചും ഉത്തരധ്രുവത്തിലെ മഞ്ഞുമലകളെക്കുറിച്ചും വർഷത്തിൽ ആറുമാസം മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് സമുദ്രത്തെക്കുറിച്ചുമുള്ള കേട്ടറിവുകളാണ് എന്നിൽ ആ സ്വപ്നം നിറച്ചത്.

ഒടുവിൽ, കഴിഞ്ഞ ജൂലൈയിൽ ഞാൻ ആർട്ടിക് യാത്രയ്ക്കു വീട്ടിൽനിന്നിറങ്ങി. ആർട്ടിക്കിന്റെ ഭാഗമായ ഫിൻലൻഡ്, ഡെൻമാർക്ക്, നോർവേ, സ്വീഡൻ ഉൾപ്പെടെ 24 രാജ്യങ്ങളായിരുന്നു ലക്ഷ്യം.

യൂറോപ്പിൽ ജോലി കിട്ടിയെന്നാണു വീട്ടുകാരോടു പറഞ്ഞത്. ബുള്ളറ്റിൽ ഹിമാലയവും വടക്കു കിഴക്കൻ അതിർത്തികളും കറങ്ങി വരാൻ മുൻപ് അനുവാദം തന്നവരാണ് എന്റെ മാതാപിതാക്കളെങ്കിലും മകന്റെ ഈ യാത്ര അവർക്കും പെട്ടെന്നു ദഹിക്കില്ലെന്നുറപ്പായിരുന്നു. ആകെ സമ്പാദ്യം ഇന്റർനെറ്റിൽ തിരഞ്ഞതു വഴി ലഭിച്ച സാമാന്യവിവരം. കയ്യിലധികം കാശുണ്ടായിരുന്നില്ല. അതൊരു പ്രശ്നമായി തോന്നിയതുമില്ല!

∙ യൂറോപ്പിലേക്ക്...

യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ഭൂഖണ്ഡമാണ് യൂറോപ്പ് എന്നു കരുതുന്നവരുണ്ട്. ബസ്– ട്രെയിൻ സർവീസുകൾ അത്രമാത്രമുണ്ട്. പക്ഷേ, അത്തരം യാത്രയിലൊരിടത്തും നമുക്കൊരു യൂറോപ്യൻ ഗ്രാമത്തെ അനുഭവിച്ചറിയാനാകില്ല. വലിയ നഗരങ്ങൾക്കും പട്ടണങ്ങൾക്കുമിടയിൽ നമുക്കു നഷ്ടമാകുന്ന ചെറിയ ഗ്രാമങ്ങളിലാണ് യൂറോപ്പിന്റെ ആത്മാവ്.

അതിനാൽ, ഈ യാത്ര ഒരു ബൈക്കിൽ മതിയെന്നു തീരുമാനിച്ചു. 2017 ൽ നടത്തിയ 70 ദിവസത്തെ ഹിമാലയൻ റൈഡ് ഉള്ളിൽ ആത്മവിശ്വാസം നിറച്ചു. ബൈക്ക് യാത്ര ചെലവു ചുരുക്കലിന്റെ ഭാഗം കൂടിയായിരുന്നു എന്നും പറയാം. അങ്കമാലിയിൽനിന്നു പുറപ്പെടും മുൻപേ, വെബ്സൈറ്റ് വഴി ഒരു പഴയ ബൈക്ക് കരാറാക്കിയിരുന്നു. സ്പെയിനിലെ ബാർസിലോനയിൽ ചെന്ന് അതു നേരിട്ടു വാങ്ങി.

20 വർഷം പഴക്കമുള്ള ഹോണ്ട ഡോവിൽ (Deauville) ടൂറിങ് മോട്ടർസൈക്കിൾ. യാത്രയിൽ എന്റെ കൂട്ടാളി. ബൈക്കിന്റെ ചരിത്രമന്വേഷിച്ചപ്പോൾ കൗതുകം തോന്നി. ബാർസിലോനയിലെ മേയറുടെ അകമ്പടി സംഘം ഉപയോഗിച്ചിരുന്ന ബൈക്ക് ആയിരുന്നു ഇത്. സേനയിലെ സേവനകാലം കഴിഞ്ഞപ്പോൾ ബൈക്ക് ഒരു പൊലീസുകാരൻ വിലയ്ക്കു വാങ്ങി. അയാളും ഉപയോഗിച്ച് ഒടുവിൽ ഉപേക്ഷിച്ച ഘട്ടത്തിലാണ് ഇരുമ്പു വിലയ്ക്ക് ഞാൻ അതു വാങ്ങിയത്.

ഒരേയൊരു കുഴപ്പം മാത്രം– എന്നും രാവിലെ സ്റ്റാർട് ആകാൻ കക്ഷിക്കു മടിയാണ്. ആർട്ടിക്കിലെ തണുപ്പൻ മേഖലയിലേക്കു ചെന്നതോടെ തള്ളി സ്റ്റാർട്ടാക്കാൻ നാട്ടുകാരുടെ സഹായം കൂടി വേണ്ടിവന്നു – ഈയൊരു യാത്രയിൽ അതൊക്കെ എന്ത്!

bike-ebin
നോർവേയിലെ ഗ്രെയ്റ്റ് അറ്റ്‌ലാന്റിക് റോഡ്.

∙ യാത്ര തുടങ്ങുന്നു

എല്ലാ ശുഭയാത്രകളുടെയും തുടക്കത്തിലൊരു തിരിച്ചടിയുണ്ടാകുമെന്നു കേട്ടിട്ടുണ്ട്! യാത്രയുടെ രണ്ടാം ദിവസം പാസ്പോർട്ടും വീസയും അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസും അടങ്ങുന്ന രേഖകൾ എല്ലാം മോഷ്ടിക്കപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടും വീസയും കിട്ടാൻ ഒന്നര ആഴ്ചയെടുത്തു. പക്ഷേ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ് കിട്ടാൻ വഴിയൊന്നുമില്ല. ലൈസൻസ് ഇല്ലാതെ യാത്ര അപകടകരമാണ്. ഇൻഷുറൻസ് ഉൾപ്പെടെ അസാധുവാകും.

ഒന്നുകിൽ ഈ യാത്രാപദ്ധതി ഇവിടെ ഉപേക്ഷിച്ചു മടങ്ങാം. അല്ലെങ്കിൽ രണ്ടും കൽപ്പിച്ച് യാത്ര തുടരാം. തീരുമാനം എടുക്കാൻ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല. രണ്ടുവർഷത്തെ ഒരുക്കത്തിന്റെ ഫലമാണ് ഈ യാത്ര. എന്തുവന്നാലും മടങ്ങിപ്പോകില്ലെന്നു തീരുമാനിച്ചു. ആ തീരുമാനം തുണച്ചു. ദൈവാനുഗ്രഹത്താൽ 24 രാജ്യങ്ങളിൽ ഒന്നിൽപോലും ആരും ഡ്രൈവിങ് ലൈസൻസ് ചോദിച്ചില്ല.

ആദ്യമായാണ് യൂറോപ്പിൽ വാഹനം ഓടിക്കുന്നത്, ഡ്രൈവിങ് വലതുവശത്തുകൂടിയാണ്. ശരാശരി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുള്ള റോഡിൽ വലിയ ട്രെയ്‌ലറുകൾ ഉണ്ടാക്കുന്ന കാറ്റിൽ ബൈക്ക് ആടിയുലയുന്നതു പതിവായിരുന്നു. യൂറോപ്പിലെ റൈഡിങ് പരിചയക്കുറവുകൊണ്ട് പലപ്പോഴും വഴിതെറ്റും, പിന്നെ തിരിച്ചുവന്ന് യാത്ര തുടരും. പതിയെ കാര്യങ്ങൾ മെച്ചപ്പെട്ടു – റൈഡിങ് എളുപ്പമായി തുടങ്ങി.

∙ അപരിചിത ആതിഥേയർ

യാത്രയുടെ തുടക്കത്തിൽ എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ഒരിടത്തും ഹോട്ടലിൽ താമസിക്കുകയില്ല എന്നത്. ചെലവു കുറയ്ക്കാൻ ഇതിനെക്കാൾ മികച്ച മറ്റൊരു മാർഗമുണ്ടായിരുന്നില്ല. മൂന്നുമാസത്തെ യാത്രയിൽ ഭൂരിഭാഗം ദിവസങ്ങളും താമസിച്ചത് കൗച്ച് സർഫിങ് (couch surfing) വെബ്സൈറ്റ് വഴി കണ്ടെത്തിയ ആതിഥേയരോടൊപ്പം ആയിരുന്നു.

യാത്രികർക്കു സൗജന്യമായി താൽക്കാലിക താമസസൗകര്യം ഒരുക്കുന്ന സേവനമാണ് കൗച്ച് സർഫിങ്. ഇപ്പോൾ ഇത് എഴുതുമ്പോൾ, അന്ന് ആതിഥേയരായ അനേകം പേരുടെ മുഖം മനസ്സിലേക്കെത്തുന്നു. പകൽ മുഴുവൻ ബൈക്ക് ഓടിച്ച് ക്ഷീണിതനായി ചെന്നമാത്രയിൽ അത്താഴം ഒരുക്കിത്തന്നവർ, കൂടെവന്ന് അവരുടെ ഗ്രാമവും പരിസരങ്ങളും പരിചയപ്പെടുത്തിത്തന്നവർ, പിറ്റേന്നത്തെ പ്രാതലിനു ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നു ഇന്ത്യയെക്കുറിച്ച് ആകാംക്ഷയോടെ ചോദിച്ചറിഞ്ഞവർ, ഉച്ചയ്ക്ക് വഴിയിൽ കഴിക്കാൻവേണ്ടി പോലും ഭക്ഷണം പൊതിഞ്ഞുതന്നവർ... അങ്ങനെയങ്ങനെ കുറെയേറെപ്പേർ.

അവരിൽ ഭൂരിഭാഗവും യാത്രികരാണ്, അവർക്കുമുണ്ടായിരുന്നു യാത്രയുടെ കഥകൾ പങ്കുവയ്ക്കാൻ. എന്റെ യാത്രാനുഭവങ്ങളും അവർ ആകാംക്ഷയോടെ ചോദിച്ചറിയും. തലേദിവസം വരെ ഒരു പരിചയവുമില്ലെങ്കിലും അടുത്ത സുഹൃത്തുക്കളെ പോലെയാണ് അവരെല്ലാം പെരുമാറിയത്. കാരണം എനിക്കും അവർക്കുമിടയിൽ പൊതുവായുള്ള ഒരു പ്രണയം നൽകുന്ന ഒരു അടുപ്പമുണ്ട് – യാത്രകളോടുള്ള അടങ്ങാത്ത പ്രണയം.

∙ ജൈവദ്വീപിൽ ഒരു രാത്രി

അധികം ആൾത്താമസമില്ലാത്ത നോർവേയിലെ ഗ്രാമങ്ങളിലും ഇറ്റലിയുടെയും സ്‌ലൊവേനിയയുടെയും ഭാഗമായുള്ള ജൂലിയൻ ആൽപ്സിന്റെ താഴ്‌വാരങ്ങളിലുമൊക്കെ താമസത്തിനായി വൈൽഡ് ക്യാംപിങ് ആണു തിരഞ്ഞെടുത്തത്. അജ്ഞാതമായ ഒരിടത്ത്, വഴിയരികിലോ കാട്ടിലോ ടെന്റ് കെട്ടി താമസിക്കുന്നതിനെയാണു വൈൽഡ് ക്യാംപിങ് എന്നു പറയുക.

നോർവേയിലെ ഗ്രെയ്റ്റ് അറ്റ്ലാന്റിക് റോഡിലെ ദ്വീപസമുഹത്തിൽ (archipelago) ഒരിടത്താണ് ഒരു രാത്രി ടെന്റ് കെട്ടിയത്. മണ്ണിനുപകരം കടൽപ്പായൽ (sea weed) കൊണ്ടുള്ള ഒരു ജൈവദ്വീപ് ആയിരുന്നു അത്. രാത്രി മഴ തുടങ്ങി; ശക്തമായ കാറ്റും. ടെന്റ് ആടിയുലയാൻ തുടങ്ങി. താഴെയുള്ള പ്രതലം സമുദ്രത്തിലേക്ക് ഒലിച്ചുപോകുമോ എന്നു തോന്നുംവിധം ശക്തമായ മഴ. ചുറ്റും വിജനമാണ്. ജനവാസം ഒട്ടുംതന്നെയില്ല. മരണത്തെ മുഖാഭിമുഖം കണ്ട ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അന്ന് ഉറങ്ങിയില്ല. മഴ അവസാനിപ്പിച്ചപ്പോഴാണ് ആശങ്കയൊഴിഞ്ഞത്. 

denmark
ഡെന്മാർക്കിലെ കോപ്പർഹേഗൻ.

ആർട്ടിക് താഴ്‌വാരങ്ങളിൽ പൂജ്യം ഡിഗ്രി തണുപ്പിൽ 6 ദിവസമാണു വൈൽഡ് ക്യാംപിങ് വേണ്ടിവന്നത്. ഏഴാം ദിവസം സ്വീഡനിൽ ഒരു കൗച്ച് സർഫിങ് ആതിഥേയന്റെ അടുത്ത് എത്തിയപ്പോഴാണ് കുളിക്കാൻ കഴിഞ്ഞത്. ആ രാത്രിയിലെ, ചൂടുവെള്ളത്തിലെ കുളിയുടെ സന്തോഷം ഇപ്പോഴുമുണ്ട്.

ചില ദിവസങ്ങളിൽ താമസിച്ചതൊക്കെ ചെലവുകുറഞ്ഞ ഹോസ്റ്റലുകളിൽ ആയിരുന്നു. ഡോർമിറ്ററി സംവിധാനത്തിലുള്ള ഈ ഹോസ്റ്റലുകളിൽ താമസിക്കുന്നവർ ഭൂരിഭാഗവും യാത്രികരാണ്. എല്ലാവർക്കുമുണ്ട് പറയാൻ യാത്രക്കഥകൾ. അവരുടെ കണ്ണിലൂടെ നോക്കുമ്പോൾ ഈ ലോകം എത്ര സുന്ദരമാണ്!

∙ ഇംഗ്ലിഷ് അറിയാത്തവർ

പലപ്പോഴും ദിവസം രണ്ടുനേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. പെട്രോൾ പമ്പുകളിൽ വിലക്കുറവിൽ കിട്ടുന്ന ബർഗറായിരുന്നു പ്രധാനഭക്ഷണം. ഭാഷയായിരുന്നു മറ്റൊരു വെല്ലുവിളി. പല രാജ്യങ്ങളിലും ഇംഗ്ലിഷ് പ്രധാന ഭാഷയല്ല. ഭാഷ അറിയാത്തവർക്കു മുന്നിൽ ആംഗ്യഭാഷയായിരുന്നു രക്ഷ.

യാത്രയ്ക്കിടെ ദിശയും യാത്രാവഴിയും മനസ്സിലാക്കാൻ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടു. പിറ്റേന്നു പുതിയ ഫോൺ വാങ്ങുന്നതുവരെ പേപ്പർമാപ്പ് ഉപയോഗിച്ചായിരുന്നു നാവിഗേഷൻ. മാപ്പിൽ കണ്ട വഴികൾ ചൂണ്ടിക്കാട്ടി തന്നവരിൽ ഇംഗ്ലിഷ് അറിയില്ലാത്തവരായിരുന്നു ഏറെ. താപനില പൂജ്യത്തിനും താഴെയായിരുന്നതുകൊണ്ട് പല ദിവസങ്ങളിലും രാവിലെ ബൈക്ക് സ്റ്റാർട്ട് ആകില്ലായിരുന്നു.

ബൈക്ക് തള്ളി സ്റ്റാർട്ട് ആക്കാൻ എന്നും സഹായിച്ചിരുന്നത് വഴിയിൽ കണ്ടുമുട്ടിയ അപരിചിതരാണ്. എല്ലാവർക്കും എത്രമാത്രം കരുണയാണ്, സ്നേഹമാണ്... ഈ ലോകവും അതിലെ മനുഷ്യരും എത്ര നന്മയുള്ളതാണെന്നു മനസ്സിലാക്കാൻ ഒറ്റയ്ക്ക് ആരും അറിയാത്ത ഒരിടത്തേക്കു യാത്ര പോയാൽ മതി.

∙ റോഡ് നയിച്ച യാത്രകൾ

ഫ്രാൻസിലെ ലാവൻഡർ പാടങ്ങളും നോർവേയിലെ ഫിയോർഡു (Fjord)കളും എസ്റ്റോണിയയിലെ പുരാതന പള്ളികളും കൊട്ടാരങ്ങളും ഇറ്റലിയിലെ സ്റ്റെൽവിയോ പാസ്സും സ്പെയ്നിലെ മുന്തിരിത്തോട്ടങ്ങളും പോളണ്ടിലെ ഓഷ്‌വീറ്റ്സ് ക്യാംപും ഉൾപ്പെടുന്ന 24 യൂറോപ്യൻ രാജ്യങ്ങളിലൂടെ 15,200 കിലോമീറ്റർ ദൂരം ബൈക്കിൽ നടത്തിയ ഈ ഏകാന്ത യാത്ര ജീവിതത്തിൽ മറ്റൊന്നിനും പകരംവയ്ക്കാനാവില്ല.

യാത്രയുടെ ദിവസങ്ങളിൽ പലതിലും എഴുന്നേൽക്കുമ്പോൾ അറിയില്ല അന്നുരാത്രി എവിടെയാണ് അന്തിയുറങ്ങുക എന്ന്. ചിലപ്പോൾ അവസാന നിമിഷമാണ് കൗച്ച് സർഫിങ് വഴി ആതിഥേയരെ കിട്ടുക. പിറ്റേന്ന് എങ്ങോട്ട് പോകണം എന്നും പല ദിവസങ്ങളിലും വ്യക്തമായ പദ്ധതി ഒന്നുമുണ്ടാകാറില്ല. റോഡ് എന്നെ നയിക്കുന്നിടത്തേക്കാണ് യാത്രകൾ. അങ്ങനെ പറയത്തക്ക ടൈംടേബിൾ ഒന്നുമില്ലാതെ 90 യാത്രാദിവസങ്ങൾ, വഴിയിൽ പരിചയപ്പെട്ട നൂറുകണക്കിന് ആളുകൾ, അവരുടെ കഥകൾ, അത്രയേറെ മനോഹരമായ സ്ഥലങ്ങൾ...

ബാർസിലോനയിൽ തുടങ്ങി ബാർസിലോനയിൽ തന്നെ അവസാനിപ്പിച്ച യാത്രയുടെ ഒടുക്കം ഇതെല്ലാം ജീവിതത്തിന്റെതന്നെ ഭാഗമായിത്തീർന്നു. കാരണം, യാത്രകൾ പുറത്തേക്കു മാത്രമല്ല – നമ്മുടെ അകത്തേക്കു കൂടി ഉള്ളതാണ്. അവിടെയാണ് നാം നമ്മെത്തന്നെ കണ്ടെത്തുന്നത്. ഇനിയുമുണ്ടേറെ യാത്ര ചെയ്യാൻ; അകത്തേയ്ക്കും പുറത്തേയ്ക്കും!

കൊച്ചി ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ എബിൻ ജോ അങ്കമാലി സ്വദേശിയാണ്.  abinjoe@gmail.com

24 രാജ്യങ്ങൾ

സ്പെയിൻ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്, ലുക്സംബർഗ്, ബെൽജിയം, നെതർലൻഡ്സ്, ഡെന്മാർക്ക്, സ്വീഡൻ (ആർട്ടിക്), നോർവേ (ആർട്ടിക്), ഫിൻലൻഡ്, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, സ്‌ലൊവാക്യ, ഹംഗറി, സ്‌ലൊവേനിയ, ഓസ്ട്രിയ, ലിക്‌റ്റൻസ്‌റ്റെൻ, ഇറ്റലി, മൊണാക്കോ, അൻഡോറ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com