ADVERTISEMENT

നൂറ്റാണ്ടുകളായി തുടർന്നുവന്ന ‘അന്യോന്യം’ എന്ന ഋഗ്വേദപരീക്ഷ 1947ൽ നിലച്ചതിനു ശേഷം പുനരാരംഭിച്ചിട്ട് 30 വർഷം.‘കടവല്ലൂർ അന്യോന്യ’ത്തിലെ വേദോപാസനയ്ക്ക് ഇന്നു തുടക്കം. 

‘‘പാശ്ചാത്യലോകം കിഴക്കിനോടു 

കടപ്പെട്ടിരിക്കുന്ന ഏറ്റവും വിലപിടിച്ച സമ്മാനം ഭാരതത്തിന്റെ വേദങ്ങളാണ്.’’

ഫ്രഞ്ച് ചിന്തകൻ വോൾട്ടയർ 

അധികാരക്കോയ്മയ്ക്കു വേണ്ടി പണ്ടു തിരുനാവായ മണപ്പുറത്തെ മാമാങ്കത്തിൽ ഏറ്റുമുട്ടിയിരുന്നതു സാമൂതിരി രാജാവും വള്ളുവനാട് രാജ്യത്തെ വള്ളുവക്കോനാതിരിയും തമ്മിൽ.

എന്നാൽ, അറിവിന്റെ മാമാങ്കമായ ‘കടവല്ലൂർ അന്യോന്യ’ത്തിൽ പഴയ സാമൂതിരി രാജ്യത്തിന്റെ വേദമികവുമായി നേർക്കുനേർ ഏറ്റുമുട്ടുന്നതു കൊച്ചിരാജ്യത്തിന്റെ വൈദിക പാരമ്പര്യം.  

വേദവിജ്ഞാനത്തിന്റെ മാമാങ്കവേദിയിൽ തൃശൂർ യോഗക്കാരും തിരുനാവായ യോഗക്കാരും മാറ്റുരയ്ക്കുന്ന കടവല്ലൂർ അന്യോന്യം ഇടക്കാലത്തു മുടങ്ങിയതിനു ശേഷം പുനരാരംഭിച്ചിട്ട്  30 വർഷം പിന്നിടുകയാണ്.  

ലോകത്തെ വിസ്മയപ്പെടുത്തിയ ഭാരതീയ വേദവിജ്ഞാനത്തെ കലർപ്പില്ലാതെ സംരക്ഷിച്ചു നിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന വേദോപാസനയാണ് ‘അന്യോന്യം’. 

അനന്യം അന്യോന്യം

∙ ലോകത്തെ ഏറ്റവും ആദ്യത്തെ അറിവിന്റെ സമാഹാരമായ ഋഗ്വേദം സഹസ്രാബ്ദങ്ങളായി ഇവിടെയുണ്ട്. ഇന്ത്യയിൽ പലയിടത്തും ഋഗ്വേദ പാഠശാലകളും പരീക്ഷകളും ഉണ്ട്. എന്നാൽ, വേദപഠനത്തിന്റെയും പ്രയോഗത്തിന്റെയും കേരളീയ രീതി തികച്ചും അനന്യമാണ്. 

temple
കടവല്ലൂർ ശ്രീരാമക്ഷേത്രം

തലയാട്ടിയും കൈ കൊണ്ടു മുദ്ര കാട്ടിയും അച്ചു പിഴയ്ക്കാതെ, അർഥം തെറ്റാതെ പ്രത്യേക രീതിയിൽ ഋക്ക് ചൊല്ലുക എന്ന രീതി കേരളീയ വേദപഠനത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഈ രീതിയിലുള്ള വേദപഠനത്തിനൊടുവിലുള്ള പരീക്ഷയാണ് തൃശൂർ ജില്ലയിലെ കടവല്ലൂർ ശ്രീരാമക്ഷേത്രത്തിൽ എല്ലാ കൊല്ലവും വൃശ്ചികം ഒന്നു മുതൽ നടക്കുന്ന ‘അന്യോന്യം’.

തലേന്ന് ഔപചാരിക ഉദ്ഘാടനം നടന്നാലും അന്യോന്യം എന്ന വേദപരീക്ഷ ആരംഭിക്കുന്നതു വൃശ്ചികം ഒന്നിനാണ്. 

മഹാകവി അക്കിത്തം പ്രസിഡന്റും ഡോ. ചാത്തനാത്ത് അച്യുതനുണ്ണി വൈസ് പ്രസിഡന്റും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് സെക്രട്ടറിയുമായുള്ള കടവല്ലൂർ അന്യോന്യ പരിഷത്ത് ആണ് ഈ വേദോപാസനയുടെ സംഘാടകർ. 

പണ്ടു തൃശൂരിൽ നടന്നിരുന്ന അന്യോന്യം പതിറ്റാണ്ടുകൾക്കു മുൻപു തന്നെ കടവല്ലൂരിലേക്കു മാറ്റിയിരുന്നു. അന്യോന്യത്തിലെ മത്സരം തൃശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്നുള്ള തൃശൂർ യോഗക്കാരും തവനൂരിലെ തിരുനാവായ മഠത്തിൽ നിന്നുള്ള തിരുനാവായ യോഗക്കാരും തമ്മിലാണ്.

ഇരുമഠങ്ങൾക്കും മധ്യത്തിലുള്ള പ്രദേശം എന്ന നിലയിലാണ് തൃശൂർ-മലപ്പുറം ജില്ലകളുടെ അതിർത്തിയായ കടവല്ലൂരിലെ പുരാതനമായ ശ്രീരാമക്ഷേത്ര സന്നിധി അന്യോന്യത്തിനു വേദിയായത്. 

കൊച്ചി -തിരുവിതാംകൂർ വഴി സാമൂതിരിനാട്ടിലേക്ക്

temple2
കടവല്ലൂർ അന്യോന്യത്തിലെ വാരമിരിക്കൽ. (ഫയൽ ചിത്രം)

∙ പഴയ കൊച്ചി രാജ്യത്തിലെ തൃശൂർ ബ്രഹ്മസ്വം മഠം കേന്ദ്രമാക്കി വേദം അഭ്യസിച്ചിരുന്നവരിൽ ഒരു വിഭാഗം തന്നെയാണ് ഇപ്പോൾ തിരുനാവായ യോഗക്കാർ എന്ന പേരിൽ അറിയപ്പെടുന്നത്.

കൊച്ചി രാജ്യം വിട്ട് സാമൂതിരിയെ അഭയം പ്രാപിച്ച വേദജ്ഞർക്കായി ഭാരതപ്പുഴയ്ക്കു വടക്ക് തിരുനാവായയിൽ മഠം തുടങ്ങി. പിന്നീട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂർ രാജ്യത്തെത്തിയ തിരുനാവായയിലെ വേദജ്ഞർ കോട്ടയം തിരുനക്കരയിലെത്തി മഠമുണ്ടാക്കി. ഈ തിരുനക്കര മഠത്തിലെ വേദപണ്ഡിതർ പിൽക്കാലത്ത് സാമൂതിരിനാട്ടിലേക്കു തിരിച്ചുപോകുകയായിരുന്നു. അതിനു ശേഷമാണു ഭാരതപ്പുഴയുടെ തെക്കേ തീരത്ത് തവനൂരിൽ തിരുനാവായ മഠം എന്ന പേരിൽ വേദപാഠശാല ആരംഭിച്ചതെന്നു പ്രമുഖ വേദപണ്ഡിതനും സൈക്യാട്രിസ്റ്റുമായ ഡോ. കെ.എം.ജാതവേദൻ നമ്പൂതിരിപ്പാട് പറയുന്നു.  

വേദപരീക്ഷ രാത്രി മാത്രം

∙ അന്യോന്യത്തിലെ വേദപരീക്ഷ രാത്രി മാത്രമേ നടക്കുകയുള്ളൂ. പകൽ അന്യോന്യ മണ്ഡപത്തിനു പുറത്ത് സെമിനാറുകളും ചർച്ചകളും നടക്കും.

എല്ലാ കൊല്ലവും വൃശ്ചികം ഒന്നു മുതൽ ഏകാദശി, വാവ് എന്നീ ഉപവാസദിവസങ്ങൾ ഒഴിവാക്കി 8 സാധ്യായ ദിവസങ്ങളിലായിട്ടാണ് അന്യോന്യം നടക്കുക. ‘കിഴക്കുപടിഞ്ഞാറ്’ എന്ന് അറിയപ്പെടുന്ന മത്സരപരീക്ഷയിൽ വിജയിക്കുന്നവരാണ് ഇരുയോഗത്തിന്റെയും പ്രതിനിധികളായി അന്യോന്യം എന്ന മഹാപരീക്ഷയ്ക്ക് എത്തുന്നത്. 

വാരമിരിക്കൽ, ജട ചൊല്ലൽ, രഥ ചൊല്ലൽ എന്നിവയാണു വേദപരീക്ഷ. സന്ധ്യാപ്രാർഥനയ്ക്കു ശേഷം ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തിലെ 10 ഋക്കുകൾ (മന്ത്രങ്ങൾ) ക്രമരൂപത്തിൽ ചൊല്ലുന്നതാണ് വാരമിരിക്കൽ.

പതിനായിരത്തിലേറെ ഋക്കുകൾ തെറ്റാതെ ചൊല്ലാൻ അറിയണം. ഇരുയോഗത്തിന്റെയും പ്രതിനിധികളായ വേദജ്ഞർ മണ്ഡപത്തിലെത്തും. ആദ്യം വാരം ചൊല്ലുന്നതിനെ മുൻപിലിരിക്കൽ എന്നും എതിർയോഗത്തിന്റെ വാരത്തെ രണ്ടാംവാരം എന്നും പറയും. ഒരു വിഭാഗത്തിന്റെ വേദം ചൊല്ലൽ തെറ്റിയാൽ എതിർവിഭാഗം ‘വിരൽ മിടിക്കും’.

പിന്നെ ആദ്യം മുതൽ ചൊല്ലണം. മൂന്നു തവണ തെറ്റിയാൽ ‘കലമ്പി’ എന്നാണു പറയുക. പിഴയ്ക്കാതെ ചൊല്ലുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.  

അതിസങ്കീർണം ജട-രഥ പ്രയോഗം

∙ വാരമിരിക്കലിനു ശേഷമാണു കൂടുതൽ സങ്കീർണമായ ജട - രഥ പ്രയോഗങ്ങൾ. രാത്രി ക്ഷേത്രത്തിലെ അത്താഴപ്പൂജ കഴിഞ്ഞേ ജട-രഥ പ്രയോഗം ആരംഭിക്കൂ. ഓരോ യോഗത്തിലെയും രണ്ടുപേർ ചേർന്നാണു ജടയും രഥയും ചൊല്ലേണ്ടത്. വേദമന്ത്രങ്ങൾ ഉദാത്ത- അനുദാത്ത- സ്വരിത ഭേദങ്ങളോടെ ക്രമം തെറ്റാതെ എല്ലാ പരിപൂർണതയോടും കൂടി ചൊല്ലുന്ന ജട-രഥ പ്രയോഗങ്ങൾ വേദോച്ചാരണത്തിന്റെ പാരമ്യഭാവം കൂടിയാണ്.

രണ്ടുപേരുടെയും സംഹിത, പദം എന്നിവയിലെ ജ്ഞാനം, ശബ്ദത്തിലെ യോജിപ്പ്, സ്വരവേഗം തുടങ്ങിയവ ഒത്തുവരികയെന്നത് അതിസങ്കീർണവും കർക്കശവുമായ തപസ്യയിലൂടെ മാത്രമേ സാധ്യമാകൂ. ജട-രഥ പ്രയോഗങ്ങളിലെ വൈദഗ്ധ്യത്തിലൂടെ നേടുന്ന ബഹുമതികളാണ് ‘കടന്നിരിക്കൽ’, ‘വലിയ കടന്നിരിക്കൽ’ എന്നിവ. 

ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന അന്യോന്യങ്ങളിൽ  ‘വലിയ കടന്നിരിക്കൽ’ എന്ന വിജയം നേടാനായത് തൃശൂർ ബ്രഹ്മസ്വം മഠത്തിലെ ആചാര്യനായിരുന്ന മൂക്കുതല പന്താവൂർ പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കു മാത്രം. 

1989ൽ അന്യോന്യം പുനരാരംഭിച്ചതിനു ശേഷം മൂന്നു പതിറ്റാണ്ടിനിടെ ‘കടന്നിരിക്കൽ’ എന്ന വിജയം നേടാനായത് രണ്ടുപേർക്കു മാത്രം- ഡോ. കെ.എം. ജാതവേദൻ നമ്പൂതിരിക്കും നാറാസ് നാരായണൻ നമ്പൂതിരിക്കും. 

പഴമയുടെ കടവല്ലൂർപ്പെരുമ

∙ കടവല്ലൂർ ശ്രീരാമക്ഷേത്രത്തിലെ കൂത്തമ്പലം എന്നറിയപ്പെടുന്ന മണ്ഡപത്തിലാണ് അന്യോന്യത്തിന്റെ വേദപരീക്ഷകൾ നടക്കുക. നൂറ്റാണ്ടുകൾ പഴക്കമുള്ള കടവല്ലൂർ ശ്രീരാമക്ഷേത്രം കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണിപ്പോൾ. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഊരാളൻ പാറമേൽ മനയ്ക്കൽ രുദ്രൻ നമ്പൂതിരിപ്പാടാണ്. 

വേദവിജ്ഞാനത്തിന്റെ സംരക്ഷണത്തിനായി കടവല്ലൂർ ക്ഷേത്രം കേന്ദ്രമാക്കി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ കീഴിൽ ഡോ. കെ.എം.ജാതവേദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നിരുന്ന വേദപരിചയ ക്ലാസിൽ നാനാജാതി വിഭാഗങ്ങളിൽ പെട്ട സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തിരുന്നതായി സംഘാടകരിലൊരാളായ കെ.ബി.അരവിന്ദൻ പറഞ്ഞു.

കടവല്ലൂർ ക്ഷേത്രത്തിന്റെ ഇരുനിലയുള്ള ശ്രീകോവിലിനു ചുറ്റുമായി അതിപുരാതനമായ 29 ദാരുശിൽപങ്ങളുണ്ട്. പ്രധാന ഗോപുരവാതിലിൽ ഉൾപ്പെടെ അഞ്ചിടത്തായി വട്ടെഴുത്തിലുള്ള ശിലാലിഖിതങ്ങളും ഉണ്ട്. 1951ലാണ് ക്ഷേത്രത്തിന്റെ സംരക്ഷണം കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. 

ഇന്ന് കടവല്ലൂർ എന്ന പേര് ‘അന്യോന്യ’വുമായി ഇഴപിരിയാത്ത വിധം ചേർന്നുനിൽക്കുന്നു.  ലോകജനതയെ വിസ്മയിപ്പിച്ച ഭാരതീയ വേദവിജ്ഞാനത്തിന്റെ വെളിച്ചമാണ് ‘അന്യോന്യ’ത്തിലൂടെ പുതുലോകം അനുഭവിച്ചറിയുന്നത്. 

കടന്നിരുന്നവരിൽ  ഒരേയൊരാൾ

namboodiri
ജാതവേദൻ നമ്പൂതിരി, കടവല്ലൂർ ശ്രീരാമക്ഷേത്രത്തിനു മുന്നിൽ പൂത്തുനിൽക്കുന്ന അശോകമരം.

കടവല്ലൂർ അന്യോന്യം പുനരാരംഭിച്ചിട്ട് 30 വർഷം തികയുമ്പോൾ ‘കടന്നിരിക്കൽ’ വിജയം നേടിയവരിൽ ഇന്നു ജീവിച്ചിരിപ്പുള്ളത് ഒരേയൊരാൾ- ഡോ. കെ.എം.ജാതവേദൻ നമ്പൂതിരി. 

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ കരുമത്തഴിയത്ത് മണ്ണൂർ മനയിലെ ജാതവേദൻ നമ്പൂതിരി ഋഗ്വേദ പരീക്ഷയിൽ വിജയശ്രീലാളിതനായ വേദപണ്ഡിതൻ മാത്രമല്ല, മികച്ച സൈക്യാട്രിസ്റ്റ് കൂടിയാണ്.

തൃശൂർ ബ്രഹ്മസ്വം മഠം പ്രസിദ്ധീകരണമായ ‘വേദധ്വനി’യിൽ ‘കേരളത്തിലെ ഋഗ്വേദസമ്പ്രദായം’ എന്ന വിഷയത്തിൽ കാലങ്ങളായി ലേഖനപരമ്പരകൾ എഴുതുന്നു. വേദവിജ്ഞാനത്തെ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു. ഒട്ടേറെ കേന്ദ്രങ്ങളിൽ വേദപരിചയ ക്ലാസുകൾ നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com