ADVERTISEMENT

മലയാള കഥയുടെ ‌പെരുന്തച്ചൻ ടി. പത്മനാഭൻ ഡിസംബർ 9ന്നവതിയിലേക്ക് പ്രവേശിക്കുന്നു

ലാളിത്യം തുളുമ്പുന്ന കാമ്പുള്ള കഥകൾ കൊണ്ടു വായനക്കാരെ വിസ്മയിപ്പിച്ച മലയാള കഥയുടെ പെരുന്തച്ചൻ ടി. പത്മനാഭൻ തൊണ്ണൂറിന്റെ നിറവിലേക്ക്.

ഉള്ളുലയ്ക്കുന്ന വൈകാരിക തീക്ഷ്ണതയോടെ ആത്മാവിൽ സ്പർശിക്കുന്ന കഥകളെഴുതി മലയാളത്തിന്റെ മഹത്വം ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹം ഡിസംബർ 9നു നവതിയിലേക്കു കാലൂന്നും. 

കഥാ തറവാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്റെ എഴുത്തുജീവിതം സപ്തതിയുടെ പടികയറിക്കഴിഞ്ഞു. എഴുത്തുവഴിയിൽ കാലമേറെ പിന്നിട്ടെങ്കിലും 200ൽ താഴെ കഥകളേ അദ്ദേഹം എഴുതിയിട്ടുള്ളൂ. അവയൊക്കെ വായനക്കാരുടെ മനസ്സ് കീഴടക്കുകയും ചെയ്തു. 

മലയാള കഥയുടെ കരുത്ത് ലോകത്തെ അറിയിച്ചവരിൽ പത്മനാഭനു പ്രമുഖ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥകളെല്ലാം വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.  

ഇപ്പോഴും മനസ്സിൽ കഥ വറ്റിയിട്ടില്ലെന്നതിനു തെളിവാണ് ഈ വർഷം വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്ന അദ്ദേഹത്തിന്റെ 5 കഥകൾ. കഥയുടെ പക്ഷത്തുനിന്നു പോരടിക്കുന്ന ഈ പഴയ ഗുസ്തിക്കാരൻ എവിടെയും കീഴടങ്ങാൻ ഒരുക്കമല്ല.

എതിർപക്ഷത്ത് ആളു കൂടുമ്പോൾ പത്മനാഭന്റെ വീറും വാശിയും കൂടിയിട്ടേയുള്ളൂ. സ്വന്തം നിലപാടുകൾ വേദി ഏതെന്നു നോക്കാതെ തുറന്നു പറയുന്ന ശീലത്തിനും മാറ്റമൊന്നുമില്ല.

അതു കൊണ്ടു തന്നെ ശത്രുനിരയ്ക്കു നീളം കൂടിക്കൊണ്ടിരിക്കുന്നു. പത്മനാഭനുമായി നടത്തിയ സംഭാഷണത്തെ അടിസ്ഥാനമാനമാക്കിയുള്ളതാണ് ഈ എഴുത്ത്. സ്വകാര്യ ജീവിതവും വ്യക്തികളും സംഭവങ്ങളുമെല്ലാം ഈ വർത്തമാനം പറച്ചിലിൽ കടന്നുകൂടിയിട്ടുണ്ട്. 

∙ തിരിഞ്ഞു നോക്കുമ്പോൾ

ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എനിക്കു സംതൃപ്തിയേയുള്ളൂ. നമുക്കു വേണമെങ്കിൽ എന്തിലും നെഗറ്റീവായ അപ്രോച്ച് എടുക്കാം.

എന്റെ എഴുത്തിൽ നിങ്ങൾക്കു പോസിറ്റീവ് അല്ലാത്ത ഒന്നും കാണാൻ കഴിയില്ല. ഞാൻ എന്റെ വഴികളിലൂടെയേ സഞ്ചരിച്ചിട്ടുള്ളൂ എന്നും. അതുകൊണ്ടു തന്നെ ഒരുതരത്തിലുമുള്ള അസംതൃപ്തിയുമില്ല. 

ഞാൻ ഷഷ്ടിപൂർത്തിയോ, ആയിരം പൂർണചന്ദ്രന്മാരെ കണ്ടതോ ഒന്നും ആഘോഷിച്ചിട്ടില്ല. കാരണം 59 കഴിഞ്ഞാൽ 60 വരും. 83 കഴിഞ്ഞാൽ 84 വരും.

അതിന് ഒരു പ്രത്യേകതയുമില്ല. ഇത്തവണ മരുമക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് പിറന്നാൾ ആഘോഷിക്കുന്നത്. ജന്മദിനമായ ഡിസംബർ 9ന് അല്ല ആഘോഷം, അത് 28ന് ആണ്. 

∙ പരുഷമായ പെരുമാറ്റം 

പലരോടും ഞാൻ പരുഷമായി പെരുമാറിയിട്ടുണ്ട്. ഒരു പക്ഷേ, എന്റെ അക്ഷമയായിരിക്കാം കാരണം. ഞാൻ വിശ്വസിക്കാത്തതിനോട് എനിക്കു പൊരുത്തപ്പെടാൻ കഴിയില്ല. മുൻകൂട്ടി പ്ലാൻ ചെയ്തു പറയുന്നതല്ല ഒന്നും.

അത് ആ സമയത്തു വരുന്നതാണ്. പ്രഫ. തോമസ് മാത്യു എഴുതി, ഒരു ദിവസം ഒരു ശത്രുവിനെയെങ്കിലും ഉണ്ടാക്കിയില്ലെങ്കിൽ പത്മനാഭന് ഉറക്കം വരില്ലെന്ന്. ഔദ്യോഗിക ജീവിതത്തിലും അങ്ങനെയായിരുന്നു. അതുകൊണ്ടു ശത്രുക്കൾ ധാരാളമുണ്ടായിട്ടുണ്ട്. ചുരുക്കം ചില മിത്രങ്ങളും. 

∙ ഖേദിച്ചു, ഒരിക്കൽ മാത്രം 

ഒരിക്കൽ കോഴിക്കോട്ടെ ഒരു കോളജിൽ നിന്നു നാലഞ്ചു ചെറുപ്പക്കാരായ വിദ്യാർഥികൾ എന്നെ കാണാൻ വീട്ടിൽ വന്നു. അവരോടുള്ള എന്റെ പെരുമാറ്റം ശരിയായിരുന്നില്ല. അവർ നല്ല മര്യാദക്കാരായിരുന്നു.

ഞാൻ അവരോട് അൽപം മോശമായി പെരുമാറിയെന്ന് എനിക്കു തന്നെ തോന്നി. എന്നെ വിഷമിപ്പിച്ചത് അവരുടെ അന്തസ്സാണ്. നീ ആരെടാ എന്നൊന്നുമല്ല അവർ ചോദിച്ചത്. 

പുഞ്ചിരിച്ചു കൊണ്ട് അവരെന്നോടു പെരുമാറി. അവർ പോയിക്കഴിഞ്ഞതിനു ശേഷം ഞാൻ ചെയ്ത തെറ്റിനെക്കുറിച്ചുള്ള ബോധം എന്നെ വല്ലാതെ വേദനിപ്പിച്ചു. 

അവർ ഇന്ന കോളജിൽ നിന്നുള്ളവരാണെന്ന് എനിക്കറിയാമായിരുന്നു. അവർ വെറുതെ കാണാൻ വന്നവരായിരുന്നു. വിവരമുള്ള കുട്ടികളായിരുന്നു. ഞാൻ മാപ്പു പറഞ്ഞ് അവർക്കു രണ്ടാഴ്ചയ്ക്കുള്ളിൽ കത്തെഴുതി. അതു ജീവിതത്തിൽ ആദ്യമായിരുന്നു. അങ്ങനത്തെ അനുഭവം പിന്നീട് ഉണ്ടായിട്ടുമില്ല.

∙ അക്രമം ഫെയ്സ്ബുക്കിലും 

ഞാൻ ഫെയ്സ്ബുക് നോക്കാത്ത ഒരാളാണ്. അതൊന്നും എനിക്ക് അറിയില്ല. മൊബൈൽ ഫോണൊക്കെയുണ്ട്. എന്നെക്കുറിച്ച് ഫെയ്സ്ബുക്കിൽ ആരെങ്കിലും വൃത്തികേട് എഴുതിട്ടുണ്ടെങ്കിൽ സ്നേഹിതർ ആരെങ്കിലും പറയും. കൂടാളിയിൽ ഒരാളുണ്ട്. അയാൾ സ്ഥിരമായി കൊല്ലങ്ങളോളം ഫെയ്സ്ബുക്കിൽ എന്നെ തെറിവിളിച്ചു കൊണ്ടിരുന്നു.

ഗൾഫുകാരനാണ്. കൊല്ലങ്ങൾക്കു മുൻപ് ഇവിടെ വന്നുവെന്നും അയാളെ ഞാൻ വീടിനകത്തേക്കു കയറ്റിയില്ലെന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അയാളൊരു സാഹിത്യകാരനാണെന്നും പറയുന്നു. എനിക്ക് അയാളോട് ഒരു കാര്യത്തിൽ ബഹുമാനമുണ്ട്. അയാൾ സത്യസന്ധനാണ്. അയാൾ കാരണം പറഞ്ഞിട്ടാണ് തെറി പറയുന്നത്.

ഞാൻ വീട്ടിൽ കയറ്റാതിരുന്നതു കൊണ്ടാണെന്ന് അയാൾ പറയുന്നുണ്ട്. ഞാൻ വീടിനകത്തു കയറ്റാത്ത എത്രയോ ആളുകളുണ്ട്. എനിക്ക് അവരോടു പറയാൻ ഒന്നുമില്ലാത്തതു കൊണ്ടാണ്. കൊച്ചുവർത്തമാനം പറയാൻ ഇഷ്ടമില്ല. അല്ലെങ്കിൽ പിന്നെ വരുന്നവർ സുഹൃത്തുക്കളായിരിക്കണം. ഇതു ടോട്ടൽ സ്ട്രേഞ്ചറാണ്. അവരോടു വർത്തമാനം പറഞ്ഞിരിക്കാൻ എനിക്കു വയ്യ. 

∙ സാഹിത്യത്തിൽ ജനാധിപത്യമില്ല  

സാഹിത്യത്തിൽ ജനാധിപത്യത്തിനു സ്ഥാനമില്ലെന്നു പറഞ്ഞത് ഏതെങ്കിലും വിദേശ എഴുത്തുകാരനല്ല. ഞാൻ തന്നെയാണ്. 5 പേരുണ്ട് ഈ മുറിയിൽ എന്നു കരുതുക. അതിൽ നാലാളു പറയുന്നു ഷേക്സ്പിയർ കവിയേയല്ല, അയാൾ ഒരുചുക്കും ചെയ്തിട്ടില്ല എന്നൊക്കെ.

ഇംഗ്ലിഷ് ഭാഷയുടെ തെക്കും വടക്കും അറിയാത്ത ആളാണ് ഷേക്സ്പിയർ എന്നും പറയുന്നു. ഒരാൾ പറയുന്നു, നിങ്ങൾ പറയുന്നതു ശരിയല്ല. ഷേക്സ്പിയർ മഹാകവിയാണ് എന്ന്.

വോട്ടിനിട്ട് ഭൂരിപക്ഷം പറഞ്ഞതു ശരിയെന്നു പറഞ്ഞാൽ ഷേക്സ്പിയർ മഹാകവിയല്ലാതാകുമോ?  അതാണ് സാഹിത്യത്തിൽ ജനാധിപത്യത്തിനു സ്ഥാനമില്ലെന്നു ഞാൻ പറയുന്നത്. എന്റെ കഥകൾ നല്ലതല്ലെന്നു പറയുന്നവരുണ്ട്. അല്ലാത്തവരുമുണ്ട്. 

∙ സുകുമാർ അഴീക്കോടുമായി 

രോഗമായി കിടക്കുമ്പോൾ സുകുവിനെ കാണാൻ പോയിരുന്നു. മരണവേദനയിലായിരുന്നു അദ്ദേഹം. വേദന സഹിക്കാൻ കഴിയാതെ എന്റെ മുടിപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വലിച്ചു. ദേഷ്യത്തിലായിരുന്നില്ല, സ്നേഹത്തോടെയായിരുന്നു അത്.

‘എടാ നമ്മൾ തമ്മിൽ എത്ര ഗുസ്തി നടന്നു. എല്ലാറ്റിലും നീയല്ലേ ജയിച്ചത്’ എന്നു പറഞ്ഞു. ഇതു ചില മാധ്യമങ്ങളിലൊക്കെ വരികയും ചെയ്തു. 

സിപിഎം കണ്ണൂരിൽ ഉത്തരമലബാറിലെ പ്രതിഭകളെ ആദരിക്കുന്ന ഒരു ചടങ്ങ് നടത്തിയിരുന്നു. അതിൽ ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നു. 

മുക്കാൽ മണിക്കൂറോളം അദ്ദേഹം എന്നെ വേദിയിലിരുത്തി ആക്ഷേപിച്ചിട്ടും ഞാൻ ഒരക്ഷരം എതിർത്തു പറഞ്ഞിട്ടില്ല. അൽപം പോലും ക്ഷുഭിതനായിരുന്നില്ല ഞാൻ.

ഞാൻ ചിരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞതെല്ലാം കേട്ടത്. കേൾവിക്കാരുടെ മുൻപിൽ ഓരോനിമിഷവും അദ്ദേഹം കൊച്ചാവുകയാണെന്ന് എനിക്കറിയാമായിരുന്നു. ആവട്ടെ എന്നു കരുതി ചൂണ്ട നീട്ടിയിട്ട് ഇരുന്നതാണ്.  

∙ മധുര പ്രതികാരം 

അഴീക്കോടിനു കിട്ടുന്നതിനു മുൻപ് എനിക്ക് എഴുത്തച്ഛൻ പുരസ്കാരം കിട്ടി. അതിൽ അദ്ദേഹം ക്ഷുഭിതനായി. എനിക്ക് എതിരെ പ്രസംഗിച്ചു. അവാർഡിന് എനിക്കെന്ത് അർഹത എന്നായിരുന്നു ചോദ്യം. അതിനു ഞാൻ മനോഹരമായി പ്രതികാരം ചെയ്തു. 

ഒരു ദിവസം രാവിലെ തൃശൂരിലേക്കു പരശുറാം എക്സ്പ്രസിൽ പോകാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ് ഞാൻ. അതിരാവിലെയാണ്. റെയിൽവേ സ്റ്റേഷനിൽനിന്നു പത്രം വാങ്ങി നോക്കിയപ്പോൾ സുകുവിന്  എഴുത്തച്ഛൻ പുരസ്കാരം കിട്ടിയതായി കണ്ടു.

ഞാൻ ഉടനെ വിളിച്ചു. വളരെ സന്തോഷമായി. ഇത് ഏറ്റവും അർഹിക്കുന്നതാണ്. വൈകിയെന്ന അഭിപ്രായമേയുള്ളൂ, അഭിനന്ദനങ്ങൾ എന്നൊക്കെ പറഞ്ഞു. അപ്പോൾ സുകുവിന്റെ സന്തോഷമൊന്നും പറയേണ്ട. വളരെ നന്ദി പത്മനാഭ എന്നു പറഞ്ഞു. 

വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ ആദ്യമായി അറിയുന്ന പോലെ വീണ്ടും വിളിച്ച് അഭിനന്ദിച്ചു. കണ്ണൂരിൽ നിന്നു പറഞ്ഞതെല്ലാം ആവർത്തിച്ചു. അപ്പോൾ അദ്ദേഹം അൽപം പരുങ്ങി. സന്തോഷം എന്നു പറഞ്ഞു. ഷൊർണൂരിലെത്തിയപ്പോൾ വീണ്ടും വിളിച്ചു. ദയനീയരോദനം പോലെ വേണോ പത്മനാഭാ എന്ന് എന്നോടു ചോദിച്ചു.

∙ സുകുവെന്നു വിളിക്കാമോ 

സുകു എന്നു വിളിക്കുന്നതിൽ ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നെ പപ്പനെന്നു വിളിക്കുന്നില്ലേ. ഡോ. സുകുമാർ അഴീക്കോട് എന്നു പറയാനും എനിക്കു വിഷമമൊന്നുമില്ല.

ഞാൻ കോളജ് വിദ്യാഭ്യാസം നിർവഹിച്ചതു മംഗലാപുരത്താണ്. അന്ന് അവിടെ എംടിയുടെ ജ്യേഷ്ഠൻ എം.ടി.എൻ. നായർ എന്റെ സീനിയറായിരുന്നു. ആ സമയത്ത് എംടിയും ഞാനും എഴുതുന്നുണ്ട്.

ഒരിക്കൽ മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളുടെ ഡിബേറ്റ് മത്സരത്തിന്റെ ഫൈനലിൽ പങ്കെടുക്കാൻ പാലക്കാട് വിക്ടോറിയ കോളജിൽ പോയി. എംടി അന്നു വിക്ടോറിയ കോളജിന്റെ ഹോസ്റ്റലിലാണ്. ഞാൻ ആ സമയത്ത് അദ്ദേഹത്തിന്റെ മുറിയിലാണ് താമസിച്ചത്. ഞങ്ങൾ ഒരുമിച്ചു സിനിമയ്ക്കും പോയിട്ടുണ്ട്. 

മയിൽപീലി പുരസ്കാരം എംടിക്കു സമ്മാനിക്കാൻ അതിന്റെ സംഘാടകർ ക്ഷണിച്ചത് എന്നെയായിരുന്നു. ഞാനതു സന്തോഷത്തോടെ സ്വീകരിച്ചു. ആ അവാർഡ് ആദ്യം കിട്ടിയത് എനിക്കാണ്. എംടിയുടെ പോസിറ്റിവ് വശം മാത്രം എടുത്താണ് അവിടെ ഞാൻ സംസാരിച്ചത്.

ഞാനാണ് അവാർഡ് കൊടുത്തതും ഷാൾ അണിയിച്ചതും. ദീർഘമായി നല്ലതു മാത്രം സംസാരിക്കുകയും ചെയ്തു. ടി. പത്മനാഭൻ എന്നൊരു പേരുപോലും എംടി അവിടെ പരാമർശിച്ചില്ല.

അങ്ങനെയൊരാൾ അവിടെയുണ്ടെന്നു ഗൗനിച്ചതേയില്ല. എംടി 40 കൊല്ലത്തിലേറെയായി തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാനാണ്. എന്നെ ഇതുവരെ അവിടെ ഒരു പരിപാടിക്കും പങ്കെടുപ്പിച്ചിട്ടില്ല. എഴുത്തച്ഛന്റെ പേരിലുള്ളതല്ലേ അത്?

∙ ഇഷ്ടപ്പെട്ട കഥാകൃത്ത് 

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാകൃത്ത് കാരൂരാണ്. മരിക്കാൻ കിടക്കുമ്പോൾ വീട്ടിൽ പോയി കണ്ടിരുന്നു. കോട്ടയത്തു പോകുമ്പോഴൊക്കെ കാണുമായിരുന്നു. ബഷീറും വിജയനുമെല്ലാം പിന്നെയേ വരുന്നുള്ളൂ. സവിശേഷമായ കഥ പറച്ചിലാണ് കാരൂർ കഥകളുടെ കരുത്ത്. കഥയെഴുതുകയല്ല, കഥ പറയുകയാണു കാരൂർ ചെയ്തത്. 

∙ അവാർഡുകൾ, നിലപാടുകൾ

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡുകളും അത്ര പ്രശസ്തമല്ലാത്ത മറ്റു പല അവാർഡുകളും വേണ്ടെന്നു വച്ചിട്ടുണ്ട്. ഇപ്പോൾ നിലപാടു മാറിയിട്ടൊന്നുമില്ല. കുറച്ചുകൂടി ബുദ്ധി വർധിച്ചിട്ടുണ്ട്. വന്നു ഭവിക്കുന്നതു വാങ്ങുന്നതിനു കുഴപ്പമൊന്നുമില്ലെന്നാണ് ഇപ്പോൾ കരുതുന്നത്. അതിനും കാരണമുണ്ട്. 

ഞാൻ ഉയർന്ന ജോലിയിലായിരുന്നെങ്കിലും പെൻഷനുള്ള ജോലിയായിരുന്നില്ല. എഫ്എസിടിയിൽ മെറ്റീരിയൽസ് മാനേജരായിരുന്നു. പിരിയുമ്പോഴുള്ള ആനുകൂല്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.

മാസം വലിയൊരു തുക മരുന്നിനു വേണം. അപ്പോൾ അവാർഡുകൾ വാങ്ങാതെ കഴിയില്ല. പണ്ട് എന്നെ പ്രസംഗിക്കാൻ വിളിച്ചാൽ സ്വന്തം പൈസയ്ക്കു പോകുമായിരുന്നു. സംഘാടകരോടു പണം വാങ്ങാറുമുണ്ടായിരുന്നില്ല.

അതൊക്കെ മോശമാണെന്ന ചിന്താഗതിയായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. പണം വാങ്ങും. ചില സ്ഥലത്ത് അങ്ങോട്ടു കൊടുത്തിട്ടുണ്ട്; അതു വേറെകാര്യം. 

കേന്ദ്ര സാഹിത്യ അക്കാദമി ദീർഘകാലം മലയാള കഥയ്ക്ക് അവാർഡ് കൊടുത്തില്ല. 42 കൊല്ലം കഴിഞ്ഞപ്പോഴാണു കഥയ്ക്കു കിട്ടിയത്. എനിക്കതു കിട്ടിയപ്പോൾ വേണ്ടെന്നു പറഞ്ഞു. എനിക്കു കിട്ടാത്തതു കൊണ്ടാണു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനെ വിമർശിക്കുന്നതെന്നു പറഞ്ഞവരുണ്ട്. അതിനാലാണു കിട്ടിയപ്പോൾ വേണ്ടെന്നു പറഞ്ഞത്. ‘ഗൗരി’ക്കായിരുന്നു അവാർഡ്. കേരള സാഹിത്യ അക്കാദമി അവാർഡ് ‘സാക്ഷി’ക്കു കിട്ടി. അതു വാങ്ങാതിരുന്നതു കുറുക്കുവഴികളിലൂടെയും ശയന പ്രദക്ഷിണത്തിലൂടെയും അവാർഡ് സംഘടിപ്പിക്കാൻ പലരും നടത്തുന്ന ശ്രമങ്ങൾ കണ്ടിട്ടാണ്.  

∙ ജാതീയത 

ജാതി വിവേചനത്തെ പ്രമേയമാക്കി 45 കൊല്ലം മുൻപ് ‘ഭോലാറാം’ എന്നൊരു കഥയെഴുതിയിട്ടുണ്ട്. അതിപ്പോൾ കണ്ണൂർ സംഘചേതന നാടകമായി രംഗത്ത് എത്തിച്ചിരിക്കുകയാണ്. ആ കഥ ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടിലും ഏറെ പ്രസക്തമാണ്. പണ്ടു സവർണ പെൺകുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിപ്പേര് വാലായി ചേർക്കാറുണ്ടായിരുന്നില്ല.

ആൺകുട്ടികൾക്കു വയ്ക്കും. ഇപ്പോൾ ഞെട്ടിക്കുന്ന അവസ്ഥയാണ്. ഒരു വയസ്സായ പെൺകുട്ടിയുടെ പിറന്നാൾ ആശംസ പത്രത്തിൽ കൊടുക്കുമ്പോൾ ജാതിവാൽ ചേർത്താണ് എഴുതുന്നത്. ഇത് എന്താണ് കാണിക്കുന്നത്. വിപ്ലവകാരികളെന്നു പറയുന്നവർ പോലും ഈ വഴിക്കാണ്. കടുത്ത ദിക്കിലേക്കാണു നമ്മൾ പോകുന്നത്. 

ഞാൻ ‍ജാതീയതയിൽ ജനിച്ചുവളർന്ന ഒരാളല്ല. ഭാര്യയുടെ മരണാനന്തര കർമങ്ങൾ തിരുനെല്ലിയിൽ പോയി ചെയ്തത് എന്റെ സഹചാരി രാമചന്ദ്രനാണ്. ജാതി നോക്കുകയാണെങ്കിൽ അയാൾ പത്മശാലിയനാണ്. 30 കൊല്ലമായി രാമചന്ദ്രൻ കൂടെയുണ്ട്. എന്റെ മരണാനന്തര കാര്യങ്ങൾക്കു നേതൃത്വം നൽകാൻ ചുമതലപ്പെടുത്തിയതു സുഹൃത്തായ ഒരു മുസ്‌ലിമിനെയാണ്. 

∙ ഭാര്യയും മാധവിക്കുട്ടിയും 

എന്റെ ഭാര്യവീട്ടുകാർ തെക്കേമലബാറിലെ പ്രസിദ്ധമായ നായർ തറവാട്ടുകാരാണ്. കല്ലന്മാർതൊടി. വലിയ പ്രമാണിമാരുള്ള തറവാടാണ്. പട്ടാമ്പിയാണത്. ഭാര്യ ഭാർഗവിയും എഴുത്തുകാരി മാധവിക്കുട്ടിയും ചിലപ്പോൾ ഫോണിൽ സംസാരിക്കുന്നതു കേൾക്കാമായിരുന്നു.

ജീവിതത്തിൽ എന്റേതടക്കം ഒരു കഥയും ഭാര്യ വായിച്ചിട്ടില്ല. അവൾ യൂണിവേഴ്സിറ്റി ലൈബ്രേറിയനായിരുന്നു. രാത്രി 12 വരെ വായിക്കും. അധികവും വേദാന്തമായിരുന്നു വായിച്ചിരുന്നത്. മാധവിക്കുട്ടിയും ഭാര്യയും സാഹിത്യമേയല്ല സംസാരിച്ചിരുന്നത്.

രണ്ടു സാധാരണ സ്ത്രീകളുടെ സംസാരം പോലെയായിരുന്നു അത്. ബന്ധുക്കളെക്കുറിച്ചും മറ്റുമാണു സംസാരിച്ചിരുന്നത്. ഞങ്ങൾക്കു മക്കളില്ലാത്തതിനാൽ ഭാര്യയും രാമചന്ദ്രനെ മകനെപ്പോലെയാണു കരുതിയിരുന്നത്. 

∙ അൽപം എളിമയാകാം 

സിപിഎം എന്നെ പരിപാടികൾക്കെല്ലാം വിളിക്കാറുണ്ട്. എം.എൻ. വിജയന്റെ അനുയായികളായിരുന്ന ഹാർഡ്കോർ സഖാക്കൾ എന്നെ ഇനിയും അംഗീകരിച്ചിട്ടില്ല. പ്രത്യേകിച്ച് ഗൾഫിലെ അവരുടെ സംഘടനകൾ. ഒരു സഖാവേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ.

അതു പി. കൃഷ്ണപിള്ളയാണ്. എല്ലാ കമ്യൂണിസ്റ്റ്കാരും കൃഷ്ണപിള്ളയെപ്പോലെ ആകണമെന്നൊന്നും ഞാൻ പറയില്ല. പക്ഷേ, ജീവിതത്തിൽ ഒരു എളിമയും ലഘുത്വവുമൊക്കെ വേണ്ടതാണ്. നല്ലതുമാണ്. അത് ഇന്നില്ല. അതു സഖാക്കളോടു തന്നെ പറയാറുണ്ട്. 

∙ ആത്മകഥ, നോവൽ 

ആത്മകഥ മോശമായിട്ടല്ല എഴുതാൻ ശ്രമിക്കാത്തത്. അതിൽ അവനവനെ ഗ്ലോറിഫൈ ചെയ്യേണ്ടി വരും. എനിക്കു ക്ഷീണം വരുന്നതു മൂടിവയ്ക്കും. സത്യസന്ധത പുലർത്താനാവില്ല. കെ.പി. കേശവമേനോന്റെ ‘കഴിഞ്ഞകാലം’,  കെ.എം. മാത്യുവിന്റെ ‘എട്ടാമത്തെ മോതിരം’ എന്നിവയെല്ലാം നല്ല ആത്മകഥകളാണ്.

മഹത്തായ സാഹിത്യരൂപമാണു നോവൽ. അതിൽ തർക്കമില്ല. പക്ഷേ, എനിക്ക് അത് എഴുതാനുള്ള ക്ഷമയില്ല. കഥ മോശമാണെന്നു പറഞ്ഞാൽ സമ്മതിക്കുകയുമില്ല. 

∙ അഭിലാഷം

ഒരാൾക്കും ശല്യമില്ലാതെ പോകണം. അസുഖമായി കിടന്നുപോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com