sections
MORE

സിൻഡ്രല

sunday-kadha-cindrella-riyas
വര: മജേഷ്
SHARE

ചെരിപ്പുകളും കൊടികളും കല്ലുകളും ചിതറിയ വഴിയിലൂടെ ആനി നടന്നു. തോക്കിന്റെ ബലത്തിൽ പൊലീസ് ഒരു കൂട്ടത്തെ തുരത്തിയിട്ട് അധികനേരമായിരുന്നില്ല. പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഇടവഴിയിൽ ഒറ്റക്കാലിൽ നിൽക്കുന്ന ചിലരെ കണ്ട് പ്രതീക്ഷയോടെ അവൾ അടുത്തുചെന്നു.

ആൾക്കൂട്ടത്തിനു നടുവിൽ ഒരാൾ തിരക്കിട്ടു പണിയെടുത്തുകൊണ്ടിരുന്നു. മെലിഞ്ഞ വിരലുകൾ നൂലിൽ മെഴുകു തേക്കുകയും തോലുകൾ തമ്മിൽ തുന്നിച്ചേർക്കുകയും ചെയ്യുന്നു. പശപ്പാത്രം തുറന്നപ്പോൾ പരന്ന മണത്തിൽ മയങ്ങി അവൾ ഏറെനേരം അവിടെ നിന്നു. ആരും ശ്രദ്ധിച്ചില്ല.

തൊട്ടപ്പുറത്ത് മറ്റൊരാളെ കണ്ട് അങ്ങോട്ടു നീങ്ങി.

‘‘കണ്ടാലാർക്കും എടുക്കാൻ തോന്നാത്ത, ആരുടേതുമായും മാറിപ്പോകാത്ത ഒരു ചെരിപ്പുണ്ടാക്കിത്തര്വോ?’’

അയാൾ മുഖമുയർത്തി അത്ഭുതത്തോടെ നോക്കി. ചിരിയോടെ പണി തുടർന്നു. അവിടെയുള്ളതെല്ലാം ഒരേപോലുള്ള ചെരിപ്പുകളായിരുന്നു. യൂണിഫോമണിഞ്ഞ കുട്ടികളെപ്പോലെ അവ വഴിയോരത്തു കാലു കാത്തിരുന്നു.

ആനി ആദ്യം കണ്ട ആൾക്കരികിലേക്കുതന്നെ തിരിച്ചെത്തി. അവിടെ തിരക്കു കുറഞ്ഞിരുന്നു. കാര്യം പറഞ്ഞപ്പോൾ അയാളുടെ വിരലുകളും പണിയായുധങ്ങളും പണി നിർത്തി അവളെത്തന്നെ നോക്കി. തുന്നിക്കൂട്ടിയ മലയാളത്തിൽ ഒരു തുക പറഞ്ഞ് അയാൾ ജോലി തുടർന്നു. അവളുടെ കൈവശം അയാളാവശ്യപ്പെട്ട തുകയുടെ പകുതിപോലുമുണ്ടായിരുന്നില്ല.

‘‘ഇങ്ങനെ ശ്രദ്ധയില്ലാതായാൽ ഞാനിതിനെക്കൊണ്ട് എന്തു ചെയ്യുമെന്റെ ദൈവമേ...’’

അമ്മച്ചിയുടെ എന്നത്തെയും നീട്ടി വിളി പ്രാർഥന ആനിക്ക് ഓർമ വന്നു. ചാച്ചൻ അത്താഴം കഴിഞ്ഞു തിണ്ണയിലിരുന്നു ബീഡി വലിക്കുകയാകും. അമ്മച്ചിയുടെ പരാതി കേട്ടുള്ള ചാച്ചന്റെ നോട്ടം കണ്ണിൽ നിന്നിറങ്ങി പറമ്പിലെ നീലൂരിപ്പൊന്തയിൽനിന്നു വടി വെട്ടി ഓങ്ങിക്കൊണ്ടു നേർക്കു വരും. അവൾ കണ്ണു നിറയ്ക്കും. ചാച്ചൻ തണുക്കും. പോട്ടെ, എന്ന് ബീഡിക്കുറ്റി ദൂരേക്കു പാറിപ്പോകും. എന്നാൽ ആയിടെ ചാച്ചന്റെ നോട്ടം തല്ലും വഴക്കുപറച്ചിലുമായി മാറിയിരുന്നു. അങ്ങനെയെല്ലാം സാഹചര്യങ്ങൾ പ്രതികൂലമായതിനിടയിലാണ് പുതിയ ചെരിപ്പും കാണാതായത്.

ഇത്തവണ സ്കൂൾ പറമ്പിൽവച്ചായിരുന്നു സംഭവം. ആരെങ്കിലുമെടുത്തു മണ്ണിൽ പൂഴ്ത്തിയിരിക്കും എന്നു കരുതി മണ്ണിളകി കിടന്നിടത്തെല്ലാം മാന്തി നോക്കി. നഖത്തിനിടയിൽ മണ്ണ് കയറിയതു മിച്ചം. അന്നു സ്കൂൾ വിട്ടു മടങ്ങുമ്പോൾ വഴി നീളെ കല്ലു കുത്തി അവളുടെ കാലു വേദനിച്ചു.

പിറ്റേന്ന് ഓഫിസിൽ ചെന്നു പരാതിപ്പെട്ടപ്പോൾ പ്യൂൺ അവളെ ആ പഴയ ക്ലാസ്മുറിയിലേക്കു കൊണ്ടുപോയി. വവ്വാലിന്റെ കാട്ടം മണക്കുന്ന അതിനകത്ത് കാലൊടിഞ്ഞ ബെഞ്ചുകളും ഡെസ്ക്കുകളും കൂട്ടിയിട്ടിരിക്കുകയാണ്. പഴയ പുസ്തകങ്ങളും പത്രങ്ങളും പൊടിപിടിച്ച ചോറ്റുപാത്രങ്ങളും കുടകളും ജ്യോമട്രിപ്പെട്ടികളും. അതിനെല്ലാമിടയിൽ തോറ്റ് അതേ ക്ലാസിൽ ഇരിപ്പായ കുട്ടികൾ പോലെ ജോടിയുള്ളതും ഇല്ലാത്തതുമായ കുറെ ചെരിപ്പുകളും ഉണ്ടായിരുന്നു. പാകമായതെടുക്കാൻ പ്യൂൺ നിർബന്ധിച്ചെങ്കിലും ആനി വഴങ്ങിയില്ല. ആരുടെയും ചെരിപ്പ് മാറിയിടരുതെന്ന് അമ്മച്ചി അവളെ പഠിപ്പിച്ചിരുന്നു.

കാണാതെപോയ ചെരിപ്പു തിരിച്ചു കിട്ടണേ, എന്ന പ്രാർഥനയോടെ സ്കൂൾ മുറ്റത്തെ രൂപക്കൂടിനു മുന്നിൽ മെലിഞ്ഞ മെഴുകുതിരികൾ കത്തിച്ചു നാട്ടി. മതിലിലെഴുതിയ വചനം പറയുംപടി വഴികളിൽ സൂക്ഷ്മത പാലിച്ചിട്ടും മറ്റുള്ളവരുടെ ഒപ്പമെത്താനാകാത്ത സങ്കടത്തോടെ നടക്കുന്നതിനിടയിൽ അവളുടെ കാലിൽ കുപ്പിച്ചില്ലു കൊണ്ടു.

പണി മാറ്റിയെത്തിയ ചാച്ചൻ അവളെയുംകൊണ്ട് അടുത്തുള്ള കമ്പൗണ്ടറുടെ വീട്ടിലേക്കോടി. അയാൾ നീറുന്ന മരുന്നൊഴിച്ചു മുറിവു കഴുകിക്കെട്ടി. ആ മുറിവു കേസ് ഇല്ലാതാക്കിയെങ്കിലും കുറച്ചുകാലത്തേക്ക് ചെരിപ്പു വാങ്ങിത്തരില്ലെന്നു ചാച്ചൻ കട്ടായം പറഞ്ഞു. സൂക്ഷ്മതയും ശ്രദ്ധയും ഉണ്ടായി വരാൻ ഇതൊരവസരമാകട്ടെ എന്ന് അമ്മച്ചി പിന്താങ്ങുകയും ചെയ്തു. മുറ്റത്തു പതിഞ്ഞ ചാച്ചന്റെ ചെരിപ്പടികളിൽ ചവിട്ടിയാണു പിറ്റേന്നു മുതൽ ആനി സ്കൂളിൽ പോയത്.

അവിടെയെത്താൻ പലതരം പാതകൾ പിന്നിടേണ്ടിയിരുന്നു. ചെളിയും ചപ്പിലകളുമടിഞ്ഞത്, പൂഴി നിറഞ്ഞത്, കൂർത്ത ചരലും ചെങ്കല്ലുമുള്ളത്, ടാറിട്ടും കരിങ്കല്ലു പാകിയും മിനുക്കിയത്... ഒടുക്കം അവയെയെല്ലാം കൂട്ടിപ്പിരിച്ച് അവൾ സ്കൂളിലേക്കും പള്ളിയിലേക്കും പുതിയ വഴികളുണ്ടാക്കി. ചുറ്റി വളഞ്ഞതാണെങ്കിലും കല്ലും മുള്ളുമില്ലാത്തവ. അവ അന്നേവരെ കാണാത്ത പലതും ആനിക്കു കാട്ടിക്കൊടുത്തു. പാഠപുസ്തകത്തിൽ കാണാത്ത ചെടികളും പൂക്കളും. മാനം മുട്ടുന്ന മരങ്ങളും കെട്ടിടങ്ങളും. ഒഴുക്കിലും ഓടയിലും പാർക്കുന്ന മീനുകൾ. മയിലും പാമ്പും ഒന്നിച്ചു കഴിയുന്ന മേടുകൾ. പല പണികളിൽ ഏർപ്പെട്ട വിവിധ ദേശക്കാരും ഭാഷക്കാരുമായ മനുഷ്യർ.

പറമ്പു താണ്ടുന്ന ചേരയെപ്പോലെ ആരുടെയൊക്കെയോ അതിരുകൾ മുറിച്ച്, അവൾ എന്നും എല്ലായിടത്തും വൈകിയെത്തി. വഴിമാറിയുള്ള നടപ്പിനു ടീച്ചറുടെ തല്ലും ശകാരവും മടുത്തപ്പോൾ വളഞ്ഞും പിരിഞ്ഞും കയറിയും ഇറങ്ങിയും നീണ്ടുപോയ വഴികളിലൊന്ന് അവളെ പട്ടണത്തിലെത്തിച്ചു.

തിരിച്ചു പോരുമ്പോൾ അവൾ ഗൗരവമേറിയ ആലോചനകളിലായിരുന്നു. ഇരുമ്പിന്റെ ഒരു കാൽപാദം, പലതരം ചുറ്റികകൾ, നൂലു കോർക്കുന്ന അറ്റം വളഞ്ഞ കൊക്ക, മണമുള്ള പശ, പല നിറങ്ങളിലുള്ള തോലുകൾ, തോലു മിനുക്കുന്ന ക്രീമുകൾ, ഭംഗിയുള്ള ആണികൾ, അണിഞ്ഞൊരുങ്ങിയ ചെരിപ്പുകൾ, അതിന്റെ മടമ്പുയരങ്ങൾ, പലതരം വള്ളികൾ, ഭംഗിയുള്ള മെടച്ചിലുകൾ...

ചെളിപുരണ്ട കാലുകളുമായി എതിരെ വന്ന താറാക്കൂട്ടത്തെയോ ലാടത്തിന്റെ ഒച്ച കേൾപ്പിച്ചു മുന്നിൽ പോയ കാളകളെയോ അവൾ കണ്ടില്ല.

വീടെത്തിയതും അകത്തും പുറത്തും അലഞ്ഞ് കുറെയേറെ വസ്തുക്കൾ ശേഖരിച്ചു. പൊട്ടിയ പഴയ ചെരിപ്പുകൾ, പ്ലാസ്റ്റിക് വള്ളികൾ, മരക്കട്ട, ബ്ലേഡ്, സൂചി, കട്ടിയുള്ള നൂല്, ആണികൾ, കത്തി, കുപ്പായക്കുടുക്കുകൾ, ഉടുപ്പിന്റെ തൊങ്ങലുകൾ...

ചെരിപ്പുകളെല്ലാം മുറിച്ചു പാകമാക്കി. കരുതിക്കൊണ്ടുവന്ന മണമുള്ള പശയാൽ ചേർത്തൊട്ടിച്ചു. സൂചിയിൽ കോർത്ത നൂലിൽ മെഴുകു പുരട്ടി അവ തുന്നിച്ചേർത്തു. ഇരുട്ടാകുമ്പോഴേക്കും പരിശ്രമം വിജയം കണ്ടു.

കുളിച്ചു വേഷം മാറി, പ്രാർഥിച്ച് കഞ്ഞി കുടിച്ച് സന്തോഷത്തോടെ കിടന്നുറങ്ങിയ ആനി ഒരു സ്വപ്നം കണ്ടു.

ഒഴിഞ്ഞ സ്ഥലത്തു പുല്ലുകൾക്കിടയിൽ ഒരു വലിയ ചെരിപ്പ്. പടർന്നു കയറിയ ചെടികളാണ് വള്ളികൾ. അവയിലോരോന്നിലും നീല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. പൂമ്പാറ്റകളും കിളികളും വട്ടമിടുന്ന ആ ചെരിപ്പിനു മുകളിൽ ഉറങ്ങിക്കിടക്കുകയാണ് അവൾ.

പിറ്റേന്നു ബന്ധുക്കളും അയൽവാസികളുമായി കുറച്ചു പേർ വീട്ടിലെത്തി. അവരുടെയെല്ലാം കൈവശം സമ്മാനപ്പൊതികളുമുണ്ടായിരുന്നു. നമ്മളിപ്പോൾ ഇതൊന്നും ആഘോഷിക്കുന്ന കൂട്ടരല്ല, എന്നു ചാച്ചൻ അമ്മച്ചിയെ വഴക്കു പറഞ്ഞെങ്കിലും സ്വന്തം വീട്ടുകാർ കൊണ്ടുവന്നതൊന്നും അമ്മച്ചി തിരിച്ചു കൊടുത്തില്ല. തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്കിടയിലും ആനിയെ സന്തോഷിപ്പിച്ചത് ആ പൊതികളിലുണ്ടായിരുന്ന ചെരിപ്പുകളായിരുന്നു. വിലകൂടിയ രണ്ടു ജോടി ചെരിപ്പുകൾ. എന്നാൽ അവ മറ്റാരുടെയോ കാലളവിലുള്ളവയായിരുന്നു. ആ ചെരിപ്പുകളിലേക്കു വളർന്നിട്ടില്ലാത്ത സ്വന്തം പാദങ്ങൾ നോക്കി അവൾ സങ്കടപ്പെട്ടു.

രണ്ടു ദിവസം അമ്മച്ചി ആനിയെ സ്കൂളിലേക്കു വിട്ടില്ല. വീടിനകത്തു തന്നെയിരുന്ന ദിവസങ്ങളിൽ അവൾ തന്റെ പരിശ്രമത്തെക്കുറിച്ച് ഓർത്തു. പിന്നാമ്പുറത്ത് അടിച്ചുകൂട്ടിയിട്ട ചവറുകൾക്കിടയിൽ അവൾ അതു കണ്ടെത്തി. മണ്ണും പൊടിയും നീക്കി അതിന്റെ വാറുകളിൽ മിന്നുന്ന അലുക്കുകൾ തുന്നിച്ചേർത്തു.

രാവിലെ അമ്മച്ചിയുടെ എതിർപ്പു വകവയ്ക്കാതെ ആ ചെരിപ്പണിഞ്ഞാണ് ആനി സ്കൂളിലേക്കു പുറപ്പെട്ടത്. അപ്പോൾ തനിക്കു പൊക്കം വച്ചതായും കാലുകൾക്കു വേഗം കൂടിയതായും അവൾക്കു തോന്നി. ചൂൽവരകൾ വീണ മുറ്റത്ത് ചാച്ചന്റെ ചെരിപ്പിന്റെ പരന്ന പാടുകൾക്കരികെ ആ ചെരിപ്പുകൾ വിചിത്രങ്ങളായ അടയാളങ്ങൾ വീഴ്ത്തി.

അന്നുതൊട്ട് എല്ലാ വഴികളും അവളുടെ പോക്കുവരവുകൾ എഴുതിവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA