ADVERTISEMENT

1950 ഡിസംബർ 13ന് നീലഗിരിക്കു സമീപം കോട്ടഗിരിക്കുന്നിൽ എയർ ഇന്ത്യയുടെ ഡക്കോട്ട വിമാനം തകർന്നുവീണപ്പോൾ ചിതറിപ്പോയവരിൽ കെ. രാമഭദ്രൻ എന്ന ചെറുപ്പക്കാരന്റെ പേരുമുണ്ടായിരുന്നു. തിരു– കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മൂന്നാമത്തെ മകൻ. സഹോദരൻമാരുടെ വിവാഹത്തിനു സമ്മാനവുമായി വിമാനത്തിൽ നാട്ടിലേക്കു പുറപ്പെട്ട ഭദ്രനു പക്ഷേ, ആ യാത്ര പൂർത്തിയാക്കാനായില്ല... 

ആകാശത്തോളം മഞ്ഞുമൂടിയ നീലഗിരിക്കുന്നിന്റെ താഴ്‌വരയിൽ രണ്ടായി മുറിഞ്ഞ ആ ശരീരത്തോടൊപ്പം കുഴിച്ചുമൂടിയ കൂട്ടത്തിൽ പുതിയ രണ്ടു ബനാറസ് സാരികളുണ്ടായിരുന്നു- തോപ്പിൽ കുടുംബത്തിലേക്കു വലതുകാൽവച്ചു വരുന്ന ചേട്ടത്തിയമ്മമാർക്ക് അനിയന്റെ വിവാഹ സമ്മാനം! 

‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം കാണാൻ പോകുന്നു’ എന്നു കൂട്ടുകാരോട് യാത്രപറഞ്ഞവൻ കരുതിവച്ച സമ്മാനം നൂറുനൂറായി കീറിത്തുടച്ചാലും കണ്ണീരുണങ്ങാത്ത ഒരു കുടുംബം ഇന്നും ആ ഓർമകളിൽ വിങ്ങി ജീവിക്കുന്നു. 

തിരു-കൊച്ചി മുഖ്യമന്ത്രിയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ കുടുംബം. സി. കേശവന്റെ മൂന്നാമത്തെ മകൻ കെ.ആർ. ഭദ്രൻ എന്ന കെ. രാമഭദ്രൻ (കൗമുദി പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണന്റെ ഇളയ സഹോദരൻ) നീലഗിരി (തമിഴ്നാട്ടിലെ ഊട്ടി ഉൾപ്പെടുന്ന മേഖല) കോട്ടഗിരിക്കുന്നിൽ വിമാനം തകർന്നു കൊല്ലപ്പെട്ടതിന്റെ ഓർമകൾ എഴുപതാം വയസ്സിലേക്ക്.  

നുറുങ്ങിയതു വിമാനമല്ല, കുറെ ഹൃദയങ്ങൾ

കഷ്ടിച്ച് 20 വയസ്സ് പിന്നിട്ട ഭദ്രൻ ജ്യേഷ്ഠൻ കെ. ബാലകൃഷ്ണന് (ബാലേണ്ണൻ) തന്റെ മരണത്തിന് ആറുദിവസം മുൻപ് എഴുതിയ കത്തിൽനിന്നു തുടങ്ങണം. ‘കമ്പിയും രൂപയും കിട്ടി. നാളെ പ്ലെയിൻ ടിക്കറ്റ് എടുക്കും... അന്നു ഞങ്ങളുടെ ടൂർണമെന്റ് കഴിയും. കപ്പും വാങ്ങിയായിരിക്കും ഞാൻ വരുന്നത്. അഥവാ, ടൂർണമെന്റ് കഴിഞ്ഞില്ലെങ്കിലും വരും.

ടൂർണമെന്റ് ഇനിയും വരും. ആ രണ്ടു ചേട്ടത്തിമാരുടെ വരവ് ഇനി ഒരിക്കൽക്കൂടി വേണമെന്നു വച്ചാൽ നടപ്പില്ലല്ലോ. ഒരുകാര്യം നേരത്തേ അച്ചാരം തരുന്നു, മധുവിധുവിനു ദമ്പതിമാരെ ആദ്യമായി സിനിമയ്ക്കോ മറ്റോ കൊണ്ടുപോകുമ്പോൾ കാർ ഓടിക്കുന്നത് ഈ ഭദ്രനായിരിക്കും... അങ്ങുവരാൻ എന്തു കൊതിയെന്നോ? അമ്മ ഭയങ്കര ഒരുക്കമായിരിക്കും. ഞാൻ വരട്ടെ, സൂപ്പർവിഷൻ മുഴുവൻ ഏറ്റെടുത്തേക്കാം...’ 

indirakkutty
സഹോദരി കെ. ഇന്ദിരക്കുട്ടി തോപ്പിൽ വീട്ടിൽ.

വായനക്കാരുടെ കത്തുകൾക്കും വിമർശനങ്ങൾക്കും മുന്നിൽ കല്ലിനു കാറ്റുപിടിച്ച പോലെ ഇരുന്നിട്ടുള്ള പത്രാധിപർ കെ. ബാലകൃഷ്ണന്റെ കയ്യിലിരുന്ന് ആ കത്ത് വിറച്ചത് പിന്നീടെഴുതിയ ചരിത്രം. കെ. ബാലകൃഷ്ണൻ എഴുതി. 

‘അവസാനമായി ഭദ്രനെ ഒന്നുകൂടി ഞാൻ നോക്കി. രണ്ടുകൈ മണൽവാരി ആ മുഖത്തേക്കിട്ടു. സമയം അസ്തമയത്തോടടുത്തു. വിദൂരതയിൽ മോയർ നദിയുടെ തീരങ്ങളിൽ കെഡോണി താഴ്‌വരയിൽ മൂടൽമഞ്ഞ് അണഞ്ഞു കൊണ്ടിരുന്നു...’ പത്രാധിപരുടെ മേശമേൽ ആ കത്തിലെ വരികൾ തെളിഞ്ഞു- ‘കാറോടിക്കുന്നത് ഈ ഭദ്രനായിരിക്കും...’ കല്യാണത്തിന് അനുജൻ വേണമെന്ന നിർബന്ധത്തിൽ പണം അയച്ചുകൊടുത്ത് കന്നി വിമാനയാത്രയ്ക്കു ടിക്കറ്റെടുപ്പിച്ച ജ്യേഷ്ഠന്റെ കദനഭാരം പിന്നീടെപ്പോഴും എഴുത്തിലും നിഴലിച്ചു.

സി. കേശവന്റെ മൂത്തമക്കൾ എയർ കമഡോർ കെ. രവീന്ദ്രനാഥിന്റെയും കെ. ബാലകൃഷ്ണന്റെയും വിവാഹത്തലേന്നായിരുന്നു ആ വിമാനാപകടം- 1950 ഡിസംബർ 13ന്. കൊല്ലം മയ്യനാട്ടെ തോപ്പിൽ വീട്ടിൽ കൂട്ടനിലവിളി ഉയർന്ന ദിവസം.

ബെംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ഭദ്രൻ നാട്ടിലേക്കു തിരിച്ച എയർ ഇന്ത്യയുടെ DC-3/ C-47 ഡക്കോട്ട വിമാനം കോയമ്പത്തൂർ മേട്ടുപ്പാളയത്തിനു സമീപം കോട്ടഗിരിക്കുന്നിൽ തകർന്നുവീണ് 20 പേരും കൊല്ലപ്പെട്ടു. പൈലറ്റ് അടക്കം 4 ജീവനക്കാരും ഇന്ത്യക്കാർക്കു പുറമെ അമേരിക്ക, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരും. 

അറം പറ്റിപ്പോയല്ലോ ഭദ്രാ...

ബെംഗളൂരു എൻജിനീയറിങ് കോളജിൽ ഭദ്രന്റെ സഹപാഠിയായിരുന്ന മലയാളി കെ. രാഘവൻ പിന്നീട് കെ. ബാലകൃഷ്ണന് അയച്ച കത്ത് ഭദ്രന്റെ അറംപറ്റിയ വാക്കുകളുടെ കഥ പറഞ്ഞു. ‘അതിനു രണ്ടു ദിവസം മുൻപ് ബെംഗളൂരുവിൽ ഒരു വിമാനാപകടമുണ്ടായി. ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് അതു കാണാൻ പോയിരുന്നു.

മടങ്ങിയെത്തിയശേഷം വിനോദസ്വരത്തിൽ ഭദ്രൻ പറഞ്ഞു. ‘ഞാൻ പോകുന്ന വിമാനവും തകർന്ന് ഇതുപോലെ ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. അറംപറ്റിയ ഒരു വാചകം...’ 

ജ്യേഷ്ഠന്മാരുടെ കല്യാണം കൂടണമെന്നതു ഭദ്രന്റെയും വലിയ ആഗ്രഹമായിരുന്നു. കോളജ് ഫുട്ബോൾ ടീം ക്യാപ്റ്റനായതിനാൽ ടൂർണമെന്റിനു നിൽക്കണം. അർധവാർഷിക പരീക്ഷയും ഒപ്പം നടക്കുന്നു. യാത്രയ്ക്കായി മൂന്നുനാലു ദിവസം വേണമെന്നതിനാലാണ് യാത്ര വിമാനത്തിലാകട്ടെയെന്നു ബാലകൃഷ്ണൻ തീരുമാനിച്ചത്.

വിമാനത്തിൽ യാത്ര ചെയ്യുകയെന്നത് ഭദ്രനു വലിയ കൊതിയായിരുന്നു. പക്ഷേ, ഇഷ്ടപ്പെട്ടയാളുകൾ വിമാനത്തിൽ യാത്രചെയ്യുന്നതു പേടിയുമായിരുന്നു. ഒരിക്കൽ കെ. ബാലകൃഷ്ണൻ അനുജനെ കാണാൻ ബെംഗളൂരുവിൽ ചെന്നു. അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തേണ്ടതിനാൽ വിമാനത്തിൽ മടങ്ങാൻ തീരുമാനിച്ചു.

കാർമേഘങ്ങൾ കോട്ടകെട്ടി അന്തരീക്ഷം വല്ലാതെ ഇരുണ്ടതായിരുന്നു അന്ന്. അന്നു വിമാനത്തിൽ പോകേണ്ടെന്നു ഭദ്രൻ വാശിപിടിച്ചു കരഞ്ഞു. ബാലകൃഷ്ണൻ തിരുവനന്തപുരത്തു മടങ്ങിയെത്തിയപ്പോൾ കണ്ടത്, സുരക്ഷിതമായി എത്തിയോ എന്നു ചോദിച്ചുകൊണ്ടുള്ള ഭദ്രന്റെ കമ്പി സന്ദേശം! 

ഡക്കോട്ടയ്ക്ക് എന്തു സംഭവിച്ചു ? 

1950ൽ നടന്ന എയർ ഇന്ത്യയുടെ 2 വിമാനാപകടങ്ങൾ വ്യോമയാന നിഘണ്ടുവിൽ പുതിയൊരു വാക്കുകൂടി സംഭാവന ചെയ്തു- CFIT (Controlled flight into terrain). സാങ്കേതികത്തകരാറില്ലാത്ത, പൈലറ്റിന്റെ നിയന്ത്രണത്തിലുള്ള വിമാനം പർവതത്തിൽ ഇടിച്ചോ ജലാശയങ്ങളിൽ പതിച്ചോ തടസ്സങ്ങളിൽ തട്ടിയോ ഉണ്ടാകുന്ന അപകടം. 

ബെംഗളൂരുവിൽ നിന്നു രാവിലെ 9.20നു പറന്നുയർന്ന വിമാനം കോയമ്പത്തൂരിൽ 10.24ന് എത്തേണ്ടതായിരുന്നു. അതിനു 12 മിനിറ്റ് മുൻപ് റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമായി. അധികം വൈകാതെ കോയമ്പത്തൂർ വിമാനത്താവളം അപായസന്ദേശം നൽകി. കനത്തമഴയും മൂടൽമഞ്ഞും ഉണ്ടായിരുന്ന സമയം. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 6000 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലോ കൂറ്റൻ മരങ്ങളിലോ ഇടിച്ച് വിമാനം തകർന്നുവെന്നാണു നിഗമനം. തകർന്നുവീണ സ്ഥലം കണ്ടെത്താൻ ദിവസങ്ങൾ വേണ്ടിവന്നു.

എന്തെങ്കിലും സൂചന നൽകുന്നവർക്ക് 500 രൂപ പ്രതിഫലം പ്രഖ്യാപിച്ചു നീലഗിരിയിലും പരിസരങ്ങളിലും അധികൃതർ നോട്ടിസുകൾ വിതറി. ദിവസങ്ങൾ കഴിഞ്ഞ് സൈന്യവും പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ കോട്ടഗിരിയിൽനിന്നു നാലു മൈൽ അകലെ  ചിന്നിച്ചിതറിയ നിലയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

ഒപ്പം, അഴുകിയടർന്ന  മൃതദേഹങ്ങളും. തിരച്ചിൽ തുടങ്ങാൻ ൈവകിയെന്നും യാത്രക്കാരുടെ പണവും സ്വർണവുമുൾപ്പെടെയുള്ള സാധനങ്ങൾ ആരൊക്കെയോ കടത്തിയെന്നും അന്ന് ആരോപണമുയർന്നു.

മൃതദേഹം ഒരുനോക്കു കാണാൻ കാട്ടിനുള്ളിൽ പോയ കെ. ബാലകൃഷ്ണൻ അതെക്കുറിച്ച് എഴുതി. ‘ഇടതൂർന്നു നിൽക്കുന്ന ചെടികളിലും വള്ളികളിലും തൂങ്ങിത്തൂങ്ങി താഴോട്ടിറങ്ങുക അതീവ ശ്രമകരമായ ജോലിയാണ്.

കൈവിട്ടു പോകുകയോ കാൽവഴുതുകയോ ചെയ്താൽ 6000 അടി താഴത്തു ചെന്നായിരിക്കും വീഴുക. പെട്ടെന്നു ഞാൻ താഴോട്ടു നോക്കി. ജ്യേഷ്ഠൻ (കെ. രവീന്ദ്രനാഥ്) കയ്യിൽ തലയും താങ്ങി ഒരു സ്ഥലത്തിരിക്കുന്നു. എന്തുപറ്റിയെന്നറിയാതെ സംഭ്രമിച്ചു നിൽക്കുമ്പോൾ ‘ഭദ്രനെ കാണണോ...?’ എന്നൊരു ചോദ്യം. ഒരുനിമിഷനേരം. തലയിൽക്കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞുപോയ പോലെ... ശരീരം രണ്ടായി മുറിഞ്ഞിരുന്നു. താടിയെല്ല് വല്ലാത്ത ഒരു മുട്ടലേറ്റ് ഒടിഞ്ഞുപോയി. പക്ഷേ, മുഖം വ്യക്തമായ ആ രൂപം തെളിയിക്കുന്നുണ്ടായിരുന്നു- ഭദ്രൻ. അവന്റെ കണ്ണുകൾ മുകളിലേക്ക് എന്തോ നോക്കുന്ന പോലെ തോന്നി.

തല ഇടത്തോട്ടു ചെരിഞ്ഞിട്ടുണ്ട്. ഭയങ്കരമായ എന്തെങ്കിലും നടന്ന ഭാവമൊന്നും ആ മുഖത്തില്ല. മുടി ചീകി മിനുക്കിയിരിക്കുന്നു. മേൽമീശ ഭംഗിയായി ട്രിം ചെയ്തിട്ടുണ്ട്...’ മൃതദേഹങ്ങളെല്ലാം അഴുകി ജീർണിച്ച് എടുത്തുമാറ്റാൻ കഴിയാത്ത നിലയിലായതിനാൽ അവിടെ തന്നെ സംസ്കരിക്കാനേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഭദ്രനും ഭദ്രനെക്കുറിച്ചുള്ള ഓർമകളും കോട്ടഗിരിത്താഴ്‌വാരങ്ങളിൽ എന്നന്നേക്കുമായി ഉറങ്ങി. ഒപ്പം കയ്യിൽ കരുതിയിരുന്ന പെട്ടിയും അതിലുണ്ടായിരുന്ന ബനാറസ് സാരികളും.

കല്യാണമേളം നിലച്ചു

തിരുവിതാംകൂറിലെ ആദ്യ ജനകീയ സർക്കാരിൽ മന്ത്രിയായിരുന്ന (പിന്നീടാണ് മുഖ്യമന്ത്രിയാകുന്നത്) സി. കേശവന്റെ വീട്ടിലെ ആദ്യത്തെ കല്യാണമാണ്. ജ്യേഷ്ഠനും അനുജനും ഒരേദിവസം വിവാഹം കഴിക്കുന്നു. മയ്യനാട് ഇടയില വീട്ടിലെ മൂത്ത പെൺകുട്ടിയെ ബാലകൃഷ്ണനും ഇളയയാളെ ജ്യേഷ്ഠൻ രവീന്ദ്രനാഥും താലി ചാർത്തുന്നു.

കല്യാണം മോടിയോടെ നടത്തണമെന്നു ഭദ്രനു വാശിയായിരുന്നു. കെ. ബാലകൃഷ്ണനു ഭദ്രൻ കത്തെഴുതി– ‘എന്തൊക്കെയാണ് ബാലേണ്ണാ ഒരുക്കങ്ങൾ? മോടിയിലാണോ അതോ സഖാവിന്റെ (കെ. ബാലകൃഷ്ണൻ ആർഎസ്പിക്കാരനായിരുന്നുവല്ലോ) മട്ടിലോ? ഇടത്തരമാകരുതേ. ഒന്നുകിൽ ഒന്നും വേണ്ട. ഇല്ലെങ്കിൽ നേരെ വേണം....’ 

കല്യാണത്തലേന്ന് ഉൽസവഛായയിൽ ഒരുക്കങ്ങൾ നടക്കുമ്പോഴാണ് വിമാനാപകടം തോപ്പിൽ വീട്ടിൽ അറിയുന്നത്. ഒരുക്കങ്ങൾക്കിടയിലും ഭദ്രന്റെ ഇഷ്ടവാഹനമായ സൈക്കിൾ തൂത്തുതുടച്ചു വൃത്തിയാക്കുകയായിരുന്നു അമ്മ വാസന്തി. ഏതു പ്രതിസന്ധിയിലും ഉലയാതെ നിന്നിട്ടുള്ള, കർക്കശക്കാരൻ സി. കേശവൻ ഉള്ളാകെ ഉലഞ്ഞെങ്കിലും പുറത്തുകാട്ടാതെ, സംഭവം ഭാര്യയെ അറിയിക്കാതെ കഴിയുന്നത്ര നേരം പിടിച്ചുനിന്നു. എങ്കിലും രാത്രിയോടെ അറിയിക്കേണ്ടി വന്നു. ‘കേട്ട പാടെ അമ്മ ബോധംകെട്ടു വീണു.

അമ്മയാണെങ്കിൽ കടുത്ത പ്രമേഹരോഗിയും. പിന്നെ ഡ്രിപ്പൊക്കെ നൽകിയാണു പഴയ നിലയിലാക്കിയത്. അമ്മ ബോധംകെട്ടു വീണതോടെ അതുവരെ പിടിച്ചുനിന്ന അച്ഛൻ വാവിട്ടു നിലവിളിച്ചു. അച്ഛൻ കരയുന്നത് ആദ്യമായി കാണുകയാണ്. അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദമായിരുന്നല്ലോ ഭദ്രണ്ണൻ...’ തോപ്പിൽ വീട്ടിലെ ഉമ്മറത്തിരുന്ന് 84 പിന്നിട്ട കെ. ഇന്ദിരക്കുട്ടി പറയുന്നു. 

കല്യാണം മാറ്റിവയ്ക്കാൻ രാത്രിയോടെ തീരുമാനിച്ചു. സഹോദരന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ പിന്നെ കുറെക്കാലം രവീന്ദ്രനാഥും ബാലകൃഷ്ണനും താടിയും മുടിയും നീട്ടിവളർത്തി നടന്നു. കുറെ മാസങ്ങൾ കഴിഞ്ഞ്, ആഘോഷങ്ങളൊന്നുമില്ലാതെ ഇരുവരുടെയും കല്യാണം നടന്നു. 

ഭദ്രൻ എന്ന പേര് മായാതെ

ഭദ്രന്റെ ഓർമകൾക്കു പ്രായം എഴുപതാകുമ്പോഴും ആ പേര് കെടാതെ നിൽക്കുന്നുണ്ട് മയ്യനാട്ടും പരിസരത്തും. 

ബെംഗളൂരു എൻജിനീയറിങ് കോളജിൽ ഭദ്രൻ മെമ്മോറിയൽ ടൂർണമെന്റ് തുടങ്ങി. കേരളത്തിൽ അന്തർസർവകലാശാലാ ഫുട്ബോൾ ടൂർണമെന്റിലെ മികച്ച കളിക്കാരന് ‘ഭദ്രൻ കപ്പ്’ ഏർപ്പെടുത്തി. 

‘ഭദ്രൻ ഫുട്ബോൾ കളിക്കുന്നതു കാണാൻ അക്കാലത്ത് മയ്യനാട്ട് ആളു കൂടുമായിരുന്നു. ഫോർവേഡ് ആയി കളിക്കാനായിരുന്നു ആ മിടുക്കന് ഇഷ്ടം. നാട്ടിലെ ഓമനപ്പയ്യന്റെ വിയോഗം ഇവിടത്തുകാർക്കുണ്ടാക്കിയ ആഘാതം ചില്ലറയായിരുന്നില്ല. 

എന്റെ ഇളയ സഹോദരൻ റിട്ട. എസ്പി എം. കൃഷ്ണഭദ്രന് ആ പേരു വന്നതിനു പിന്നിലും ഈ ‘ഭദ്രൻ ഇഫക്ട്’ ആയിരുന്നു. അമ്മ കൃഷ്ണൻ എന്ന പേരാണിട്ടത്. എന്റെ താൽപര്യം കൂടി ചേർന്നപ്പോൾ പേരിനൊപ്പം ഭദ്രനുമായി’- സി. കേശവന്റെ ബന്ധു മയ്യനാടിന്റെ ചരിത്രമെഴുതിയ റിട്ട. അധ്യാപകൻ എം. പ്രഭാകരൻ തമ്പി പറയുന്നു. 

സഹോദര വിയോഗത്താൽ അവസാനം വരെ നീറിയ കെ. ബാലകൃഷ്ണൻ പിന്നീടു വീട് പണികഴിപ്പിച്ചപ്പോൾ ആ വീടിനെയും അനുജന്റെ പേരിട്ടു വിളിച്ചു- ‘ഭദ്രദീപം’.

തോപ്പിൽ വീട്ടിലെ താരം

സി. കേശവന്റെ 6 മക്കളിൽ മൂന്നാമനായിരുന്നു രാമഭദ്രൻ. ഒരാൾ കുട്ടിക്കാലത്തേ മരിച്ചു. രവീന്ദ്രനാഥ്, ബാലകൃഷ്ണൻ, രാമഭദ്രൻ, ഇന്ദിരക്കുട്ടി, ഐഷ എന്നിവരിൽ വീട്ടിലെ പ്രിയതാരം ഭദ്രൻ തന്നെയായിരുന്നു. സ്കൂ

ൾ ഫൈനൽ വരെ കൊല്ലത്തും മയ്യനാട്ടും തിരുവനന്തപുരത്തുമായിരുന്നു ഭദ്രന്റെ പഠനം. ഇന്റർമീഡിയറ്റിനു തിരുവനന്തപുരം

യൂണിവേഴ്സിറ്റി കോളജിൽ ചേർന്നെങ്കിലും പിന്നീടു ബനാറസ് ഹിന്ദു സർവകലാശാലയിലേക്കു മാറി. ഭദ്രൻ അവിടെ കോളജ് ഫുട്ബോൾ ടീമിൽ അംഗമായി.

എൻജിനീയറിങ് കോളജിൽ മൂന്നാം വർഷം പഠിക്കുമ്പോഴാണ് വിമാനാപകടം. കോളജിലും ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇളയതു 2 പെൺകുട്ടികളാണെങ്കിലും വീട്ടിൽ കൊച്ചുകുട്ടിയുടെ സ്ഥാനമായിരുന്നു ഭദ്രനെന്ന് കെ. ബാലകൃഷ്ണൻ എഴുതിയിട്ടുണ്ട്- ‘ഇളയ കുട്ടിയെക്കാൾ അവനെ അച്ഛനും അമ്മയും ലാളിച്ചിരുന്നു. പലപ്പോഴും അച്ഛനൊപ്പം കെട്ടിപ്പിടിച്ചു കിടന്നാണ് അവന്റെ ഉറക്കം...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com