ADVERTISEMENT

ബോസ് കൃഷ്ണമാചാരിയുടെ ഏകാംഗ കലാപ്രദർശനം കൊൽക്കത്തയിൽ; ഒൻപതു പ്രോജക്ടുകളിലായി 90 സൃഷ്ടികൾ. മൂന്നു പതിറ്റാണ്ടു പിന്നിട്ട കലാജീവിതത്തെക്കുറിച്ച് ബോസ് മനസ്സു തുറക്കുന്നു... 

മുംബൈയിൽ കലാവിദ്യാർഥിയായിരിക്കെയാണ് ബോസ് കൃഷ്ണമാചാരിയുടെ ആദ്യ ചിത്രപ്രദർശനം കൊച്ചിയിലെ കേരള കലാപീഠത്തിൽ നടന്നത്.

1989ൽ. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനായിരുന്നു ഉദ്ഘാടകൻ. 30 വർഷം നീണ്ട കലാജീവിതത്തിനിപ്പുറം ബോസിന്റെ മറ്റൊരു ഏകാംഗ പ്രദർശനം കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ആരംഭിച്ചിരിക്കുന്നു.

9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ഒരു ഏകാംഗ പ്രദർശനം നടക്കുന്നതെന്ന സവിശേഷതയും ഇതിനുണ്ട്.

കൊച്ചി ബിനാലെ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാപ്രദർശനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ബോസ് കൃഷ്ണമാചാരിയുടെ സ്വന്തം പ്രദർശനം നടക്കുന്നതു കൊൽക്കത്തയിലെ ഇമാമി ആർട് ഗാലറിയിലാണ്.

‘ദ് മിറർ സീസ് ബെസ്റ്റ് ഇൻ ദ് ഡാർക്ക്’ എന്നു പേരിട്ട പ്രദർശനം മാർച്ച് 10 വരെ തുടരും. വൈരുധ്യങ്ങളുടെ സമന്വയമെന്നു വിശേഷിപ്പിക്കാവുന്ന 9 പ്രോജക്ടുകളിലായി 90 സൃഷ്ടികളാണ് ഈ പ്രദർശനത്തിൽ. കഴിഞ്ഞ 2 വർഷത്തിനിടെ തീർത്തതാണ് ഇവയെന്നു ബോസ് പറഞ്ഞു. 

അങ്കമാലിയെന്ന കേരളത്തിലെ കൊച്ചു ഗ്രാമത്തിൽനിന്നു വളർന്ന തനിക്ക് ഇതു സാധിക്കുമെങ്കിൽ ഓരോ യുവത്വത്തിനും സാധിക്കാവുന്ന കാര്യങ്ങൾ വളരെ വലുതാണെന്നു വിശ്വസിക്കുന്ന കലാകാരനാണ് ബോസ് കൃഷ്ണമാചാരി.

കലയുടെ ആഗോള ഭൂപടത്തിൽ കൊച്ചിയെയും കേരളത്തെയും സവിശേഷമായൊരിടത്തു കൊണ്ടെത്തിച്ച കൊച്ചി–മുസിരിസ് ബിനാലെ ഉൾപ്പെടെ വേറിട്ട കലാവിരുന്നുകൾക്കു പണവും സമയവും കഴിവും ചെലവഴിച്ച ബോസ് കലാലോകത്ത് 3 പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്നു.

മുംബൈയിലും കൊച്ചിയിലുമായി മാറിമാറി താമസിക്കുന്ന ബോസ് തന്റെ കലാജീവിതത്തെക്കുറിച്ചും സമകാലീന ഇന്ത്യയെക്കുറിച്ചും കേരളത്തിൽ താൻ നേരിട്ട അവഗണനയെക്കുറിച്ചും അതിനെ മറികടന്നതിനെക്കുറിച്ചും അങ്കമാലിയിൽ താൻ തന്നെ രൂപകൽപന ചെയ്ത വീട്ടിലിരുന്നു പറയുന്നു...

∙ അങ്കമാലിയിൽ നിന്നു മുംബൈയിലെത്തിയ വഴി ?

1985ൽ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ച എനിക്കു മുംബൈയിലെ സർ ജെജെ കോളജ് ഓഫ് ആർക്കിടെക്ചറിന്റെ പ്രോസ്പെക്ടസ് സുഹൃത്തുക്കളിലൊരാൾ അയച്ചുതരികയായിരുന്നു.

bose-art-works
കൊൽക്കത്തയിലെ ഇമാമി ആർട് ഗാലറിയിൽ നടക്കുന്ന ബോസ് കൃഷ്ണമാചാരിയുടെ പ്രദർശനത്തിൽനിന്ന്.

അതാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഞാൻ നിമിത്തങ്ങളിൽ വിശ്വസിക്കുന്നു. അന്ധവിശ്വാസത്തിലല്ല, വന്നുചേരുന്ന ഭാഗ്യങ്ങളിൽ.

അങ്ങനെ 1986–91 വർഷങ്ങളിലായി മുംബൈയിൽ ബിഎഫ്എ പഠനം. അന്നുവരെയുള്ള ജെജെ കോളജ് ചരിത്രത്തിലെ ഉയർന്ന മാർക്കാണ് എനിക്കു ലഭിച്ചത്.

അതുവഴി ഒരു വർഷത്തെ ഫെലോഷിപ്പും ലഭിച്ച എനിക്ക് ’92ൽ അവിടെ പഠിപ്പിക്കാനും അവസരം ലഭിച്ചു. ഉയർന്ന മാർക്കിനു സമ്മാനമായി യൂണിവേഴ്സിറ്റി 2500 രൂപയുടെ 16 മികച്ച പുസ്തകങ്ങൾ തന്നു.  

എന്നാൽ ഇതേ കോളജ് പിന്നീട് എന്നെ അവിടെനിന്നു പുറത്താക്കി. കലാപഠനത്തിൽ അവർ തുടരുന്ന രീതി പുതുതലമുറയ്ക്കു യോജിച്ചതല്ലെന്നു തുറന്നടിച്ച് ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖമാണ് അവരെ ചൊടിപ്പിച്ചത്.

സഫ്ദർ ഹശ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രദർശനം സംഘടിപ്പിക്കുന്ന അവസരത്തിൽ വന്ന അഭിമുഖമാണ് പുറത്താക്കലിനു വഴിയൊരുക്കിയത്. കോളജിലെ കലാപഠനത്തിന്റെ നിലവാരം താഴ്ന്നതായി തുറന്നു പറഞ്ഞു.

പുതിയ മാഗസിനുകളോ സമകാലീന കലകളെക്കുറിച്ചു പുസ്തകങ്ങളോ ഇല്ലെന്ന സത്യമാണ് വിളിച്ചു പറഞ്ഞത്. കോളജ് ചോദിച്ച വിശദീകരണത്തിന് കൂടുതൽ കടുത്ത യാഥാർഥ്യങ്ങൾ ഞാൻ വിളിച്ചുപറ‍ഞ്ഞു. അങ്ങനെയൊരു ഏപ്രിൽ ഒന്നിന് എന്നെ ജെജെ കോളജിൽ നിന്നു പുറത്താക്കി.

∙ തുടർന്നും മുംബൈ ആയിരുന്നുവല്ലോ പ്രവർത്തന മേഖല. അതാണോ ബോസ് ആക്കി മാറ്റിയത്?

പുറത്താക്കൽ എന്നെ കൂടുതൽ സ്വതന്ത്രനാക്കുകയും വളരാൻ പുതിയ മേച്ചിൽപുറങ്ങൾ കാട്ടിത്തരികയും ചെയ്തു. സാഹിത്യവും സിനിമയും കലയും ചേർന്ന വിശാലമായൊരു ലോകത്തിലേക്കു പ്രവേശിക്കുകയായിരുന്നു.

മുംബൈയിലെ കലാലോകത്തെ അടുത്തറിയാൻ അതു സഹായിച്ചു. പഠിക്കുന്ന കാലത്തു തന്നെ 3 പ്രദർശനങ്ങൾ നടത്തി. ആദ്യത്തേതു കൊച്ചിയിൽ. മറ്റൊന്നു മുംബൈയിലെ ജഹാംഗീർ ആർട് ഗാലറിയിൽ. ജഹാംഗീർ ഗാലറിയിൽ പ്രദർശനം വൻ വിജയമായിരുന്നു.

മുംബൈയുടെ ചരിത്രത്തിൽ അത്രയും വലിയൊരു പ്രദർശനം നടന്നിരുന്നില്ല. കോളജിൽ പഠിക്കുന്ന കാലത്തുണ്ടാക്കിയ ബന്ധങ്ങളാണ് അതിന് എന്നെ സഹായിച്ചത്.

പഠിക്കുന്ന കാലത്ത് കലാപ്രവർത്തനം മാത്രമായിരുന്നില്ല എന്റെ ശ്രദ്ധ. ചിത്രകല. സിനിമ, നാടകം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ മുതിർന്ന കലാകാരന്മാരുമായി അടുത്ത് ഇടപഴകാനും ആശയസംവാദത്തിനും ലഭിച്ച ഒരൊറ്റ അവസരവും ഞാൻ പാഴാക്കിയില്ല. അതെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയ ഞാൻ ആഗോള തലത്തിൽ കലാരംഗം വളരുന്നത് അടുത്തറിഞ്ഞു. 

∙ പിന്നീട്?

2005 മുതൽ 2011 വരെ സംഘടിപ്പിച്ച ലബോറട്ടറി ഓഫ് വിഷ്വൽ ആർട്സ് (ലാവ) കലയുടെ സഞ്ചാര പദ്ധതികളിലൊന്നായിരുന്നു. ഇന്ത്യയിലുടനീളം കലയും കലാചരിത്രവും പറയുന്ന ലാറ്റിനമേരിക്കൻ ഡിവിഡികളും പുസ്തകങ്ങളുമായി സഞ്ചരിച്ചു.

മുംബൈ, ഡൽഹി, ബറോഡ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിൽ 12 മോണിറ്ററുകളുമായി ഡോക്യുമെന്ററി സിനിമാ പ്രദർശനവും ലൈബ്രറിയുമായി ഈ യാത്ര തുടർന്നു.

അന്നത്തെ യുവത്വത്തിന് അതൊരു വേറിട്ട അനുഭവമായിരുന്നു. 2 വലിയ ട്രക്കുകളിലായിരുന്നു ഈ യാത്ര. 2011ൽ അതു വിറ്റാണ് ബിനാലെയുടെ തയാറെടുപ്പുകളാരംഭിക്കുന്നത്. ഈ ലൈബ്രറിയിലെ പുസ്തകങ്ങൾ ഇപ്പോൾ ബിനാലെയുടെ ഭാഗമായ കൊച്ചിയിലെ പെപ്പർ ഹൗസിലെ ലൈബ്രറിയിലുണ്ട്. 

∙ സ്വന്തമായൊരു ഗാലറി തുറന്നതിലെ അനുഭവങ്ങൾ? 

അതു മുംബൈയിലായിരുന്നു. യൂറോപ്യൻ ക്ലബ് മാതൃകയിലൊരു ആർട് ഗാലറി നടത്തിപ്പ്. ലോകോത്തര കലാകാരന്മാർക്കൊപ്പം ഇന്ത്യൻ കലാകാരന്മാർക്കും അവസരം നൽകി പ്രദർശനങ്ങൾ നടത്തിയ ബിഎംബി ഗാലറി ഇന്ത്യയിലെ ആ രീതിയിൽ ആദ്യ പരീക്ഷണമായിരുന്നു.

ബോസ്, മേഹ്ത, ബിർല എന്നീ 3 പേരുകളുടെ ആദ്യാക്ഷരം ചേർത്താണ് ബിഎംബി രൂപപ്പെടുത്തിയത്. മൂവർക്കും തുല്യ പങ്കാളിത്തം.

2010ൽ അതു പൂട്ടി. പ്രശസ്ത ആർക്കിടെക് നൂറു കരീം രൂപകൽപന ചെയ്ത ഗാലറിയിൽ 4500 ചതുരശ്ര അടി വിസ്തീർണത്തിൽ സൗകര്യമുണ്ടായിരുന്നു.

കോഫി ഷോപ്പ്, പുസ്തകശാല എന്നിവയുൾപ്പടെ എല്ലാ സൗകര്യങ്ങളോടെയുമാണ് അതു തുറന്നത്. 36 വനിതാ കലാകാരികളുടെ പ്രദർശനമുൾപ്പെടെ പല വേറിട്ട പ്രദർശനങ്ങൾക്കും ഈ ഗാലറി അവസരമൊരുക്കി. സ്ഥിരമായൊരു ഗാലറി സംവിധാനത്തിനല്ല നാം പ്രാധാന്യം നൽകേണ്ടതെന്നു തോന്നുന്നു.

സ്ഥിരമല്ലാത്തൊരു ഗാലറി സംവിധാനമാണ് കൂടുതൽ പ്രയോജനപ്പെടുകയെന്നു ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. സംവദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും സഹായിക്കുന്ന ഇടങ്ങൾ കൂടുതൽ വരണം. 

∙ കൊൽക്കത്ത പ്രദർശനത്തെക്കുറിച്ച്?

കൊൽക്കത്തയിലെ ഇമാമി ഗാലറി വലുപ്പം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലുതാണ്. 70,000 ചതുരശ്ര അടി വിസ്തീർണത്തിലൊരുക്കിയ ഈ ഗാലറി 2018ൽ ആണു തുറന്നത്. അതിന്റെ രൂപകൽപന മുതൽ ഞാൻ അതിനോടൊപ്പമുണ്ട്.

അതിന്റെ അണിയറ പ്രവർത്തകരെ ലോകത്തിന്റെ പല ഭാഗത്തും കൊണ്ടുപോയി കലാപ്രദർശനത്തിന്റെ അരങ്ങുകളെക്കുറിച്ച് വിശാലമായ ധാരണ രൂപപ്പെടുത്താൻ സഹായിച്ചതും കൊൽക്കത്തയിലെ ഗാലറിക്കു ഗുണം ചെയ്തു. 

bose-stone-work
പാറക്കല്ലിൽ തയാറാക്കിയ സൃഷ്ടികളിലൊന്ന്. കൊൽക്കത്ത പ്രദർശനത്തിൽനിന്ന്.

10 ആശയങ്ങൾ പ്രദർശനത്തിൽ വലിയ അക്ഷരങ്ങളിൽ വച്ചിട്ടുണ്ട്. ഓരോന്നും അതിന്റെ സ്വാഭാവികതയിലേറെ ശക്തി പ്രാപിക്കുമ്പോൾ അതിൽനിന്നു മനുഷ്യത്വം നഷ്ടപ്പെടുമെന്ന ഐൻസ്റ്റീന്റെ വാക്കുകൾ ഓർമിപ്പിക്കുന്ന സമകാലീന സാഹചര്യം ഈ പ്രദർശനത്തിലേക്കു ശക്തമായി കടന്നുവരുന്നുണ്ട്.

ഓരോന്നിനും കാലാകാലങ്ങളിൽ വരുന്ന വ്യത്യാസവും കാഴ്ചക്കാർക്കു പ്രകടമാകും. ദേശീയതയെക്കുറിച്ചു പറയുമ്പോൾ 1947ലെ ദേശീയതയല്ല നാം ഇന്നു ചർച്ച ചെയ്യുന്നതെന്നു പറയേണ്ടിവരും.

കള്ളം പറയുന്നതും മനോഹരമായി പറയുന്ന നാട്ടിലെ സമകാലീന അവസ്ഥയാണ് ഈ സൃഷ്ടികളെന്നു നമുക്കു തിരിച്ചറിയാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com