ADVERTISEMENT

കോട്ടയ്‌ക്കൽ കൃഷ്‌ണൻകുട്ടി നായർ, കോട്ടയ്‌ക്കൽ ശിവരാമൻ, കോട്ടയ്‌ക്കൽ ചന്ദ്രശേഖര വാരിയർ, കോട്ടയ്‌ക്കൽ ശംഭു എമ്പ്രാന്തിരി, കോട്ടയ്‌ക്കൽ നന്ദകുമാരൻ നായർ, കോട്ടയ്‌ക്കൽ ശശിധരൻ, കോട്ടയ്‌ക്കൽ ദേവദാസ്, കോട്ടയ്‌ക്കൽ മധു, കോട്ടയ്‌ക്കൽ രവി – പേരിനു മുൻപുള്ള സ്ഥലനാമം കണ്ടാലറിയാം എല്ലാവരും കോട്ടയ്ക്കൽകാരാണ്. അതു പക്ഷേ അവരാരും ജനിച്ചുവളർന്ന സ്ഥലമല്ല. ജന്മസ്ഥലത്തിനു പകരം ഒരു കഥകളിസംഘത്തിന്റെ വിലാസമായി കോട്ടയ്ക്കലിനെ പേരിനു മുൻപേ കൂട്ടിയവരാണ് എല്ലാവരും. ആ സംഘത്തിനു പേര് പിഎസ്‌വി നാട്യസംഘം. കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയുടെ കഥകളി ട്രൂപ്പ്. ഇത്രയധികം കലാകാരൻമാരുടെ പേരിൽ അറിയപ്പെടുന്ന നാട് വേറെ കാണാൻ കഴിയുമോ എന്നു സംശയമാണ്.

കഥകളി അഭ്യസിക്കാൻ വന്ന മറ്റു നാട്ടുകാരാണ് പിന്നീട് കോട്ടയ്ക്കൽ സ്വദേശികളായത്. വേഷം, മേളം, പാട്ട്, ചുട്ടി എന്നിവയുൾപ്പെടുന്ന കഥകളി പഠനത്തിനു വന്നവരാണ് എല്ലാവരും. എന്നാൽ, യഥാർഥ കോട്ടയ്‌ക്കൽക്കാർക്ക് ആർക്കും അങ്ങനെ അറിയപ്പെടാൻ എന്തുകൊണ്ടോ ഭാഗ്യം ലഭിച്ചതുമില്ല. വിരലിലെണ്ണാവുന്ന ചിലർ വന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല.  ജന്മം കൊണ്ടല്ലാതെ കർമം കൊണ്ട് ഇന്നാട്ടുകാരായ നൂറുകണക്കിനു കലാകാരൻമാരാണ് എന്നും നാട്യസംഘത്തിന്റെ ശക്‌തി. സംഘത്തിന്റെ പേരിനുമുണ്ട് ഒരു കഥ. പരമശിവവിലാസം നാടകക്കമ്പനി ആണ് പിന്നീട് പിഎസ്‌വി നാട്യസംഘമായത്.

കോട്ടയ്ക്കൽ കൂടെക്കൂടിയത്

ആയുർവേദത്തിനൊപ്പം കലയെയും ഉപാസിക്കുക എന്നതായിരുന്നു ആര്യവൈദ്യശാല സ്‌ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയരുടെ ആപ്‌തവാക്യം. അതിനായി അദ്ദേഹം ആദ്യം സ്‌ഥാപിച്ചത് ‘പരമശിവവിലാസം’ നാടകക്കമ്പനിയാണ്; 1909ൽ. മലയാളത്തിലെ ആദ്യ സ്‌ഥിരം നാടകവേദി. കെ.കെ.അരൂർ, വാസു നെടുങ്ങാടി, ഗോപി നെടുങ്ങാടി, ശങ്കുണ്ണിനായർ, എ.സി.അച്യുതൻനായർ തുടങ്ങിയ ഒട്ടേറെപ്പേർ നാടക ട്രൂപ്പിൽ സഹകരിച്ചു. മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ‘ബാലനി’ൽ നായകനായി വേഷമിട്ടയാൾ എന്നതാണ് കെ.കെ.അരൂരിന്റെ പരിചിതമായ വിശേഷണം. മറുനാട്ടുകാരായ ഇവർ ആരുംതന്നെ പേരിനൊപ്പം ‘കോട്ടയ്‌ക്കൽ’ എന്ന സ്‌ഥലനാമം സ്വീകരിച്ചില്ല. ഷൊർണൂർ സ്വദേശിയായ കൃഷ്‌ണൻകുട്ടിയെന്ന ബാലനെ അഭിനയം പഠിപ്പിക്കാനായി പി.എസ്.വാരിയർ പ്രത്യേക താൽപര്യമെടുത്ത് നാടകക്കളരിയിൽ കൊണ്ടുവന്നു.

സംഗീത നാടകങ്ങൾക്കു പ്രചാരം കുറഞ്ഞപ്പോൾ 1939ൽ നാടകക്കമ്പനിയെ വാരിയർ കഥകളി സംഘമാക്കി.  കൃഷ്‌ണൻകുട്ടിയുടെ പേരിനൊപ്പം അദ്ദേഹം പോലുമറിയാതെ ആളുകൾ കോട്ടയ്ക്കൽ എന്നു ചേർത്തുതുടങ്ങി. ആദ്യമായി കോട്ടയ്ക്കലിനൊപ്പം അറിയപ്പെട്ട കഥകളി കലാകാരൻ കോട്ടയ്‌ക്കൽ കൃഷ്‌ണൻകുട്ടി നായരാണെന്നാണ് പഴയ തലമുറുടെ ഓർമ. അദ്ദേഹത്തെ പഠിപ്പിച്ച ആശാൻമാരിൽ വാഴേങ്കട കുഞ്ചുനായർ, ചെത്തല്ലൂർ കരുണാകരപ്പണിക്കർ, പട്ടിക്കാംതൊടി രാമുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, മങ്ങാട്ട് നാരായണൻ നായർ തുടങ്ങിയവരൊന്നും ‘കോട്ടയ്‌ക്കൽ’ എന്ന സ്‌ഥലനാമം കൂടെ ചേർത്തില്ല. എന്നാൽ, പാലക്കാട് കൂറ്റനാട്ടുകാരായ കോട്ടയ്‌ക്കൽ ഗോപിനായർ, കോട്ടയ്‌ക്കൽ അപ്പുനായർ എന്നിവർ പതിവു തെറ്റിച്ച് ആദ്യ ‘കോട്ടയ്ക്കൽ’ ആശാൻമാരായി.

ശിവരാമൻ എന്ന വിലാസം

ഒരണ സ്‌കൂൾ ഫീസ് കൊടുക്കാനില്ലാത്തവിധം ദാരിദ്ര്യം പിടിമുറുക്കിയപ്പോൾ പാലക്കാട് കാറൽമണ്ണയിൽനിന്ന് ആയുർവേദത്തിന്റെ നാട്ടിലെത്തിയ കോട്ടയ്‌ക്കൽ ശിവരാമനാണ് ഈ നാടിന്റെ പേര് ലോകശ്രദ്ധയിൽ  കൊണ്ടുവന്നത്. ശിവരാമനെന്ന കലാകാരനൊപ്പം കോട്ടയ്ക്കലിന്റെ കഥകളിഖ്യാതിയും വളർന്നു. അമ്മയുടെ കണ്ണുനീർ നനവുള്ള കത്തുമായി ബന്ധുവും നാട്യസംഘം പ്രധാന അധ്യാപകനുമായ വാഴേങ്കട കുഞ്ചുനായരെ കാണാനെത്തിയ ബാലൻ അധികകാലമൊന്നും നാട്യസംഘത്തിൽ നിന്നില്ല. വാഴേങ്കട ആശാൻ കലാമണ്ഡലത്തിലേക്കു പോയപ്പോൾ കൂടെ പോയെങ്കിലും പേരിനൊപ്പമുള്ള സ്‌ഥലനാമം ഇട്ടെറിഞ്ഞില്ല. വിട്ടുപോയതിനുശേഷവും അദ്ദേഹത്തിനുള്ള കത്തുകൾ കോട്ടയ്ക്കലിലേക്ക് എത്തുമായിരുന്നു എന്നതു വേറെ കഥ.

അകന്നും ഒറ്റക്കെട്ടായും

കലയോടുള്ള പ്രതിപത്തി മൂത്ത് മഞ്ചേരി പന്തല്ലൂരിൽനിന്നെത്തിയ ശശിധരനെന്ന ബാലൻ കുറച്ചുകാലമേ നാട്യസംഘത്തിൽ ഉണ്ടായിട്ടുള്ളൂ. വേഷവിദ്യാർഥിയായി അരങ്ങേറ്റം കഴിഞ്ഞുനിൽക്കുന്ന ഒൻപതുകാരനെ പ്രശസ്‌ത നർത്തകി മൃണാളിനി സാരാഭായിക്കു നന്നായി പിടിച്ചു. അവരുടെ കൈപിടിച്ച് അഹമ്മദാബാദിലെ ദർപ്പണയിലേക്കുപോയ ശശിധരന് പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രാജ്യത്തിന് അകത്തും പുറത്തുമുള്ള എണ്ണമറ്റ വേദികളിൽ നൃത്തച്ചുവടുകൾ വച്ച ശശിധരൻ തന്നെ താനാക്കിയ നാടിനെ തള്ളിക്കളയാൻ ഒരുക്കമായിരുന്നില്ല. ഈയിടെ വിടപറഞ്ഞ പാലക്കാട് തിരുവേഗപ്പുറ സ്വദേശി കോട്ടയ്‌ക്കൽ ചന്ദ്രശേഖരവാരിയരും തൂത സ്വദേശി കോട്ടയ്‌ക്കൽ ശംഭു എമ്പ്രാന്തിരിയും ഏതാണ്ട് ഒരേസമയത്താണ് നാട്യസംഘത്തിൽ വിദ്യാർഥികളായി എത്തുന്നത്.

കലാമണ്ഡലം ഗോപി – കോട്ടയ്‌ക്കൽ ശിവരാമൻ കൂട്ടുകെട്ടിനെ അനുസ്‌മരിപ്പിക്കുന്ന താരജോഡികളായി വളർന്നതു പെട്ടെന്നാണ്. കോട്ടയ്‌ക്കലിൽതന്നെ സ്‌ഥലം വാങ്ങി തൊട്ടടുത്തായി വീടുകൾവച്ച ഇവർ മരണത്തിലും ഒന്നിച്ചു. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇവർ ജീവിതവേഷം അഴിച്ചുവച്ചത്. ചന്ദ്രശേഖരവാരിയരുടെ മരണവാർത്തയറിഞ്ഞ് മോഹാലസ്യപ്പെട്ടുവീണ ശംഭു ആശാൻ പിന്നീട് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നില്ല. സംസ്‌കരിച്ചതും അടുത്തടുത്താണ്. 

കോട്ടയ്ക്കലിനെ കൊണ്ടുപോയവർ

ഓട്ടൻതുള്ളലിന്റെ പിൻബലവുമായി പാലക്കാട് ഷൊർണൂരിൽനിന്ന് എത്തിയതാണ് കോട്ടയ്‌ക്കൽ നന്ദകുമാരൻനായർ. കൂടുതൽ പഠനത്തിനായി നാട്യസംഘം വിട്ടുപോകുമ്പോൾ ‘കോട്ടയ്‌ക്കലി’നെ കൂടെ കൊണ്ടുപോയി. വാഴേങ്കടയുടെ കലാമഹത്വവുമായാണ് യുവതലമുറയിലെ ശ്രദ്ധേയനായ നടൻ കോട്ടയ്‌ക്കൽ ദേവദാസ് വേഷവിദ്യാർഥിയായി എത്തുന്നത്. ഉദിച്ചുയരുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച കോട്ടയ്‌ക്കൽ മുരളി വെള്ളിനേഴിക്കാരനാണ്. കോട്ടയ്‌ക്കൽ കുട്ടികൃഷ്‌ണൻനായർ (ശ്രീകൃഷ്‌ണപുരം), കോട്ടയ്‌ക്കൽ കേശവൻ എമ്പ്രാന്തിരി (പാണ്ടിക്കാട്), കോട്ടയ്‌ക്കൽ കേശവൻ കുണ്ടലായർ, കോട്ടയ്‌ക്കൽ വാസുദേവൻ കുണ്ടലായർ (ഇരുവരും കാഞ്ഞങ്ങാട്), കോട്ടയ്‌ക്കൽ ഹരിദാസൻ (പന്തല്ലൂർ), കോട്ടയ്‌ക്കൽ സുധീർ (തിരുവേഗപ്പുറ), കോട്ടയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ (കൂറ്റനാട്), കോട്ടയ്‌ക്കൽ സി.എം.ഉണ്ണികൃഷ്‌ണൻ (കാഞ്ഞങ്ങാട്), കോട്ടയ്‌ക്കൽ എം.എൻ. മുരളി (കൂറ്റനാട്), കോട്ടയ്‌ക്കൽ ഹരികുമാർ (കല്ലേക്കുളങ്ങര), കോട്ടയ്‌ക്കൽ കൃഷ്‌ണദാസ് (മാങ്ങോട്), കോട്ടയ്‌ക്കൽ രാജുമോഹൻ (പയ്യന്നൂർ), കോട്ടയ്‌ക്കൽ പ്രദീപ് (പുഞ്ചപ്പാടം), കോട്ടയ്‌ക്കൽ മനോജ് (കല്ലേക്കുളങ്ങര), കോട്ടയ്‌ക്കൽ സുനിൽ (അടയ്‌ക്കാപുത്തൂർ), കോട്ടയ്‌ക്കൽ ഹരീശ്വരൻ (പുലാപ്പറ്റ) തുടങ്ങി ഒട്ടേറെ നടൻമാർ കോട്ടയ്ക്കലിന്റെ വിവിധതലമുറകളിൽ വളർന്നുവന്നു. 

മേളത്തിൽ കോട്ടകാത്തവർ

കോഴിക്കോട് നിന്നാണ് കോട്ടയ്‌ക്കൽ കുട്ടൻമാരാർ ചെണ്ട അഭ്യസിക്കാനായി കോട്ടയ്‌ക്കലിൽ എത്തുന്നത്. തൃത്താല കേശവൻ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ തുടങ്ങിയ അസുരവാദ്യകലയിലെ തലതൊട്ടപ്പൻമാർ പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യരായി. കോട്ടയ്‌ക്കൽ കൃഷ്‌ണൻകുട്ടി (മാങ്ങോട്), കോട്ടയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ (ബാലുശേരി), കോട്ടയ്‌ക്കൽ കുഞ്ഞിരാമൻ (പയ്യന്നൂർ), കോട്ടയ്‌ക്കൽ പ്രസാദ് (പല്ലശ്ശന), കോട്ടയ്‌ക്കൽ വിജയരാഘവൻ, മനീഷ് രാമനാഥൻ (ഇരുവരും പൂക്കാട്ടിരി), തുടങ്ങിയവർ ചെണ്ടവിദ്യാർഥികളായും അധ്യാപകരായുമെല്ലാം നാട്യസംഘത്തിൽ പ്രവർത്തിച്ചു. പാലൂർ അച്യുതൻനായരാണ് മദ്ദളവിഭാഗത്തിൽ ആദ്യമെത്തിത്. എന്നാൽ, കോട്ടയ്‌ക്കലിനെ തന്റെ പേരിനൊപ്പം ചേർക്കാൻ അദ്ദേഹം തയാറായില്ല. കോട്ടയ്‌ക്കൽ ശങ്കരനാരായണമേനോൻ (ചുനങ്ങാട്), കോട്ടയ്‌ക്കൽ രവി (കൊളത്തൂർ), കോട്ടയ്‌ക്കൽ രാധാകൃഷ്‌ണൻ (ശ്രീകൃഷ്‌ണപുരം), കോട്ടയ്‌ക്കൽ പ്രതീഷ് (പാലൂർ), കോട്ടയ്‌ക്കൽ ഹരി (കുറവിലങ്ങാട്) തുടങ്ങിയ കലാകാരൻമാരും മദ്ദളസേവ നടത്തി.

സംഗീതസാന്ദ്രം സ്ഥലനാമം

ഒട്ടേറെ സിനിമകളിലും കസെറ്റുകളിലും പാടിയ പുതുതലമുറയിലെ ഏറെ ശ്രദ്ധേയനായ കഥകളി സംഗീതജ്‌ഞൻ കോട്ടയ്‌ക്കൽ മധു കോങ്ങാടുനിന്നാണ് കോട്ടയ്‌ക്കലിൽ എത്തുന്നത്. കലാമണ്ഡലം ഹൈദരലി, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹരിദാസ് തുടങ്ങിയ പ്രമുഖർക്കൊപ്പം വേദി പങ്കിട്ടുണ്ട്. കോട്ടയ്‌ക്കൽ വാസു നെടുങ്ങാടി (കരിമ്പുഴ), കോട്ടയ്‌ക്കൽ പരമേശ്വരൻ നമ്പൂതിരി, കോട്ടയ്‌ക്കൽ പിഡി നമ്പൂതിരി (ഇരുവരും കുറവിലങ്ങാട്), കോട്ടയ്‌ക്കൽ വിനീഷ് (കുരുവമ്പലം), കോട്ടയ്‌ക്കൽ ജയൻ (പീച്ചി) തുടങ്ങിയ കലാകാരൻമാർ പലപ്പോഴായി സംഗീതവിഭാഗം കൈകാര്യം ചെയ്‌തു. കോട്ടയ്‌ക്കൽ വിഷ്‌ണു (പാങ്ങ്), കോട്ടയ്‌ക്കൽ ബാലകൃഷ്‌ണൻ (പയ്യന്നൂർ), കോട്ടയ്‌ക്കൽ സതീശൻ (വെള്ളിനേഴി), കോട്ടയ്‌ക്കൽ രവികുമാർ (ഷൊർണൂർ), കോട്ടയ്‌ക്കൽ രാമചന്ദ്രൻ (വെള്ളിനേഴി) എന്നിവർ ചുട്ടി (മേക്കപ്പ്) വിഭാഗത്തിന്റെ സമർഥരായ അമരക്കാരായി.

തദ്ദേശീയർ വാഴാത്ത നാട്യസംഘം

അന്യനാട്ടുകാർ ഈ ദേശപ്പെരുമ ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുമ്പോഴും കോട്ടയ്ക്കൽ സ്വദേശികൾ ആർക്കും തന്നെ ആ പെരുമയുടെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ചില്ല. ഇന്നാട്ടുകാർ ഇവിടേക്കുവന്നില്ല എന്നു പറയുന്നത് പൂർണമായി ശരിയല്ല. ഒന്നോ, രണ്ടോ പേർ ഭാഗ്യാന്വേഷികളായി എത്തിയെങ്കിലും വന്നവേഗത്തിൽതന്നെ തിരികെ പോവുകയും ചെയ്‌തു, പഠനകാലയളവുപോലും പൂർത്തീകരിക്കാതെ. 

നാട്യസംഘത്തിലെത്തി ഈ നാടിന്റെ ഭാഗമായിത്തീർന്ന കലാകാരൻമാരിൽ ഭൂരിഭാഗം പേരും വീടു വച്ചത് കോട്ടയ്‌ക്കലിൽതന്നെയാണ്. ജോലിയിൽനിന്നു വിരമിച്ചശേഷവും സ്വദേശത്തേക്കു പോകാൻ അവർ ഒരുക്കമായിരുന്നില്ല. 

വാഴേങ്കട കുഞ്ചുനായർ, കോട്ടയ്‌ക്കൽ കൃഷ്‌ണൻകുട്ടിനായർ, കോട്ടയ്‌ക്കൽ ചന്ദ്രശേഖരവാരിയർ, കോട്ടയ്‌ക്കൽ കേശവൻ കുണ്ടലായർ എന്നിവരാണ് നേരത്തേ പ്രധാന ആശാന്റെ പദവിയിലിരുന്നവർ. നിലവിൽ കോട്ടയ്‌ക്കൽ നാരായണനാണ് പ്രിൻസിപ്പൽ. 

ആര്യവൈദ്യശാലാ ഡപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ.അകവൂർ സന്തോഷാണ് സെക്രട്ടറി. ധർമാശുപത്രി സൂപ്രണ്ട് ഡോ.പി.ബാലചന്ദ്രൻ, പ്രസിദ്ധീകരണ വിഭാഗം തലവൻ ഡോ.കെ.ജി. പൗലോസ്, ഗുണനിലവാര പരിശോധനാ വിഭാഗത്തിലെ ഡോ.ടി.എസ്.മാധവൻകുട്ടി തുടങ്ങിയവർ താങ്ങും തണലുമായി കൂടെ നിൽക്കുന്നു.

English Summary: Kottackkal PSV Natyasangham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com