ADVERTISEMENT

ആ ചെറുപ്പക്കാരൻ  തൂക്കിലേറ്റപ്പെട്ടു. അയാളെ പാർപ്പിച്ചിരുന്ന തടവുമുറി  അടുത്ത കുറ്റവാളിക്കായി ഒരുക്കുവാൻ വന്ന ജോലിക്കാരൻ ഇടുങ്ങിയ ആ മുറിയുടെ ഉത്തരത്തിൽ ഉണ്ടായിരുന്ന എട്ടുകാലിവല നീളൻ ചൂലുകൊണ്ട് തുടച്ചു മാറ്റി.എവിടേക്കും രക്ഷപ്പെടാൻ കഴിയാതിരുന്ന എട്ടുകാലിയെ ഭിത്തിയിൽ വച്ചുതന്നെ കൊന്നു. 

ജോലി കഴിഞ്ഞു തിരിച്ചെത്തിയ അയാൾ  പണി സാധനങ്ങൾക്കിടയിലേക്കു ചൂല് വലിച്ചെറിഞ്ഞു. അതുവഴി പോയ ഗൗളി ചൂലിൽ പറ്റി നിന്നിരുന്ന വലയിൽ നിന്ന് ഒരു കഥ വായിച്ചെടുത്തു. തടവറയിൽ താമസമാക്കിയിരുന്ന ചെറുപ്പക്കാരൻ തൂക്കിലേറ്റപ്പെടും മുൻപു പറഞ്ഞ കഥ വലയായി നെയ്തിരുന്നു എട്ടുകാലി.

എന്നാൽ വല മുറിഞ്ഞപ്പോൾ കഥയിൽ നിന്നു പല സന്ദർഭങ്ങളും നഷ്ടപ്പെട്ടു. ഗൗളി താൻ വായിച്ചെടുത്ത കഥ  സുഹൃത്തുക്കളോടു പങ്കുവെച്ചു. അവരതു മറ്റുള്ളവരോടും. 

അങ്ങനെ കൈമാറി വന്ന കഥയൊരിക്കൽ ഒരു കാക്ക കേൾക്കുവാൻ ഇടയായി. കാക്ക തന്റെ ഇണയോടു സ്വതേ ഉറക്കെയുള്ള ശബ്ദത്തിൽ ഈ കഥ പറഞ്ഞു. ഇതു കേട്ട ഒരു മനുഷ്യൻ അയാളുടെ ഭാഷയിലേക്കതു വിവർത്തനം ചെയ്തു. വ്യാസന്റെ വാമൊഴി പകർത്തിയ വിഘ്നേശ്വരനോളം വേഗതയില്ലാത്തതിനാൽ കഥയിൽ നിന്നുള്ള പല ഉപകഥകളും പ്രയോഗങ്ങളും പരിഭാഷയിൽ തൂർന്നു പോയി.

അപൂർണമായതിനാലും രാഷ്ട്രീയ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാലും അയാളത് മറ്റാരെയും കാണിക്കാതെ സൂക്ഷിച്ചുവച്ചു. ഒരു ദിവസം അയാളുടെ മുറി പരിശോധിച്ച അധികൃതർ ഈ കയ്യെഴുത്തു പ്രതി കണ്ടെടുത്തു. അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു. തൂക്കിലേറ്റപ്പെടുന്നതിന്റെ തലേന്നു രാത്രിയിൽ അയാൾ പറഞ്ഞ കഥ ഒരു എട്ടുകാലി നെയ്തെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com