സ്വാതന്ത്ര്യത്തിന്റെ ചില്ലയിൽ

sunday-kadha
വര: റിങ്കു തിയോഫിൻ
SHARE

അയാൾ ഒരു വയസ്സുള്ള മോളെ കൈയിലെടുത്തു മുറ്റത്തേക്കിറങ്ങി. പുലരിമഞ്ഞിന്റെ കുളിരിൽ, മങ്ങിയ വെളിച്ചത്തിൽനിന്നു മുറ്റം തെളിഞ്ഞുവരുന്നേയുള്ളൂ. ഇലകളിലും പൂക്കളിലും പുൽപടർപ്പുകളിലുമൊക്കെ മഞ്ഞുകണങ്ങൾ മുഖക്കുരു പോലെ തുടുത്തുനിന്നു.

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് അയാൾക്കു മോളുണ്ടായത്. ഒരു കുഞ്ഞുണ്ടാവാൻ അയാളും ഭാര്യയും കയറിയിറങ്ങാത്ത ആതുരാലയങ്ങളില്ല. ജീവിതം മടുത്തതുപോലെയായിരുന്നു ഭാര്യ. നിരാശ അവളെ അത്രമേൽ ബാധിച്ചിരുന്നു. പിന്നെ വീട്ടുമുറ്റത്തു പൂന്തോട്ടമൊരുക്കി അവൾ സങ്കടങ്ങളെ മറികടന്നു. ചെടികൾ തളിർത്തു പൂക്കൾ വിരിയുമ്പോഴേക്കും അവൾ ഗർഭിണിയായി. അയാൾ മുറ്റത്തെ പൂക്കളെയും കിളികളെയും ശ്രദ്ധിക്കാൻ തുടങ്ങി. മോൾ ഒരു ശലഭംപോലെ മുറ്റമാകെ പറന്നു നടക്കുന്നത്, അയാൾ സ്വപ്നം കണ്ടേയിരുന്നു.

മോൾ പിറന്നപ്പോൾ അയാൾ ഇടയ്ക്കിടെ മുറ്റത്തിറങ്ങി, വിരി‍ഞ്ഞുനിൽക്കുന്ന പൂക്കളെയും തേൻ നുകരാൻ വന്ന ശലഭങ്ങളെയും ചിലയ്ക്കുന്ന കിളികളെയും അവൾക്കു കാണിച്ചുകൊടുത്തു. അവൾ പാൽപല്ലുകൾ കാട്ടി, കുഞ്ഞു കണ്ണുകൾ വിടർത്തി ചിരിച്ചുകൊണ്ടിരുന്നു.

ശലഭങ്ങൾ ചുംബിച്ച ഒരു പനിനീർ പൂവിതളിൽ അയാൾ മെല്ലെ മോളുടെ കവിൾ ചേർത്തു. അവളാകട്ടെ, പൂവിതളിലെ മഞ്ഞിൻകണം ഇളംചുണ്ടിൽ മുത്തിയെടുത്തു. പിന്നെ അവൾ അയാളെ നോക്കി കണ്ണിറുക്കി ചിരിച്ചു.

എവിടെനിന്നോ പറന്നുവന്ന, പനിനീർപ്പൂവിൽ തൊട്ടുനിന്ന ഇളംപച്ചച്ചിറകുള്ള ഒരു ശലഭത്തെ കൗതുകത്തോടെ അവൾ തൊടാൻ ആയുമ്പോഴേക്കും അതു ദൂരേക്കു പറന്നകന്നു. പറന്നുപോകുന്ന ശലഭത്തെ അവൾ മുഖംകോട്ടി നോക്കിനിന്നു.

അപ്പോഴാണ് തേന്മാവിൻകൊമ്പിലെ താഴെച്ചില്ലയിൽ ഒരു കിളിയിരിക്കുന്നത് അയാൾ കണ്ടത്. അടുത്തെത്തുമ്പോഴേക്കും കിളി പറന്നുപോയേക്കുമെന്ന് അയാൾ വിചാരിച്ചു. പക്ഷേ, കിളി ഒന്നനങ്ങുകപോലും ചെയ്തില്ല. തവിട്ടും നീലയും കലർന്ന ചിറകുകൾ നിന്നനിൽപിൽ രണ്ടുവട്ടം വീശി കിളി മരക്കൊമ്പിൽ തന്നെയിരുന്നു.

മോൾ കിളിയെത്തന്നെ നോക്കി. കുഞ്ഞുവിരലുകൾ നീട്ടി ഇളംവെള്ള തൂവലുകൾ നിറഞ്ഞ കിളിയുടെ അടിവയറ്റിലെ പതപ്പിൽ തൊട്ടു. കിളിയുടെ ചിറകുകളിൽ മഞ്ഞിന്റെ നനവുണ്ടായിരുന്നു. മോൾ അതു വിരലുകളിൽ തൊട്ടു വായിലാക്കി ഈമ്പാൻ തുടങ്ങി. 

കിളിയുടെ കണ്ണുകളിൽ വിഷാദം കത്തുംപോലെ അയാൾക്കു തോന്നി. അപ്പോഴാണ് അയാൾ കണ്ടത്. കിളിയുടെ കാലുകൾ മാവിൻകൊമ്പിൽ പശ തേച്ചപോലെ പറ്റിപ്പിടിച്ചിരുന്നു. ആരോ ചവച്ചുതുപ്പിയ ച്യൂയിങ് ഗം കിളിയുടെ കാലുകളിൽ ചിലന്തിവല പോലെ ഒട്ടിപ്പിടിച്ചിരുന്നു. അയാൾ മെല്ലെ കിളിയുടെ കാലുകളിൽ നിന്നു ച്യൂയിങ് ഗം വേർപെടുത്തി. സ്വതന്ത്രമായപ്പോൾ കിളി ഒന്നുയർന്ന് ചിറകുകൾ വീശി അടുത്ത ചില്ലയിലിരുന്നു.

പിന്നെ അയാളെയും മോളെയും നോക്കി തലചെരിച്ചു ചിറകുകളുയർത്തി, ചിലച്ചുകൊണ്ടിരുന്നു.മോളും അവളുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.മുറ്റമാകെ പലതരം ശലഭങ്ങളും കിളികളും തേൻനുകരാൻ വന്നുകൊണ്ടിരുന്നു.ഭാര്യ വന്നു നോക്കുമ്പോൾ അയാളും മോളും മുറ്റത്ത് ശലഭങ്ങളെപ്പോലെ പറക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA