ADVERTISEMENT

കണ്ണിൽ ഇരുൾവീണ 15 വർഷങ്ങൾ. എങ്കിലും  മിഴി നനയാതെ,  മൊഴിയിടറാതെയാണ്  ആഖാശ് കുമാർ ആ ഓർമകളെ തൊട്ടെടുക്കുന്നത്.....

കണ്ണിലെ വിളക്കുകളെല്ലാം ഊതിയണച്ചിട്ടു വിധി ക്രൂരമായി ചിരിച്ച ആ ദിവസം....അന്നാണ് ആഖാശ് കുമാർ എന്ന ഈ അധ്യാപകൻ ഏറ്റവും നിസ്സഹായനായിപ്പോയത്. പക്ഷേ, വിധിയേ... നീയറിഞ്ഞോ; അന്നുതൊട്ട് ഇന്നുവരെ അദ്ദേഹത്തിനു ചുറ്റും തെളിഞ്ഞ നന്മയുടെ വെളിച്ചമെത്രയെന്ന്..

കണ്ണിൽ ഇരുൾ വീണ 15 വർഷങ്ങൾ. എങ്കിലും  മിഴി നനയാതെ, മൊഴിയിടറാതെയാണ്  ആഖാശ് കുമാർ ആ ഓർമകളെ തൊട്ടെടുക്കുന്നത്.    ലോകം നാലുചുവരിലേക്ക് ഒതുങ്ങിപ്പോയ ഈ നാളുകളിലും  കൊല്ലം നല്ലിലയിലെ കൈലാസ് ഭവൻ എന്ന വീട്ടിൽ  ഓൺലൈൻ ക്ലാസിന്റെ തിരക്കിലാണ് അദ്ദേഹം. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ തന്റെ വിദ്യാർഥികൾക്കായി  ഓഡിയോ, വിഡിയോ ക്ലാസുകൾ റിക്കോർഡ് ചെയ്യുന്നതിനിടെ  അദ്ദേഹം പറഞ്ഞു: ‘ഈ സങ്കേതങ്ങളൊക്കെ ഞാൻ മുൻപേ ഉപയോഗിക്കുന്നതാണ്...അതുകൊണ്ട് ഒരു പ്രയാസവുമില്ല....’

ആ ദിനം

വർഷം  2005. ആഖാശ് കുമാറിന്റെ  വിവാഹം കഴിഞ്ഞിട്ടു വെറും 38 ദിവസം.  അന്ന്,  ജനുവരി 5നു വൈകിട്ടു പതിവുപോലെ കോളജിൽനിന്നു സ്കൂട്ടറിൽ മടങ്ങുകയായിരുന്നു അദ്ദേഹം.  എതിരെ വന്ന ബസ് ഇടിച്ചു തെറിപ്പിച്ചതു മാത്രമേ ഓർമയുള്ളൂ. ആകമാനം പരുക്കുകളോടെ  ആശുപത്രിവാസം. മുഖം പലതായി ഒടിഞ്ഞുനുറുങ്ങിയിരുന്നു. കണ്ണുകളിലെ റെറ്റിനയിൽനിന്നു തലച്ചോറിലേക്കു ദൃശ്യസന്ദേശം കൈമാറുന്ന ഒപ്റ്റിക് നെർവിനും ക്ഷതമേറ്റു. കാഴ്ച അന്യമാകുകയാണ്. ആ നടുക്കം വലുതായിരുന്നു. കണ്ണിലിത്തിരി വെളിച്ചം തേടി അലയാത്ത ആശുപത്രികളില്ല. ഒടുവിൽ ചെന്നൈയിലെ ആശുപത്രിയിലെ ചികിത്സ. പക്ഷേ, ഡോക്ടർമാർ പറഞ്ഞു; പ്ലീസ്, അക്സെപ്റ്റ് ഇറ്റ്. 

ഇന്ന്, കോളജിൽ ഇങ്ങനെ

കൊട്ടിയത്തെ പോളിടെക്നിക്കിൽ ആഖാശ് കുമാർ (44) ഇന്നിങ്ങനെയാണ്. കാഴ്ചയില്ലാതിരുന്നിട്ടും മുഖത്തു നോക്കി സംസാരിക്കുന്ന, പഠിപ്പിക്കുന്ന അധ്യാപകൻ.  പ്ലാറ്റ്ഫോമിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും ഒരു ചുവടുപോലും ഇടറുന്നില്ല.  ബോർഡിൽ എഴുതുകയും എൻജിനീയറിങ് ഗ്രാഫിക്സ് വരയ്ക്കുകയും ചെയ്യുന്നു.

ലാപ്ടോപ്പിന്റെയും പ്രൊജക്ടറിന്റെയും സഹായത്തോടെ ക്ലാസെടുക്കുന്നു.  പടികളിറങ്ങി അടുത്ത ക്ലാസിലേക്കു വൈറ്റ് കെയ്നിന്റെ സഹായമില്ലാതെ പോകുന്നു. ശബ്ദം കേട്ടാൽ കുട്ടികളുടെ പേരറിയാം.  ഈയടുത്ത കാലത്താണ് അദ്ദേഹം എംടെക്  പൂർത്തിയാക്കിയതും.  തങ്ങളുടെ അധ്യാപകന് എന്തെങ്കിലും കുറവുണ്ടെന്ന തോന്നൽ വിദ്യാർഥികൾക്കുമില്ല.   അതിന് ആഖാശ് കുമാർ ഇങ്ങനെ പറഞ്ഞു:  അവർക്കു സംശയമുണ്ടെന്നേ...എനിക്കു കുറച്ചൊക്കെ കാഴ്ചയുണ്ടോയെന്ന്!

സീന, ഇരുളിലെ വെളിച്ചം

പലരും ചോദിച്ചു, ‘ഇനിയെന്ത്?’.  സീന പക്ഷേ ഭർത്താവിന്റെ കൈവിട്ടില്ല. പ്രതീക്ഷകൾ അണഞ്ഞ നാളുകളിലും ഒപ്പം നിന്നു.   ‘കാഴ്ച കിട്ടില്ലെന്നുറപ്പിച്ച നാളുകളിൽ സീനയ്ക്കൊപ്പം ചെന്നൈ നഗരത്തിലൂടെ വെറുതേ നടക്കുമായിരുന്നു. അന്നാണ് എനിക്കു മനസ്സിലായത്, ഇവൾ ഒപ്പമുണ്ടെങ്കിൽ എനിക്ക് ഇനിയും ജീവിക്കാമെന്ന്’– ആഖാശ് പറയുന്നു.

ഭർത്താവിനൊപ്പം നിൽക്കാൻ സീന സ്കൂളിലെ ടീച്ചർ ജോലി ഉപേക്ഷിച്ചു. ആശുപത്രികളിലേക്കുള്ള യാത്രകൾക്കായി കാറോടിക്കാൻ പഠിച്ചു.  ആഖാശിന്റെ  മാതാപിതാക്കൾ സോമരാജനും ജയസൂര്യയും നൽകിയ പിന്തുണയും വലുതായിരുന്നു.  മകളുടെ ഭാവിയെന്ത് എന്ന് ആശങ്കപ്പെട്ടവരോട്  അതിനെന്ത്? എന്നു തിരിച്ചുചോദിക്കാൻ സീനയുടെ അച്ഛൻ ശിവദാസനും ധൈര്യം കാണിച്ചു.  പിന്നീട്, സീന പഠനം തുടർന്നു; ഇപ്പോൾ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിൽ അസി.പ്രഫസർ.  മക്കൾ, ഒൻപതാം ക്ലാസുകാരൻ സൂര്യനാരായണനും മൂന്നാം ക്ലാസുകാരൻ ശിവദേവും അടങ്ങുന്ന കുടുംബമാണ് ഇന്ന് ആഖാശിന്റെ നിറവെളിച്ചം. 

ഒപ്പം നടക്കുന്നവർ

കാഴ്ചകൾ മരിച്ചുപോയ വർഷം  തന്നെ കോളജിൽ ജോലിക്കു കയറാൻ കൂടെ നിന്നത് സുഹൃത്തുക്കളാണ്, ഇന്നും അതെ. കോളജിൽ ക്ലാസുള്ളപ്പോൾ ആഖാശിനെ കൂട്ടിക്കൊണ്ടുപോകാൻ സജി, ബിജു എന്നീ സുഹൃത്തുക്കളുടെ സഹായമുണ്ട്.  അന്നത്തെ ഡിപ്പാർട്മെന്റ് തലവൻ ദേവകുമാർ ആഖാശിനൊപ്പം ക്ലാസിലെത്തുമായിരുന്നു. ബോർഡിൽ ഗ്രാഫിക്സ് വരയ്ക്കുന്നതെല്ലാം അദ്ദേഹം തന്നെ. ജൂനിയർ അധ്യാപകനെ സഹായിക്കുന്ന മുതിർന്ന അധ്യാപകൻ എല്ലാവർക്കും അദ്ഭുതമായിരുന്നു. പിന്നീട്, ആഖാശ് തനിയെ വരച്ചുതുടങ്ങുന്നതുവരെ ഈ സഹായം തുടർന്നു.

ബലമേകിയവർ

കൊല്ലത്തുനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് വരെ ആഖാശിനെ കാണാൻ സൈക്കിൾ ചവിട്ടിയെത്തിയ ഒരു വിദ്യാർഥിയുണ്ട്; അജയഘോഷ്. ‘സാറിനെ കാണണമെന്നു തോന്നി, കയ്യിൽ പൈസയില്ലായിരുന്നു. സൈക്കിളിലിങ്ങു പോരുന്നു’ എന്ന അവന്റെ വാക്കുകൾ ഇന്നും ഓർക്കുന്നുണ്ട് സീന. ആഖാശ് വീട്ടിൽ വിശ്രമത്തിലായിരുന്ന കാലം. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക, എങ്ങനെ പഠിപ്പിക്കും എന്ന സങ്കടം.. ഇതെല്ലാമുണ്ട് കൂടെ. ഒരുദിവസം കുറച്ചു കുട്ടികൾ ആഖാശിനെ കാണാനെത്തി. ‘സാർ പഠിപ്പിക്കുന്നില്ലെങ്കിൽ പരീക്ഷയെഴുതുന്നില്ല’– ഒരേ വാശിയാണ്.

നിർബന്ധത്തിനൊടുവിൽ, പഠിപ്പിക്കാമെന്നു വാക്കു നൽകി. ആഴ്ചയവസാനം  അവർ വീട്ടിലെത്തി. ആഖാശ് അവർക്കു നോട്സ് പറഞ്ഞുകൊടുക്കാൻ തുടങ്ങി. അതായിരുന്നു ജീവിതത്തിലെ പുതുവഴി. പഠിപ്പിക്കാൻ പഠിക്കുകയായിരുന്നു പിന്നീട്. അതിനായി സോഫ്റ്റ്‌വെയർ പ്രത്യേകമായി വാങ്ങി ഉപയോഗിച്ചു. ബെംഗളൂരുവിൽ പരിശീലനത്തിനു പോയി. 

 എംടെക് പഠിക്കണമെന്നു തീരുമാനിച്ചപ്പോൾ ഒപ്പം നിന്നതു പോളിടെക്നിക് അധികൃതരാണ്. വൈകിട്ടു ക്ലാസ് കഴിഞ്ഞായിരുന്നു തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലേക്കുള്ള യാത്ര. രാത്രി മടക്കം. അന്നും സുഹൃത്തുക്കളും അധ്യാപകരും തുണയായി. 

മുഖം തന്നവർ

ഇന്നും ആഖാശിനെത്തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെ അന്നത്തെ ഡോക്ടർമാരുടെ ആശംസാ കാർഡുകൾ എത്താറുണ്ട്. ‘ഒടിഞ്ഞുനുറുങ്ങിയ മുഖം കല്യാണ ആൽബത്തിലെ ഫോട്ടോ  നോക്കിയാണ് അവർ പഴയതുപോലെ ആക്കിയെടുത്തത്’– ആഖാശ് പറയുന്നു. മാക്സിലോ ഫേഷ്യൽ വിഭാഗത്തിലെ ഡോക്ടർമാരായിരുന്ന അജിത്, റീത്ത, ഓംപ്രകാശ് എന്നിവരെ സ്നേഹത്തോടെ ഓർക്കുന്നു, ഈ കുടുംബം. 

പ്രതിസന്ധികൾ കടന്നു എന്നല്ല, ഒരുപാടു നന്മകളുടെ കൈപിടിച്ചു നടന്നു എന്നു പറയാനാണ് ആഖാശിനിഷ്ടം. കംപ്യൂട്ടറിൽനിന്ന്  ആ ശബ്ദം കേൾക്കാം: സിൻക്രണസ് മെഷീൻസ് ആർ വെരി ഇംപോർട്ടന്റ്  ഇൻ ദ് ഫീൽഡ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ്...അതെ, വൈദ്യുതിക്ക് അനുപാതമായി കറങ്ങുന്ന മെഷീൻ പോലെ വിധിക്കനുസരിച്ചു പൊരുതിയ ഇച്ഛാശക്തിയുടെ ശബ്ദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com