ധന്യം, ഈ അമ്മജീവിതം

sreedhanya-amma
കമല, ശ്രീധന്യ സുരേഷ്.
SHARE

ശ്രീധന്യ സുരേഷിന്റെ അമ്മ കമലയ്ക്ക് പറയാനുള്ളത് ...

‘പൊന്നുവയ്ക്കേണ്ടിടത്തു പൂവു വച്ച് മക്കളെ വളര്‍ത്തുന്നവര്‍ എന്നൊരു ചൊല്ലുണ്ട് നാട്ടിന്‍പുറത്ത്. അക്ഷരാര്‍ഥത്തില്‍ അങ്ങനെ തന്നെയാണു ശ്രീധന്യയെ ഞാൻ വളര്‍ത്തിയത്. പല കുറവുകളുണ്ടായിട്ടും ഒന്നിനും ഒരിക്കലും അവൾ പരാതി പറഞ്ഞില്ലെന്നു മാത്രം. ഞങ്ങളുടെ കഷ്ടപ്പാടും പരിമിതികളുമൊക്കെ അവള്‍ക്കറിയാമായിരുന്നു.  ഞങ്ങളെക്കൊണ്ടാകുന്നതല്ലാതെ ഇതുവരെ ഒന്നും അവൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുമില്ല’ - കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിന്റെ അമ്മ കമല പറയുന്നു. 

‘‘ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മമാരില്‍ ഒരാൾ ഞാൻ തന്നെയാകും. കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്നതിലുള്ള ആനന്ദമാണിപ്പോള്‍. അവളുടെ സ്വപ്നം അവൾ നിറവേറ്റി. അതിനു ആവുന്നപോലെ പിന്തുണ നല്‍കി എന്നതേ ഞങ്ങൾ ചെയ്തിട്ടുള്ളൂ. 

തൊഴിലുറപ്പു പണിക്കു പോയാണു ശ്രീധന്യയുടെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തിയത്. മക്കള്‍ക്കു വേണ്ടി കഷ്ടപ്പെടുമ്പോഴൊക്കെയും എന്നെങ്കിലുമൊരിക്കല്‍ നല്ലകാലം വരുമെന്ന് ഉറപ്പുണ്ടായിരുന്നു. ഓരോ കോഴ്സ് കഴിയുമ്പോഴും ഇനിയും പഠിക്കണം അമ്മേ എന്നു മാത്രമായിരുന്നു അവൾക്കു പറയാനുണ്ടായിരുന്നത്. വീട്ടിൽ കഷ്ടപ്പാടായിട്ടും ഇഷ്ടമുള്ളത്രയും കാലം പഠിച്ചോളൂഎന്നല്ലാതെ പഠനം നിര്‍ത്തണമെന്ന് ഒരിക്കലും ഞങ്ങൾ പറഞ്ഞില്ല. വീട്ടിൽ കറന്റ് പോയാല്‍ മെഴുകുതിരിവെട്ടത്തിലോ വിളക്കു തെളിച്ചുവച്ചോ പഠിക്കണം. നല്ലൊരു പഠനമേശ പോലും അവള്‍ക്കുണ്ടാക്കിക്കൊടുക്കാന്‍ ആയിട്ടില്ല. എങ്കിലും നിരാശയില്ല. എല്ലാ പരിമിതികളെയും മറികടക്കാന്‍ അവള്‍ക്കായല്ലോ. 

മസൂറിയിലെ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ കോഴിക്കോട് ചാര്‍ജ് എടുക്കാനാകുമെന്നാണ് ശ്രീധന്യ പറയുന്നത്. നാട്ടിലെത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. അവൾ ചുമതലയേല്‍ക്കുന്ന ദിവസം കോഴിക്കോട്ടേക്കു പോകണമെന്നാണ് ആഗ്രഹം. മകൾ തിരിച്ചെത്തിയിട്ടുവേണം അതെല്ലാം എങ്ങനെയെന്നു തീരുമാനിക്കാന്‍’’.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA