മലയാള സിനിമയിൽ പകിട്ടു കുറഞ്ഞോ ഗാനരചയിതാക്കൾക്ക്?

song-writers
SHARE

മലയാള സിനിമാ ഗാനരചയിതാക്കൾക്കു പണ്ടുണ്ടായിരുന്ന പകിട്ട് ഇപ്പോഴുണ്ടോ? വയലാറും പി.ഭാസ്കരനും ഒഎൻവിയുമൊക്കെ തിളങ്ങിയ പാട്ടെഴുത്തുവാനത്തിലെ ഇന്നത്തെ താരങ്ങൾക്ക് അവരർഹിക്കുന്ന  പ്രാധാന്യം കിട്ടുന്നുണ്ടോ? ഗാനരചയിതാക്കളും സംഗീതസംവിധായകരും സിനിമാ സംവിധായകരും ഉൾപ്പെട്ട ഒരു പാട്ടുമേശസമ്മേളനം...
 

ലോകത്തെവിടെയായാലും പാട്ടിന്റെ രണ്ടുവരിക്കൂട്ടുണ്ടാകും മലയാളിയുടെ ചുണ്ടിലൊപ്പൊഴും. വയലാർ– ദേവരാജൻ, പി. ഭാസ്കരൻ– ബാബുരാജ്, ഒഎൻവി– സലിൽ ചൗധരി, ശ്രീകുമാരൻ തമ്പി– എം. കെ.അർജുനൻ, കൈതപ്രം– ജോൺസൺ... ഒരുകാലം മലയാള സിനിമാ ഗാനശാഖയുടെ വിലാസങ്ങൾ ഇങ്ങനെയായിരുന്നു. കാലം മാറിയപ്പോൾ ഇതിൽനിന്നു ഗാനരചയിതാവിന്റെ സ്ഥാനം പതുക്കെ പടിയിറങ്ങി. സിനിമാ പോസ്റ്ററുകളിലും സിനിമയുടെ അവതരണത്തിലുമെല്ലാം പ്രമുഖ സ്ഥാനത്തുണ്ടായിരുന്ന ഗാനരചന എന്ന ടൈറ്റിൽ പലപ്പോഴും പിന്നാമ്പുറത്തേക്കു തള്ളപ്പെട്ടു. സംഗീത സംവിധായകനും ഗായകനും ഗായികയും മേക്കപ്പ് സഹായിയും വരെ കഴിഞ്ഞായി അവരുടെ സ്ഥാനം. ഇഷ്ടഗാനങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്ന ആരാധകർ‌ പോലും രചയിതാക്കളെ മറന്നുപോകുന്നു. പോസ്റ്റ് ചെയ്യുന്ന പാട്ടുകളിൽ ഗാനരചന എന്ന അടിസ്ഥാന വിവരം ചേർക്കാൻ പോലും അവർ മറക്കുന്നു. 

ഒരുകാലത്തു നിർ‌മാതാക്കളും സംവിധായകരും പാട്ടിനെപ്പറ്റി സമൂലധാരണയുള്ളവരായിരുന്നു. പാട്ടിന്റെ അന്തരീക്ഷം ഇന്നതാണെന്നും ആരെഴുതണമെന്നും അവർക്കു ബോധ്യമുണ്ടായിരുന്നു. അവരാണ് പാട്ടിനെപ്പറ്റി രചയിതാവിനു പറഞ്ഞുകൊടുത്തിരുന്നത്. ആ കാലമൊക്കെ സുഖമുള്ളൊരോർമയായി. അത്തരമൊരു കാഴ്ച ഇന്നു വിരളമായി. 

ശ്രീകുമാരൻ തമ്പി

ഗാനരചയിതാക്കളോടു  കടുത്ത അനീതിയാണെന്ന് എത്രയോ കാലമായി പറയുന്നു. വലയാറിന്റെയും പി. ഭാസ്കരന്റെയും കാലത്തു വന്ന എന്റെ പേര് പുതുമുഖമായിട്ടും പോസ്റ്ററിൽ മാന്യമായി വരുമായിരുന്നു. ഇന്നു ഗാനരചയിതാവിന്റെ പേര് മഷിയിട്ടുനോക്കണം. ഒരു ഗാനത്തിന്റെ മികവിൽ 60 ശതമാനം കവിതയും 40 ശതമാനം ഈണവുമാണെന്നാണ് എം.എസ്. വിശ്വനാഥൻ, ദക്ഷിണാമൂർത്തി, ജി. ദേവരാജൻ,  എം.കെ. അർജുനൻ തുടങ്ങി ജ്ഞാനമുള്ളവർ പറഞ്ഞിട്ടുള്ളത്. ഭാഷയും സംഗീതവും അറിയാത്തവർ സംഗീത സംവിധായകരായതോടെയാണ് അപചയം തുടങ്ങിയത്. വാക്കുകൾ തരൂ, ട്യൂണിട്ടു ഞാൻ പാട്ടു ഹിറ്റാക്കാം എന്നൊക്കെപ്പറയുന്നവർ വന്നതോടെ നല്ല വരികൾക്കു പ്രസക്തിയില്ലാതായി. ഭാഷയുടെ മൂല്യവും അർഥവും അറിയാത്ത, ഇംഗ്ലിഷ് മീഡിയത്തിൽ പഠിച്ച ഇത്തരം സംവിധായകരാണ് മലയാളത്തിന്റെ സംസ്കാരം നഷ്ടപ്പെടുത്തിയത്. സംഗീതം ആത്മാവിൽനിന്നാണ് ഉണ്ടാകുന്നതെന്ന് ‘ഷോമാന്മാരായ’ ഇവർക്കറിയില്ല. 

യൂസ് ആൻഡ് ത്രോ സംസ്കാരമാണ് ഇന്നു പാട്ടുകൾക്കും. ആരാണ് ഒരു സിനിമയ്ക്കപ്പുറം ഈ പാട്ടുകൾ ഓർത്തിരിക്കുന്നത്. ഈ നില മാറണമെങ്കിൽ നിർമാതാക്കളും സംവിധായകരും ഉണരണം. പാട്ടിൽപോലുമുള്ള താരങ്ങളുടെ അനാവശ്യ ഇടപെടലിൽനിന്നു സിനിമയെ മോചിപ്പിക്കണം.  ഗാനരചനയിൽ കോംപ്രമൈസിനു പരിധിയുണ്ടെന്ന് എഴുത്തുകാരും തിരിച്ചറിയണം. എല്ലാം റെഡിയായി, വന്നു ഫിൽ ചെയ്യ്... എന്നു പറഞ്ഞാൽ കൊണ്ടുപോയിക്കൊടുക്കാനുള്ളതല്ല വരികൾ.  

കൈതപ്രം ദാമോദരൻ നമ്പൂതിരി

ഗാനത്തെ ഗാനമാക്കുന്നത് അതിന്റെ സാഹിത്യമാണ്. ആദ്യം എഴുതുന്നതോ  സംഗീതത്തിനനുസരിച്ച് എഴുതുന്നതോ പ്രതിഭയുള്ള ഒരാൾക്കു പ്രതിസന്ധിയല്ല. എഴുത്തും സംഗീതവും കൈകാര്യം ചെയ്തിട്ടുള്ളതിനാൽ എനിക്കിതു പറയാനാകും. പുതിയ എഴുത്തുകാരുടെ ഭാഗത്തും തെറ്റുണ്ട്. ഒരേ ട്യൂണിൽതന്നെ രണ്ടും മൂന്നും രീതിയിൽ വരികൾ എഴുതിക്കൊടുക്കുന്നവരുണ്ട്.

അത് ഒരു വരിയോടും നീതി പുലർത്താതിരിക്കലാണ്. ഏറ്റവും മികച്ചതാകണം കൊടുക്കേണ്ടത്. പ്രയത്നം കൊണ്ടും കാവ്യഭംഗിയുള്ള എഴുത്തുകൊണ്ടും രചയിതാവു തന്നെ തിരിച്ചുപിടിക്കണം തങ്ങളുടെ വില. 

അൻവർ അലി

30 ലക്ഷം പോരൊക്കെ കണ്ടു ഹിറ്റായി യൂ ട്യൂബിൽ തകർത്തുകൊണ്ടിരിക്കുന്ന പാട്ടിൽ പോലും രചനയുടെ ക്രെഡിറ്റ് വയ്ക്കാത്ത അനുഭവം എനിക്കുണ്ട്. ഗാനരചയിതാവിനോടുള്ള വിവേചനം സാമാന്യനീതിയല്ല. യൂട്യൂബ് റിലീസുകളിലൊന്നും പലപ്പോഴും എഴുത്തുകാരന്റെ പേര് ഉണ്ടാകാറില്ല. ഒരു ഗാനത്തെ സംബന്ധിച്ച് രചയിതാവ് ഒഴികെ എല്ലാവർക്കും ജനപ്രീതിയുള്ള അവസ്ഥയാണിപ്പോൾ. പ്രതിഫലക്കാര്യത്തിലുമുണ്ട് ഈ അവഗണന. പ്രത്യേകിച്ചും ചെറുപ്പക്കാരുടെ കാര്യത്തിൽ. ഇത്ര ലക്ഷം രൂപയ്ക്ക് പാട്ടുകളൊട്ടാകെ കംപോസർക്കു ക്വട്ടേഷൻ കൊടുക്കുന്ന രീതിയൊക്കെ ശരിയായ പ്രവണതയല്ല. 

എന്റെ പേര് കാണാവുന്നവിധം പോസ്റ്ററിലും സിനിമയിലും വയ്ക്കണമെന്നു ഞാൻ കൃത്യമായി പറയാറുണ്ട്. സ്ഥലമില്ലെങ്കിൽ ഉണ്ടാക്കി വയ്ക്കണം. സിനിമയെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ടയാളാണ് ഗാനരചയിതാവ്. 

ഹരിനാരായണൻ

ഗാനരചയിതാക്കളോടുള്ള അവഗണന പ്രകടമായുണ്ട്. പാട്ടിനെക്കുറിച്ചു പറയുന്നിടത്ത്, സമൂഹമാധ്യമങ്ങളിൽ പാട്ട് പോസ്റ്റ് ചെയ്യുന്നിടത്ത്, പാട്ടുകളുടെ കവർ സോങ് ചെയ്യുന്നിടത്തൊക്കെ ക്രെഡിറ്റ് പറയുമ്പോൾ രചയിതാക്കളുടെ പേരുകൾ കാണാറേയില്ല.

സംഗീത സംവിധായകന്റെയും ഗായകരുടെയും ചിലപ്പോൾ അഭിനേതാക്കളുടെയും പേരുള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനു കിട്ടിയ 99 ശതമാനം പ്രതികരണവും എന്നെ അനുകൂലിക്കുന്ന തരത്തിലുള്ളതായിരുന്നു. എഫ്എം ചാനലുകൾ അടക്കം പാട്ടുകൾ അവതരിപ്പിക്കുമ്പോൾ രചയിതാക്കൾക്കു ക്രെഡിറ്റ് കൊടുക്കുന്നതും കുറവാണ്. 

സന്തോഷ് വർമ

ഇപ്പോൾ ഗാനരചയിതാക്കളുടെ പേരുകൾ പോസ്റ്ററുകളിൽ പോലും ഇല്ലാതാകുന്ന അവസ്ഥയുണ്ട്. രചയിതാവ് പാട്ടിലൂടെ പറയുന്ന ആശയത്തിനു വിലയുണ്ട്. ആ ഇമേജാണ് ജനത്തിന്റെ മനസ്സിലെത്തുന്നത്. അതു ലളിതമാണെങ്കിൽ പെട്ടെന്ന് ഹിറ്റാകും, അനുഭൂതിദായകമാണെങ്കിൽ അവർ ഓർത്തിരിക്കും. 

സംവിധായകനു പാട്ടിനെപ്പറ്റിയും പാട്ടന്തരീക്ഷത്തെപ്പറ്റിയും കൃത്യമായ ധാരണയുണ്ടെങ്കിൽ രചയിതാവിന് എളുപ്പമാണ്. വല്ലാതെ പാശ്ചാത്യസംഗീത സ്വാധീനം കയറിവരുന്നത് വരികളുടെ ഭംഗി കളയുന്നുണ്ട്. ഗാനരചയിതാവിന്റെ പേര് അർഹമായ സ്ഥാനത്ത് സിനിമയുടെ തുടക്കത്തിൽതന്നെ വയ്ക്കണം. സംവിധായകൻ വിചാരിച്ചാൽ ഇതു സാധ്യമാക്കാവുന്നതേയുള്ളൂ.

വയലാർ ശരത്ചന്ദ്രവർമ

ഗാനത്തിൽ വാക്കിനെയും സംഗീതത്തെയും മാനിക്കണം. പണ്ടുള്ളവരുടെ രീതി അതായിരുന്നു. നിർമാതാക്കൾക്കും സംവിധായകർക്കും ഭാഷാബോധമുണ്ടായിരുന്നു. പിന്നീടു പ്രാധാന്യം സംഗീതത്തിനും ദൃശ്യത്തിനുമായി. പാട്ടിനെക്കുറിച്ച് ആലോചിക്കുമ്പോൾ പോലും സംവിധായകനും സംഗീത സംവിധായകനും മാത്രം ഇരിക്കുന്ന നിലയായി. രചയിതാവു തള്ളപ്പെട്ടു. അക്ഷരത്തോടു ബഹുമാനം കാണിക്കാത്തത് അറിവില്ലായ്മയാണ്. 

പുതിയൊരു പ്രവണത പറയാം. ഒരു സിറ്റുവേഷൻ നാലഞ്ചുപേർക്കു കൊടുത്ത് അവരെക്കൊണ്ട് എഴുതിക്കും. ഒടുവിൽ അതിലൊരെണ്ണം തിര‍ഞ്ഞെടുക്കും. ഭാഷയെ അപമാനിക്കലാണിത്. 

ഗാനരചയിതാവിനെ സമൂഹം തിരിച്ചറിയുന്നില്ല എന്നതു വാസ്തവമാണ്. ഞാനെഴുതിയ രണ്ടു പാട്ടുകൾ കേട്ട രണ്ടു സന്ദർഭങ്ങളിൽ രണ്ടു പരിചയക്കാർ ചോദിച്ചിട്ടുണ്ട്, ചേട്ടന് ഇതുപോലത്തെ പാട്ടുകളെഴുതിക്കൂടേ എന്ന്. എന്തു പറയാൻ?

റഫീക്ക്  അഹമ്മദ് 

ഗാനത്തിൽ രചനയ്ക്കും സംഗീതത്തിനും തുല്യപ്രാധാന്യമാണ്. പാശ്ചാത്യ അനുകരണങ്ങൾ കൂടിയതോടെ സംഗീതത്തിനായി പ്രാധാന്യം. വരികളുടെ രചനാഭംഗിയും സാഹിത്യഗുണവും തന്നെയാണ് ഏറ്റവും പ്രധാനം. അക്ഷരത്തിന്, എഴുത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നത് എഴുത്തുകാരന്റെ ആവശ്യമല്ല, നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണത്. സാഹിത്യത്തെ എങ്ങനെ കാണുന്നു എന്നതിന്റെ അടയാളം.  

m-jayachandran-on-how-he-forms-songs-in-different-styles-_-manorama-online-xhv7kamiuzc
എം. ജയചന്ദ്രൻ

സിനിമയ്ക്കു പുറത്തും പാട്ടിനു ജീവിതമുണ്ട്. വിജയിക്കാത്ത സിനിമകളിലെ എത്രയോ പാട്ടുകൾ ജനം പാടിനടക്കുന്നു. പാട്ടുകൾ കേട്ടാണ് ആളുകൾ കവിതയിലേക്കെത്തുന്നത്. സമൂഹത്തിന്റെ സാഹിത്യാഭിരുചിയെ സ്വാധീനിക്കുന്നവയാണ് പാട്ടുകൾ. പാട്ടുകളുടെ നിലവാരം കുറ‍യുന്നതു സമൂഹത്തെയും ബാധിക്കും. ഗാനരചയിതാവിന് അർഹമായ സ്ഥാനം നൽകണമെന്നത് എത്രയോ കാലമായി പറയുന്നതാണ്. 

എം. ജയചന്ദ്രൻ

ഒരു ഗാനത്തിന്റെ സ്രഷ്ടാക്കൾ രചയിതാവും സംവിധായകനുമാണ്. തുല്യമായ സ്ഥാനമാണവർ അർഹിക്കുന്നത്. ഗാനരചയിതാവിന് അർഹമായ പ്രാധാന്യം കൊടുക്കുകതന്നെ വേണം. പലയിടത്തും അവരുടെ പേരുകൾ ശരിയായി പ്രതിപാദിച്ചു കാണാറില്ല. ഞാൻ സംഗീതം ചെയ്യുന്ന പാട്ടുകളുടെ കാര്യത്തിൽ ഇക്കാര്യത്തിൽ നിർബന്ധം പിടിക്കാറുണ്ട്. എന്നാലും സംവിധായകന്റെയും നിർമാതാക്കളുടെയും ഭാഗത്തുനിന്നുള്ള ശ്രമമുണ്ടായാലേ പൂർണമായ ഫലത്തിലെത്തൂ. പെർഫോം ചെയ്യുന്നവരാണ് പെട്ടെന്നു ശ്രദ്ധ നേടുന്നത്.

bijibal-still
ബിജിബാൽ

അതുകൊണ്ടുതന്നെ അഭിനേതാക്കളും ഗായകരും ശ്രദ്ധിക്കപ്പെടും. പക്ഷേ, എഴുത്തുകാർ യഥാർഥ സ്രഷ്ടാക്കളാണ്. ആകാശവാണി കേട്ടുകൊണ്ടിരുന്ന കാലമാണ് ഓർമ വരുന്നത്. അവിടെ ഓരോ പാട്ടിനുമൊപ്പം കൃത്യമായി ക്രെഡിറ്റ് കൊടുത്തിരുന്നു. ആ സംസ്കാരം തിരികെ വരണം. അപ്പോൾ മാറ്റമുണ്ടാകും. ഗാനരചയിതാക്കൾ അംഗീകരിക്കപ്പെടും. 

ബിജിബാൽ

ഒരു പാട്ടിന്റെ സ്രഷ്ടാക്കൾ രചയിതാവും സംഗീതസംവിധായകനുമാണ്. രണ്ടുപേർക്കും തുല്യപങ്കാണ്. ആരാധനയോടെയാണ് ഗാനരചയിതാക്കൾക്കൊപ്പം ജോലി ചെയ്യുന്നത്. പാട്ടുകാരുടെ പേര് പണ്ടുതൊട്ടേ നമുക്കു ശീലമാണ്. എ.ആർ. റഹ്മാനൊക്കെ വന്നതോടെ സംഗീത സംവിധായകൻ ക്യാപ്റ്റനായി. 

പാട്ടുകൾ വിൽപനയ്ക്കുവേണ്ടി മാത്രമായതോടെയാണ് രചയിതാക്കൾ അവഗണിക്കപ്പെട്ടുപോയത്. കാണുക, കേൾക്കുക, ഹിറ്റാകുക എന്നതിനപ്പുറം സാഹിത്യത്തിൽ ശ്രദ്ധയില്ലാതെവന്നു. കച്ചവടം മാത്രം ലക്ഷ്യമിടുമ്പോൾ സൗന്ദര്യവശം വിസ്മരിക്കപ്പെടുന്നു. ആളുകൾക്കാവശ്യമുള്ളതു വിളമ്പുകയാണിപ്പോൾ ചെയ്യുന്നത്. അപ്പോൾ പാട്ടിന്, രചനയ്ക്ക് അർഹിക്കുന്ന ബഹുമാനം കിട്ടുന്നില്ല.  സാഹിത്യാഭിരുചിയുള്ളവരാണ് ഗാനരചയിതാക്കളെ ശ്രദ്ധിക്കുന്നത്. അല്ലാത്തവർ പാട്ടിന്റെ പിറകേ പോകും. 

പാട്ടിനെ മാനിക്കുന്നതിന്റെ ഭാഗമാണ് അതിന്റെ പിന്നണിയിലുള്ളവരെ പരിചയപ്പെടുത്തുന്നത്. പുതുതലമുറ റേഡിയോകൾ പാട്ടുകൾക്കു ക്രെഡിറ്റ് പറയാറില്ല. അവർക്കും ഉത്തരവാദിത്തമുണ്ട്.

sathyan-anthikad
സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട്

മാറുന്ന കാലത്തിന്റെ മാറ്റങ്ങൾ സിനിമയിലുമുണ്ട്. സാഹിത്യ മൂല്യമുള്ള പാട്ടുകളായിരുന്നു പണ്ട്. ഇപ്പോഴതു കുറ‍ഞ്ഞു. നമുക്കതു വീണ്ടെടുക്കണം. വരികളുടെ ഭംഗി തിരിച്ചുപിടിക്കണം. ആ രീതിയിലുള്ള സംഗീതവും കൂടിയായാൽ പാട്ടുകളും സ്രഷ്ടാക്കളും ശ്രദ്ധിക്കപ്പെടും. വരിയിലും സംഗീതത്തിലും ലാളിത്യം വരണം. തിയറ്ററിനു പുറത്തുകൂടി പാട്ടു പ്രസക്തമാകണം. പണ്ടത്തെ പാട്ടുപുസ്തക സംസ്കാരം ഓർക്കുക. തേടിപ്പിടിച്ചു വാങ്ങുമായിരുന്നു ആളുകൾ അവ. പാട്ടിൽ കവിത കൊണ്ടുവരാൻ എങ്ങനെ പറ്റുമെന്ന് രചയിതാക്കളും ശ്രദ്ധിക്കണം. 

എന്റെ സിനിമകളിൽ‌ രചയിതാക്കൾക്കു പ്രാധാന്യം നൽകാനെന്നും ശ്രമിച്ചിട്ടുണ്ട്. പാട്ടിന്റെ പ്രതാപകാലം തിരിച്ചുപിടിക്കാൻ ഇനിയും കൂടെയുണ്ടാകും. ഈ കോവിഡ് കാലം കലങ്ങിത്തെളിയാനുള്ളതാണ്. കലങ്ങിക്കഴിഞ്ഞു. ഇനി തെളിയും. അപ്പോൾ ഗാനരചയിതാക്കളുടെ ബ്യൂട്ടി തിരിച്ചുവരും.

ജൂഡ് ആന്തണി ജോസഫ്

സിനിമയ്ക്കു കഥ പോലെ പ്രധാനമാണ് പാട്ടുകളും. പാട്ടിലൂടെ കൂടുതൽ കാര്യങ്ങൾ പറഞ്ഞുപോകാനാകും. അതുകൊണ്ടുതന്നെ ഞാൻ പാട്ടുകളെ വളരെ സീരിയസ് ആയാണു കാണുന്നത്.  

jude-antony
ജൂഡ് ആന്തണി ജോസഫ്

‘ഓം ശാന്തി ഓശാന’യിലും ‘ഒരു മുത്തശ്ശി ഗദ’യിലും ഒരുപാടു ചർച്ചകൾക്കു ശേഷമാണു ഗാനങ്ങൾ രൂപപ്പെട്ടത്. ഈണവും വരികളുമൊക്കെ ചർച്ചകളിലൂടെ പലകുറി മാറ്റിയതിന്റെ ഫലമാണ് ആ പാട്ടുകൾക്കു കിട്ടിയ സ്വീകാര്യത. ഗാനരചയിതാക്കൾക്കു ഞാൻ വലിയ പ്രാധാന്യം കൽപിക്കുന്നുണ്ട്. എന്റെ സിനിമകളുടെ ടൈറ്റിലിലും പോസ്റ്ററിലുമൊക്കെ ഗാനരചയിതാക്കളുടെ പേരുകൾ പ്രാധാന്യത്തോടെ നൽകുന്ന കാര്യം ഉറപ്പാക്കാറുണ്ട്. 

എനിക്കു സിനിമയിൽ പാട്ടുകൾ വിലപ്പെട്ടതാണ്, പാട്ടെഴുത്തുകാരും. മനു മഞ്ജിത്തിനെ ഗാനരചയിതാവായി അവതരിപ്പിച്ചത് ‘ഓം ശാന്തി ഓശാന’യിലെ മന്ദാരമേ... എന്ന പാട്ടിലൂടെയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA