അംബേദ്കർ എന്ന പിതാവ്

br-ambedkar-family
യശ്വന്ത് റാവു, അംബേദ്കർ, രമാബായി (1934 ഫെബ്രുവരിയിൽ പകർത്തിയ ചിത്രം).
SHARE

വിപ്ലവത്തിന്റെ കനൽവഴി താണ്ടിയ അംബേദ്കറിലുണ്ടായിരുന്നു ദുഃഖിതനായ അച്ഛൻ. നാലു മക്കളെ ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ  ശേഷിച്ച ഏക ആൺതരിയുടെ രോഗം മാറ്റിയതാകട്ടെ കേരളവും

രമാ, നിനക്കു സുഖമാണോ രമാ?നിന്നെയും യശ്വന്തിനെയും കുറിച്ച് ഞാനിന്ന് ഒരുപാട് ഓർത്തു. നിന്നെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ ഹൃദയം വിഷാദഭരിതമാകുന്നു...

നമ്മുടെ യശ്വന്ത്‌ എന്തു പറയുന്നു, രമാ? അവൻ എന്റെ കാര്യം തിരക്കാറുണ്ടോ? അവന്റെ സന്ധിവാതം എങ്ങനെയുണ്ട്? അവനെ നന്നായി നോക്കണേ, രമാ... നമ്മുടെ നാലു കുഞ്ഞുങ്ങൾ നമ്മെ വിട്ടുപോയി. ഇനി നമുക്കു യശ്വന്ത് മാത്രമേ ബാക്കിയുള്ളൂ. നിന്റെ മാതൃത്വത്തിന്റെ ആധാരം അവനാണ്. നമുക്കവനെ നന്നായി നോക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം, നന്നായി പഠിപ്പിക്കണം...

ഞാനിപ്പോൾ വലതുകൈ കൊണ്ട് എഴുതുകയും ഇടതുകൈ കൊണ്ടു കണ്ണീർ തുടയ്ക്കുകയുമാണ്. യശ്വന്തിനെ പൊന്നുപോലെ നോക്കണേ രമാ... അവനെ നീ അടിക്കരുത്. ഞാനവനെ അടിച്ചിട്ടുണ്ട്. അക്കാര്യം ഒരിക്കലും ഓർമിപ്പിക്കല്ലേ... അവൻ നിന്റെ ഹൃദയത്തിന്റെ ആകെയുള്ള ഒരു തുണ്ടാണ്.

അധഃസ്ഥിതരുടെ ഉന്നമനത്തിനായി  ജീവിതം സമർപ്പിച്ച ഡോ. ബി.ആർ.അംബേദ്കർ 1930 ഡിസംബർ 30നു ലണ്ടനിൽനിന്നു പ്രിയപത്‌നി രമാബായിക്ക് അയച്ച കത്തിലുള്ളത് നിസ്സഹായനായ ഒരച്ഛന്റെ ദുഃഖമാണ്. ബോംബെയിലെ ദരിദ്രജീവിതത്തിൽ നരകിച്ച രമ, 1935 മേയ് 27നു രോഗിണിയായി മരിച്ചപ്പോൾ അംബേദ്കർ ഏകനായി.

മുറി അടച്ചിരുന്ന്‌ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞ അദ്ദേഹത്തിനു മുന്നിൽ ചോദ്യചിഹ്നമായി മാറിയതു മകൻ യശ്വന്ത്‌. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയാകും മുൻപേ അദ്ദേഹത്തിലെ നിതാന്തദുഃഖിതനായ പിതാവിനെ മെനഞ്ഞെടുത്തിരുന്നു, വിധിയെന്ന ക്രൂരശിൽപി. നാലു മക്കൾ ചെറുപ്രായത്തിലേ മരിച്ച്, പിന്നെ സ്നേഹമയിയായ ഭാര്യയും മരിച്ച്, ഒടുവിൽ ശേഷിച്ച രോഗിയായ ഏകമകനുമായി സ്വകാര്യ ജീവിതദുഃഖങ്ങളിൽ മുങ്ങിത്താണ ഡോ. അംബേദ്കർക്കു സൗഖ്യത്തിന്റെ നാടായി മാറുകയായിരുന്നു നമ്മുടെ കേരളം. സന്ധിവാതം കൊണ്ടു വലഞ്ഞ മകൻ യശ്വന്ത് റാവുവിനു രോഗശാന്തിയിലൂടെ പുനർജന്മം സമ്മാനിച്ച കേരളത്തെ അംബേദ്കർ എന്നും സ്മരിച്ചു. കേന്ദ്ര നിയമമന്ത്രിയായി 1950ലെ ഔദ്യോഗിക സന്ദർശനത്തിനും മുൻപേ, പുത്രന്റെ സൗഖ്യത്തിനായി അലഞ്ഞ പിതാവിന്റെ വേഷത്തിൽ അദ്ദേഹം കേരളത്തിലെത്തിയിരിക്കാമെന്നു സൂചിപ്പിക്കുന്നു മലയാള മനോരമയുടെ പഴയ താളുകൾ.

‘ഡോക്ടർ അംബേദ്കർ തിരുവിതാംകൂറിൽ വരുന്നു’ എന്നാണ് 1935 നവംബർ 27നു മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്. ‘പുത്രന്റെ ചികിത്സയ്ക്കു വേണ്ടി’ എന്ന് ഉപശീർഷകം. ‘ഡോക്ടർ അംബേദ്കർ ഡിസംബർ 2നു വർക്കല ശിവഗിരി സത്രത്തിൽ വന്നുചേരുന്നതാണെന്നു കാണിച്ചു ബോംബെയിൽനിന്ന് അദ്ദേഹത്തിന്റെ കമ്പി കിട്ടിയിരിക്കുന്നതായി വർക്കല നിന്നൊരു ലേഖകൻ മലയാളരാജ്യത്തിൽ എഴുതിയിരിക്കുന്നു. ഡോക്ടർ അംബേദ്കറിന്റെ ഏകപുത്രനായ അശ്വിനീകുമാരൻ മൂന്നു വർഷക്കാലമായി വാതരോഗത്താൽ കഷ്ടതയനുഭവിച്ചുവരികയാണെന്നും, അതിനാൽ സ്വപുത്രനെ, ആയുർവേദ വൈദ്യപണ്ഡിതനായ പാണാവള്ളിൽ മി.സി.കൃഷ്ണൻവൈദ്യനെക്കൊണ്ട് ആയുർവേദ ചികിത്സകൾ ചെയ്യിക്കുവാനാണു ഡോക്ടർ അംബേദ്കർ വരുന്നതെന്നും പ്രസ്താവിച്ചുകാണുന്നു’– ഇത്രയുമാണ് വാർത്തയുടെ ഉള്ളടക്കം.

അശ്വിനീകുമാരൻ എന്നതു യശ്വന്തിന്റെ വിളിപ്പേരായിരുന്നിരിക്കണം. അന്ന് 21 വയസ്സു പ്രായമുള്ള യശ്വന്തിനൊപ്പം ആലപ്പുഴ പാണാവള്ളിൽ കൃഷ്ണൻ വൈദ്യരുടെ കീഴിലുള്ള ചികിത്സാകാലത്ത് ഉണ്ടായിരുന്നത് അമ്മാവനായിരുന്നുവെന്നും അംബേദ്കർ അവരെ ഇവിടെ കൊണ്ടുവന്നു വിട്ടിട്ടു തിരികെ പോകുകയായിരുന്നുവെന്നുമുള്ള പുതിയ അറിവുകളിലേക്കു വെളിച്ചം വീശുന്ന ചരിത്രരേഖയാണു വീണ്ടെടുക്കപ്പെടുന്നത്. അംബേദ്കറുടെ രേഖപ്പെടുത്തപ്പെട്ട കേരള സന്ദർശനം 1950ലായിരുന്നു.

ambedkar-sons
1, പ്രകാശ് അംബേദ്കർ, 2, 1935 നവംബർ 27ന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത. 3, യശ്വന്ത് റാവു അംബേദ്കർ

കൊച്ചുമകൻ പറയുന്നു: അംബേദ്കർ വന്നു

‘മുത്തച്ഛന്റെ കേരള സഞ്ചാരങ്ങൾ പല കാലഘട്ടങ്ങളിലായി പരന്നു കിടക്കുന്നു’– അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നിഗമനമതാണ്. മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമായ പ്രകാശിന് അക്കാലത്തെക്കുറിച്ചു കേട്ടറിവു മാത്രമാണുള്ളത്. അന്നൊക്കെ ദക്ഷിണേന്ത്യയി‍ൽ ഒട്ടേറെ സമ്മേളനങ്ങൾ നടന്നിരുന്നതും മകന്റെ ചികിത്സ ചേർത്തലയിലെ കൃഷ്ണൻ വൈദ്യരുടെ കീഴിലായിരുന്നതും, അംബേദ്കറെ 1950നും മുൻപേ കേരളത്തിൽ എത്തിച്ചിരിക്കാമെന്നു പ്രകാശ് കരുതുന്നു.

‘എന്റെ അച്ഛൻ യശ്വന്ത് വളരെ ചെറുപ്പത്തിൽത്തന്നെയാണു വാതരോഗത്തിനു ചികിത്സ തേടി കേരളത്തിലെത്തിയത്. അദ്ദേഹത്തിന്റെ അമ്മയുടെ സഹോദരനായിരുന്നു ചികിത്സാകാലമത്രയും ഒപ്പം സഹായത്തിനു നിന്നത്. അക്കാലത്തെക്കുറിച്ചൊക്കെ വിശദമായി പറയാൻ കഴിയുമായിരുന്ന ഉറ്റബന്ധു കഴിഞ്ഞ വർഷം മരിച്ചു പോയി’– പ്രകാശ് അംബേദ്കർ പറയുന്നു.

കണ്ണീരിന്റെ കാലം

1908ൽ, ബോംബെയിലെ മഛ്‌ലി ബസാറിലെ മാലിന്യങ്ങൾക്കും ദുർഗന്ധങ്ങൾക്കും നടുവിലൊരുക്കിയ കൊച്ചു പന്തലിൽ വച്ചായിരുന്നു 9 വയസ്സുള്ള രമാബായിയുമായി 17 വയസ്സുള്ള അംബേദ്കറുടെ വിവാഹം. 27 വർഷത്തെ ദാമ്പത്യത്തിനിടയിൽ വിധി കവർന്നത് 3 ആൺമക്കളെയും ഒരു പെൺകുഞ്ഞിനെയും. ഗംഗാധർ, യശ്വന്ത്, രമേഷ്, ഇന്ദു, രാജരത്ന എന്നിങ്ങനെ 5 മക്കൾ പിറന്നിട്ടും യശ്വന്ത് ഒഴികെ എല്ലാവരും മരിച്ചുപോയി. ഏറ്റവും ഇളയമകൻ രാജരത്നയുടെ വിയോഗമാണ് അംബേദ്കറെ ഏറ്റവും തളർത്തിയത്. ‘അവൻ അസാധാരണനായിരുന്നു. അതുപോലെയൊരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല’– സുഹൃത്ത് ദത്തോബ പവാറിനെഴുതിയ കത്തിൽ അദ്ദേഹം വേദന പങ്കുവച്ചു. ‘രാജരത്ന പോയതോടെ എന്റെ ജീവിതം മുള്ളുനിറഞ്ഞ പൂന്തോട്ടമായി മാറിയിരിക്കുന്നു. സങ്കടം മൂലം എനിക്കിനി എഴുതാൻ വയ്യ’ എന്നു പറഞ്ഞാണ് അദ്ദേഹം ആ കത്ത് അവസാനിപ്പിച്ചത്.

രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയ അംബേദ്കർ സ്വകാര്യ ദുഃഖങ്ങൾ മറക്കാൻ ശ്രമിച്ചു. കുടുംബത്തിനു വേണ്ടി സ്വന്തം ആരോഗ്യം ഹോമിച്ച രമയാകട്ടെ ഒടുവിൽ രോഗശയ്യയിലുമായി; 1935ൽ മരിച്ചു. ജീവിതം ശേഷിപ്പിച്ച ഒരേയൊരു മകനെ കൈവിടാതിരിക്കാനായിരുന്നു പിന്നെ അംബേദ്കറുടെ ശ്രമം മുഴുവൻ. ഉത്തരേന്ത്യയിലെ ഡോക്ടർമാരുടെ ചികിത്സകൊണ്ടു ഫലമില്ലാതെ വന്നപ്പോഴാണ് കേരളം അവസാനത്തെ ആശ്രയമായത്.

പ്രമേഹവും രക്താതിസമ്മർദവും മൂലം ചികിത്സയിൽ കഴിയുമ്പോൾ പരിചരിച്ച ഡോ.ശാരദ കബീറിനെ 1948ൽ അംബേദ്കർ വിവാഹം ചെയ്തു. സവിത അംബേദ്കർ എന്നു പേരുമാറ്റിയ അവർ മായി എന്നാണ് അറിയപ്പെട്ടിരുന്നത്.

1956ൽ നാഗ്പുരിൽവച്ചു ബുദ്ധമതം സ്വീകരിച്ച സ്വസ്ഥതയുമായി, അതേ വർഷം ഡിസംബറിലെ ഒരു രാത്രിയിൽ സുഖനിദ്രയിലായിരുന്നു അംബേദ്കറുടെ മരണം.

1983ൽ, ശിവഗിരി തീർഥാടനത്തിന്റെ കനകജൂബിലിയോടനുബന്ധിച്ചു നടത്തിയ ആയുർവേദ സമ്മേളനത്തിൽ, ആലപ്പുഴ പാണാവള്ളി കൃഷ്ണൻ വൈദ്യരെപ്പറ്റി അവതരിപ്പിച്ച പ്രബന്ധത്തിൽനിന്നാണ് അംബേദ്കറുടെ മകന്റെ ചികിത്സയെപ്പറ്റി ആദ്യ സൂചന ലഭിക്കുന്നത്: ‘ഇന്ത്യൻ ഭരണഘടനയുടെ ശിൽപികളിൽ മുഖ്യനായ ഡോ. അംബേദ്കറുടെ മകൻ യശ്വന്ത് കുമാറിന് ആമവാതമായിരുന്നു. വടക്കേ ഇന്ത്യയിലെ പണ്ഡിത വൈദ്യന്മാർ പരാജയപ്പെട്ടിടത്ത് കൃഷ്ണൻ വൈദ്യൻ അംഗീകാരം നേടി. ആ ബന്ധം കണ്ണിയകലാതെ കൃഷ്ണൻ വൈദ്യരുടെ മരണം വരെ കാത്തുപോന്നു’.

പ്രബന്ധത്തിലെ പരാമർശം ചർച്ചാവിഷയമായി. ആമവാതം തളർത്തിയ മകനെ ചികിത്സിക്കാൻ അംബേദ്കർ ചേർത്തലയിലെ പാണാവള്ളിയിൽ വന്നിരുന്നോ എന്ന ചോദ്യമുയർന്നു. കൃഷ്ണൻ വൈദ്യരുടെ മകൾ വളവങ്കേരി നാരായണി 20 കൊല്ലത്തിനു ശേഷം പ്രതികരിച്ചതിങ്ങനെ.–‘മലയാള വർഷം 1110 ൽ ആയിരുന്നു അംബേദ്കറുടെ മകനെ ചികിത്സിക്കാൻ കൊണ്ടുവന്നത്. അന്നു തൊട്ടുകൂടായ്മയൊക്കെയുള്ള കാലമാണ്. ദൂരെന്നു വന്ന അവർക്കു താമസിക്കാൻ പാണാവള്ളിയിൽ ഇടം കിട്ടിയില്ല.

അംബേദ്കറൊക്കെ താഴ്ന്ന ജാതിക്കാരല്ലേ. ഈഴവന്റെ വീട്ടിൽ താമസിപ്പിച്ചാൽ നാട്ടുകാർ എതിർക്കും. അച്ഛൻ നാട്ടുകാരൊന്നും പറയണതു കേൾക്കണ കൂട്ടത്തിലല്ല. എന്നാലും ഞങ്ങൾ വീട്ടിലുണ്ടായിരുന്ന പെണ്ണുങ്ങളൊക്കെ വീടൊഴിഞ്ഞുകൊടുത്തു. ചികിത്സയ്ക്കു കൂടുതൽ സൗകര്യം ലഭിക്കാൻ അച്ഛൻ അവരെ വീട്ടിൽ താമസിപ്പിച്ചു’– നാരായണി ഓർമകൾ പങ്കുവച്ചതിങ്ങനെ. പക്ഷേ, ചരിത്രരേഖകളുടെ പിൻബലമില്ലെന്നു പറഞ്ഞ് ചിലർ നാരായണി അമ്മൂമ്മയുടെ വാദം പുച്ഛിച്ചുതള്ളി. വൈദ്യരുടെ മകളുടെ വാക്കുകൾ വൃഥാവിലായിരുന്നില്ലെന്ന സൂചനയാണ് 1935 നവംബറിലെ മനോരമ വാർത്ത.

യശ്വന്ത് റാവു അംബേദ്കർ

1914ൽ, ഡോ. ബി.ആർ.അംബേദ്കർ – രമാബായി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം. ഭയ്യാസാഹേബ് അംബേദ്കർ എന്നാണു പിൽക്കാലത്ത് അറിയപ്പെട്ടിരുന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവും എംഎൽഎയും ആയിരുന്നു. 1977ൽ മരണം.

panavally
പാണാവള്ളി കൃഷ്ണൻ വൈദ്യർ

പാണാവള്ളി കൃഷ്ണൻ വൈദ്യർ

ശ്രീനാരായണഗുരുവിന്റെ അവസാനനാളുകളിൽ ശിവഗിരിയിൽ താമസിച്ച് അദ്ദേഹത്തെ ചികിത്സിച്ചത് ശിഷ്യൻ കൂടിയായ കൃഷ്ണൻ വൈദ്യരായിരുന്നു. ബഹുഭാഷാപണ്ഡിതനും കവിയുമായ വൈദ്യർ ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്.

മലയാളത്തിൽ വസ്തിചികിത്സയെപ്പറ്റിയുള്ള പഠനഗ്രന്ഥമായ ‘വസ്തിപ്രദീപം’ രചിച്ചു. കൃഷ്ണൻ വൈദ്യരുടെ മകനായ സി.കെ.രാഘവൻ ശിവഗിരിയിൽനിന്ന് ആയുർവേദം പഠിച്ച് പിൽക്കാലത്ത് വൈദ്യരായി. രാഘവൻ വൈദ്യരുടെ മകൻ ‍‍ഡോ. സുരേഷിലൂടെ ആ പാരമ്പര്യം ഇന്നും തുടരുന്നു. നാരായണഗുരുവിനു വേണ്ടി കൃഷ്ണൻ വൈദ്യർ വെള്ളിയിൽ പണികഴിപ്പിച്ച ആയുർവേദ ഉപകരണങ്ങളായ 'നേത്രങ്ങൾ’ ഇന്ന് ഡോ. സുരേഷിന്റെ ശേഖരത്തിലാണുള്ളത്.

കെ.ആർ. നാരായണനും ഒരു ശുപാർശക്കത്തും

അംബേദ്കറെ ആരാധ്യപുരുഷനാക്കിയ ചരിത്രപ്രസിദ്ധരായ മലയാളികളിലൊരാൾ മുൻ രാഷ്ട്രപതി കെ.ആർ. നാരായണനാണ്. അംബേദ്കറായിരുന്നു നാരായണന്റെ വഴികാട്ടിയും ഡൽഹിയിലെ രക്ഷാകർത്താവും.  കോളജ് പഠനം കഴിഞ്ഞു ഡൽഹിക്കു തീവണ്ടി കയറുംമുൻപ് ഒരു ശുപാർശക്കത്തു സംഘടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അംബേദ്കറെ കണ്ട് അദ്ദേഹത്തിനു കൈമാറാനുള്ള ആ കത്തെഴുതിയത് അദ്ദേഹവുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന ഒരു തിരുവിതാംകൂറുകാരനായിരുന്നു എന്ന് നാരായണൻ പിൽക്കാലത്ത് ഓർമിച്ചിട്ടുണ്ട്. പക്ഷേ, ചോദ്യം ശേഷിക്കുന്നു – ആരായിരുന്നു ആ തിരുവിതാംകൂറുകാരൻ?

kr-narayanan-bhaskar
കെ.ആർ. നാരായണൻ, എ.കെ.ഭാസ്കർ

എ.കെ.ഭാസ്കർ ഉൾപ്പെടെ ഏതാനും പേരാണു സാധ്യതാപ്പട്ടികയിലുള്ളത്. 1950 ജൂൺ 9ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ ഭാസ്കറുമായുള്ള ഊഷ്മളബന്ധത്തിന്റെ സൂചനകളുണ്ട്. അംബേദ്കർക്കു കൊല്ലത്തു നൽകിയ സ്വീകരണത്തിന്റെ റിപ്പോർട്ടിൽ ഇങ്ങനെ വായിക്കാം.–‘ ഡോ.അംബേദ്കറുടെ ഒരു പഴയ സുഹൃത്തായ മി. എ.കെ.ഭാസ്കർ അദ്ദേഹത്തെ ഒരു കസവുഹാരമണിയിച്ചു. മിസ്സിസ് ഭാസ്കർ ഒരു ബൊക്കെ സമർപ്പിച്ചു. അനന്തരം മി.ഭാസ്കർ മുനിസിപ്പൽ പ്രസിഡന്റ് മി. പകലശ്ശേരി രാഘവനെ അംബേദ്കർക്കു പരിചയപ്പെടുത്തിക്കൊടുത്തു’.

സ്വാതന്ത്ര്യസമരസേനാനിയായും ‘നവഭാരത’ത്തിന്റെ പത്രാധിപരായും തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭാ മെംബറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഭാസ്കർ, വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത പത്രപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ അദ്ദേഹത്തിന്റെ പുത്രനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA