ADVERTISEMENT

മുത്തിയാനയും കുട്ടികളും കാട്ടിൽത്തന്നെ നിൽക്കുന്നുണ്ടെന്ന് മിന്നൽക്കൊമ്പനു മനസ്സിലായി. അവർ വന്നതിൽ അവനു സന്തോഷമുണ്ട്. പക്ഷേ, ഒച്ചയും അനക്കവും കേട്ടാൽ ഗാർഡുമാർ അവരെ എന്തെങ്കിലും ചെയ്താലോ? അതുകൊണ്ട് ശബ്ദമില്ലാതെ അവൻ പറഞ്ഞു:

‘‘നിങ്ങൾ വേഗം പൊയ്ക്കോ. വേഗം പൊയ്ക്കോ.’’

അതുകേട്ടപ്പോൾ മുത്തിയാനയ്ക്കും കാര്യം മനസ്സിലായി. അവർ കുട്ടിയാനകളെയുംകൂട്ടി തിരിഞ്ഞു നടന്നു തുടങ്ങി.

‘‘മുത്തിയേ, നിങ്ങളു ചുമ്മാ വാചകമടിക്കുന്നയാളാണെന്ന് കാട്ടുകാർക്കു മൊത്തം അറിയാം. അതുകൊണ്ടല്ലേ ആനത്തമുണ്ട്, മിന്നലമ്മാവൻ രക്ഷപ്പെടും എന്നൊക്കെ പറയുന്നത്?’’ ഗുരുത്വമുള്ളവൻ എന്നു പേരുകേട്ട ഒരാനക്കുട്ടിയാണതു പറഞ്ഞത്.

‘‘മുത്തീ, ഒരു കാര്യവുമില്ലാത്ത ബഡായിയടിക്കാതെ തിന്നാനുള്ള നല്ല സാധനങ്ങൾ എവിടെയെങ്കിലും കണ്ടോയെന്നു പറ.” വേറൊരു ഗുരുത്വക്കാരൻ പറഞ്ഞു.

മുത്തി ചുമ്മാതെനിന്നു ചിരിക്കുകയാണ്. തിന്നാനും കുടിക്കാനുമുള്ള ഒരുപാടു കാര്യങ്ങൾ മുത്തി കണ്ടിട്ടുണ്ടായിരുന്നു.    

ചുവന്ന ചടച്ചിലിന്റെ തോല് കീറിപ്പൊളിച്ചെടുക്കുമ്പോഴുള്ള ആ മധുരമണം...

നല്ല പഴുത്ത വരിക്കച്ചക്ക മുഴോത്തോടെ പൊട്ടിച്ചെടുത്ത് ഒന്നു മുകളിലേക്കിട്ടു പിടിച്ച് ചതുക്കിയെടുത്തു വായിലിടുമ്പോഴുള്ള ആ ചക്കരസം... 

മൂത്ത കുലയടക്കം ഒടിച്ചുപറിച്ചെടുക്കുന്ന വാഴ പതുക്കെ ചവിട്ടിപ്പരത്തി ചുരുട്ടിക്കൂട്ടിയെടുത്ത് പകുതി ചവച്ചിറക്കുമ്പോഴുള്ള കറസുഖം....

മരത്തിന്റെ അടിമുതൽ മുടിവരെ ചുവന്നുതുടുത്തു കിടക്കുന്ന മുട്ടിപ്പഴം തുമ്പികൊണ്ടൊന്നു തലോടിയുതിർത്ത് നുള്ളിപ്പെറുക്കി തിന്നുമ്പോഴുള്ള തേൻരുചി...

നിലാവുള്ള രാത്രികളിൽ അങ്ങ് കാട്ടിനുള്ളിലെ നീലക്കുളത്തിൽ ചെന്നാൽ ചെറിയ പുളിരുചിയുള്ള വെള്ളം കിട്ടും. അതു തുമ്പിയിൽ നിറച്ച് കോരിക്കോരിയങ്ങു കുടിച്ചാൽ പിന്നെയങ്ങോട്ട് രണ്ടുദിവസം കിട്ടുന്ന പറപറപ്പൻ പൂസ്... ഇങ്ങനെയൊക്കെ പല കാര്യങ്ങൾ മനസ്സിൽ വന്നെങ്കിലും മുത്തിയാന അതെക്കുറിച്ചൊന്നും കുട്ടിയാനകളോടു  പറഞ്ഞില്ല.

‘‘എടാ പോങ്ങൻമാരേ, പോങ്ങത്തികളേ... തീറ്റയും കുടിയുമൊന്നുവല്ല യഥാർഥ കാര്യം.’’

‘‘പിന്നെ എന്നാ കുന്തമാ മുത്തീ യഥാർഥ കാര്യം?’’ മാന്യമായി സംസാരിക്കുന്നവൾ എന്നറിയപ്പെടുന്ന ഒരുത്തിയാണതു  ചോദിച്ചത്.

മുത്തിക്കുപിന്നെ പിള്ളേരുടെയടുത്തുനിന്ന് ചോദ്യമുണ്ടാകണമെന്ന നിർബന്ധമേയുള്ളൂ. അത് ഏതു തലതെറിച്ച ഭാഷയിലായാലും കുഴപ്പമില്ല. മുത്തി കുന്നിൻപള്ളയിലൂടെ കുറച്ചു മുൻപോട്ടു നടന്നു. ആനപ്പിള്ളേരും പിറകെ ചെന്നു.

‘‘സത്യത്തിൽ ആനത്തത്തിലാണെടാ എല്ലാ കാര്യവുമിരിക്കുന്നത്.’’

‘‘അങ്ങനെയാണെങ്കിൽ ആനത്തം എന്താണെന്നു പറഞ്ഞുതാ മുത്തീ.’’ 

കുട്ടിയാനകൾ ക്ഷമയില്ലാതെ മുത്തിക്കു മുന്നിലെത്തി. മുത്തിയാന നടത്തം നിർത്തിയിട്ട് അനക്കമില്ലാതെ പരന്നുകിടക്കുന്ന നിലാവിലേക്കു നോക്കി. 

‘‘ആനത്തത്തിന്റെ ചരിത്രം പണ്ടുപണ്ടാണ് തുടങ്ങുന്നത്.’’

‘‘ഏതു കാലത്ത്?’’ ഒരു ആനക്കുട്ടി ചോദിച്ചു.

‘‘ഏറ്റവുമാദ്യകാലംതന്നെ, പ്രപഞ്ചത്തിന്റെ ആരംഭകാലം. അന്നുതൊട്ട് രണ്ടു ശക്തികളങ്ങനെ ബലാബലം പിടിക്കുന്നതിന്റെ ചരിത്രമാണ്. കേൾക്കണോ?’’

‘‘കേൾക്കണം കേൾക്കണം.” ആനപ്പിള്ളേർ വാശിപിടിച്ചപ്പോൾ തലമുറകളായി ആനകുലം പറഞ്ഞുപോരുന്ന ആ കഥകൾ മുത്തി പറഞ്ഞുതുടങ്ങി.

പണ്ടാണ്, എന്നുപറഞ്ഞാൽ ഏറ്റവും പണ്ട്. അക്കാലം വേറൊന്നുമില്ലായിരുന്നു. വെറും പൊടി മാത്രം. ആ പൊടിക്കൂട്ടം എങ്ങനെയോ വലിയൊരു ചുഴിയായി മാറി. ചുഴിയായാൽ കറങ്ങുമല്ലോ. കറക്കം തുടങ്ങി, ഒന്നാംതരം പമ്പരക്കറക്കം. കറങ്ങിക്കറങ്ങി പൊടിയെല്ലാം കട്ടപിടിച്ച് വലിയ ഈ പ്രപഞ്ചമുണ്ടായി. 

വെറും പൊടിയായിരുന്നതെല്ലാം ചേർന്നു പ്രപഞ്ചമായി മാറിയെങ്കിലും കറക്കം നിന്നില്ല. പ്രപഞ്ചം പിന്നെയും ടർർർ....ന്ന് കറങ്ങിക്കൊണ്ടിരുന്നു. ആ കറക്കത്തിൽ നല്ല കാര്യവും മോശം കാര്യവും സംഭവിച്ചു.

നല്ലതെന്താണെന്നുവച്ചാൽ, പ്രപഞ്ചത്തിൽ എവിടെയൊക്കെയോ ഉണ്ടായിരുന്ന നന്മയും സ്നേഹവുമൊക്കെ ഊറിക്കൂടി പ്രപഞ്ചത്തിലെ ഏറ്റവും നല്ല വസ്തുവുണ്ടായി. അതിന് കറുകറുത്ത ഒരാനയുടെ രൂപമാണുണ്ടായിരുന്നത്. അതാണ് പിന്നീട് പ്രപഞ്ചത്തിലെ എല്ലാ നന്മയുടെയും സ്നേഹത്തിന്റെയും കാമ്പായിത്തീർന്ന ആനത്തം. 

മോശം കാര്യം എന്നു പറയുന്നത്, പ്രപഞ്ചത്തിൽ നന്മയും സ്നേഹവും മാത്രമല്ലല്ലോ ഉള്ളത്. ദുഷ്ടത്തരവും വെറുപ്പുമൊക്കെയില്ലേ. പ്രപഞ്ചത്തിന്റെ പരപരക്കറക്കത്തിനിടയിൽ ആതുമങ്ങനെ ഊറിക്കൂടുന്നുണ്ടായിരുന്നു.  ആനയുടെ രൂപംതന്നെയാണ് അതിനും ഉണ്ടായിവന്നത്. വല്ലാത്തൊരു വെളുപ്പുനിറമുള്ള ആന. പിരിയത്തം എന്നായിരുന്നു ആ ആനയുടെ പേര്. 

എല്ലാറ്റിനെയും പിരിച്ച് അകറ്റി അലമ്പുണ്ടാക്കണമെന്ന ആലോചനയാണല്ലോ ദുഷ്ടത്തരത്തിനുണ്ടാവുക. അതുകൊണ്ടാണ് അങ്ങനെ പേരുവന്നത്.

ആനത്തത്തെ എങ്ങനെയെങ്കിലും ഇല്ലാണ്ടാക്കി പ്രപഞ്ചത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് പിരിയത്തത്തിന്റെ ആഗ്രഹം. അതിനുവേണ്ടി അവൻ ആനത്തത്തോടു വഴക്കുണ്ടാക്കി. 

അത് ഒരു ഉഗ്രൻ വഴക്കായിരുന്നു. യുഗങ്ങളോളം നീണ്ടുനിന്ന പോരാട്ടം. 

ആദ്യം പിരിയത്തം വിഷക്കാറ്റൂതുകയാണു ചെയ്തത്. തീയെക്കാൾ ചൂടുള്ള ആ കാറ്റുകൊണ്ട് പ്രപഞ്ചം ചുട്ടുപഴുത്തു. എല്ലാം ഉരുകിയൊലിക്കാൻ തുടങ്ങി.

പ്രപഞ്ചത്തെ അങ്ങനെ വെറുപ്പിനു വിട്ടുകൊടുക്കാനൊക്കുമോ? ആനത്തം പിരിയത്തവുമായി ഏറ്റുമുട്ടാൻതന്നെ തീരുമാനിച്ചു. വിഷക്കാറ്റിന് എതിർക്കാറ്റ്... ആനത്തം ഊതിയത് മഞ്ഞിനെക്കാൾ തണുപ്പുള്ള കാറ്റായിരുന്നു. ഉരുകി നശിക്കാൻ തുടങ്ങിയ പ്രപഞ്ചം ആ കാറ്റേറ്റ് മെല്ലെമെല്ലെ തണുത്തുറഞ്ഞു.

ഓഹോ, എന്നാൽ കാണിച്ചുതരാമെടാ എന്നുംപറഞ്ഞ് പിരിയത്തം അടുത്ത പണിയെടുത്തു. ചപടംചിപടന്ന് ദുഷ്ടത്തത്തിന്റെ രശ്മികൾ അങ്ങുമിങ്ങും വിട്ടിട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു. ആ കറന്റുപോലുള്ള രശ്മികളേറ്റ് പ്രപഞ്ചം എരിപിരികൊണ്ടു.

ആനത്തത്തിന്റെയടുത്ത് മറുമരുന്നില്ലാതിരിക്കുമോ. ഉടൻതന്നെ ആനത്തം ഇരുട്ടിന്റെ വലിയ പരവതാനി വിരിച്ചു. ആ പരവതാനിയിൽ വന്നിടിച്ച ദുഷ്ടത്തത്തിന്റെ രശ്മികൾ നാണംകെട്ടു തോറ്റോടി.

ഇതൊക്കെ വളരെ കാലങ്ങൾകൊണ്ടു സംഭവിക്കുന്നതാണ് കേട്ടോ. തന്റെ അടവൊന്നും ഫലിക്കുന്നില്ല എന്നു കണ്ടപ്പോൾ പിരിയത്തത്തിനു പിന്നെവന്നത് കട്ടക്കലിപ്പാണ്. 

കലി സഹിക്കാൻ പറ്റാതെ പിരിയത്തം പ്രപഞ്ചത്തിന്റെയുള്ളിൽ ചവിട്ടിത്തുള്ളി നടക്കാൻ തുടങ്ങി. അതൊരു വല്ലാത്ത നടപ്പായിരുന്നു. ഓരോ കാലടിവയ്പിലും പ്രപഞ്ചം തവിടുപൊടിയാക്കുന്നത്ര ശക്തിയിലാണു നടപ്പ്. ആ നടപ്പിന്റെ നടുക്കത്തിൽ പ്രപഞ്ചം കുടുകുടാന്നു വിറച്ചു. അതു പിടിവിട്ടതുപോലെ ഇളകിമറിയാൻ തുടങ്ങി.

ഇനിയും ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്ന് ആനത്തം തീരുമാനിച്ചു. രണ്ടിലൊന്ന് അറിയണം. ചവിട്ടിത്തുള്ളി നടക്കുന്ന പിരിയത്തത്തെ എങ്ങനെയെങ്കിലും കീഴടക്കണം. അങ്ങനെയാണ് ആ ഉഗ്രൻ പോരാട്ടം തുടങ്ങുന്നത്. കാലങ്ങളോളം നീണ്ടുനിന്ന ഒരു പോരാട്ടം.

ഒടുവിൽ പിരിയത്തത്തിന്റെ നടപ്പു നിർത്താൻ ആനത്തത്തിനു സാധിച്ചു. തുമ്പിക്കൈയും കാലുകളുമൊക്കെ ഉപയോഗിച്ച് അനങ്ങാൻ പറ്റാത്തവിധം പിരിയത്തത്തെ ആനത്തം പിടിച്ചുനിർത്തി. ആ നിൽപിന്റെ കാലം കണക്കാക്കാൻ ആർക്കും സാധിക്കില്ല. അത്രയധികം നാൾ ആ നിൽപു തുടർന്നുപോലും.

പക്ഷേ, ആ നിൽപിൽ പിരിയത്തത്തിനു ശക്തി കൂടുകയാണു ചെയ്തത്. പിരയത്തത്തിന്റെ മേലുള്ള കത്രികപ്പൂട്ട് പൊട്ടിക്കാതിരിക്കാനുള്ള ശക്തി ആനത്തവും കൂട്ടി. ബലവും ബലവും തമ്മിൽ പിടിച്ച ആ ബലാബലത്തിന്റെ അവസാനം അതു സംഭവിച്ചു.  

ബിങ്....ബാങ്‍..ങ്..ങ്...ങ്...

ഒരു പൊട്ടിത്തെറി. അത്രയും വലിയൊരു പൊട്ടിത്തെറി അതിനു മുൻപ് ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. അതിവമ്പനായ ആ പൊട്ടിത്തെറിയിൽ എണ്ണമില്ലാത്തത്ര കഷണങ്ങളായി പ്രപഞ്ചം ചിതറിപ്പോയി. അങ്ങനെയാണ് സൂര്യനും ഭൂമിയും നക്ഷത്രങ്ങളും ചന്ദ്രനും ഗ്രഹങ്ങളും മറ്റു ഗോളങ്ങളുമൊക്കെ ഉണ്ടാകുന്നത്. അന്നുതൊട്ട് ആനത്തവും പിരിയത്തവും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ആനത്തം ജയിക്കും, ചിലപ്പോൾ പിരിയത്തം ജയിക്കും.

ആനത്തം സ്നേഹവും നന്മയുമൊക്കെയല്ലേ. അതിന് എപ്പോഴും നല്ലതു ചെയ്തുകൊണ്ടിരിക്കണം. 

ആനത്തം പോയി നക്ഷത്രങ്ങൾക്കു വെളിച്ചം കൊളുത്തും.

പിരിയത്തത്തിന് അതു സഹിക്കില്ല. അതു പോയി നക്ഷത്രങ്ങളെ ഊതിക്കെടുത്തും.

ആകാശത്തിൽ ആനത്തം വന്ന് നല്ല നിറമുള്ള ചിത്രങ്ങൾ വരയ്ക്കും.

പിരിയത്തം ഓടിനടന്ന് അതെല്ലാം കുത്തിവരച്ചു മായ്ച്ചുകളയും. 

ആനത്തം അമ്പിളിമാമനെ ഊതിയൂതി വലുതാക്കും.

പിരിയത്തം കടിച്ചുതിന്നു കടിച്ചുതിന്ന് അമ്പിളിവട്ടം ഇല്ലാതാക്കും. 

പിരിയത്തം മിരുമിരാന്ന് നടക്കും. അതുകൊണ്ടെന്തു സംഭവിച്ചു. ഭൂമി ഉണ്ടായപ്പോൾ പിരിയത്തം ഓടിപ്പാഞ്ഞു വന്ന് ഭൂമിയിൽ കയറിക്കൂടി. അതുകൊണ്ടാണല്ലോ ഭൂമിയിലെ ജീവികളെല്ലാം മരങ്ങൾ, ചെടികൾ, പ്രാണികൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ എന്നിങ്ങനെ പലതായി പിരിഞ്ഞുപോയത്.

പിരിയത്തം മാത്രം പോരല്ലോ ഭൂമിയിൽ. അതുകൊണ്ട് ഇടയ്ക്കൊക്കെ ആനത്തവും വരും. ആനപോലെയുള്ള മേഘങ്ങളിൽ കയറിയാണ് ഭൂമിയിലേക്കുള്ള ആ വരവ്. ഭൂമിയിലെ ചില അവസ്ഥകൾ കാണുമ്പോൾ ആനത്തത്തിനു കരച്ചിൽവരും. ആനത്തത്തിന്റെ ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് അടർന്നുവീഴും.

അതുമതി, നൂറ്റാണ്ടുകളോളം ഒളിഞ്ഞും തെളിഞ്ഞും ആനത്തം ഭൂമിയിൽ നിൽക്കാൻ ആ കണ്ണുനീർത്തുള്ളി മതി. 

മുത്തി പിന്നെ കുറച്ചുനേരം ഒന്നും പറയാതെയുള്ള ആലോചനയിൽ മുഴുകി നടന്നു. ആ നടപ്പ് അവിടത്തെ ഏറ്റവും ഉയരമുള്ള കുന്നിൻമുകളിലാണ് അവസാനിച്ചത്. അവിടെ നിൽക്കുമ്പോൾ താഴെ നിലാവുവീണ കാടിനെയും മുകളിൽ ചന്ദ്രനും മേഘങ്ങളും നിറഞ്ഞ ആകാശത്തെയും കാണാം.

‘‘ഇടയ്ക്കങ്ങനെ വീഴുന്ന കണ്ണുനീർത്തുള്ളികളാണ് നമ്മൾ ആനകൾക്ക് ആനത്തവും മനുഷ്യർക്കു മനുഷ്യത്തവും കടുവകൾക്കു കടുവത്തവും വള്ളികൾക്കു വള്ളിത്തവുമുണ്ടാക്കുന്നത്. ഒരിക്കലും അത് ഇല്ലാതായിപ്പോവുകയില്ല. സൂക്ഷിച്ചു നോക്കിയാൽ എല്ലാറ്റിലും അതു കാണാം.’’

‘‘ശരിയാ കുറെ ആനകൾ കൂടിക്കലർന്നു നിൽക്കുന്നതുപോലെയല്ലേ ഈ കാട്.” ഒരു ആനക്കുട്ടി പറഞ്ഞു.

‘‘ആകാശത്തുമുണ്ടല്ലോ ആനത്തം.’’ മേഘങ്ങളെ നോക്കിനിന്ന മറ്റൊരാനക്കുട്ടി പറഞ്ഞു. 

‘‘ദേ, ആ പാറക്കെട്ടു കണ്ടില്ലേ, ആനതന്നെ.’’ 

‘‘തിളങ്ങി നിൽക്കുന്ന ചന്ദ്രനും അതുണ്ടല്ലോ.’’

അവർ വിവരമുള്ള പിള്ളേരാണല്ലോ എന്നോർത്ത് മുത്തിക്കു സന്തോഷം തോന്നി. അടുത്തുനിൽക്കുന്നവരെ തുമ്പികൊണ്ടു തഴുകി മുത്തി പറഞ്ഞു.

‘‘ആനത്തം അതിന്റെ യഥാർഥ രൂപത്തിൽ കാണാൻ ഭാഗ്യമുള്ളവരാ നമ്മൾ. അവന്റെ കൊമ്പുകളിലേക്കു സൂക്ഷിച്ചു നോക്കിയാൽ നമ്മൾക്കതു കാണാൻപറ്റും.”

‘‘ആരുടെ കൊമ്പുകളിലേക്ക്?’’ അതുവരെയുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കാതിരുന്ന ഒരാനക്കുട്ടി പെട്ടെന്നു കയറിച്ചോദിച്ചു.

‘‘മിന്നൽക്കൊമ്പന്റെ. അവൻ വെറുതെയങ്ങനെ ഉണ്ടായവനല്ല.’’ അതു പറയുമ്പോൾ നിറഞ്ഞുനിറഞ്ഞു നിൽക്കുന്ന അഭിമാനം മുത്തിയുടെ സ്വരത്തിലുണ്ടായിരുന്നു.

‘‘എങ്ങനെയാ മുത്തീ മിന്നലമ്മാവൻ ഉണ്ടായത്?’’ മുത്തിയോടു ചേർന്നുനിന്ന ആനക്കുട്ടി ചോദിച്ചു.

‘‘പറയാം.’’ ആനത്തം ഭൂമിയിലെത്തിയ ആ സംഭവമാണ് മുത്തിയപ്പോൾ ആലോചിച്ചത്.

തുടരും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com