തിത്തിമോൾക്കുള്ള സമ്മാനം

aanatham
SHARE

നമ്മുടെ അദ്ഭുതയാനക്കുട്ടനുണ്ടായിക്കഴിഞ്ഞ് പത്തിരുപതു വർഷത്തിനു ശേഷമുള്ള സംഭവങ്ങളാണു കേട്ടോ. ഇതൊക്കെ നടക്കുന്നതു നാട്ടിലാണ്. പാറമടയും മരമില്ലും തോക്കുപണിക്കാരും വെടിമരുന്നുമൊക്കെയുള്ള നാട്ടിൽ. അവിടത്തെ പ്രധാന പണക്കാരനായ ചെറുപ്പക്കാരനാണ് മണ്ണുപാറ സുബിൻ.

മണ്ണുപാറ എന്നുള്ളത് വീട്ടുപേരല്ല. മണ്ണിന്റെയും പാറയുടെയും കച്ചവടമുള്ളതുകൊണ്ട് ആളുകൾ വിളിക്കുന്ന പേരാണത്. നമ്മളീ പറയുന്ന സംഭവങ്ങൾ നടക്കുന്ന സമയത്ത് ഈ മണ്ണുപാറ സുബിന് ഒരു കല്യാണം കഴിച്ചാലോ എന്നു തോന്നി. ആ തോന്നൽ വന്നുകഴി‍ഞ്ഞതിൽപിന്നെ സുബിന് ഇരുന്നിട്ട് ഇരിപ്പില്ല, നിന്നിട്ട് നിൽപില്ല, കെടന്നിട്ട് കെടപ്പില്ല, നടന്നിട്ട് നടപ്പില്ല, ഓടീട്ട് ഓട്ടമില്ല, ആകെ കുഴഞ്ഞു.

നാട്ടിലെ ഏറ്റവും മുന്തിയ സുന്ദരിയും അതിലും മുന്തിയ പൊങ്ങച്ചക്കാരിയുമായ തിത്തിമോളെ കണ്ടപ്പോഴാണ് സുബിനു കല്യാണം കഴിക്കണമെന്ന തോന്നലുണ്ടായത്. സുബിൻ തന്റെ തോന്നൽ തിത്തിമോളോടു പറഞ്ഞു. അവളുണ്ടോ മൈൻഡാക്കുന്നു. ഒടുവിൽ തിത്തിമോളുടെ കൂട്ടുകാരിയാണ് ആ രഹസ്യം മണ്ണുപാറ സുബിനോടു പറഞ്ഞത്.

‘‘അതേ, വെറുതെയൊന്നും തിത്തിമോളെ കല്യാണം കഴിക്കാൻ പറ്റില്ല. അവൾക്ക് ഒരു സമ്മാനം കൊടുത്താലേ‍ സമ്മതിക്കുകയുള്ളൂ.’’

‘‘അത്രയേ ഉള്ളോ കാര്യം? അവൾക്ക് എന്തു സമ്മാനമാണു വേണ്ടത്? കാറാണോ? ഡയമണ്ട് മാലയാണോ? ലോകം ചുറ്റണോ? ഇപ്പോൾ പറഞ്ഞാൽ നാളെ കൊടുത്തിരിക്കും.’’ മണ്ണുപാറ ഉറപ്പിച്ചു പറഞ്ഞു.

‘‘അയ്യേ, അങ്ങനത്തെ ആപ്പയൂപ്പ സമ്മാനങ്ങളൊന്നും പറ്റില്ല. ഇതൊക്കെ കാശുള്ള ആർക്കും കൊടുക്കാൻ പറ്റുന്നതല്ലേ? വേറെയൊരാൾക്കും കിട്ടാൻ ഒരു സാധ്യതയുമില്ലാത്ത സമ്മാനമായിരിക്കണം അത്. നിങ്ങളാദ്യം അതെന്താണെന്നു കണ്ടുപിടിക്ക്, എന്നിട്ടതു സംഘടിപ്പിക്ക്. അതിനുശേഷം ബാക്കിയെല്ലാം.’’

ഇതു കേട്ടപ്പോ മണ്ണുപാറയ്ക്ക് ഭയങ്കര ആധിയായി. അങ്ങനെയൊരു സാധനമുണ്ടോ? അതാണ് ആദ്യമറിയേണ്ടത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ മണ്ണുപാറ വേറൊരു പണിയുമെടുക്കാതെ ആ സമ്മാനത്തിനുവേണ്ടി അന്വേഷിച്ചു നടപ്പുതുടങ്ങി.

കാശുള്ളവനു മേടിക്കാൻ പറ്റാത്ത എന്താണുള്ളത്? അതു മാത്രമല്ല, അതുപോലെ വേറൊന്ന് ഉണ്ടാകാനും പാടില്ല. എന്തൊരു തൊല്ലയാ ഇത്. അങ്ങനെയങ്ങനെ ആലോചിച്ചപ്പോൾ ഈ കല്യാണം നാശംപിടിച്ച സംഗതിയാണെന്നുവരെ മണ്ണുപാറയ്ക്കു തോന്നി. പക്ഷേ, അതു കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ.

മണ്ണുപാറയുടെ ആധി കുറച്ചുകൂടിയങ്ങു കയറി. ആധി കയറിക്കഴിഞ്ഞാൽ‍ അന്നേരെ ഒരു കെലുകിലാവിറ വരുന്ന അസുഖമുണ്ട് മണ്ണുപാറയ്ക്ക്. പിന്നെയതു പോകണമെങ്കിൽ കാട്ടിറച്ചി തിന്നണം.

അങ്ങനെ വിറ കയറിയ സുബിൻ നേരെ പോയത് തോക്കുകാരൻ ചാണ്ടിയുടെ വീട്ടിലേക്കാണ്. അവിടെ ചെന്നാലല്ലേ കാട്ടിറച്ചി കിട്ടുകയുള്ളൂ. പക്ഷേ, സുബിൻ ചെന്നപ്പോൾ തോക്കുകാരൻ ചാണ്ടീടെ വീട്ടിൽ ഒരിച്ചിരിക്കഷണംപോലും കാട്ടിറച്ചിയില്ല.

അവന്റെ വിറയൽ പോകാൻവേണ്ടി ചെമ്പരത്തിപ്പൂവ് അരച്ചുകലക്കിയ തേങ്ങാവെള്ളമാണ് ചാണ്ടി കൊടുത്തത്. പക്ഷേ, എന്തുപറ്റി, വെള്ളം കുടിച്ചതോടെ വിറയലങ്ങു കൂടി.

‘‘സുബിൻമോനേ, ഇങ്ങനെ വിറയലുണ്ടാകാൻ എന്താടാ കാരണം?” കസേരയിളക്കുന്ന വിറ കണ്ട് ചാണ്ടി ചോദിച്ചു.

‘‘ആധി വന്നിട്ടാ ചാണ്ടിച്ചേട്ടാ.’’ വിറച്ചുകൊണ്ടുതന്നെ സുബിൻ പറഞ്ഞു.

‘‘ഇത്ര കടുത്ത ഒരാധിവരാൻ എന്താടാ കാരണം?” ചാണ്ടിച്ചൻ‍ വിടുന്നില്ല.

‘‘അതേ, തിത്തിപ്പെണ്ണിന് ഒരു സമ്മാനം കൊടുക്കണം. വേറൊരാൾക്കും കിട്ടാൻ സാധ്യതയില്ലാത്ത ഒരു സമ്മാനം.’’ നാണിച്ചുനാണിച്ച് മണ്ണുപാറ പറഞ്ഞൊപ്പിച്ചു.

‘‘ഓ, കല്യാണമോഹമാണ് അല്ലേ?’’ ചാണ്ടിച്ചന്റെ ചോദ്യത്തിന് നാണിച്ചൊരു തലയാട്ടലാണ് മണ്ണുപാറയുടെയടുത്തുനിന്നു മറുപടിയായിട്ടുണ്ടായത്. പിന്നെയൊരു ചോദ്യവുമുണ്ടായി.

‘‘എന്താ ചാണ്ടിച്ചാ അങ്ങനെയൊരു സമ്മാനമുള്ളത്?’’

‘‘എന്റെയറിവിലെങ്ങും അങ്ങനെയൊരു സമ്മാനമില്ല.’’ എന്നുപറഞ്ഞെങ്കിലും ചാണ്ടിച്ചൻ അങ്ങനെ വല്ല സാധനവുമുണ്ടോ എന്നു തലച്ചോറിളക്കി ആലോചിച്ചു.

കാരണമെന്താ? മണ്ണുപാറയുടെയടുത്തു പിടിപ്പത് കാശുണ്ട്. അങ്ങനെയൊരു സമ്മാനം കൊടുത്താ മണ്ണുപാറ വാരിക്കോരി തരും.

കല്യാണമാണല്ലോ പ്രശ്നം. അതിനു പറ്റിയ സമ്മാനമേതാണെന്ന് ആലോചിച്ചപ്പോൾ ചാണ്ടിച്ചന്റെ മനസ്സിൽ പെട്ടെന്നുവന്നത് അയാള് കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും സുന്ദരമായ ഒരു കല്യാണജീവിതമാണ്. ശരിക്കും അയാള് കണ്ടിട്ടുള്ളതിൽവച്ച് മാത്രമല്ല, ലോകത്തിലെ ഏറ്റവും സുന്ദരമായ ജീവിതംതന്നെ അതായിരുന്നു.

‘‘ശ്ശെടാ അവൻ എന്തു സമ്മാനമായിരിക്കും അവൾക്കു കൊടുത്തിട്ടുണ്ടാവുക?’’ ചാണ്ടിച്ചൻ ഉറക്കെ സ്വയമങ്ങ് ചോദിച്ചു.

‘‘ആര് ആർക്കാ ചേട്ടാ?’’ മണ്ണുപാറയ്ക്ക് ആകാംക്ഷയായി.

‘‘ഓ, അതു മനുഷ്യന്മാരല്ലന്നേ, കാട്ടാനകളാ. മയിൽപ്പീലിക്കൊമ്പൻ ആ ഓലച്ചെവിക്കാരിക്കു കൊടുത്തതെന്തായിരിക്കുമെന്നാ ഞാൻ ആലോചിച്ചെ.”

‘‘മയിൽപ്പീലിക്കൊമ്പനോ?’’

‘‘അതേന്നേ, നമ്മടെ കാട്ടിലൊരു കൊമ്പനുണ്ട്. അവനുള്ള കൊമ്പുകളുടെയത്ര ഭംഗിയും വലുപ്പവുമുള്ള വേറെ രണ്ടെണ്ണം ഞാനെന്നല്ല ആരും കണ്ടിട്ടുണ്ടാവില്ല. വെളുപ്പല്ല അവന്റെ കൊമ്പിന്, ഈ മയിൽപ്പീലിയിൽ പല നിറങ്ങള് വരില്ലേ, വെയിലു തട്ടുമ്പോൾ അവന്റെ കൊമ്പ് അങ്ങനെയാ. പല നിറങ്ങളായിട്ടു തിളങ്ങും. ആ കാഴ്ചയുടെയത്രയും നല്ല ഒരു കാഴ്ച ലോകത്തുണ്ടാവില്ല. അതുകൊണ്ടാണവനെ മയിൽപ്പീലിക്കൊമ്പനെന്നു വിളിക്കുന്നത്.’’

‘‘അതു കൊള്ളാല്ലോ.’’ എന്തൊക്കെയോ ആലോചനകൾ മണ്ണുപാറ സുബിന്റെയുള്ളിൽ നടന്നു.

‘‘ആ കൊമ്പുകളെനിക്കു കിട്ടുവോ ചാണ്ടിച്ചേട്ടാ?’’ സുബിൻ പെട്ടെന്നു ചോദിച്ചു.

‘‘അയ്യോ, സുബിനേ അതു നടക്കൂന്ന് തോന്നുന്നില്ല. അവനേ സാധാരണ ഒരു ആനയല്ലെന്നാ മൂപ്പൻമാര് പറയുന്നത്.”

മൂപ്പൻമാര് പറഞ്ഞതു ശരിയാണല്ലോ. ആകാശത്തുനിന്നു വന്ന ആനത്തം നിറഞ്ഞ് പൂക്കാലത്തു പിറന്ന അദ്ഭുതയാനയല്ലേ മയിൽപ്പീലിക്കൊമ്പൻ. ആ കാട്ടിലും അടുത്ത കാടുകളിലുമുള്ള എല്ലാ ആനകളുടെയും സ്നേഹമേറ്റാണ് അവൻ വളർന്നത്. സ്നേഹം വാങ്ങിക്കുക മാത്രമല്ല, ഇരട്ടിയിരട്ടിയിരട്ടിയായി അവൻ തിരിച്ചുകൊടുക്കുകയും ചെയ്യും.

അതുകൊണ്ട് ലോകത്തു മറ്റൊരിടത്തും മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധം ഭംഗിയുള്ള അവന്റെ കൊമ്പിന് ആരും കണ്ണുവച്ചില്ല. അതങ്ങനെ വളർന്ന് ശുദ്ധ ആനത്തമായി‍ തെളിഞ്ഞുതെളിഞ്ഞു നിന്നു.

അവനോട് എല്ലാവർക്കും കൂട്ടുണ്ടെങ്കിലും ആ ഓലച്ചെവിക്കാരിക്കായിരുന്നു ഏറ്റവും അടുപ്പം. സൂര്യനുദിച്ച് മരങ്ങൾക്കു മുകളിൽ പൊന്തുന്ന സമയംവരെ മഞ്ഞുള്ള ഒരു വെളുപ്പാൻകാലത്താണ് അവർ കൂട്ടുകൂടാൻ തുടങ്ങിയത്. മയിൽപ്പീലിക്കൊമ്പനും ഓലച്ചെവിക്കാരിയും അങ്ങനെ നടക്കും.

പുള്ളിമാനുകളും കാട്ടാടുകളുമൊക്കെ പുൽനാമ്പുകൾ കടിച്ചുപറിച്ചെടുത്ത് പരസ്പരം കൈമാറുന്ന പുൽമേടുകളിലൂടെ...

വരയൻപരലുകൾ കൂട്ടുകാരിയുടെ പിന്നാലെ ഓടിച്ചെന്ന് മുട്ടിയുരുമ്മുന്ന തെളിവെള്ള ചോലകളിലൂടെ...

മലയണ്ണാനുകൾ‍ താന്നിക്കായകൾ കടിച്ചുപൊട്ടിച്ച് ഉള്ളിലെ വെള്ളമധുരം പങ്കുവയ്ക്കുന്ന മരങ്ങൾക്കു ചുവട്ടിലൂടെ...

ചിറകൊതുക്കിയ ചീവീടുകൾ കൂട്ടുകാർക്കുവേണ്ടി താഴ്ത്തിയുമുയർത്തിയും പാടുന്ന പാട്ടുകൾ കേട്ടുകൊണ്ട് മുളങ്കാടുകൾക്കുള്ളിലൂടെ... അവരങ്ങനെ നടക്കും.

അവർ കണ്ടുമുട്ടി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിക്കൊമ്പൻ പിറന്നു. അവനു കൊമ്പു മുളച്ചപ്പോൾ മിന്നലിന്റെ ഭംഗിയുണ്ടായിരുന്നതുകൊണ്ട് മിന്നൽക്കൊമ്പനെന്നാണ് എല്ലാവരും അവനെ വിളിച്ചത്.

ആ മിന്നൽക്കൊമ്പനു നാലു വയസ്സുള്ളപ്പോഴാണ് മണ്ണുപാറ സുബിന് തിത്തിമോളെ കല്യാണം കഴിക്കണമെന്നു തോന്നുന്നതും മണ്ണുപാറ വിറച്ചുകൊണ്ട് തോക്കുകാരൻ ചാണ്ടിയുടെയടുത്ത് എത്തുന്നതും.

ആ കൊമ്പുകളെനിക്കു കിട്ടുമോ ചാണ്ടിച്ചേട്ടാന്ന് സുബിൻ ചോദിച്ചപ്പോൾ നടക്കില്ലാന്നുതന്നെയാണല്ലോ ചാണ്ടിച്ചേട്ടൻ പറഞ്ഞത്. പക്ഷേ, സുബിൻ പിന്നെയൊരു കാര്യം പറഞ്ഞു.

‘‘ചാണ്ടിച്ചേട്ടാ, കേട്ടിടത്തോളം ലോകത്തു മറ്റാർക്കും കിട്ടാത്ത സാധനമാണ് ആ കൊമ്പുകൾ. മയിൽപ്പീലിനിറമുള്ള ആനക്കൊമ്പുകൾ. അതിനപ്പുറമൊരു സമ്മാനം തിത്തിപ്പെണ്ണിനു കൊടുക്കാനില്ല ചാണ്ടിച്ചേട്ടാ.”

‘‘സംഗതി ശരിയാണ്. പക്ഷേ, അതു സംഘടിപ്പിക്കൽ നിസ്സാരമല്ല സുബിനേ.” ചാണ്ടിച്ചേട്ടൻ കാര്യത്തിന്റെ ഗൗരവം പറഞ്ഞു.

‘‘നിസ്സാരമല്ല, എനിക്കറിയാം. പക്ഷേ, അതു കിട്ടാൻ എത്ര പണം വേണമെന്ന് ചാണ്ടിച്ചേട്ടനു പറയാം. പോരെന്നു തോന്നിയാൽ വീണ്ടും പറയാം. ആലോചിക്ക് ചാണ്ടിച്ചേട്ടാ.”

ആ നിമിഷംതൊട്ട് ആലോചന ആരംഭിച്ച ചാണ്ടിച്ചനെ പിരിയത്തം പിടികൂടി. പണം കിട്ടുമല്ലോ എന്നു വിചാരിച്ച് തുടങ്ങുന്ന ആലോചനകളെല്ലാം അതു മേടിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിക്കാനേ പിരിയത്തം സമ്മതിക്കൂ.

അങ്ങനെ മിന്നൽക്കൊമ്പന്റെ അച്ഛനായ മയിൽപ്പീലിക്കൊമ്പന്റെ ആനത്തക്കൊമ്പുകൾ‍ തട്ടിയെടുക്കാൻ തോക്കുകാരൻ ചാണ്ടിച്ചൻ തീരുമാനിച്ചു.

അതും ഒരു മഞ്ഞുകാലമായിരുന്നു. സന്ധ്യമയങ്ങുന്നതിനു മുൻപേ കാട്ടിൽ മഞ്ഞിറങ്ങും. മയിൽപ്പീലിക്കൊമ്പനും ഓലച്ചെവിക്കാരിയും അപ്പോഴും കൂട്ടുകൂടിത്തന്നെ നടക്കുകയാണ്. അവരുടെ വിളിപ്പാടകലെ കൊച്ചുമിന്നൽക്കൊമ്പനുമുണ്ടാകും.

ഒരു മാസത്തോളമായി വെടിക്കാരൻ ചാണ്ടിച്ചൻ അവരറിയാതെ മയിൽപ്പീലിക്കൊമ്പനെ പിന്തുടരാൻ തുടങ്ങിയിട്ട്. പക്ഷേ, അടുത്തു കിട്ടുമ്പോഴേക്കും എന്തെങ്കിലും തടസ്സം വരും. ഒരിക്കൽ ഒരു പാമ്പു കടിക്കാൻ വരികയാണു ചെയ്തത്. നെല്ലിടയ്ക്കാണ് പാമ്പിന്റെ വായിൽനിന്നു ചാണ്ടിച്ചൻ രക്ഷപ്പെട്ടത്.

പിന്നീടൊരിക്കൽ വെടിപൊട്ടിക്കാനൊരുങ്ങുമ്പോഴേക്ക് ഒരു വലിയ ഇടിവെട്ടി ഉന്നംതെറ്റി. കാട്ടുവള്ളിയിൽ കുടുങ്ങുക, കണ്ണുകാണാതായിപ്പോവുക, കാലുതെറ്റി വീഴുക, അട്ടകടി, ചൊറിച്ചില് തുടങ്ങി തടസ്സത്തോടു തടസ്സം. എത്ര കോടി രൂപ കിട്ടിയാലും ഈ ആനക്കൊമ്പു വേണ്ട എന്നുവരെ തോന്നിപ്പോയി ചാണ്ടിച്ചന്.

പക്ഷേ, കാശിനോടുള്ള അത്യാഗ്രഹം മനുഷ്യരെ എന്തുംചെയ്യാൻ മടിയില്ലാത്തവരാക്കി മാറ്റുമല്ലോ. അവരെ സഹായിക്കാൻ പിരിയത്തമുണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് ചാണ്ടിച്ചന്റെ ക്രൂരത വിജയിക്കുന്ന ആ ദിവസം വന്നെത്തിയത്.

സന്ധ്യമയങ്ങാൻ ഇനിയും സമയമുണ്ട്. ഒരു വലിയ പാറയ്ക്കുമുകളിൽ രണ്ടു ദിവസമായി അനക്കമില്ലാതെ കാത്തിരിക്കുകയാണ് ചാണ്ടിച്ചൻ. ആ പാറക്കെട്ടിന്റെ കുറച്ചുമാറി വലിയൊരു ചടച്ചിൽമരം തളിർത്തു നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോഴാണ് അതിന്റെ തൊലിക്ക് ഏറ്റവും രുചിയുള്ളത്.

കൂട്ടുകൂടി നടക്കുന്ന ആനകൾ കൂട്ടുകാരികൾക്കു സമ്മാനിക്കുന്ന വിശിഷ്ട വിഭവമാണ് തളിർത്തു നിൽക്കുന്ന ചടച്ചിലിന്റെ തൊലി. ഓലച്ചെവിക്കാരിക്ക് ആ മധുരത്തൊലി കീറിക്കൊടുക്കാൻ മയിൽപ്പീലിക്കൊമ്പൻ എന്തായാലും വരുമെന്ന് ചാണ്ടിച്ചനറിയാം.

മയിൽപ്പീലിക്കൊമ്പനുവേണ്ടി പിരിഞ്ഞുപിരിഞ്ഞിരിക്കുന്ന കോൺക്രീറ്റുകമ്പി നാലിഞ്ചു നീളത്തിൽ മുറിച്ച് കൂർമ്പിച്ച് പ്രത്യേക തിരയുണ്ടാക്കി. ആ തിരയിട്ടു നിറച്ച തോക്കുമായിട്ടാണ് ചാണ്ടിച്ചൻ വന്നിട്ടുള്ളത്. ചാണ്ടിച്ചന്റെ ഊഹം തെറ്റിയില്ല. മയിൽപ്പീലിക്കൊമ്പനും ഓലച്ചെവിക്കാരിയും മുട്ടിയുരുമ്മി ചടച്ചിലിനടുത്തേക്കു പതുക്കെ നടന്നുവന്നു.

അവരുടെ പിന്നിലായി കൊച്ചുമിന്നൽക്കൊമ്പനുമുണ്ട്. പക്ഷേ, അവൻ ചടച്ചിലിനടുത്തേക്കു വന്നില്ല. അപ്പുറത്തുള്ള ഒരു കാട്ടുതെങ്ങിന്റെ കൂമ്പൊടിക്കാൻ നോക്കുകയായിരുന്നു അവൻ.

മയിൽപ്പീലിക്കൊമ്പൻ ചടച്ചിലിന്റെ തൊലികീറാൻ തുടങ്ങുമ്പോഴേക്കും ചാണ്ടിച്ചൻ തന്റെ ആനത്തോക്കെടുത്ത് വലിയൊരു വെടി പൊട്ടിച്ചു. പിരിയത്തം അതിവേഗത്തിൽ പോയി മയിൽപ്പീലിക്കൊമ്പന്റെ മസ്തകത്തിലേക്കു കയറി.

ചിന്നംവിളിച്ചുകൊണ്ട് കൊമ്പൻ വീണുകഴിഞ്ഞപ്പോഴാണ് ഓലച്ചെവിക്കാരിക്ക് അപകടം മനസ്സിലായത്. അവൾ ഭയന്നുപോയെങ്കിലും തന്റെ പ്രിയപ്പെട്ടവന്റെയടുത്തുനിന്നു വിട്ടുപോകാതെ അവനെ താങ്ങിയെഴുന്നേൽപിക്കാൻ ശ്രമിച്ചു.

പേടിച്ചുവിറച്ചുപോയ കൊച്ചുമിന്നൽക്കൊമ്പൻ കാട്ടുതെങ്ങുകൾക്കിടയിലാണ് ഒളിച്ചത്. എന്നാലും തന്റെ അച്ഛൻ ജീവനുവേണ്ടി പിടയ്ക്കുന്നത് അവൻ തെങ്ങോലകൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു.

മയിൽപ്പീലിക്കൊമ്പ് എടുക്കണമെങ്കിൽ ഓലച്ചെവിക്കാരിയെ സ്ഥലത്തുനിന്നു മാറ്റിയെങ്കിലേ സാധിക്കൂ എന്നു തോക്കുകാരൻ ചാണ്ടിച്ചനു മനസ്സിലായി. അതിനുവേണ്ടി എന്തുചെയ്യുമെന്ന് ഒത്തിരി ആലോചിച്ചപ്പോഴാണ് പിരിയത്തം ആ ‍ദുർബുദ്ധി തോന്നിപ്പിച്ചത്.

കാടിനു തീയിടുക. ചാണ്ടിച്ചൻ അറക്കവാൾയന്ത്രത്തിന്റെ പെട്രോൾടാങ്കിൽ നിന്നു കുറച്ചു പെട്രോളെടുത്ത് തുണിയിൽ മുക്കി കാട്ടിലേക്കിട്ടു. അതിലേക്ക് ലാമ്പുരച്ചു തീ കൊളുത്തി.

തീവെട്ടം കണ്ടതേ കൊച്ചുമിന്നൽക്കൊമ്പൻ നിലവിളിക്കാൻ തുടങ്ങി. ആ നിലവിളികേട്ട് അവന്റെ അമ്മ ഓടിയെത്തി. അവൾ മയിൽപ്പീലിക്കൊമ്പന്റെ അടുത്തുനിന്നു മാറിയെന്നു കണ്ടപ്പോൾ ചാണ്ടിച്ചൻ അറക്കവാൾയന്ത്രം സ്റ്റാർട്ടാക്കി. അതും തൂക്കിപ്പിടിച്ച് മയിൽപ്പീലിക്കൊമ്പന്റെ അടുത്തേക്കു നടന്നു.

പിന്നെയവിടെ നടക്കുന്നത് കാണാനുള്ള ശക്തിയില്ലാത്തതുകൊണ്ടും തീ ആളിപ്പടരുന്നതുകൊണ്ടും അമ്മയാന കൊച്ചുമിന്നൽക്കൊമ്പനെയും കൂട്ടി വേഗത്തിൽ അവിടെനിന്നു നടന്നു.

പണ്ടെപ്പോഴോ താൻ കേട്ടിട്ടുള്ള അറക്കവാൾ മെഷീന്റെ ഭീകരമായ ശബ്ദം കേട്ടപ്പോഴാണ് ആനക്കൂട്ടിൽ കിടക്കുന്ന മിന്നൽക്കൊമ്പനു പൂർണബോധം വരുന്നത്.

കൂടിനു ബലംവയ്പിക്കാൻ ഗാർഡുമാർ പുറത്ത് തടി മുറിക്കുകയാണ്. മിന്നൽക്കൊമ്പൻ കത്തുന്ന കണ്ണുകൾകൊണ്ട് അവരെ നോക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA