ഓർമകളിൽ പി.വി.തൊമ്മി

thommi
പി.വി.തൊമ്മി
SHARE

‘എന്തതിശയമേ ദൈവത്തിൻ സ്നേഹം’  എന്ന ഗാനമെഴുതിയ പി.വി.തൊമ്മിയുടെ ഓർമകൾക്ക് ജൂലൈ  10ന്  101 വയസ്സ്...

1919  ജൂലൈ 10. പതിവുപോലെ, കോളറ ബാധിച്ച ഒരു രോഗിയെ ശുശ്രൂഷിക്കാനായി അതിരാവിലെ തൊമ്മി ഉപദേശി വീടുവിട്ടിറങ്ങി. എന്നാൽ, പതിവിനു വിപരീതമായി ഉച്ചയ്‌ക്കു മുൻപേ അദ്ദേഹം മടങ്ങിയെത്തി. വയറ്റിലെന്തോ അസ്വസ്ഥത. ഉപദേശിക്കു കാര്യം പിടികിട്ടി – കോളറ തന്നെയും പിടികൂടിയിരിക്കുന്നു. ഉപദേശിയുടെ ആരോഗ്യം നിമിഷംതോറും വഷളായി.

വിവരമറിഞ്ഞവർ കൂട്ടത്തോടെ ഉപദേശിയുടെ വീടു ലക്ഷ്യമാക്കി ഓടി. തന്റെ അടുത്തെത്തിയവരോട്, ‘ഹാ എത്ര ഭാഗ്യം ഉണ്ടെനിക്ക് ഓർക്കിലെ? ഉള്ളം തുള്ളിടുന്നു’ എന്ന ഉപദേശി തന്നെ എഴുതിയ ഗാനം പാടാനാവശ്യപ്പെട്ടു. പതിഞ്ഞ ശബ്ദത്തിൽ ഉപദേശിയും അവരോടൊപ്പം പാടി. ഈ സമയത്താണ് 14 വയസ്സുള്ള മകൾ സ്കൂളിൽനിന്നു മടങ്ങിയെത്തിയത്. മകളെ ചേർത്തുനിർത്തി പുണർന്ന് ഉപദേശി പറഞ്ഞു: ‘മകളേ, സ്വർഗത്തിലൊരു അപ്പച്ചനുണ്ട്. ദൈവമകളായി ജീവിക്കുക.’ അധികം താമസിയാതെ, 38–ാം വയസ്സിൽ തൊമ്മി ഉപദേശി യാത്രയായി.

ദുരിതകാലം

കോളറ, ടൈഫോയ്ഡ്, വസൂരി തുടങ്ങിയ രോഗങ്ങൾ തൃശൂർ, കുന്നംകുളം പ്രദേശങ്ങളെ കാർന്നു‌തിന്നിരുന്ന കാലം. ദൈവശിക്ഷയുടെ ഭാഗമായാണ് ഇവയുണ്ടാകുന്നത് എന്നായിരുന്നു അക്കാലത്തെ പൊതുധാരണ. അതുകൊണ്ട് ഈ രോഗികളോടു മനുഷ്യത്വപൂർണമായ സമീപനത്തിനു ബന്ധുക്കൾ പോലും തയാറായിരുന്നില്ല. എന്നാൽ, മരണത്തോടു മല്ലിട്ടിരുന്ന രോഗികളെ ചെന്നു കാണുന്നതിനും അവർക്ക് ആശ്വാസം പകരുന്നതിനും തൊമ്മി ഉപദേശി മടിച്ചില്ല.

ഒരു ജീവിതം, പല വേഷം

1881ൽ കുന്നംകുളത്തെ ഒരു സാധാരണ മാർത്തോമ്മാ കുടുംബത്തിലായിരുന്നു തൊമ്മിയുടെ ജനനം. പഠനത്തിൽ സമർഥനായിരുന്നു. അഞ്ചാം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് തൊഴിയൂർ പള്ളി സ്കൂളിൽ അധ്യാപകനായി. പിന്നീടു ജോലി ഉപേക്ഷിച്ച് മിഷനറി പ്രവർത്തനത്തിനിറങ്ങി.

ആദ്യം തൃശൂരും പിന്നീട് പെരുമ്പാവൂരും പ്രവർത്തന മേഖലയാക്കി. അക്കാലത്തെ പ്രമുഖ പ്രഭാഷകനായ റവ. എസ്.പരമാനന്ദന്റെ തമിഴ് ഭാഷയിലുള്ള മാരാമൺ കൺവൻഷൻ പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള അവസരം തികച്ചും അപ്രതീക്ഷിതമായി തൊമ്മിക്കു ലഭിച്ചു. ഇതോടെ മാരാമണിലെ പ്രധാന പരിഭാഷകരുടെ ഗണത്തിൽ അംഗത്വവും നേടി. പിന്നീട് അദ്ദേഹം ഗാനരചയിലേക്കു തിരിഞ്ഞു. തൊമ്മിയിൽ ഒളിഞ്ഞിരുന്ന സംഗീതവാസന തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിൽ ജർമൻ മിഷനറി വി.നാഗലിനും (‘സമയമാം രഥത്തിൽ’ രചയിതാവ്) തൃശൂർ സ്വദേശി ജോർജ് മാസ്റ്റർക്കും നിർണായക പങ്കുണ്ട്.

136 ഗാനങ്ങൾ തൊമ്മിയുടെ വിരൽത്തുമ്പിലൂടെ വിരിഞ്ഞു. അതിൽ ഏകദേശം 30 എണ്ണം ജനകീയഗാനങ്ങളാണ്. മലയാളത്തിലെ ഏറ്റവും മികച്ച 10 ക്രിസ്തീയ ഗാനങ്ങളിൽ തൊമ്മിയുടെ ‘എന്തതിശയമേ ദൈവത്തിൻ സ്നേഹം’ ഉൾപ്പെടും എന്നതിൽ സംശയമില്ല. തന്റെ ശ്രദ്ധേയമായ ഗാനങ്ങൾക്കെല്ലാം ഈണം നൽകിയതും അദ്ദേഹം തന്നെ.

തൊമ്മിയുടെ ഗാനങ്ങളുടെ സൗന്ദര്യത്തിന് ഒരു ശതാബ്‌ദം കഴിഞ്ഞിട്ടും ലേശം പോലും ചോർച്ച സംഭവിച്ചിട്ടില്ല. ‘എന്തതിശയമേ ദൈവത്തിൻ സ്നേഹം, എന്നോടുള്ള നിൻ സർവ നന്മകൾക്കായി, വന്ദനം യേശുപര നിനക്കെന്നും’ ഇവയെല്ലാം മരണമില്ലാത്ത ഗാനങ്ങളാണ്. ‘വിശുദ്ധ ഗീതങ്ങൾ’ എന്ന പേരിൽ പാട്ടുപുസ്തകവും പ്രസിദ്ധീകരിച്ചു. ഈ ശ്രമകരമായ ഉദ്യമത്തിനു പിന്നിൽ ചാലകശക്തിയായി മിഷനറി നാഗലും അക്കാലത്തെ മറ്റൊരു പ്രശസ്ത ഗാനരചയിതാവായ ടി.ജെ.വർക്കിയും നിലകൊണ്ടു. 1906ൽ ആദ്യ പതിപ്പായി പുറത്തിറങ്ങിയ ‘വിശുദ്ധ ഗീതങ്ങൾ’ ആറു പതിപ്പുകളിലായി 1915 വരെ പ്രസിദ്ധീകരിച്ചു. 28,000 കോപ്പികളാണ് ആകെ പുറത്തിറങ്ങിയത്. ആറാം പതിപ്പിൽ 443 ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ പാട്ടുപുസ്തകത്തിലൂടെയാണ് മിഷനറി നാഗലിന്റെ പല പാട്ടുകളും വെളിച്ചം കണ്ടത്.

ഗാനരചനയിൽ മാത്രമല്ല, ലേഖനരചനയിലും തൊമ്മിക്കു മികവുണ്ടായിരുന്നു. പണ്ഡിതോചിതങ്ങളായ ലേഖനങ്ങൾ വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം എഴുതി. തൊമ്മിയിലെ ഈ സാധ്യത തിരിച്ചറിഞ്ഞ മിഷനറി നാഗലിന്റെയും മറ്റും പ്രോത്സാഹനത്തിൽ ‘സുവിശേഷ വെൺമഴു’ എന്ന പേരിലൊരു മാസിക പ്രസിദ്ധീകരിക്കുകയും തൊമ്മി അതിന്റെ പത്രാധിപരാകുകയും ചെയ്തു.

തൊമ്മി രചിച്ച ജനകീയ ഗാനങ്ങൾ

വന്ദനം പൊന്നേശുനാഥാ, കർത്തനേയിപ്പകലിലെന്നെ, ഇന്നു പകൽ മുഴുവൻ, അൻപുതിങ്ങും ദയാപരനേ, വൻമഴ താ വൻമഴ താ, വന്ദനം യേശുപരാ, സ്തോത്രം യേശുവേ, എന്നോടുള്ള നിൻ സർവ, പാടി സ്തുതി മനമേ, വന്ദനം വന്ദനം നാഥാ, പാടും ഞാൻ യേശുവിന്, നിനക്കായെൻ ജീവനെ, നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ, ഹാ എത്ര ഭാഗ്യം ഹാ എത്ര ശ്രേഷ്ഠം, ദൈവകൃപ മനോഹരമാം, എന്തതിശയമേ ദൈവത്തിൻ, ഇന്നേരം പ്രിയ ദൈവമേ, യേശുമതിയെനിക്കേശുമതി, രോഗികൾക്കു നല്ല വൈദ്യൻ, യേശുവിൻ വീരന്മാരെ, യേശുവിൻ ദാസന്മാർ നാം ജയിച്ചീടുമേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.