ചെറായി ടു ചെൽസി; സൂപ്പർ താരങ്ങളുടെ മനസ്സുകൊണ്ടു കളിക്കുന്ന ഒരു മലയാളി

vinay
വിനയ് പി.മേനോൻ
SHARE

ഫുട്ബോളിലെ മിന്നുംതാരങ്ങൾ തട്ടിക്കളിക്കുന്നത്  പന്തു മാത്രമല്ല,ആരാധകരുടെ മനസ്സു കൂടിയാണ്. എന്നാലിതാ, ആ സൂപ്പർ താരങ്ങളുടെമനസ്സുകൊണ്ടു കളിക്കുന്ന ഒരു മലയാളി!

ശ്രീധരമേനോൻ തലകുത്തിനിന്നതു ചെറായിയിലാണെങ്കിൽ പേരക്കുട്ടി വിനയ് പി.മേനോൻ തലകുത്തിനിൽക്കുന്നത് ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ചെൽസിയുടെസ്റ്റാംഫഡ് ബ്രിജ് സ്റ്റേഡിയത്തിലാണ്. ഇതാണു രക്തത്തിലൂടെ കൈമാറുന്ന പാരമ്പര്യമെന്നു പറയുന്നത്. എറണാകുളം ചെറായി നീലിവീട്ടിൽ ശ്രീധരമേനോൻ യോഗാചാര്യനായിരുന്നു; യോഗയ്ക്കൊന്നും ഇന്നത്തെപ്പോലെ ഗമയില്ലാത്ത കാലത്ത്. കുടുംബത്തിലെ മറ്റൊരാൾക്കുപോലും ശ്രീധരമേനോന്റ തലകുത്തി നിൽക്കാനുള്ള വിദ്യയുടെ ഡിഎൻഎ കൈമാറിയിട്ടില്ല.

പുതുച്ചേരിയിൽ കായികപഠനം കഴിഞ്ഞ് എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുന്ന സമയത്താണ് വിനയ് പി.മേനോന്റെ തലയിൽ ഒരു മിന്നലുപോലെ, യോഗയ്ക്കു പോയാലോ എന്നു തോന്നിയത്. അന്നു രാത്രിതന്നെ ചെന്നൈയ്ക്കു വണ്ടികയറി. പിന്നീടു നേരെ പുണെയ്ക്കടുത്ത് കൈവല്യധാമ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും. അവിടെ വച്ചാണു വിനയ് അറിയുന്നത് മുത്തച്ഛൻ യോഗയുടെ ഡിഎൻഎ പകർന്നുതന്നാണു പോയതെന്ന്. ജീവിതത്തിലെ പുതിയ വഴികൾ വിനയിനു യോഗ കാണിച്ചുകൊടുത്തു. ആ വഴിയാണ് വിനയിനെ ചെൽസിയെന്ന ലോകോത്തര ഫുട്ബോൾ ക്ലബ്ബിലെത്തിച്ചത്. കളിക്കാരനായല്ല, താരങ്ങളുടെ മനസ്സിനെ തണുപ്പിക്കുന്ന മാനസിക പരിശീലകനായി 11 സീസണായി വിനയ് ചെൽസിയുടെ കൂടെയുണ്ട്.

യോഗാപഠനം കഴിഞ്ഞു വന്നപ്പോൾ വേണ്ടപ്പെട്ട പലരും ചോദിച്ചു, ഇവനു പണിയൊന്നും ആയില്ലേ എന്ന്. യോഗ പഠിപ്പിക്കലൊരു പണിയാണെന്നു പലരും കരുതിയിരുന്നില്ല. കുടുംബത്തിൽ പലരും ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഋഷികേശിലെ പ്രശസ്ത  പഞ്ചനക്ഷത്ര റിസോർട്ടായ ആനന്ദാസിൽ പരിശീലകനായി പോകുമ്പോൾ വിനയിനു കാലം കരുതിവച്ചത് മറ്റു പലതുമായിരുന്നു.

vinay-with-players
സെസാർ അസ്പിലിക്യുയേറ്റ, ഏദൻ ഹസാഡ് എന്നിവരോടൊപ്പം വിനയ്.

ആനന്ദാസ് വൻകിടക്കാരുടെ വിശ്രമകേന്ദ്രമാണ്. പല രാഷ്ട്രത്തലവന്മാരും വൻകിട ബിസിനസുകാരും അവിടെയെത്തുമായിരുന്നു. അവരിൽ പലരും വിനയിന്റെ മുന്നിൽ കൊച്ചുകുട്ടികളെപ്പോലെ കണ്ണടച്ചിരുന്നു പുതിയൊരു ലോകം കണ്ടെത്തി. നിറഞ്ഞ സമാധാനവുമായാണ് പലരും മടങ്ങിയത്. ഗംഗയുടെ തീരത്തുനിന്നു മടങ്ങിയ ചിലരുടെയെങ്കിലും മനസ്സിൽ വിനയ് മേനോന്റെ മുഖവുമുണ്ടായിരുന്നു. പിന്നീടു ദുബായിലേക്കും അവിടെനിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കും വഴി തുറന്നത് ആനന്ദാസിലെ ബന്ധങ്ങളാണ്. ആനന്ദാസിൽ വിനയ് ജോലിക്കു ചേർന്ന ദിവസംതന്നെ ജോലിക്കെത്തിയ ഫ്ലോമ്നി എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. ജോലിക്കു ചേർന്നതിനു സാക്ഷി ഒപ്പിടാൻ ആരുമില്ലാതെ നിന്ന സമയത്തു വിനയ് പറഞ്ഞു, ‘ഞാൻ സാക്ഷിയാകാമെന്ന്’. അതു ജീവിതത്തിലേക്കുള്ള ഒപ്പിടൽ കൂടിയായി. ഫ്ലോമ്നിയെ വിനയ് വിവാഹം കഴിച്ചു.

ദുബായിലേക്കു ജോലി മാറിയപ്പോഴേക്കും വിനയിന്റെ നമ്പർ പല വൻകിടക്കാരുടെയും മൊബൈലിലേക്കു കയറിക്കഴിഞ്ഞിരുന്നു. അതിനിടെ എവിടെയോ വച്ചാണ് റഷ്യൻ എണ്ണക്കമ്പനി മുതലാളിയും ശതകോടീശ്വരനുമായ റോമൻ അബ്ര‍മോവിച്ചിനെ കാണുന്നത്. അദ്ദേഹത്തിന്റെ മകളെയും മരുമകനെയും സമാധാനത്തിന്റെയും ആരോഗ്യത്തിന്റെയും വഴികളിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്ന സമയത്താണ് അവർ ചോദിക്കുന്നത് ലണ്ടനിലേക്കു പോരുന്നോ എന്ന്. വിനയ് ഉടൻ റെഡിയായി.

ലണ്ടനിലെത്തിയാൽ എന്തുചെയ്യും എന്നതിനു വലിയ വ്യക്തത ഇല്ലായിരുന്നു. എന്നാലും വിനയും ഭാര്യയും മകൻ മൂന്നു വയസ്സുകാരൻ അഭയ് മേനോനും യാത്ര തിരിച്ചു. അവിടെ എത്തിയപ്പോൾ നേരെ കൊണ്ടുപോയത് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക്. ഗാലറിയിൽ ആരുമില്ല. കുറച്ചുപേർ മൈതാനത്തു പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. ടീം മാനേജ്മെന്റിലെ പലർക്കും വിനയിനെ പരിചയപ്പെടുത്തി. ഈ ടീമിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ആശങ്കകൾ പിടിച്ചുകെട്ടാനും വിനയ് കൂടെ വേണമെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു. അപ്പോൾ വിനയ് അറിഞ്ഞിരുന്നില്ല, ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിലൊന്നിന്റെ പരിശീലക സംഘത്തിലേക്കു താൻ കാലെടുത്തുവയ്ക്കുകയാണെന്ന്, ഇനി കാണാൻ പോകുന്നതു കോടികൾ വിലയുള്ള താരങ്ങളെയാണെന്ന്. റോമൻ അബ്രമോവിച്ച് ചെൽസിയുടെ ഉടമയായിരുന്നു!

terry-vinay
വിനയ്, ഭാര്യയ്ക്കും മകനുമൊപ്പം, ജോൺ ടെറിയോടൊപ്പം.

ചെൽസിയുടെ പരിശീലകപ്പട്ടികയിൽ  വിനയിന്റെ പേരും തെളിയുന്ന സമയത്ത് ജീവിതത്തിലേക്കു തിരിഞ്ഞു നോക്കിയിട്ടുണ്ടോ?

ഓരോ ദിവസവും ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാറുണ്ട്. ഇഷ്ടമുള്ളതു പഠിക്കാൻ വിട്ട അച്ഛനും അമ്മയുമാണ് ഇവിടെ എത്താനുള്ള ആദ്യ ടിക്കറ്റ് എടുത്തു നൽകിയത്. സത്യത്തിൽ, കുട്ടികളെ അവർ കണ്ടെത്തുന്ന വഴിക്കു വിടാൻ കഴിയണം. സ്വന്തം പ്ലാറ്റ്ഫോമിൽനിന്നു ലോകത്തെ കാണുന്ന രക്ഷിതാക്കൾ അതുതന്നെയാണ് മക്കളുടെ ലോകമെന്നു കരുതും. എന്റെ മകൻ എന്നെക്കാൾ ഉയർന്ന പ്ലാറ്റ്ഫോമിൽനിന്നാണു ലോകത്തെ കാണുന്നതെന്ന് ഓരോ രക്ഷിതാവും ഓർക്കണം. അത്യാവശ്യത്തിനു മാത്രം കെട്ടിയിട്ടതുകൊണ്ടാണു ഞാനിവിടെ എത്തിയത്.

സത്യത്തിൽ വിനയ് യോഗയാണോ പഠിപ്പിക്കുന്നത്?

അതു മാത്രമല്ല പഠിപ്പിക്കുന്നത്. ഓരോരുത്തർക്കും ഓരോ പ്രശ്നമാണ്. അതിനെ പൊതുവായി പരിഹരിക്കാനുമാകില്ല. 50,000 പേർ അലറിവിളിച്ചുകൊണ്ടിരിക്കെ പെനൽറ്റി കിക്കെടുക്കാൻ ഓടിവരുന്ന കളിക്കാരന്റെ മനസ്സിനു വേണ്ടത് ഏകാഗ്രതയാണ്. അയാൾ ആ സ്റ്റേഡിയത്തെ മറന്ന് പന്തിലേക്കു മാത്രം മനസ്സിനെ എത്തിക്കണം. എത്ര വലിയ കളിക്കാരനായാലും ഒരു സെക്കൻഡിന്റെ നൂറിലൊരു അംശത്തിലെ ഏകാഗ്രതക്കുറവു മതി എല്ലാം തകരാൻ. ഞാൻ ചെയ്യുന്നതു മൈൻഡ് മാപ്പിങ് ആണ്. മനസ്സുപോകുന്ന വഴി വരച്ചിടുമ്പോൾ എവിടെയെല്ലാം പോകണം, എവിടെ പോകാതിരിക്കണമെന്നു കണ്ടെത്താനാകും.

കളിക്കാർ വലിയ പിരിമുറുക്കത്തിലൂടെയാണോ പോകുന്നത്?

ഏതു ക്ലബ്ബിലെ കളിക്കാരനും പിരിമുറുക്കമുണ്ടാകും. അവരുടെ കളിജീവിതം തുടങ്ങുന്നതു 18 വയസ്സിലാണ്. ചെൽസി പോലൊരു ക്ലബ്ബിന്റെ അക്കാദമിയിൽ വളരുന്നത് രാകിമിനുക്കിയ കളിക്കാരാണ്. സീനിയർ ടീമിലെ ഏതു കളിക്കാരനും പകരംവയ്ക്കാവുന്ന പ്രതിഭകൾ. 

ഏതെങ്കിലുമൊരു കളിക്കാരൻ പരുക്കേറ്റു ബെഞ്ചിലിരുന്നാൽ ആ നിമിഷം കത്തിക്കയറാൻ കെൽപുള്ളവർ. പരുക്കേറ്റവർക്കു പിന്നീടു തിരിച്ചുവരാനാകണമെന്നില്ല. ഒരു ചെറിയ പരുക്കുപോലും വിധി മാറ്റിയെഴുതും... ഇതെല്ലാം പിരിമുറുക്കത്തിനു കാരണമാണ്. ഒന്നു പാളിയാൽ ആ നിമിഷം അസ്തമിച്ചേക്കാവുന്നതാണ് ഫുട്ബോൾ കളിക്കാരുടെ ജീവിതം.

പരുക്കും മാനസിക പിരിമുറുക്കവുമായി ബന്ധമുണ്ടോ?

തീർച്ചയായുമുണ്ട്. പിരിമുറുക്കം കൂടുമ്പോൾ പരുക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. പരുക്കേൽക്കാതെ നോക്കാൻ അത്രയും ശാന്തമായൊരു മനസ്സു വേണം.

vinay-salah
മുഹമ്മദ് സലായോടൊപ്പം.

ഒരു കളിയിലെ തോൽവി കളിക്കാരെ വലിയ പ്രയാസത്തിലാക്കാറുണ്ടോ?

ഓരോ കളിയും അതു കഴിഞ്ഞ ഉടനെ മറക്കണമെന്നാണു കളിയുടെ മന്ത്രം. കളിയിൽ ഇന്നലെകളില്ല, നാളെ മാത്രമേയുള്ളൂ. കളിക്കുന്ന 90 മിനിറ്റിൽ എന്തു നടക്കുന്നുവെന്നാണു നോക്കുക. ഓരോ കളിക്കാരനും കാത്തിരിക്കുന്നത് അടുത്ത 90 മിനിറ്റിനാണ്, കഴിഞ്ഞുപോയതിനല്ല.

എത്രയോ കോടീശ്വരന്മാർ വിനയിനെ കണ്ടു പരിശീലനം നേടി ശാന്തതയ്ക്കു ശ്രമിക്കുന്നു. കോടീശ്വരന്മാർക്കെല്ലാം എന്താണു പ്രശ്നം?

കാണാനെത്തുന്ന ഒരാളുടെപോലും പേരു പുറത്തുപറയില്ല. എന്തെല്ലാം നേടിയാലും ജീവിതത്തിൽ ചില സമയത്തു തനിച്ചായിപ്പോകും. അവിടെവച്ചാണു പലതും തിരിച്ചറിയുന്നത്. അങ്ങനെ വഴിയിൽ പകച്ചുനിന്നവരോട് ഈ വഴി പോകാമെന്നു കാണിച്ചുകൊടുക്കുക മാത്രമാണു ഞാൻ ചെയ്യുന്നത്. ഓരോരുത്തരുടെയും ഗുരു അവനവൻ തന്നെയാണ്. ആ ഗുരുവിനെ കാണിച്ചുകൊടുക്കാൻ നോക്കുന്നു. ചിലർ പെട്ടെന്നു കണ്ടെത്തും. വാഹനത്തിന്റെ ഗ്ലാസിലെ മൂടൽമഞ്ഞു തുടച്ചുകൊടുക്കുന്നതുപോലുള്ളൊരു ജോലിമാത്രമാണ് എന്റേത്. കാണേണ്ടതു നിങ്ങളാണ്.

കോവിഡ് ആളുകളുടെ മാനസികാവസ്ഥ ആകെ ഉലച്ചതായി തോന്നിയിട്ടുണ്ടോ?

കോവിഡ് ഒരു തിരിച്ചറിവാണ്. നമ്മുടെ പണമായുള്ള സമ്പാദ്യം കൃത്യമായി സൂക്ഷിക്കാൻ നാം പലരുടെയും ഉപദേശം തേടും. എന്നാൽ, പണം മാനദണ്ഡമല്ലെന്നു കോവിഡ് പഠിപ്പിച്ചു. ഹെൽത്ത് മാനേജ്മെന്റാണ് അതിലും പ്രധാനപ്പെട്ടത്. നമുക്ക് ആരോഗ്യമുണ്ടെങ്കിലേ ഇതെല്ലാം അനുഭവിക്കാനാകൂ. നമ്മുടെ ശരീരമാണു രോഗങ്ങളെ പ്രതിരോധിക്കുന്നത്.

അതിനെ അതിനായി ചിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതാണ് ഈ സമയത്തു യോഗയെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നത്. സമയം കിട്ടാറില്ലെന്നു പറയാറുള്ള പലരും ഇപ്പോൾ ഉലഞ്ഞുപോയിരിക്കുന്നു. പണം കൊണ്ടു വാങ്ങാവുന്നതല്ല പ്രതിരോധമെന്നു പലരും മനസ്സിലാക്കി. അത് ഹെൽത്ത് മാനേജ്മെന്റിലൂടെ മാത്രമേ നേടാനാകൂ.

ഇന്ത്യയിൽനിന്നു ലോകനിലവാരമുള്ള ഫുട്ബോൾ കളിക്കാർ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?

ഇംഗ്ലണ്ടിൽ എത്രയോ രക്ഷിതാക്കൾ ജോലി ഉപേക്ഷിച്ച് കുട്ടികളെ ഫുട്ബോൾ പഠിപ്പിക്കാൻ ക്ലബ്ബുകളുടെ സ്റ്റേഡിയങ്ങൾക്കടുത്തുവന്നു താമസിക്കുകയാണ്. 5 വയസ്സിൽ ഇതു തുടങ്ങും. അവർക്കു ലക്ഷ്യം ഫുട്ബോൾ മാത്രമാണ്. ജീവിത സമ്പാദ്യം ചെലവിട്ടാലും മകളെയോ മകനെയോ വലിയ ഫുട്ബോളറാക്കുന്നത് അവർ സ്വപ്നം കാണുന്നു. നമുക്ക് ഇത്തരം പരിശീലനകേന്ദ്രങ്ങളോ സമർപ്പണമോ ഇല്ല. സയൻസും കംപ്യൂട്ടറുമെല്ലാം പരിശീലനത്തെ പുതിയ തലത്തിൽ എത്തിച്ചിരിക്കുന്നു. ഓരോ നിമിഷവും ചലനവും പഠിച്ചാണു തിരുത്തലുകൾ വരുത്തുന്നത്. ഫുട്ബോൾ അക്കാദമികളിൽ കുട്ടികൾക്കുപോലും ഈ സൗകര്യങ്ങളുണ്ട്. ഇത്തരം പരിശീലനത്തിനു മാത്രമേ, ഇനി വലിയ കളിക്കാരെ ഉണ്ടാക്കാനാകൂ. കളിയുടെ സ്കിൽ മാത്രം മതിയാകില്ല.

വിനയിന്റെ ഭാര്യ ഫ്ലോമ്നിയും യോഗാ പരിശീലകയും വെൽനസ് വിദഗ്ധയുമാണ്. ചെൽസിയുടെ ജനറൽ മാനേജർമാരിൽ ഒരാളായിരുന്ന ഫ്ലോമ്നി ഇപ്പോൾ വിവിധ സർവകലാശാലകളിൽ അധ്യാപികയാണ്. തന്റെ മനസ്സിനെ ശരിയായ വഴിക്കു നടത്തുന്നതിൽ ഫ്ലോമ്നിക്കു വലിയ പങ്കുണ്ടെന്നു വിനയ് പലവട്ടം പറഞ്ഞു.

11 സീസണായി ചെൽസിയുടെ മിക്ക കളികൾക്കും വിനയ് ബോക്സിലുണ്ടായിരുന്നു. അവിടെയിരുന്ന് ഓരോ കളിക്കാരനെയും പഠിക്കുന്നു. പിന്നീട് അവരോട് അതെക്കുറിച്ചു സംസാരിക്കുന്നു. ചെൽസിയുടെ പ്രഗല്ഭരായ മുൻ താരങ്ങൾ ദിദിയേ ദ്രോഗ്ബ, ഏദൻ ഹസാഡ് (ഇപ്പോൾ റയൽ‌ മഡ്രിഡ് താരം), ജോൺ ടെറി എന്നിവരൊക്കെ വിനയ് മേനോനുമൊത്തുള്ള പരിശീലന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വിനയിന്റെ കരുതലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ചെൽസി താരങ്ങൾ മാത്രമല്ല, ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ ഉൾപ്പെടെയുള്ളവരിലേക്കു നീളുന്ന സൗഹൃദക്കളം...

സ്റ്റാംഫഡ് ബ്രിജ് സ്റ്റേഡിയത്തിൽ നിൽക്കുമ്പോഴും ദൂരെ ചെറായി കാണാനാകുന്നു എന്നതാണ് വിനയ് പി.മേനോനെ മണ്ണിൽ ഉറപ്പിച്ചു നിർ‌ത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA