‘പാക്കിസ്ഥാനെ ലക്ഷ്യമിട്ടത് 2 വട്ടം; റഫാലുകൾ പറന്നിറങ്ങിയതിനു പിന്നാലെ പടിയിറക്കം’

B-Suresh-1
എയർ മാർഷൽ ബി.സുരേഷ്. ചിത്രം: ജെ.സുരേഷ് ∙ മനോരമ
SHARE

നാൽപത്തിയാറു വർഷത്തിനു ശേഷമുള്ള മടങ്ങിവരവായിരുന്നു അത്: 2018 ഓഗസ്റ്റ് 1; തിരുവനന്തപുരം ആസ്ഥാനമായുള്ള ദക്ഷിണ വ്യോമ കമാൻഡിന്റെ മേധാവിയായി എയർ മാർഷൽ ബി.സുരേഷ് ചുമതലയേറ്റ ദിവസം. തിരുവനന്തപുരം സ്വദേശിയായ സുരേഷ് പഠനത്തിനായി 1972ൽ കേരളം വിട്ടതാണ്. പിന്നീട് വ്യോമസേനാംഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, ജനിച്ച മണ്ണിലേക്കു നാലരപ്പതിറ്റാണ്ടിനു ശേഷം അന്നു  തിരികെയെത്തിയത് രക്ഷകന്റെ യൂണിഫോം ധരിച്ചാണ്; പ്രളയത്തിൽ മുങ്ങിത്താണ കേരളത്തിലേക്കു പറന്നിറങ്ങിയ രക്ഷകൻ. 

ടേക്ക് ഓഫ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച യുദ്ധവിമാന പൈലറ്റുമാരിലൊരാളായ സുരേഷ്, 40 വർഷം നീണ്ട ഒൗദ്യോഗിക ജീവിതത്തിനൊടുവിൽ വെള്ളിയാഴ്ച വ്യോമസേനയിൽനിന്നു വിരമിച്ചു. 

സംഘർഷം നിലനിൽക്കുന്ന പാക്ക്, ചൈന അതിർത്തികൾക്കു കാവലൊരുക്കുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ മേധാവി എന്ന സുപ്രധാന ചുമതലയാണ് അദ്ദേഹം ഒടുവിൽ വഹിച്ചത്. കഴിഞ്ഞ ദിവസം ഫ്രാൻസിൽനിന്നെത്തിയ റഫാൽ യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാക്കുന്നതിനുള്ള ഒരുക്കങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പൊൻതൂവലുമായാണു സുരേഷിന്റെ പടിയിറക്കം. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡ് മേധാവിയെന്ന നിലയിൽ സുരേഷിന്റെ അധികാരപരിധിയിലുള്ള ഹരിയാനയിലെ അംബാല താവളത്തിലാണ് ബുധനാഴ്ച റഫാലുകൾ പറന്നിറങ്ങിയത്. വിരമിക്കുന്നതിനു 2 ദിവസം മുൻപ്,  ഒൗദ്യോഗിക ജീവിതത്തിലെ അവസാനത്തെ സുപ്രധാന ചുമതലയും അദ്ദേഹം ഭംഗിയായി നിർവഹിച്ചു. 

B-Suresh
എയർ മാർഷൽ ബി.സുരേഷ് കുടുംബത്തിനൊപ്പം.

ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാന കമാൻഡിന്റെ അമരത്തുനിന്നു പടിയിറങ്ങിയ സുരേഷ്, സേനാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ ‘മനോരമ’യോടു പങ്കുവച്ചു; കേരളത്തിലെ പ്രളയവും അതിർത്തിയിലെ പോരാട്ടവീര്യവുമടങ്ങുന്ന ഇരമ്പുന്ന ഓർമകളിലേക്ക് അദ്ദേഹത്തിന്റെ ടേക്ക് ഓഫ്.

നിശ്ചയിച്ചത് ഷില്ലോങ്ങിലേക്ക്; എത്തിയത് തിരുവനന്തപുരത്ത്

2018ൽ മേഘാലയയിലെ ഷില്ലോങ് ആസ്ഥാനമായ കിഴക്കൻ വ്യോമ കമാൻഡിന്റെ ചുമതലയാണു സുരേഷിനായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, പിന്നീട് നിയമനം തിരുവനന്തപുരത്തെ ദക്ഷിണ കമാൻഡിലേക്കു മാറ്റി. ഓഗസ്റ്റ് ഒന്നിനു കമാൻഡ് ആസ്ഥാനത്ത് ചുമതലയേറ്റ അദ്ദേഹം, അഞ്ചാം തീയതി സ്വകാര്യ ആവശ്യത്തിനായി ഡൽഹിയിലേക്കു പോയി.

ഡൽഹിയിലായിരിക്കെ സുരേഷിന്റെ ഫോണിലേക്കു സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന്റെ വിളിയെത്തി. കനത്ത മഴ പെയ്തിറങ്ങിയ കേരളത്തിൽ പ്രളയമുണ്ടായേക്കാമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചു. ഒൻപതിനു തിരുവനന്തപുരത്തു മടങ്ങിയെത്തിയ സുരേഷ്, കമാൻഡിലെ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി. നിരീക്ഷണപ്പറക്കലിനും രക്ഷാദൗത്യത്തിനുമായി ഹെലികോപ്റ്ററുകൾ ആദ്യം അയച്ചതു വയനാട്ടിലേക്ക്. സ്ഥിതി വഷളാകുന്നതിന്റെ സൂചനകൾ ആ യാത്രയിൽ സേനാംഗങ്ങൾ കണ്ടു. കമാൻഡിന്റെ ചുമതലയേറ്റ് ഏതാനും ദിവസത്തിനകം സേനയുടെ ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നിലേക്ക് സുരേഷ് ഇറങ്ങിത്തിരിച്ചു. 

ദൗത്യത്തിനു തുടക്കം

ഓഗസ്റ്റ് 15: വരാനിരിക്കുന്ന ദുരന്തത്തിന് അരങ്ങൊരുക്കി കേരളത്തിൽ മഴ തകർത്തു പെയ്തു. സ്വാതന്ത്ര്യദിനത്തിൽ തമിഴ്നാട്ടിൽ സുലൂരിലെ സേനാ താവളത്തിലേക്കു പോകാനിരുന്ന സുരേഷ് യാത്ര റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ വാർ റൂമിലേക്ക് സുരേഷ് എത്തി. രക്ഷാപ്രവർത്തനത്തിനു വ്യോമസേന പൂർണ സജ്ജമാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെയും സംഘത്തെയും അറിയിച്ചു. 

പോർബന്ദർ (1983), ജാംനഗർ (1998), ഒഡീഷ (1999) എന്നിവിടങ്ങളിലെ പ്രകൃതിദുരന്തങ്ങളിൽ സേനയുടെ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ സേനാ ദൗത്യത്തിന്റെ വിവിധ വശങ്ങൾ അദ്ദേഹം വിവരിച്ചു. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുക, അവർക്കു ഭക്ഷണമുൾപ്പെടെ അവശ്യ വസ്തുക്കൾ എത്തിക്കുക, അവരുടെ പുനരധിവാസം ഉറപ്പാക്കുക എന്നീ 3 ഘട്ടങ്ങളുള്ള രക്ഷാപ്രവർത്തനത്തിന്റെ വിശദരേഖ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയാറാക്കി. വ്യോമസേന ആദ്യ 2 ഘട്ടങ്ങളുടെ ഭാഗമായി. മറ്റു രക്ഷാപ്രവർത്തകർക്ക് എളുപ്പമെത്താൻ സാധിക്കാത്ത ഇടങ്ങളിലേക്ക് സേനാ ഹെലികോപ്റ്ററുകൾ നിയോഗിക്കാൻ തീരുമാനിച്ചു. പുനരധിവാസത്തിന്റെ ചുമതല സർക്കാർ ഏറ്റെടുത്തു. 

ഉയർത്തിയെടുത്തത് 620 ജീവിതങ്ങൾ

വാർ റൂമിലെ യോഗത്തിനു ശേഷം കമാൻഡ് ആസ്ഥാനത്തു മടങ്ങിയെത്തിയ സുരേഷ്, മറ്റു സേനാംഗങ്ങൾക്കൊപ്പം ദ്രുതഗതിയിൽ തയാറെടുപ്പുകൾ നടത്തി. ഇത്തരം ദുരന്തവേളകളിൽ സംസ്ഥാന, ജില്ലാ ഭരണനേതൃത്വങ്ങളുമായി കൃത്യമായ ആശയവിനിമയം ഉറപ്പാക്കേണ്ടതു പ്രധാനമാണ്. ആശയവിനിമയം ഏകോപിപ്പിക്കാൻ തിരുവനന്തപുരത്തും കൊച്ചിയിലും സേനാ ഉദ്യോഗസ്ഥരുൾപ്പെട്ട കർമസേനയ്ക്കു സുരേഷ് രൂപം നൽകി. ഇവർ ജില്ലാ കലക്ടർമാരുമായി ഫോണിൽ ബന്ധപ്പെട്ടു. എവിടേക്കാണു ഹെലികോപ്റ്ററുകൾ അയയ്ക്കേണ്ടതെന്ന വിവരം കലക്ടർമാർ കൈമാറി. 

രാജ്യത്തിന്റെ വിവിധ സേനാ താവളങ്ങളിൽ നിന്നെത്തിച്ച Mi 17 v 5 ഉൾപ്പെടെയുള്ള ഹെലികോപ്റ്ററുകൾ രക്ഷാദൗത്യത്തിനിറങ്ങി. ആകെ 26 ഹെലികോപ്റ്ററുകളാണ് ദൗത്യത്തിനായി നിയോഗിച്ചത്. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാൻ കോപ്റ്ററിൽനിന്നു താഴേക്ക് ഊർന്നിറങ്ങുന്ന സേനാംഗങ്ങൾ കൂടുതലും മലയാളികളായിരിക്കണമെന്നു സുരേഷ് നിർദേശിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഭാഷ തടസ്സമാകാതിരിക്കാനായിരുന്നു ഇത്. 

കാഴ്ച മറയ്ക്കുന്ന വൃക്ഷങ്ങൾ, ശക്തമായ മഴ എന്നിവ രക്ഷാദൗത്യം ദുഷ്കരമാക്കി. എൻജിൻ തകരാറുണ്ടായാൽ ലാൻഡ് ചെയ്യാൻ പോലും കഴിയാത്ത സ്ഥലങ്ങളാണെന്നറിഞ്ഞിട്ടും സേനാംഗങ്ങൾ ദൗത്യത്തിനായി രണ്ടും കൽപിച്ചിറങ്ങി. 620 പേരെയാണു സേന ജീവിതത്തിലേക്ക് ഉയർത്തിയെടുത്തത്. 102 വയസ്സുള്ള സ്ത്രീയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം പേരെ ഹെലികോപ്റ്ററിലേക്ക് ഉയർത്തിയെടുത്ത് രക്ഷപ്പെടുത്തിയ ആദ്യ ദൗത്യം. 

വ്യോമസേനയ്ക്കൊപ്പം കൊച്ചി ആസ്ഥാനമായ നാവികസേനയുടെ ദക്ഷിണ കമാൻഡും ഉശിരുള്ള മത്സ്യത്തൊഴിലാളികളും ഒത്തുപിടിച്ചതോടെ, അന്നുവരെ കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നിനു കേരളം സാക്ഷ്യം വഹിച്ചു. 

Rafale
റഫാൽ യുദ്ധവിമാനങ്ങളെ വരവേൽക്കാൻ ബുധനാഴ്ച ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തിയ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയയും (ഇടത്തു നിന്ന് രണ്ടാമത്) എയർ മാർഷൽ ബി.സുരേഷും (വലത്തേയറ്റം) ഫൈറ്റർ പൈലറ്റുമാർക്കൊപ്പം.

ദുരിതബാധിതർക്കു ഭക്ഷണവുമായി പറന്ന ഹെലികോപ്റ്ററുകളിലൊന്നിൽ സുരേഷും കയറി. ഭക്ഷണമെത്തിക്കാൻ കമാൻഡ് മേധാവി തന്നെ നേരിട്ടിറങ്ങിയതു സേനയിലെ അപൂർവ കാഴ്ചകളിലൊന്നായി. മുന്നിൽനിന്നു നയിച്ച സുരേഷ്, രക്ഷാദൗത്യം പൂർണ വിജയമാണെന്ന് ഉറപ്പാക്കി. 

സേന സജ്ജമാണ്; ധൈര്യമായിരിക്കൂ

ദക്ഷിണ കമാൻഡിന്റെ അമരത്തുനിന്ന് 2019 ഒക്ടോബർ 31നു പടിയിറങ്ങിയ സുരേഷ് നവംബർ ഒന്നിനു ഡൽഹിയിൽ പടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ നേതൃത്വം ഏറ്റെടുത്തു. പടിഞ്ഞാറ് പാക്കിസ്ഥാനും വടക്ക് ചൈനയും വെല്ലുവിളിയുയർത്തുന്ന അതിർത്തി മേഖലകളുടെ വ്യോമസുരക്ഷാ ചുമതല കമാൻഡിനാണ്. സേനയിലെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള കമാൻഡ്. സുരേഷിന്റെ നിയമനത്തോടെ തുടർച്ചയായ മൂന്നു വട്ടം അമരത്ത് മലയാളിയെത്തുന്നുവെന്ന അപൂർവതയ്ക്കും പടിഞ്ഞാറൻ കമാൻഡ് സാക്ഷിയായി. 

കഴിഞ്ഞ ജൂണിൽ ചൈനീസ് അതിക്രമത്തിനു പിന്നാലെ കിഴക്കൻ ലഡാക്ക് അതിർത്തിയിലുടനീളം ചൈനയെ വെല്ലുവിളിച്ച് സേന നടത്തിയ വൻ പടയൊരുക്കത്തിനു ചുക്കാൻ പിടിച്ചതു സുരേഷാണ്. സംഘർഷം ഇപ്പോഴും തുടരുന്ന അതിർത്തിയിലെ സേനാ സന്നാഹങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, ഇത്രമാത്രം പറഞ്ഞു: ‘അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ നമ്മുടെ സേന പൂർണ സജ്ജമാണ്; ധൈര്യമായിരിക്കൂ.’

പാക്കിസ്ഥാനെ ലക്ഷ്യമിട്ട്

പാക്കിസ്ഥാനെതിരെ രണ്ടു തവണ വ്യോമാക്രമണം നടത്തുന്നതിന്റെ വക്കുവരെ എത്തിയതിന്റെ ഓർമകളും സുരേഷിന്റെയുള്ളിൽ ഇരമ്പിപ്പറക്കുന്നുണ്ട്. 1999 ജൂണിൽ കാർഗിൽ യുദ്ധവേളയിലായിരുന്നു ആദ്യത്തേത്. അന്നു ഗുജറാത്തിലെ നലിയ വ്യോമതാവളത്തിലെ സ്ക്വാഡ്രൺ കമാൻഡിങ് ഓഫിസറായിരുന്നു അദ്ദേഹം. ഗുജറാത്ത് അതിർത്തിയോടു ചേർന്നുള്ള റാൻ ഓഫ് കച്ചിലുള്ള ഇന്ത്യ – പാക്ക് അതിർത്തിയുടെയും സമുദ്രമേഖലയുടെയും വ്യോമസുരക്ഷാ ചുമതലയായിരുന്നു നലിയ താവളത്തിന്. കശ്മീരിലെ കാർഗിലിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, റാൻ ഓഫ്‍ കച്ചിലെ ഇന്ത്യൻ സേനാ പോസ്റ്റ് ലക്ഷ്യമാക്കി പാക്ക് സേന നീങ്ങി. ഇതു ശ്രദ്ധയിൽപെട്ടതോടെ സുരേഷിന്റെ നേതൃത്വത്തിൽ വ്യോമാക്രമണത്തിനു തയാറെടുത്തു. 

മിഗ് 27 യുദ്ധവിമാനത്തിൽ റോക്കറ്റുകളും മിസൈലുകളും നിറച്ചു. ശത്രുസേനയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കിയ സേനാസംഘം  യുദ്ധവിമാനങ്ങളിലേക്കു നീങ്ങി. എന്നാൽ, പറന്നുയരുന്നതിനു നിമിഷങ്ങൾ മുൻപ് ദൗത്യം ഉപേക്ഷിക്കാൻ മുകളിൽനിന്നു നിർദേശമെത്തി. 2001ലെ പാർലമെന്റ് ആക്രമണത്തിനു ശേഷവും പാക്കിസ്ഥാനെതിരെ വ്യോമാക്രമണത്തിനു സേന തയാറെടുത്തെങ്കിലും അവസാന നിമിഷം അതുപേക്ഷിച്ചു. 

സേവനം, പരമവിശിഷ്ടം

പരമവിശിഷ്ടമായ സേവനത്തിനൊടുവിലാണ്  സുരേഷ് സേനയിൽനിന്നു പടിയിറങ്ങുന്നത്. 1972ൽ, പന്ത്രണ്ടാം വയസ്സിൽ ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർഐഎംസി) ചേർന്ന സുരേഷ്, 1980ലാണ് സേനയുടെ ഭാഗമാകുന്നത്. 

ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലായിരുന്നു ആദ്യ ഓപ്പറേഷനൽ നിയമനം. വ്യോമാക്രമണ തന്ത്രങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫൈറ്റർ പൈലറ്റുമാർക്കു വിദഗ്ധ പരിശീലനം നൽകുന്ന മധ്യപ്രദേശിലെ ഗ്വാളിയർ ടാക്ടിക്സ് ആൻഡ് എയർ കോംബാറ്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലെ (ടാക്ഡി) കോഴ്സിൽ മികവിന്റെ നേട്ടങ്ങൾ (ഫസ്റ്റ് ഇൻ ഓർഡർ ഓഫ് മെറിറ്റ്, സ്വോർഡ് ഓഫ് ഓണർ) സ്വന്തമാക്കി. പിന്നീട് അവിടെ പരിശീലകനായും കമൻഡാന്റ് ആയും പ്രവർത്തിച്ചു.

തേജസ്, മിഗ്, സുഖോയ് എന്നിവയ്ക്കു പുറമേ, കഴിഞ്ഞ ദിവസം സേനയുടെ ഭാഗമായ റഫാൽ യുദ്ധവിമാനവും പറപ്പിച്ചതിന്റെ അനുഭവസമ്പത്തുണ്ട്. ബംഗാളിലെ കലയ്കുന്ദയിലുള്ള രണ്ടാം നമ്പർ സ്ക്വാഡ്രൺ കമാൻഡിങ് ഓഫിസർ, വ്യോമസേനയുടെ ഏറ്റവും വലിയ താവളമായ ജോധ്പുരിലെ (രാജസ്ഥാൻ) എയർ ഓഫിസർ കമാൻഡിങ്, പടിഞ്ഞാറൻ വ്യോമ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് ഓഫിസർ എന്നീ സുപ്രധാന പദവികളിലും സേവനമനുഷ്ഠിച്ചു. 

2004ൽ ടാക്ഡിയിൽ കമൻഡാന്റ് ആയിരിക്കെ, യുഎസ് വ്യോമസേനയുമായുള്ള സംയുക്ത വ്യോമാഭ്യാസം വിജയകരമായി സംഘടിപ്പിച്ചതിന് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. സേവന മികവു കണക്കിലെടുത്ത് പരമോന്നത സൈനിക ബഹുമതിയായ പരമ വിശിഷ്ട സേവാ മെഡൽ നൽകി 2019ൽ രാജ്യം ആദരിച്ചു. ഭാര്യ: രാധ. മക്കൾ: അനിരുദ്ധൻ, ഐശ്വര്യ. 

English Summary: Air Marshal B. Suresh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA