മഴവിൽക്കൊമ്പുകൾ

aanatham-Piriyatham
വര: റിങ്കു തിയോഫിൻ
SHARE

‘‘അന്ന് മണ്ണുപാറ സുബിന്റെ പൊളിഞ്ഞ വണ്ടിക്കരികിൽനിന്നു ഫോറസ്റ്റുകാർ എടുത്തുകൊണ്ടുപോയ മയിൽപ്പീലിക്കൊമ്പ് അവിടെയുണ്ട്.” ആനമുത്തി പിള്ളേരോടു പറഞ്ഞു.

‘‘എവിടെ?’’ ഒരുത്തൻ ചോദിച്ചു.

‘‘മിന്നൽക്കൊമ്പനെ തടവിലിട്ടിരിക്കുന്ന ആനക്കൂടില്ലേ, അതിനടുത്തുള്ള ഫോറസ്റ്റാഫിസില്.’’

‘‘കൊമ്പില്ലാമാമന് ഇതൊക്കെ അറിയാമായിരിക്കുമോ?’’

‘‘പിന്നില്ലേ? തനി ആനത്തമുള്ള മയിൽപ്പീലിക്കൊമ്പല്ലേ അവിടെ ഇരിക്കുന്നത്. ആ മയിൽപ്പീലിക്കൊമ്പന്റെ മക്കളല്ലേ, അവര് രണ്ടുപേരും.’’

‘‘എന്തു പറഞ്ഞിട്ടെന്നാ. ഒരാള് മനുഷ്യരുടെ കൂട്ടില്, ഒരാള് കാട്ടില് ഒളിച്ചും പാത്തും നടക്കുന്നു.’’ ആനത്തത്തെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കാത്ത ഒരു ആനക്കുട്ടി പറഞ്ഞു.

‘‘ഉം, ഇപ്പോൾ അങ്ങനെയാണ്. പക്ഷേ, ആനത്തത്തിന്റെ ശക്തിയെക്കുറിച്ചു നമുക്ക് ഒന്നും അറിയില്ല മക്കളേ. അത് എന്തെല്ലാമാണു ചെയ്യാൻ പോകുന്നതെന്ന് ആരു കണ്ടു.” 

ആനമുത്തി സംസാരം നിർത്തി ഉൾക്കാട്ടിലേക്കു കയറി. കാരണമില്ലാത്ത ഒരു കാറ്റ് പെട്ടെന്നു വീശിയതുകൊണ്ട് ആനക്കുട്ടികൾക്കു പേടിയായി. അവരും മുത്തിയെ പിന്തുടർന്നു.

ആ കാറ്റ് കാട്ടിലൂടെയങ്ങനെ പൊങ്ങിത്താഴ്‍ന്ന്, കറങ്ങിത്തിരിഞ്ഞ് ഇരുട്ടുഗുഹയിലെത്തിയപ്പോൾ നിന്നുറങ്ങുകയായിരുന്ന കൊമ്പില്ലാക്കൊമ്പൻ പെട്ടെന്ന് ഉണർന്നു ചുറ്റുംനോക്കി.

എന്താണിങ്ങനെ ഒരു കാറ്റ്? കാറ്റിൽ എന്തൊക്കെയോ ഉണ്ടല്ലോ. 

‘‘ചങ്ങാതിയേ... അതെന്താണത്?’’ ഒരു പാറപ്പുറത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന കടുവയോടു കൊമ്പില്ലാക്കൊമ്പൻ ചോദിച്ചു. 

‘‘നല്ല ചീഞ്ഞ കാട്ടുപോത്തിന്റെ തുടയിറച്ചി.’’ കടുവയപ്പോൾ സ്വപ്നം കാണുകയായിരുന്നു.

‘‘ഏതു കാട്ടുപോത്ത്, നിനക്കീ തീറ്റ മാത്രമേയുള്ളോ?’’ ആന തുമ്പിക്കൈകൊണ്ട് കടുവയ്ക്കിട്ടൊരു തട്ടുകൊടുത്തു. കല്ലിൽനിന്നു മറിഞ്ഞുവീണ അവനു സങ്കടം സഹിക്കാൻ പറ്റിയില്ല.

‘‘എന്തുവാടേയിത്? സ്വപ്നത്തിലാണ് എന്തെങ്കിലുമൊന്നു തിന്നാൻ കിട്ടുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ? നിനക്കിപ്പോൾ എന്താണ് അറിയേണ്ടത്?’’

‘‘ആ കാറ്റിലെന്താണുള്ളത്?’’

‘‘ഏതു കാറ്റ്?’’

‘‘ശ്രദ്ധിച്ചു നോക്ക്, ഈ ഗുഹയിൽ ചുറ്റിയടിക്കുന്ന കാറ്റിൽ ഒരു നിലവിളിയില്ലേ?’’

കടുവ കുറെനേരം ചെവി വട്ടംപിടിച്ചു നോക്കി. 

aanatham-Piriyatham-1

‘‘എന്തോ ഒരു ഒച്ചയുണ്ട്. അതിപ്പോ നിലവിളിയാണെന്നൊന്നും എനിക്കു തോന്നുന്നില്ല.’’ 

‘‘നമുക്കു പുറത്തേക്കിറങ്ങി നോക്കാം.’’

ആന കടുവയെ ശ്രദ്ധിക്കാതെ നടന്നിറങ്ങി. ആനയുടെകൂടെ നടന്നു ശീലമായിപ്പോയതിനാൽ കടുവയും പുറത്തെത്തി.  ഗുഹയ്ക്കു പുറത്തെ ഉയരമുള്ള പാറകളിൽ ചവിട്ടി ആന മുകളിലേക്കു കയറുമ്പോൾ കാറ്റ് കൂടുതൽ തെളിഞ്ഞുവരുന്നുണ്ട്.

കയറിക്കയറി കാടുമുഴുവൻ കാണാവുന്ന കുന്നിൻനെറുകയിലെത്തിയപ്പോൾ കാറ്റു നിലച്ചതായി കൊമ്പനു തോന്നി. എങ്കിലും അവൻ എന്തോ പ്രതീക്ഷിച്ച് അവിടെത്തന്നെ നിന്നു. 

‘‘നിനക്കു മദമിളകിയോ?’’ കടുവ ചോദിച്ചു.

‘‘എന്തേ?’’ ആന അകലേക്കു നോക്കി നിൽക്കുകയായിരുന്നു.

‘‘ഒന്നുമില്ല, ആകെയൊരു മാറ്റം കാണുന്നുണ്ട്. അതുകൊണ്ടു തോന്നിപ്പോയതാ. എത്ര സുഖമുള്ള ഒരു ഉറക്കമായിരുന്നു അത്.” കടുവ അവിടെക്കണ്ട ഒരു കല്ലിൽ ചുരുണ്ടുകൂടാനൊരുങ്ങി.  

അപ്പോൾ കൊമ്പില്ലാക്കൊമ്പൻ പ്രതീക്ഷിച്ചിരുന്ന ആ കാറ്റു വീണ്ടും വന്നു. അതിനുള്ളിലെ നിലവിളി വളരെ വ്യക്തമായിരുന്നു.

‘‘ചേട്ടൻ...’’ മിന്നൽക്കൊമ്പന്റെ നിലവിളി തിരിച്ചറിഞ്ഞ കൊമ്പൻ ആനക്കൂടിരിക്കുന്ന ഭാഗത്തേക്കു നോക്കി പറഞ്ഞു.

‘‘ആര്?’’ കടുവ കിടന്ന കിടപ്പിൽ ചോദിച്ചു. 

‘‘എന്റെ ചേട്ടൻ മിന്നൽക്കൊമ്പനാണ് ആ നിലവിളിക്കുന്നത്. അവന് എന്താണു പറ്റിയത്?’’

‘‘അങ്ങനെയുള്ള കാര്യങ്ങൾ അറിയണമെങ്കിൽ പോയി ആ ആനക്കിഴവിയോടു ചോദിക്കണം. അവരല്ലേ കാടും നാടും മുഴുവൻ ചുറ്റിനടക്കുന്നത്.’’

‘‘അതൊന്നും നടക്കുകേല. ആനവർഗത്തെത്തന്നെ എനിക്കു കാണണ്ട.’’ കൊമ്പൻ തിരിഞ്ഞുനിന്നു.

‘‘അതെന്തൊരു തീരുമാനമാടാ ഉവ്വേ?’’

‘‘ആനക്കൂട്ടത്തിലുള്ളവരെല്ലാം മോഴയെന്നു വിളിച്ച് എന്നെ കളിയാക്കിവരാണ്. കൊമ്പില്ലാത്ത എന്നെ അവരുടെ കൂട്ടത്തിൽ ചേർക്കാൻ കൊള്ളില്ലപോലും.’’

കൊമ്പൻ പറഞ്ഞതു കേട്ടപ്പോൾ കടുവ ചിരി തുടങ്ങി. കുത്തിക്കുത്തിയുള്ള ചിരി, പാറയിൽ കൊട്ടിക്കൊട്ടിയുള്ള ചിരി, തലതല്ലിച്ചിരി.

‘‘നീയെന്തിനാ ചിരിക്കുന്നെ?’’ ആനയ്ക്കു ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

‘‘നീ മോഴയാണെന്ന് ആരെടാ പറഞ്ഞത്? ഞാനീ നടപ്പു മുഴുവൻ നടന്നിട്ടും നിന്നെപ്പോലെ ധൈര്യവും വീര്യവും തലയെടുപ്പുമുള്ള ഒരു കൊമ്പനെയും കണ്ടിട്ടില്ല. നീയൊന്നു നേരെനിന്നാൽ ആരാടാ എതിർക്കാനുള്ളത്? എന്നിട്ടു നീ നാണിച്ച് ഈ കാട്ടുഗുഹയിലൊളിച്ചിരിക്കുന്നെന്നു പറയുമ്പോൾ എങ്ങനെയാടാ ചിരിക്കാതിരിക്കുന്നെ?”

കടുവ വീണ്ടും ചിരിച്ചു.

‘‘പിന്നെ അവരെന്നെ കളിയാക്കിയതെന്തിനാണ്?’’

‘‘പിള്ളേരുകളി, അല്ലാതെന്താ? എടാ, മനസ്സിന് ഉറപ്പില്ലാത്തവന്മാരാണ് മറ്റുള്ളവന്റെ കുറവും പറഞ്ഞു കളിയാക്കുന്നത്. സംശയമുണ്ടെങ്കിൽ നീയിപ്പോൾ അവൻമാരുടെയടുത്തു ചെന്നൊന്നു നിന്നുനോക്കിക്കേ. ഏതു കൊലകൊമ്പന്റേം മുട്ടിടിക്കും.’’

അതു കേട്ടപ്പോൾ കൊമ്പില്ലാക്കൊമ്പന്റെ തല അൽപം ഉയർന്നു. തന്നെക്കൊണ്ടും എന്തൊക്കെയോ ചെയ്യാൻ പറ്റുമെന്ന് അവനു തോന്നി. 

‘‘അങ്ങനെയാണെങ്കിൽ എനിക്കതൊന്നു തെളിയിക്കണം. വേറാരോടുമല്ല, എന്നോടുതന്നെ.’’ കൊമ്പൻ ആത്മവിശ്വാസത്തോടെ കടുവയെ നോക്കി. 

‘‘അതിനുള്ള അവസരം വന്നെന്നു തോന്നുന്നു. നിന്റെ ചേട്ടനെന്തിനാണു കരയുന്നത്?’’ കടുവ സീരിയസായി.

‘‘ചേട്ടന് എന്തോ സഹായം ആവശ്യമുണ്ട്. പക്ഷേ, ഒറ്റയായിട്ടു നടക്കുന്ന എനിക്കെന്തു ചെയ്യാൻ പറ്റും?‌’’ കൊമ്പൻ കടുവയുടെ നേർക്കു നോക്കി.

‘‘അതിനു നീയിനി ഒറ്റയായിട്ടു നടക്കണ്ടെന്നേ. എടാ, എന്റെ അമ്മക്കടുവ പറയുമായിരുന്നു, ആനകളെ കണ്ടു പഠിക്കെടാന്ന്. ഏതു കാര്യത്തിനായാലും നിങ്ങള് എല്ലാവരുംകൂടി മനുഷ്യരുടെ കൂട്ടങ്ങ് ഇറങ്ങുവല്ലേ. കൂട്ടമായി പരിശ്രമിച്ചാൽ നടക്കാത്ത കാര്യമുണ്ടോ? നീ പോയി എല്ലാ ആനകളെയും വിളിച്ചുകൂട്ട്. എന്നിട്ട് അവരെ തോൽപിക്കണം, മനുഷ്യന്മാരെ. കൂട്ടത്തിൽ ഞാനും വരാം. അപ്പോൾ എനിക്കും ഒരു വിലയുണ്ടാകും. മനുഷ്യരെ തോൽപിച്ച കടുവ എന്നുള്ള വില.”

കൊമ്പില്ലാക്കൊമ്പൻ കുറച്ചുനേരം കടുവയെ നോക്കിനിന്നു. കൊമ്പന് ആദ്യമായി ആ കടുവയോടു ബഹുമാനം തോന്നി. തുമ്പിക്കൈകൊണ്ടു ചുറ്റിപ്പിടിച്ച് കൊമ്പൻ കടുവയെ എടുത്തുപൊക്കി മസ്തകത്തിലിരുത്തി. തപ്പിപ്പിടിച്ച് മസ്തകത്തിലെഴുന്നേറ്റുനിന്ന കടുവയ്ക്ക് താനൊരു പടത്തലവനാണെന്നു തോന്നി. അവൻ ആവുന്നത്ര ശബ്ദമെടുത്ത് അലറി. 

‘‘പോകൂ, ആനമുത്തിയുടെ അടുത്തേക്കു വേഗം പോകൂ.’’

പകലു മുഴുവനുള്ള നടപ്പും മിന്നൽക്കൊമ്പന്റെ അവസ്ഥയെക്കുറിച്ചുള്ള ആലോചനയുംകൊണ്ട് ക്ഷീണംപിടിച്ച് ഒരു പാറയിൽ ചാരിനിന്ന് ഉറങ്ങുകയായിരുന്നു ആനമുത്തി. ഉറക്കം തുടങ്ങിയാൽ പിന്നെ ടർർറോ...ടർർറോ...ന്നുള്ള ഒരു കൂർക്കംവലിയുണ്ട് മുത്തിക്ക്. അതുകൊണ്ട് മറ്റുള്ള ആനകളെല്ലാം മുത്തി ഉറങ്ങുന്നിടത്തുനിന്നു മാറിനിൽക്കും. 

‘‘എന്തൊരു കൂർക്കംവലിയാടാ ഈ തള്ളേടെ. ആനകളെങ്ങനെ സഹിക്കുന്നിത്?’’ മരത്തിനു പിന്നിൽ ഒളിച്ചുനിൽക്കുന്ന കൊമ്പില്ലാക്കൊമ്പന്റെ മസ്തകത്തിലിരുന്ന് കടുവ ചോദിച്ചു.

‘‘നമ്മൾക്കു പിന്നെ വരാം, മുത്തി എഴുന്നേൽക്കട്ടെ.’’ കൊമ്പൻ പിന്തിരിഞ്ഞു. 

‘‘എടാ സംഭവം അത്യാവശ്യമുള്ള കാര്യമല്ലേ. നീയങ്ങനെ പോയാലെങ്ങനാ?’’ കടുവ ഓർമിപ്പിച്ചു.

ഭയങ്കര ഉറക്കത്തിലാണെങ്കിലും കൊമ്പില്ലാക്കൊമ്പൻ അടുത്തെത്തിയതിന്റെ മണം മുത്തിക്കു കിട്ടിയിരുന്നു. എത്രയോ വർഷങ്ങൾക്കു ശേഷം അവൻ ആനക്കൂട്ടത്തിനടുത്തെത്തി എന്നറിഞ്ഞപ്പോൾ മുത്തിക്കു സന്തോഷമായി. എങ്കിലും അവർ ഉറക്കത്തിൽത്തന്നെ അങ്ങനെ നിന്നു. 

കൊമ്പില്ലാക്കൊമ്പനെ തിരിച്ചുവിളിക്കാൻ മറ്റൊരാളുണ്ടല്ലോ. 

‘‘മോനേ...’’ ഇലകൾക്കിടയിൽനിന്നു മഴപെയ്യുന്നതുപോലെയാണ് ആ വിളി വന്നത്.

നടക്കാൻ തുടങ്ങിയ കൊമ്പൻ നിന്നു. വർഷങ്ങൾക്കു മുൻപ് ഒരു ചടച്ചിൽമരത്തിന്റെ ചുവട്ടിൽനിന്നു‌ താൻ കേട്ട‍ ആ വിളിയിൽ ഇന്ന് അളവില്ലാത്തത്ര ദുഃഖം കലർന്നിരിക്കുന്നു. 

‘‘അതാരാണ് ആ വിളിച്ചത്?’’ കടുവ ചോദിച്ചു. ‍ 

‘‘എന്റെയമ്മ.’’ കൊമ്പന്റെ ശബ്ദം ഇടറിയിരുന്നു.  

‘‘മോനേ, കൊമ്പില്ലാക്കൊമ്പാ നീയെന്തിനാടാ അവിടെ ഒളിച്ചു നിൽക്കുന്നെ? ഇങ്ങു വാടാ.’’

ആനമുത്തി പറയുന്നതു കേട്ടപ്പോൾ മറ്റ് ആനകളെല്ലാം ചുറ്റും നോക്കി. മരത്തിനു മറഞ്ഞുനിൽക്കുന്ന കൊമ്പില്ലാക്കൊമ്പനെ അവർ കണ്ടിരുന്നില്ലല്ലോ.

‘‘വാടാ മോനേ, നിന്നെ കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാം.’’ മുത്തി കണ്ണുതുറന്നു. 

പുറത്തിരിക്കുന്ന കടുവയെയും കൊണ്ട് മരത്തിന്റെ മറവിൽനിന്നു കൊമ്പൻ പുറത്തേക്കു വന്നു. അവന്റെ തലയെടുപ്പും ഉയരവും പുറത്തിരിക്കുന്ന കടുവയുമെല്ലാം ചേർന്ന് മറ്റൊരു ലോകത്തുനിന്നു വന്ന ആനദേവനായിട്ടാണ് എല്ലാവർക്കും തോന്നിയത്.

അമ്മയാന മാത്രം അവന്റെയടുത്തേക്കു വന്ന് തുമ്പിക്കൈയിൽ തലോടാൻ തുടങ്ങി. കൊമ്പൻ പണ്ടു നിന്നിരുന്നതു പോലെ അമ്മയുടെ കാലുകളോടു ചേർന്നുനിന്നു. 

അതുകണ്ടു താഴെയിറങ്ങിയ കടുവ അടുത്തുള്ള പാറപ്പുറത്തേക്കു കയറുന്നതിനിടയിൽ പറഞ്ഞു. 

‘‘ഓ, ഒരിള്ളക്കുട്ടി.’’ 

ആനകളെല്ലാം കൊമ്പില്ലാക്കൊമ്പനെ കണ്ട് അന്തംവിട്ടുപോയി. പണ്ടു മോഴയെന്നു വിളിച്ചു കളിയാക്കിയവരെല്ലാം തന്റെ മുൻപിൽ ആദരവോടെ നിൽക്കുന്നതു കണ്ടപ്പോൾ കൊമ്പില്ലാക്കൊമ്പനും സന്തോഷം. പക്ഷേ, തന്റെ ചേട്ടന്റെ നിലവിളി ഓർത്തപ്പോൾ ആ സന്തോഷം പെട്ടെന്നങ്ങു പോയി.

‘‘അമ്മേ, എന്റെ ചേട്ടൻ മിന്നൽക്കൊമ്പന്റെ ഒരു നിലവിളി ഞാൻ കേട്ടു. അവനെന്തുപറ്റി?’’

അവന്റെ ആ ചോദ്യം കേട്ടപ്പോൾ മുത്തിക്കു സന്തോഷമായി. 

‘‘അതിനാണല്ലേ നീ വന്നത്?’’ 

മിന്നൽക്കൊമ്പൻ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിച്ചെന്നും പറഞ്ഞ് താരപ്പൻഡോക്ടർ വന്ന് അവനെ മയക്കുവെടിവച്ചു പിടിച്ചതും ഫോറസ്റ്റാപ്പീസിനരികെയുള്ള മരക്കൂട്ടിൽ അവനെ തടവിലിട്ടിരിക്കുന്നതുമായ സംഭവങ്ങൾ ആനമുത്തി കൊമ്പനോടു പറഞ്ഞു.

‘‘മനുഷ്യരെ ആക്രമിച്ചതു ഞാനല്ലേ. അതിനെന്തിനാണ് അവർ ചേട്ടനെ പിടിച്ചിട്ടിരിക്കുന്നത്?’’

‘‘അവന്റെ കൊമ്പാണ് അവരുടെ ലക്ഷ്യം. അതെടുക്കാനാണ് അവനെ തടവിലിട്ടിരിക്കുന്നത്. അവനിനി അധികം നാളുണ്ടാവില്ല.’’

മുത്തി പറഞ്ഞതു കേട്ടപ്പോൾ കൊമ്പില്ലാക്കൊമ്പൻ കോപംകൊണ്ട് തുമ്പിക്കൈ പൊക്കി ഒരലർച്ചയലറി. ആ ഭീകരശബ്ദം കേട്ട് കാട് ഞെട്ടിവിറച്ചു. ആനകളെല്ലാം കൊമ്പില്ലാക്കൊമ്പനെ തൊഴുതുപോയി. 

‘‘അമ്മേ, ആനമുത്തീ, കൂട്ടുകാരേ... ഇന്നു നേരംവെളുക്കുന്നതിനു മുൻപ് എന്റെ ചേട്ടൻ മിന്നൽക്കൊമ്പൻ സ്വതന്ത്രനായിരിക്കും.’’ കൊമ്പില്ലാക്കൊമ്പന്റെ ശബ്ദത്തിനു വല്ലാത്തൊരു ഉറപ്പായിരുന്നു. അതു പറഞ്ഞുകഴിഞ്ഞതേ കൊമ്പൻ തിരിഞ്ഞുനടന്നു. 

‘‘ആനത്തം വീണ്ടെടുക്കാനുള്ള പോക്കാണത്.’’ ആനമുത്തി അഭിമാനത്തോടെ അവന്റെ നടപ്പുനോക്കി പറഞ്ഞു.

‘‘ഈ പോരാട്ടം അവൻ ഒറ്റയ്ക്കല്ല, ഈ കാട്ടിലെ ആനകൾ മുഴുവൻ അവന്റെയൊപ്പമുണ്ടാകണം.’’ അത് ആനക്കൂട്ടത്തിന്റെ നായികയുടെ കൽപനയായിരുന്നു.

രാത്രിയിൽ കാടുമുഴുവൻ ഇളകിവരുന്നതുപോലെയുള്ള ബഹളം കേട്ട് കടുവപ്പെണ്ണ് ഞെട്ടിയെഴുന്നേറ്റു. ചുറ്റും നോക്കിയപ്പോൾ കണ്ട കാഴ്ചയാണ് അവളെ കൂടുതൽ ഞെട്ടിച്ചത്. 

വീരൻകടുവകളോടു തോറ്റോടിയ കടുവയതാ വലിയ ഒരാനയുടെ പുറത്തിരുന്ന് ആനപ്പടയെ നയിച്ച് എങ്ങോട്ടോ പോകുന്നു. ഇവൻ ഇത്രമാത്രം ധീരനായിരുന്നോ. അതു കൊള്ളാമല്ലോയെന്ന് അവൾക്കു തോന്നി. 

‘‘കടുവച്ചേട്ടാ...’’ അവൾ ചുമ്മാതൊന്നു വിളിച്ചു. ആ വിളി കേട്ടപ്പോൾ എന്തോന്നു പറഞ്ഞ് അവളുടെയടുത്തേക്കു ചെല്ലണമെന്ന കലശലായ ആഗ്രഹം കടുവയ്ക്കുണ്ടായെങ്കിലും അവൻ അതൊക്കെ നിയന്ത്രിച്ച് ഗമയിൽ ആനപ്പുറത്തിരുന്നു മുന്നോട്ടുപോയി. തന്നെ മൈൻഡ് ചെയ്യാതെ പോകുന്ന കടുവച്ചേട്ടനെ നോക്കി കടുവപ്പെണ്ണ് ബ്ലിംഗസ്യാന്നു നിന്നു. 

‘‘വഴീന്ന് മാറിനിക്കെടാ കള്ളപ്പൂച്ചേ.’’

മൂന്നാമത്തെ ഭാര്യയുടെയടുത്തേക്കു പോകാൻ കാട്ടുചോലയിൽ നോക്കി മുഖംമിനുക്കുകയായിരുന്ന വീരൻകടുവ മറ്റൊരു കടുവയുടെ അലർച്ചകേട്ട് ഞെട്ടിവിറച്ചു. അവൻ നോക്കിയപ്പോഴും കണ്ടത് ആനപ്പടയെ നയിച്ചു പോകുന്ന തോൽവിക്കടുവയെയാണ്.

‘‘ഡാ, ഈ പണിയൊന്നു കഴിഞ്ഞിട്ടു വരട്ടെ, നിനക്കു ഞാൻ വച്ചിട്ടുണ്ടെടാ.’’ 

ആനപ്പുറത്തിരിക്കുന്ന കടുവ പറഞ്ഞതുകൂടി കേട്ടപ്പോൾ വീരൻകടുവ വിരണ്ടുപോയി. കാട്ടുചോലയിലെ വെള്ളം തെറിപ്പിച്ച് തിമിർത്തുവരുന്ന ആനക്കൂട്ടത്തിന്റെ ചവിട്ടുകിട്ടാതെ അവൻ ഒരുവിധത്തിലാണു രക്ഷപ്പെട്ടത്.

എന്തോ കുഴപ്പംപിടിച്ചവനാണ് കൂട്ടിൽ കിടക്കുന്നതെന്നു മനസ്സിലായതുകൊണ്ട് മീശയാപ്പീസർ കാര്യങ്ങളൊക്കെ ശക്തിപ്പെടുത്തിയിരുന്നു. 

ഓഫിസും പരിസരവും രാത്രിയിലും പകൽപോലെയാക്കുന്ന പൊളപ്പൻ ലൈറ്റുകൾ ചുറ്റും തെളിച്ചു.

കാവൽനിൽക്കുന്ന ഗാർഡുമാരുടെയെണ്ണം കണ്ടമാനം കൂട്ടി. 

റെയിൽവേലിയും തടിവേലിയുംകൊണ്ട് ഓഫിസിരിക്കുന്ന സ്ഥലത്തിന്റെ അതിരങ്ങു ബലപ്പെടുത്തി. 

ഇതെല്ലാം ഒരുക്കിയിട്ട് മീശയാപ്പീസർ‍ വായിൽ നിറച്ച് മുറുക്കാനും ചവച്ച് ഉറങ്ങാതിരുന്നു. പക്ഷേ, പാതിരാത്രി കഴിഞ്ഞപ്പോൾ ചില ഗാർഡുമാരൊക്കെ ഉറക്കംതുടങ്ങിയിരുന്നു. അങ്ങനെ വമ്പൻ ഉറക്കമുറങ്ങിക്കൊണ്ടിരുന്ന ഒരാൾക്ക് ‍പതുക്കെപ്പതുക്കെ വന്ന ഒരു മുള്ളാൻമുട്ട് കയറിക്കയറിയങ്ങ് ഗുരുതരമായി. മുട്ട് സഹിക്കാൻ പറ്റാതായപ്പോൾ അയാൾ ഉറക്കം ഞെട്ടി. 

എഴുന്നേറ്റയുടനെ അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ, മുട്ടിനിന്ന മൂത്രം ഒഴിച്ചുകളയുകയാണ് ഗാർഡ് ആദ്യം ചെയ്തത്. അതിനുള്ള ഇരിപ്പിൽത്തന്നെ വല്ലാത്തൊരു ആനച്ചൂര് പുള്ളിക്കു കിട്ടിയിരുന്നു. 

അതു മിന്നൽക്കൊമ്പന്റെ മണമാണെന്നാണ് അയാൾ വിചാരിച്ചത്. പക്ഷേ, ഉറങ്ങിക്കിടന്ന എല്ലാവരുടെയും ഉറക്കം കളയുന്ന രീതിയിൽ ആ പ്രദേശത്താകെ ആനമണം പരന്നപ്പോൾ എന്തോ പന്തികേടുണ്ടെന്ന് അയാൾക്കു തോന്നി.

തന്റെ ജീവിതത്തിൽ ഇത്ര കടുത്ത ആനമണം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ എന്ന് മീശയാപ്പീസറും‍ ഓർത്തു. എന്തോ സംഭവിക്കാൻ പോകുന്നുണ്ടെന്നു തോന്നിയ അയാൾ ഗാർഡുമാരോട് തയാറാകാൻ പറഞ്ഞു. 

എന്തു കൊടികെട്ടിയ ഉറക്കമുണ്ടെങ്കിലും മീശയാപ്പീസർ പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. ഗാർഡുമാര് കണ്ണിൽകണ്ടതെല്ലാമെടുത്തു തയാറായി നിന്നു.

സാധാരണ ചെയ്യുന്നതുപോലെ ഗാർഡുമാരിലൊരുത്തൻ വലിയൊരു പാട്ടയെടുത്തു കൊട്ടാൻ തുടങ്ങി. പാട്ടകൊട്ട് കേട്ടതേ, കാട്ടിനുള്ളിലൊരു അനക്കം. 

‘‘ങാഹാ, അവിടെയുണ്ട് അവൻമാര്.” മീശയാപ്പീസർ പറഞ്ഞതു ശരിയായിരുന്നു. കാട്ടിനുള്ളിൽനിന്ന് ഒരാന പുറത്തുവന്ന് പാട്ടകൊട്ടലിന് അനുസരിച്ചു തലയാട്ടിത്തുടങ്ങി. 

‘‘ങേ, തലയാട്ടി കളിയാക്കുന്നോ? എടുക്കെടാ പടക്കം.’’ മീശയാപ്പീസർ അലറി.

ഗാർഡുമാർ വലിയ പടക്കം കത്തിച്ചു കാട്ടിലേക്കെറിഞ്ഞു. അത് അവിടെക്കിടന്ന് ചുമ്മാ പൊട്ടിയതല്ലാതെ കാര്യമായിട്ടൊന്നും സംഭവിച്ചില്ല.

പടക്കംപൊട്ടൽ നിന്നപ്പോൾ റെയിൽവേലിയുടെ ഒരു കുറ്റി പറന്നുവന്ന് ഒരുഭാഗത്തെ ലൈറ്റു തകർത്ത് നിലത്തുവീണു. പിന്നെ തുരുതുരാ റെയിൽവേലി പറന്നുവരാൻ തുടങ്ങി. അതോടെ ഗാർഡുമാരെല്ലാവരും ഭയന്ന് ഓടിമാറി. മിക്കവരും അടുത്തുള്ള പുഴയിലേക്കു ചാടുകയാണു ചെയ്തത്. ഓടാതെ നിന്ന മീശയാപ്പീസർ മാത്രമാണ് ആനകളുടെ വരവു ശരിക്കും അറിഞ്ഞത്. 

കൊമ്പില്ലാത്ത ഭീമാകാരനായ ഒരാനയാണ് മുന്നിൽ. അവന്റെ പുറത്ത് ഒരു കടുവയുമുണ്ട്. അതിനു പിറകെ എണ്ണാൻ പറ്റാത്തത്ര ആനകൾ കാട്ടിൽനിന്ന് ഇറങ്ങിവന്നുകൊണ്ടിരുന്നു. ഒരു മുതുക്കിയാന കാര്യങ്ങളൊക്കെ നിയന്ത്രിച്ചുകൊണ്ട് ഒരിടത്തു നിൽക്കുന്നുണ്ട്. അത്രയും ആനകൾ ആ കാട്ടിലുണ്ടെന്ന് അപ്പോഴാണ് അയാൾ അറിയുന്നത്. 

ഇത്രയുമായപ്പോൾ മീശയാപ്പീസർ ഗെസ്റ്റ് ഹൗസിൽ കയറി വാതിലടച്ചു. ജനലിൽക്കൂടി അയാൾ നോക്കുമ്പോൾ ആനകൾ താണ്ഡവമാടുന്നതാണു കണ്ടത്. 

വേലികളെല്ലാം വലിച്ചുപൊളിച്ച് ദൂരെയെറിയുന്നു. വിളക്കുകാലുകളെല്ലാം പിരിച്ചൊടിച്ച് ചവിട്ടിക്കുഴയ്ക്കുന്നു. വമ്പൻ മരങ്ങൾകൊണ്ടു തീർത്ത ആനക്കൂട് നിമിഷനേരംകൊണ്ട് തകർത്തു തരിപ്പണമാക്കി മിന്നൽക്കൊമ്പനെ പുറത്തിറക്കുന്നു. ആനകളുടെ ആസൂത്രിതമായ ആക്രമണം.

മീശയാപ്പീസർ എന്തു ചെയ്യണമെന്നറിയാതെ ഗെസ്റ്റ് ഹൗസിന്റെ തറയിൽ കണ്ണടച്ചു കിടന്നു. 

‘‘ആനമുത്തീ, എന്നാലിനി തിരിച്ചു പോവുകയല്ലേ?’’ കൊമ്പില്ലാക്കൊമ്പൻ മുത്തിയോടു ചോദിച്ചു. 

‘‘അല്ല, ഒരു കാര്യംകൂടിയുണ്ട് മക്കളേ. നമ്മൾ ആനവംശത്തിന് ആദ്യമായി കിട്ടിയ തനി ആനത്തത്തിന്റെ ഒരു തുണ്ട് ഇവിടെയുണ്ട്. അത് ഇവർക്കു കയ്യിൽ വയ്ക്കാനുള്ളതല്ല.’’

‘‘എന്താണത്?’’ മിന്നൽക്കൊമ്പൻ ചോദിച്ചു.

‘‘നിങ്ങളുടെ അച്ഛന്റെ മയിൽപ്പീലിക്കൊമ്പ്. ആ കെട്ടിടത്തിനുള്ളിലെവിടെയോ ആണത് പൂട്ടിവച്ചിരിക്കുന്നത്.’’

ഗെസ്റ്റ് ഹൗസിന്റെ തറയിൽ ഭയന്നുകിടക്കുകയായിരുന്ന മീശയാപ്പീസർ കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് തകരുന്ന ഒച്ച കേട്ടാണു കണ്ണുതുറന്നത്. കെട്ടിടത്തിന്റെ ചുറ്റും കൂടിനിൽക്കുന്ന ആനകൾ ഭിത്തിയും തൂണും മേൽക്കൂരയുമൊക്കെ ഓരോന്നായി വലിച്ചു പൊളിക്കുകയാണ്.

ഭയന്നു പുറത്തേക്കോടിയ മീശയാപ്പീസറെ ഇരുട്ടിൽനിന്ന് എന്തോ ഒന്ന് തടഞ്ഞുനിർത്തി. അയാൾ തൊട്ടുനോക്കുമ്പോൾ ഒരു വമ്പൻ തുമ്പിക്കൈയാണ്. ഒന്നും ചെയ്യാനാവാതെ നിശ്ചലനായി നിന്ന അയാൾ തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന തുമ്പിക്കൈ ആരുടേതാണെന്നു നോക്കി. അവൻതന്നെ, ഭീമാകാരനായ ആ മോഴ. അവന്റെ രൗദ്രഭാവം കണ്ടതേ, മീശയാപ്പീസർ ഒന്നുമാലോചിക്കാതെ ബോധംകെട്ടു വീണു. 

പെട്ടെന്ന് കൊമ്പില്ലാക്കൊമ്പനിൽ പിരിയത്തമുണർന്നു. ക്രൂരമായ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അവനു തോന്നി. ആദ്യം ചെയ്യേണ്ടത് നിലത്തുകിടക്കുന്ന മീശയാപ്പീസറെ ചവിട്ടിയരയ്ക്കലാണ്.  

കൊമ്പില്ലാക്കൊമ്പൻ രണ്ടടി പിറകോട്ടു നിന്നിട്ട് അലറിക്കൊണ്ടു കാലുയർത്തി. പക്ഷേ, ആ കാലുകൾ താഴുന്നതിനു മുൻപേ രണ്ടു കൊമ്പുകൾ വന്ന് അവനെ തടഞ്ഞു. മീശയാപ്പീസർക്കു മുകളിൽ ചവിട്ടുകൊള്ളാതെ കുത്തിനിൽക്കുന്ന ആ കൊമ്പുകളിലേക്ക് കൊമ്പില്ലാക്കൊമ്പൻ കോപത്തോടെ നോക്കി.

ചേട്ടന്റെ മിന്നൽക്കൊമ്പുകളാണത്. കൊമ്പില്ലാക്കൊമ്പൻ സൂക്ഷിച്ചു നോക്കുമ്പോൾ ആ മിന്നൽക്കൊമ്പുകളിൽ മയിൽപ്പീലിനിറം ഓളംവെട്ടുന്നുണ്ട്. 

രണ്ടു കൊമ്പന്മാരും ബലം പിടിച്ചങ്ങനെ നിന്നു. അതു കണ്ടപ്പോൾ ആനച്ചരിത്രത്തിലെ വലിയ പൊട്ടിത്തെറിക്കു മുൻപ് പോരാടി നിൽക്കുന്ന ആനത്തത്തെയും പിരിയത്തത്തെയുമാണ് ആനമുത്തിക്ക് ഓർമ വന്നത്.

‘‘ആനത്തം ജയിക്കണം. പിരിയത്തം തോൽക്കണം.’’ മുത്തിയാന പിറുപിറുത്തു.

ആനമുത്തി പറയുന്നതിനു മുൻപേ ആനത്തം ജയിച്ചുതുടങ്ങിയിരുന്നു. മിന്നൽക്കൊമ്പന്റെ കൊമ്പുകളിൽ ഓളംവെട്ടുന്ന ആനത്തം പതുക്കെ പതുക്കെ കൊമ്പില്ലാക്കൊമ്പന്റെ പിരിയത്തത്തെ തോൽപിച്ചു. 

പിരിയത്തം അടങ്ങിക്കഴിഞ്ഞപ്പോൾ കൊമ്പില്ലാക്കൊമ്പൻ കൊലവെറിയിൽ‍നിന്നു പിന്തിരിഞ്ഞു. അതു കണ്ടപ്പോൾ മിന്നൽക്കൊമ്പൻ അനുജനെ വാത്സല്യത്തോടെ തഴുകി. 

ഓഫിസ് കെട്ടിടം തകർത്ത ആനകളെല്ലാം എന്തിനോ വേണ്ടി കാത്തുനിൽക്കുകയാണ്. മിന്നൽക്കൊമ്പനും കൊമ്പില്ലാക്കൊമ്പനും ആ തകർന്ന കെട്ടിടത്തിനു നേർക്കു നടന്നു. അതിനുള്ളിൽ പ്രത്യേകം പെട്ടിയിലാക്കിവച്ച മയിൽപ്പീലിക്കൊമ്പുകളുണ്ട്. 

ഒറ്റയടിക്ക് മിന്നൽക്കൊമ്പൻ ആ പെട്ടി തകർത്തു. രാത്രിയുടെ ഇരുട്ടിലും വെളിച്ചംപോലെ മയിൽപ്പീലിനിറം പൊഴിക്കുന്ന രണ്ടു വലിയ കൊമ്പുകൾ ജീവനുള്ളതുപോലെ തെളിഞ്ഞു.

എല്ലാം തകർന്നെങ്കിലും ജീവൻ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിൽ മീശയാപ്പീസർ എഴുന്നേറ്റിരുന്നു. പേടിച്ചു പേടിച്ച് അയാളുടെ മീശയെല്ലാം താഴോട്ടായിപ്പോയി. ആ ഇരിപ്പിൽ കണ്ട കാഴ്ച അയാൾക്ക് ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. അയാൾ കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി. 

വെട്ടിത്തിളങ്ങുന്ന കൊമ്പുമായി മിന്നൽക്കൊമ്പനാണ് മുൻപേ നടക്കുന്നത്. അതിന്റെ തൊട്ടുപിന്നിൽ ലോകത്തെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനായി ഒരുത്തൻ നടന്നുപോകുന്നു. അവന്റെ വളഞ്ഞുയർന്ന കൊമ്പിൽനിന്നു കാടു മൊത്തം പ്രകാശിക്കത്തക്ക രീതിയിൽ മയിൽപ്പീലിനിറം പരക്കുന്നുണ്ടായിരുന്നു. അവന്റെ നെറുകയിലിരിക്കുന്ന കടുവ പതുക്കെ മുരളുന്നുണ്ട്. 

ആ കാഴ്ച കണ്ട് മറ്റുള്ള ആനകളും അമ്പരന്നു നിൽക്കുകയാണ്. 

‘‘തിരിച്ചുപോകാം.’’ ആനമുത്തി നിർദേശം കൊടുത്തു. 

ആനകളെല്ലാം പതുക്കെ കൊമ്പന്മാരെ പിന്തുടർന്നു തുടങ്ങി. അപ്പോൾ നിലാവ് അസ്തമിച്ചുകഴിഞ്ഞിരുന്നെങ്കിലും കാട്ടിൽ അദ്ഭുതകരമായ ഒരു വെളിച്ചം പരന്നു. ആ വെളിച്ചത്തിൽ എല്ലാം ഒന്നാകുന്നതുപോലെ മീശയാപ്പീസർക്കു തോന്നി. 

അവസാനിച്ചു

English Summary: Aanatham Piriyatham

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA