ചേരികളിലെ ‍കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന ചെറുപ്പക്കാരന്റെ കഥ

Sakiya-2
ഡൽഹി മയൂർ വിഹാറിലെ പാലത്തിനടിയിൽ കുട്ടികൾക്കു ക്ലാസെടുക്കുന്ന സത്യേന്ദ്രപാൽ സാകിയ.
SHARE

ചേരിയിലെ കുട്ടികളെ പഠിപ്പിക്കുന്നതെവിടെ എന്നു ചോദിച്ചാൽ കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ പണി പൂർത്തിയാകാത്ത ഒരു പാലത്തിലേക്ക് സത്യേന്ദ്രപാൽ സാകിയ (26) വിരൽചൂണ്ടും. ആ പാലത്തിനടിയിലാണു ക്ലാസ് മുറി. ആ ‘സ്കൂളിൽ’ ഇന്നുള്ളത് ചേരിനിവാസികളായ ഇരുനൂറിലധികം കുട്ടികൾ. തെരുവിൽ അലയുന്ന ബാല്യങ്ങൾക്കു ജീവിതവിജയത്തിലേക്കുള്ള പാലമാണു സത്യേന്ദ്രപാൽ.

യുപിയിൽനിന്ന് ഡൽഹിയിലേക്ക്

2012ൽ പ്ലസ് ടു പാസായ ശേഷമാണു സത്യേന്ദ്രപാൽ ഡൽഹിയിലെത്തുന്നത്. നഗരത്തിലുള്ള അമ്മാവന്റെ അടുത്തേക്ക് അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു വരവ്. പ്ലസ് ടു സർട്ടിഫിക്കറ്റ് മാത്രമായിരുന്നു ഏക സമ്പാദ്യം. ഭിന്നശേഷിക്കാരനായ അച്ഛനും അമ്മയ്ക്കുമൊപ്പം അമ്മാവന്റെ വീടിനോടു ചേർന്ന് യമുനാ നദിക്കരയിൽ ഒരു കുടിൽ കെട്ടി. കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പട്ടിണി അതിനനുവദിച്ചില്ല. പഠനം സ്വപ്നം കണ്ട് ആ കൗമാരക്കാൻ മണ്ണിലേക്ക് ആഞ്ഞുവെട്ടി. രാവും പകലുമില്ലാതെ മണ്ണിനോടു മല്ലിട്ട് വയറു നിറയ്ക്കാനുള്ള വഴി തേടി. മണ്ണിൽനിന്നു ലഭിച്ച വിളവ് സ്വപനത്തിലേക്കു വഴികാട്ടി.

കൃഷിയിൽനിന്നു ലഭിച്ച പണം സ്വരുക്കൂട്ടിയ സത്യേന്ദ്രപാൽ മഹാരാഷ്ട്രയിലേക്കു വണ്ടികയറി. നാഗ്പുരിലെത്തി ബുദ്ധിസവും അംബേദ്കർ ചിന്തകളും സംബന്ധിച്ച ഡിപ്ലോമ പാസായി. ആ പഠിപ്പുകൊണ്ടു കാര്യമായ ജോലി ലഭിക്കാതെ തിരികെ ഡൽഹിയിലെത്തി. കുറച്ചുനാൾ കോൾ സെന്ററിൽ ജോലി ചെയ്തെങ്കിലും മുന്നോട്ടുള്ള ജീവിതത്തിന് അതു തണലായില്ല.

മരച്ചുവട്ടിലെ ക്ലാസ്മുറി

കോൾ സെന്ററിലെ എസി മുറിയിൽനിന്നു വീണ്ടും മണ്ണിലേക്കിറങ്ങാൻ തീരുമാനിച്ചു. ഒരു ദിവസം കൃഷിയിടത്തിൽ വിളയിച്ച മുളക് യമുന ഖദാറിലെ ചന്തയിൽ വിലപേശി വിൽക്കവേ, സുഹൃത്ത് രാജേഷ് മോറിയ തോളിൽ തട്ടി വിളിച്ചു. പഠിക്കാൻ മിടുക്കരായ മകനും സുഹൃത്തുക്കൾക്കും ട്യൂഷനെടുക്കാമോ എന്നു രാജേഷ് ചോദിച്ചു. സത്യേന്ദ്രപാലിന്റെ ജീവിതം മാറ്റിമറിച്ച ചോദ്യം. ചേരിയിൽ താമസിക്കുന്ന രാജേഷിന്റെ ചോദ്യത്തിൽ സത്യേന്ദ്രപാൽ തന്റെ ജീവിതത്തിനുള്ള ഉത്തരം കണ്ടു. അധ്യാപകന്റെ കുപ്പായമണിയാൻ തീരുമാനിച്ചു.

Sakiya
സത്യേന്ദ്രപാൽ സാകിയ

അപ്പോഴും ഒരു പ്രശ്നം ബാക്കി നിന്നു. എവിടെ ട്യൂഷനെടുക്കും? താമസിക്കുന്ന ഒറ്റമുറിക്കുടിലിൽ അതിനു സൗകര്യമില്ല. അതെക്കുറിച്ചു തലപുകച്ച രാത്രി ഉറക്കം നഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു. പിറ്റേന്നു രാവിലെ രാജേഷിന്റെ മകനുൾപ്പെടെ 5 കുട്ടികൾ സത്യേന്ദ്രപാലിന്റെ അരികിലെത്തി. പഠിക്കാൻ തയാറായാണു വരവ്. ക്ലാസ് മുറി എവിടെയൊരുക്കുമെന്നറിയാതെ വിഷമിച്ചുനിന്ന സത്യേന്ദ്രപാൽ വീടിനു ചുറ്റും നോക്കി. അൽപം മാറി ഒരു തണൽമരം. ബുദ്ധിസത്തെക്കുറിച്ചു മുൻപു പഠിച്ചിട്ടുള്ള ആ ചെറുപ്പക്കാരൻ ബുദ്ധനെക്കുറിച്ചോർത്തു. ബോധിമരച്ചുവട്ടിൽ അറിവിന്റെ അക്ഷരവെളിച്ചം കണ്ടെത്തിയ ബുദ്ധൻ വഴികാട്ടിയായി. മരച്ചുവട്ടിൽ ക്ലാസൊരുക്കാൻ തീരുമാനിച്ചു.

അറിവിന്റെ തണൽമരം

2015 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത് മരച്ചുവട്ടിലെ ക്ലാസ്മുറിയിൽ ആദ്യ ബെൽ മുഴങ്ങി. അറിവു തേടിയെത്തിയ ചേരിനിവാസികൾക്കു മുന്നിൽ സത്യേന്ദ്രപാൽ അറിവിന്റെ പുസ്തകം തുറന്നു. എട്ടാം ക്ലാസു വരെയുള്ള കുട്ടികൾക്ക് എല്ലാ വിഷയങ്ങളും പറഞ്ഞുകൊടുക്കാൻ തുടങ്ങി. മരച്ചുവട്ടിലെ ക്ലാസിനെക്കുറിച്ചു കേട്ടറിഞ്ഞവർ തങ്ങളുടെ മക്കളെയും അവിടേക്കയച്ചു. 5 പേരിൽ തുടങ്ങിയ ക്ലാസ് ഏതാനും മാസങ്ങൾ കൊണ്ടു നിറഞ്ഞുകവിഞ്ഞു; വിദ്യാർഥികളുടെ എണ്ണം എൺപതിലേക്കെത്തി. ആറുമാസത്തോളം ആ മരച്ചുവട്ടിൽ ക്ലാസ് തകൃതിയായി നടന്നു. ഫീസിനായി ആരുടെ നേരെയും കൈനീട്ടിയില്ല. ഉള്ളതു കൊടുക്കാം, പഠിക്കാൻ പണമില്ലെന്ന കാരണത്താൽ ആരും തന്റെ ക്ലാസിലേക്കു വരാതിരിക്കരുത് എന്നാണ് സത്യേന്ദ്രപാലിന്റെ പോളിസി. 50 രൂപ മുതൽ 250 രൂപ വരെ കൊടുക്കുന്നവരുണ്ട്. ആരൊക്കെ ഫീസു തന്നു, തന്നില്ല എന്ന വർത്തമാനം ഇതുവരെ ഉണ്ടായിട്ടില്ല.

തണുപ്പും ചൂടും കടന്ന് ഡൽഹിയിൽ മഴക്കാലമെത്തിയതോടെ ക്ലാസ് വെള്ളത്തിലായി. നിർത്താതെ പെയ്ത മഴയിൽ ക്ലാസ് പൂർണമായും മുടങ്ങി. രക്ഷിതാക്കൾ പലരും വീണ്ടും അയാളെ തേടിയെത്തി. പുതിയ ഒരിടം കണ്ടെത്താൻ ആവശ്യപ്പെട്ടു. മറ്റൊരിടത്തേക്കു ക്ലാസ് പറിച്ചുനടാനുള്ള അന്വേഷണത്തിന് അവിടെ തുടക്കമായി.

പാലത്തിനടിയിൽ ഒരിടം

കുട്ടികളെ നനയാതെ ഇരുത്തി പഠിപ്പിക്കാൻ പറ്റിയൊരിടം തേടി സത്യേന്ദ്രപാൽ അലഞ്ഞു. വാടകയ്ക്കു മുറിയെടുക്കാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. മയൂർ വിഹാറിനു സമീപമുള്ള പണി പൂർത്തിയാകാത്ത മേൽപാലം കണ്ടപ്പോൾ തലയിൽ ആശയം മിന്നി. പാലത്തിനടിയിൽ ക്ലാസിനുള്ള സാധ്യത കണ്ടു. അവിടെ ക്ലാസ് മുറിയൊരുക്കുക എളുപ്പമായിരുന്നില്ല. കൈവണ്ടിയിൽ മണ്ണു കൊണ്ടുവന്ന് അവിടെ നിലമൊരുക്കി. കണ്ടുനിന്ന പരിസരവാസികളും സഹായത്തിനെത്തി. സൈക്കിൾ റിക്ഷയിൽ മണ്ണെത്തി. എന്താണു നടക്കുന്നതെന്നറിയാൻ അവിടെയെത്തിയ പാലത്തിന്റെ കോൺട്രാക്ടർ മണ്ണിനുറപ്പു നൽകാൻ അവിടം കോൺക്രീറ്റ് ചെയ്തു. സത്യേന്ദ്രപാലിന്റെ പ്രയത്നത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ ചിലർ ബോർഡും മേശകളും ബെഞ്ചുമെത്തിച്ചു. എല്ലാവരും ഒത്തുപിടിച്ചപ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്ലാസ് മുറി റെഡി.

പാലത്തിനടിയിലെ പള്ളിക്കൂടത്തിന് അതോടെ തുടക്കമായി. ക്ലാസിനെക്കുറിച്ചു കേട്ടറിഞ്ഞ് കൂടുതൽ വിദ്യാർഥികളെത്തി. പത്തു വരെ ക്ലാസുകളെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. പുറമേ നിന്ന് 5 അധ്യാപകരെയും നിയമിച്ചതോടെ, വിദ്യാലയം വളർന്നു. അധ്യാപകരും ശമ്പളത്തിന്റെ കണക്കു പറയാറില്ല.

അധ്യാപകനായും വിദ്യാർഥിയായും

കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം തന്റെ സ്വപ്നവും ചിറകിലേറ്റി 2016ൽ സത്യേന്ദ്രപാൽ ആഗ്രയിലേക്കു പോയി. പ്രിയപ്പെട്ട വിഷയത്തിൽ ഒരു ഡിഗ്രി. ഡോ. ബി.ആർ.അംബേദ്കർ സർവകലാശാലയിൽ ബിഎസ്‍സി മാത്‌സിൽ കറസ്പോണ്ടന്റായി അഡ്മിഷൻ നേടി. കോവിഡ് കഴിഞ്ഞു നടക്കാനിരിക്കുന്ന അവസാന വർഷ പരീക്ഷയ്ക്കായി തയാറെടുക്കുകയാണ് ഇപ്പോൾ. ഡിഗ്രിയിലും തീരുന്നതല്ല ആ സ്വപ്നം; എജ്യുക്കേഷനിൽ ഒരു ബിരുദാനന്തര ബിരുദമാണ് അടുത്ത ലക്ഷ്യം.

നിനച്ചിരിക്കാതെ കോവിഡ്

ക്ലാസുകൾ മികച്ച രീതിയിൽ മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയത്. രോഗം പിടിമുറുക്കിയതോടെ, മാർച്ചിൽ ക്ലാസുകൾ അവസാനിപ്പിച്ചു. പാലത്തിനടിയിലെ അറിവിന്റെ ലോകത്തിനു പൂട്ടു വീണു. ക്ലാസുകൾ മുടങ്ങിയതോടെ വീണ്ടും കൃഷിയിടത്തിലേക്കിറങ്ങി. ഡൽഹിയിലെ സ്കൂളുകൾ ഓൺലൈൻ വഴി ക്ലാസ് ആരംഭിച്ചു. വൈദ്യുതി പോലുമില്ലാത്ത കുടിലുകളിൽ താമസിക്കുന്ന സത്യേന്ദ്രപാലിന്റെ വിദ്യാർഥികൾക്കു പക്ഷേ, അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇന്റർനെറ്റും സ്മാർട് ഫോണും സ്വപ്നം പോലും കാണാൻ കഴിയാത്ത കുട്ടികൾ സഹായത്തിനായി സമീപിച്ചു. ഒടുവിൽ, ജൂണിൽ 9,10 ക്ലാസുകൾ മാത്രം ആരംഭിക്കാൻ തീരുമാനിച്ചു.

വിദ്യാർഥികൾക്കു സന്നദ്ധ സംഘടനകൾ മാസ്ക്കും സാനിറ്റൈസറുമെത്തിച്ചു. സാമൂഹിക അകലം പാലിച്ച് പാലത്തിനടിയിൽ വീണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്മാർട് ഫോൺ ഇല്ലെങ്കിലും സ്മാർട്ടായ അധ്യാപകൻ വിദ്യാർഥികൾക്കു തുണയായി. ലോക്ഡൗൺ കാലത്ത് ആരിൽ നിന്നും ഫീസ് വാങ്ങില്ലെന്നു തീരുമാനിച്ചു. പണമില്ലാത്തതിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നു സത്യേന്ദ്രപാലിനു നിർബന്ധമുണ്ട്.

ഞായറാഴ്ചകളിൽ പാഠപുസ്തക പഠനമില്ല; സിനിമയും മോട്ടിവേഷൻ ക്ലാസുകളുമാണ്. സന്നദ്ധ സംഘടനകൾ നൽകിയ പ്രൊജക്ടറിൽ സിനിമകൾ കാണിക്കും. എല്ലാ വർഷവും ഇവിടെ റിപ്പബ്ലിക് ദിനാഘോഷമുണ്ട്. അന്നു പാട്ടും ഡാൻസുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേരും. ഒരിക്കൽ വിദ്യാർഥികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു; അന്നാണ് അക്കൂട്ടത്തിൽ പലരും അടുത്തുതന്നെയുള്ള കുത്തബ്മിനാർ കണ്ടത്.

ആകാശത്തേക്ക്  ചിറകുവിരിക്കാം

കുട്ടികളെ തെരുവിൽനിന്നു കരകയറ്റാൻ തന്റെ സ്കൂൾ വഴിയൊരുക്കുമെന്ന പ്രതീക്ഷയാണു സത്യേന്ദ്രപാലിനെ മുന്നോട്ടു നയിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഉയർന്നു കേൾക്കേണ്ട ശബ്ദമാണ് ഇവരുടേത് – ഈ ചെറുപ്പക്കാരൻ പറയുന്നു. മേൽപാലത്തിനടിയിൽ അക്ഷരം ചികയുന്ന കുട്ടികൾ അറിവിന്റെ ആകാശത്തേക്ക് ഉയർന്നു പറക്കുന്നതു സ്വപ്നം കാണുന്നു; അവർക്കു ചിറകു നൽകാൻ ഒപ്പമുണ്ട് ഈ അധ്യാപകൻ.

English Summary: Inspirational life of Sakiya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA