ഓർമച്ചിലങ്ക; കൊൽക്കത്ത കലാമണ്ഡലത്തിന്റെ സ്ഥാപക തങ്കമണി കുട്ടി കലയെയും കാലത്തെയും കുറിച്ച്

1200 Thankamani dance
കലാമണ്ഡലം തങ്കമണി കുട്ടി കൊൽക്കത്ത കലാമണ്ഡലത്തിൽ ശിഷ്യർക്കൊപ്പം. ചിത്രം: സലിൽ ബേറ
SHARE

കൊൽക്കത്ത കലാമണ്ഡലത്തിന്റെ സ്ഥാപകയും മലയാളിയുമായ  പ്രശസ്ത നർത്തകി, കലയെയും കാലത്തെയും കുറിച്ച് പറയുന്നു...

നൃത്തലോകത്തു തന്റേതായ ഇരിപ്പിടം കണ്ടെത്തിയ കലാമണ്ഡലം തങ്കമണി കുട്ടി കൊൽക്കത്ത നഗരത്തിന്റെ ഭാഗമായിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. അവർ കൊൽക്കത്തയിലെത്തിയ സാഹചര്യം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഈ നഗരം അവരുടെ ജീവിതത്തെ ആനന്ദനടനമായി മാറ്റി. ബംഗാളിനു ദക്ഷിണേന്ത്യൻ നൃത്തരൂപങ്ങൾ പരിചയപ്പെടുത്തിയ, കൊൽക്കത്ത കലാമണ്ഡലത്തിന്റെ സ്ഥാപകയായ തങ്കമണി ഇന്നു  നൃത്തവേദികളിൽ നിന്നൊഴിഞ്ഞ്, ശാസ്ത്രീയനൃത്തത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായി കഴിയുകയാണ്.

തങ്കമണി പഠിച്ചതു ഭരതനാട്യമാണ്. വിവാഹം ചെയ്തത് പ്രശസ്ത കഥകളി നടൻ പി.ഗോവിന്ദൻകുട്ടിയെ (ഇരുവരും ചേർന്നാണ് 1968ൽ കൊൽക്കത്ത കലാമണ്ഡലം സ്ഥാപിച്ചത്). ജനിച്ചതു കേരളത്തിൽ, പക്ഷേ ജീവിതത്തിന്റെ മുക്കാൽ ഭാഗവും ചെലവിട്ടതു കൊൽക്കത്തയിൽ. 80 വർഷം നീണ്ട ജീവിതത്തിനു നിറപ്പകിട്ടു നൽകുന്ന വൈരുധ്യങ്ങളെയെല്ലാം അവർ സ്നേഹിക്കുന്നു. 

കൊൽക്കത്തയിലെ അറുപതിലേറെ വർഷങ്ങൾക്കിടയിൽ അവർ തന്റെ ജന്മനാടിന്റെയും രണ്ടാം വീടായ കൊൽക്കത്തയുടെയും മാറ്റങ്ങൾ കണ്ടു. അതെല്ലാം ഉൾക്കൊണ്ട് ഓർമച്ചെപ്പിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു. പക്ഷേ, രാഷ്ട്രീയ സംഘർഷങ്ങളും കോളിളക്കങ്ങളും സമൂഹത്തിലെ അസ്ഥിരതയുമൊക്കെ അവരെ അസ്വസ്ഥയാക്കുന്നു. ചിലതെല്ലാം മറവിയിലേക്ക് എറിയാൻ സാധിച്ചെങ്കിലും ചില സംഭവങ്ങൾ മനസ്സിൽ തിടമെടുത്തു നിൽക്കുന്നു.

വാസസ്ഥലം കൂടിയായ ദക്ഷിണ കൊൽക്കത്തയിലെ പ്രിൻസ് അൻവർ ഷാ റോഡിലുള്ള കൊൽക്കത്ത കലാമണ്ഡലത്തിലിരുന്ന് അവർ നഗരത്തിന്റെ സാംസ്കാരിക അപചയങ്ങളോർത്ത് ആശങ്കപ്പെടുകയാണ്. ഒരിക്കൽ ഇന്ത്യയ്ക്കു മുഴുവൻ മാതൃകയായിരുന്ന ബംഗാളി സംസ്കാരത്തിന്റെ തകർച്ച തങ്കമണി തന്റെ നൃത്തരൂപങ്ങളുടെ വീക്ഷണകോണിൽ കാണുന്നു. ഈ തകർച്ചയുടെ കാരണം അവർക്കറിയില്ല. അവർ ഇപ്പോൾ ഇന്ത്യയിലോ വിദേശത്തോ നൃത്തപരിപാടികൾ അവതരിപ്പിക്കാറില്ല. പകരം ഒന്നേ ചെയ്യുന്നുള്ളൂ, കൃത്യമായ അറിവു നേടാതെ കലയെ വാണിജ്യവൽക്കരിക്കരുതെന്ന് തന്റെ വിദ്യാർഥികളെ നിരന്തരം ഉപദേശിക്കുന്നു.

കലാമണ്ഡലത്തിനു കീഴിൽ കൊൽക്കത്തയിലുള്ള വിവിധ സ്കൂളുകളിലായി ഓരോ വർഷവും ആയിരത്തോളം വിദ്യാർഥികളാണു പ്രവേശനം നേടുന്നത്. എന്നാൽ, പലരും ഈ പഠനപ്രക്രിയയെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു തങ്കമണി ആശങ്കപ്പെടുന്നു. 

1200 Thankamani Kutty
തങ്കമണി കുട്ടി

‘ആയിരത്തിൽ പത്തു പേർ മാത്രമാണ് പഠനത്തെ ഗൗരവത്തോടെ സമീപിക്കുന്നത്. ബാക്കിയുള്ളവർക്ക് എന്റെ കയ്യിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് വാങ്ങി എന്റെ പേരുപയോഗിച്ച് സ്കൂ‍ൾ തുറക്കുകയാണു ലക്ഷ്യം. അവരെന്താകും തങ്ങളുടെ വിദ്യാർഥികളെ പഠിപ്പിക്കുക? രാജ്യത്തോടു ചെയ്യുന്ന ദ്രോഹമാണത്. അറിവില്ലാത്ത അധ്യാപകർ മറ്റുള്ളവരെ പഠിപ്പിക്കാൻ യോഗ്യരല്ല’ – തങ്കമണി പറയുന്നു.

കലാസ്വാദനത്തിന്റെ നിലവാരത്തകർച്ചയെക്കുറിച്ചും അവർക്കു പറയാനുണ്ട്. പ്രമുഖ ഇന്ത്യൻ നഗരങ്ങളുടെ സംസ്കാരത്തെ അലങ്കരിച്ചിരുന്ന ശാസ്ത്രീയനൃത്തവും സംഗീതവും ഇന്നത്തെ ആസ്വാദകരുടെ ഹൃദയം കവരുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

‘മുൻപ് ഇതായിരുന്നില്ല അവസ്ഥ. കലാജ്ഞാനമുള്ള കാണികളിൽനിന്നു ഞങ്ങൾക്ക് ഊർജം ലഭിച്ചിരുന്നു. ഇന്ന് ആ വിഭാഗം അപ്രത്യക്ഷമായിരിക്കുന്നു. അതുകൊണ്ട് എനിക്കിപ്പോൾ നൃത്തം ചെയ്യാൻ മോഹമില്ല –’ ഹേമമാലിനിയെയും വൈജയന്തിമാലയെയും വരെ ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും ചുവടുകൾ പഠിപ്പിച്ച തങ്കമണി നൃത്തവേദികളിൽനിന്ന് അകന്നു നിൽക്കാനുള്ള കാരണം വെളിപ്പെടുത്തി.

വേദിയിൽനിന്ന് അകന്നെങ്കിലും നൃത്തം അവർ ഉപേക്ഷിച്ചിട്ടില്ല. നൃത്തത്തിന്റെ ഏറ്റവും സങ്കീർണമായ മേഖലയിലേക്കു കടന്നുചെല്ലാൻ ആഗ്രഹിക്കുന്ന ആയിരത്തിൽ പത്തു വിദ്യാർഥികളെ അവർ പരിശീലിപ്പിക്കുന്നു.

മലപ്പുറം മഞ്ചേരിയിലെ കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച തങ്കമണിയുടെ അച്ഛൻ ഇഎംഎസിന്റെ അടുത്ത അനുയായി ആയിരുന്നു. കുട്ടിക്കാലത്തു സാക്ഷ്യം വഹിക്കേണ്ടി വന്ന രാഷ്ട്രീയ സംഘർഷങ്ങൾ അവർ ഇന്നും മറന്നിട്ടില്ല. അൻപതുകളിലെ കേരളത്തിൽ കമ്യൂണിസ്റ്റ് – കോൺഗ്രസ് സംഘർഷങ്ങൾ നിമിത്തം സാമൂഹിക അന്തരീക്ഷം കലുഷമായിരുന്നു. 

12 വയസ്സിലാണു തങ്കമണി കേരള കലാമണ്ഡലത്തിൽ വിദ്യാർഥിയായി എത്തുന്നത്. അച്ഛന്റെ സുഹൃത്തും കലാമണ്ഡലം സ്ഥാപകനുമായ കവി വള്ളത്തോൾ നാരായണമേനോനാണു പ്രവേശനം നൽകിയത്. അക്കാലത്തു കലാമണ്ഡലത്തിൽ പ്രവേശനം ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. മികവു മാത്രമാണ് തങ്കമണിക്ക് അതിനു വഴിയൊരുക്കിയത്.

17–ാം വയസ്സിലായിരുന്നു വിവാഹം. ‘അത്ര നേരത്തേ വിവാഹം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അച്ഛനായിരുന്നു നിർബന്ധം. ഒടുവിൽ ഞാനും സമ്മതം മൂളി. രാഷ്ട്രീയ സംഘർഷങ്ങൾ നിറഞ്ഞ കേരളത്തിൽ നിന്നു രക്ഷപ്പെടണമെന്നേ ഉണ്ടായിരുന്നുള്ളൂ എനിക്ക്’ – തങ്കമണി ഓർമകൾ അയവിറക്കി. 

അങ്ങനെ 1958 മേയ് 15ന് ഗുരു ഗോവിന്ദൻകുട്ടി തങ്കമണിയെ വിവാഹം ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷം ജൂൺ 2ന് അവർ കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ ട്രെയിനിറങ്ങി.

‘അന്നു ഞങ്ങളെ സ്വീകരിക്കാൻ കൊൽക്കത്തയിലെ കേരള സമാജത്തിൽനിന്ന് ആയിരങ്ങളാണ് എത്തിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതുകണ്ട് ഞാൻ ആവേശം കൊണ്ടുപോയി’.

കേരളത്തെക്കാ‍ൾ ഒട്ടും മെച്ചമായ അവസ്ഥയിലായിരുന്നില്ല അക്കാലത്തെ ബംഗാൾ. പിന്നീട് ഒരു ദശകത്തിനകം കൊൽക്കത്ത നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ ഉദയം കണ്ടു. പക്ഷേ, പിന്നീടതു കെട്ടടങ്ങി.

പിന്നീടാണ് തങ്കമണിയും ഭർത്താവും ചേർന്ന് കൊൽക്കത്ത കലാമണ്ഡലം സ്ഥാപിച്ചത്. കേരള കലാമണ്ഡലത്തിന്റെ തുടർച്ച പോലെയായിരുന്നു ആ സ്ഥാപനം. 1968ൽ കലാമണ്ഡലത്തിൽ നൃത്തപരിശീലന കേന്ദ്രം തുടങ്ങി. ഇന്നു സ്ഥാപനത്തിന് കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലുമായി നാലു ക്യാംപസുകളുണ്ട്.

ഭർത്താവ് ഗുരു ഗോവിന്ദൻകുട്ടിയിൽനിന്നു തങ്കമണി കഥകളി പഠിച്ചു. ഇരുവരും ചേർന്ന് രവീന്ദ്രനാഥ ടഗോറിന്റെ ചണ്ഡാലിക, ശ്യാമ, രക്തകരാബി, ശാപ് മോചൻ തുടങ്ങിയ സംഗീതനാടകങ്ങൾ ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും രൂപത്തിൽ അവതരിപ്പിച്ചു. ഈ രണ്ടു നൃത്തരൂപങ്ങളിൽ ഈ കൃതികൾ അവതരിപ്പിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. കാരണം, ടഗോർ ഈ മട്ടിൽ ഇവയെ അവതരിപ്പിച്ചിരുന്നില്ല. മണിപ്പൂരി നൃത്തമായിരുന്നു ടഗോറിന്റെ ഇഷ്ടകല. ഭരതനാട്യവും മോഹിനിയാട്ടവും പോലും അജഗജാന്തരമുള്ളതാണ്. കൂടുതൽ ചടുലമായ ശരീരചലനങ്ങളും ഗഹനമായ ഭാവങ്ങളുമാണ് ഭരതനാട്യത്തിൽ ഉള്ളതെങ്കിൽ, മുദ്രകളിലൂടെയും കരചലനങ്ങളിലൂടെയുമാണ് മോഹിനിയാട്ടത്തിൽ സംവേദനം നടക്കുന്നത്.

ടഗോറിന്റെ നൃത്തനാടക പരീക്ഷണങ്ങൾക്കൊപ്പം രണ്ടു കാര്യങ്ങൾ കൂടി തങ്കമണി ഭർത്താവിൽനിന്നു പഠിച്ചു. ഗോവിന്ദൻകുട്ടിയുടെ ഭാഷയിൽ ജീവിതത്തിൽ ഏറെ പ്രധാന്യമുള്ള രണ്ടു കാര്യങ്ങൾ: ‘പെരുമാറ്റമര്യാദകളും ആതിഥ്യമര്യാദകളും ഞാൻ അദ്ദേഹത്തിൽ നിന്നാണു പഠിച്ചത്. ഞാനൊരു ഗ്രാമത്തിൽ നിന്നാണു വന്നത്. കൊൽക്കത്ത അന്നേ വലിയ നഗരമാണ്. അതിനാൽ അതു രണ്ടും പഠിച്ചത് എന്നെ സംബന്ധിച്ചു വലിയൊരു കാര്യമാണ്.’

ആ കാര്യങ്ങൾക്കു ദൈനംദിന ജീവിതത്തിൽ എത്ര ഉപയോഗമുണ്ടെന്ന് പിന്നീടുള്ള ജീവിതം അവരെ ബോധ്യപ്പെടുത്തി. അവരുടെ കൊൽക്കത്തയിലെ വീട്ടിൽ ഇന്ത്യയിലെമ്പാടുമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ – ബംഗാളിലെയും കേരളത്തിലെയും തലമുതിർന്ന മന്ത്രിമാർ വരെ – അതിഥികളായെത്തി. ബംഗാളിന്റെ വിപ്ലവനായകൻ മുൻ മുഖ്യമന്ത്രി ജ്യോതിബസുവിനെ ആദ്യമായി കണ്ടുമുട്ടിയ രസകരമായ കഥ തങ്കമണി ഓർത്തെടുത്തു.

‘ജ്യോതി ബാബുവിന് എന്റച്ഛനെ അറിയാം. അദ്ദേഹത്തെ കൊൽക്കത്ത പുസ്തകമേളയിൽ വച്ചാണ് ആദ്യമായി ഞാൻ കണ്ടുമുട്ടിയത്. അപ്പോൾത്തന്നെ ഞാൻ മലയാളത്തിൽ അദ്ദേഹത്തോടു സംസാരിക്കാ‍ൻ തുടങ്ങി. അദ്ദേഹം പൊട്ടിച്ചിരിച്ചു പോയി. ഞാൻ ആകെ പരിഭ്രമിച്ചു, എന്റെ ഭർത്താവും. പക്ഷേ, ചുറ്റുമുള്ളവർ അതിനെ മോശമായൊന്നും കണ്ടില്ല. ബസുവിനെ പരസ്യമായി പൊട്ടിച്ചിരിപ്പിച്ച അപൂർവ പ്രവൃത്തിയുടെ ഉടമ എന്ന മട്ടിലാണ് അവരെന്നെ നോക്കിയത്. ആരുമങ്ങനെ അദ്ദേഹത്തോടു പെരുമാറിയിട്ടില്ല,’ ഒഴുക്കുള്ള ബംഗാളി ഭാഷയിൽ തങ്കമണി ആ കഥ വിവരിച്ചു. 

കേരളത്തിൽ കമ്യൂണിസ്റ്റ് വിശ്വാസത്തിന്റെ ഭാഗമായിരുന്നെങ്കിലും കൊൽക്കത്തയിലെത്തിയ ശേഷം തങ്കമണിയും ഗോവിന്ദൻകുട്ടിയും ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളിൽ പലരും കൊൽക്കത്ത കലാമണ്ഡലം സന്ദർശിച്ചിരുന്നു. പക്ഷേ, മമത ബാനർജി മാത്രം അവിടെ ഇതുവരെ എത്തിയിട്ടില്ല. തന്റെ സ്ഥാപനത്തിലെത്തി കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ മമതയെ തങ്കമണി പലവട്ടം ക്ഷണിച്ചു. ‘പക്ഷേ, അവർ മാത്രം വന്നില്ല. ഒരിക്കൽ വരുമായിരിക്കും.’ 

തങ്കമണി – ഗോവിന്ദൻകുട്ടി ദമ്പതികൾക്കു 3 മക്കളാണ് – സുകുമാർ, സോമനാഥ്, മോഹൻ. സത്യജിത് റേയുടെ പിതാവും പ്രശസ്ത ബംഗാളി കവിയുമായിരുന്ന സുകുമാർ റേയുടെ ഓർമയ്ക്കാണു മൂത്തമകന് ആ പേര് നൽകിയത്. മാർക്സിസ്റ്റ് നേതാവ് സോമനാഥ് ചാറ്റർജിയുടെ പേരു നൽകിയ രണ്ടാമത്തെ മകൻ സോമനാഥാണ് ഇപ്പോൾ കലാമണ്ഡലം സെക്രട്ടറി. സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുന്നത് അദ്ദേഹമാണ്.2007ൽ അർബുദം ബാധിച്ചാണു ഗോവിന്ദൻകുട്ടി മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം കൊൽക്കത്തയിലെ ഒരു ആശുപത്രിക്ക് ഗവേഷണങ്ങൾക്കായി വിട്ടുകൊടുത്തു.

രാജ്യത്തെമ്പാടും, പ്രത്യേകിച്ച് ബംഗാളിൽ, ലക്ഷക്കണക്കിനു കലാപ്രേമികളുടെ ഹൃദയം കവർന്ന തങ്കമണി ഒരിക്കലും കേരളവുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. തന്റെ ബന്ധുക്കൾ താമസിക്കുന്ന ഗുരുവായൂരിലെത്തിയാണ് അവർ എല്ലാ വർഷവും ഓണം ആഘോഷിക്കുന്നത്. മുൻപൊക്കെ ഗുരുവായൂരിൽ നൃത്തപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA