അക്ഷരങ്ങളാൽ പൂക്കളം; പ്രിയകവി ഒഎൻവി കവിതയിൽ കൊരുത്തിട്ട ഓണക്കാഴ്ചകളിലൂടെ

1200 onv
വര: മഗേഷ്.
SHARE

1949ൽ പത്തൊൻപതാം വയസ്സിൽ ഒഎൻവിയെ ചങ്ങമ്പുഴ മെഡലിന് അർഹനാക്കിയ ‘അരിവാളും രാക്കുയിലും’ എന്ന കവിത മുതൽ ഓണത്തെക്കുറിച്ച് അദ്ദേഹം പാടാൻ തുടങ്ങി.

പൊന്നോണപ്പുലരികളിൽ മലനാടിൻ മലർവനിയിൽ

പെൺകൊടിമാർ പാടുമാ ഗാനമില്ലേ

ഒരു കാലം മലയാളത്തറവാട്ടിൽ മാലോക–

രൊരുപോലെയൊരുമയിൽ വാണിരുന്നു

‘മലയുടെ മക്കൾ’ എന്ന ആദ്യകാല കവിതയിലും ഓണച്ചെങ്കതിരോമൽച്ചെങ്കതിരോടി വരും മലയോരത്തിൽ പൂവിളിയോളം തിരളുന്ന പൊന്നോണങ്ങൾ പുലർന്നിരുന്നു.

കർക്കടകം പടിയിറങ്ങിപ്പോയ മണ്ണിലും വിണ്ണിലും പൂക്കൾക്കു ചിരിക്കാനുള്ളതാണ് ‘ആവണി മാസം’. പൊന്നാവണിപ്പൂക്കളും തുമ്പിയും മൈനയും പൂക്കളിൽമേയുന്ന തൂശീമുഖികളും വീണ്ടും വീണ്ടുമെത്തുന്നു ശ്രാവണമാസത്തിൽ ഓണച്ചിന്തുകൾ പാടാൻ. മാവേലിത്തമ്പുരാൻ നാടുകാണാൻ വരുന്ന ഈ മാസത്തിലാണ് മണവാളനായ മഞ്ഞത്തുമ്പിയുമായി ഓണപ്പൂവിന്റെ ‘കല്യാണം’.

തൊടിയും ചുറ്റിയെത്തുന്ന കിടാങ്ങളുടെ സൗന്ദര്യസങ്കൽപങ്ങൾ മുറ്റത്തു പൂക്കളമൊരുക്കുന്ന കാലമാണിത്. പാടുന്ന പുഷ്പങ്ങളെന്നപോലെ ശ്രാവണശലഭങ്ങൾ തേൻ ചൊരിയുന്ന ‘ശ്രാവണസംഗീതം’ ലഹരിപിടിപ്പിക്കുന്ന വേദിയും വേറൊന്നല്ല. ശ്രാവണമംഗലഗാനം, മൃതിയെ ജയിച്ചു വരുന്നതിന്റെ കഥകൾ ഓമൽക്കൈരളിയെ മടിയിലിരുത്തി ‘ഓണവില്ലുകൾ പാടി’ ഓണത്തെ പാട്ടുത്സവത്തിനു ക്ഷണിക്കുന്നു.

ഇളവെയിലിന്റെ കുമ്പിളിൽനിന്ന് അരളിപ്പൂ വിതറിയും മഞ്ഞത്തുമ്പികളാകുന്ന തിരുവാഹനമേറിയും കർക്കടകം ചാർത്തിയ കരിവളകൾക്കു പകരം അരിയ ചുവപ്പോലും പുതുതരിവളകൾ ചാർത്തിയും കരിമണ്ണിന്റെ ആത്മാവിൽനിന്ന് നറുമണികളെടുത്ത് ചെറുപൂവിനേകിയും ചിങ്ങം വരുന്നു. ചേർക്കുഴിയിൽ നിന്ന് ഒരു താമരയായും ‘ഒരോണപ്പാട്ടു കൂടി’ പുതുതായി പാടിയും പുത്തരി േവവുന്ന മണം പുരകളിൽ നിറച്ചുമുള്ള തിരുവോണത്തിന്റെ വരവിൽ കവി ആഹ്ലാദിക്കുന്നു, നമ്മെ ആഹ്ലാദിപ്പിക്കുന്നു. ഓരോ വട്ടവും ഓണക്കളിയുടെ താളമയഞ്ഞീടുന്നു. എങ്കിലും ഓണനിലാവിൻ പുടവയുടുത്താൽ പുതുലാവണ്യമണിയുന്നു അമ്മയാകുന്ന ‘ഭൂമി’.

കുഞ്ഞിന്റെ ‘ചോറൂണ്’ ധന്യമാക്കാൻ പോകുന്ന യാത്രയിൽ മണൽത്തട്ടിലെ പൊൽത്തിരുവോണമുണ്ട ശൈശവം എത്ര ധന്യമായിരുന്നു എന്നു മുതിർന്ന കവി ഓർക്കുന്നുണ്ട്. പൊയ്പ്പോയ പൊന്നോണനാളുകൾ പൂക്കളമിട്ട ഓർമയുടെ മുറ്റത്തും കവിയുടെ തൂലിക കറങ്ങിനടക്കാൻ ഇഷ്ടപ്പെടുന്നു. നിളാനദി ഒഴുകുന്നത് ഓണരാവിലൊരോമൽ സ്മൃതി തൻ കുളിർപോലെയാണ് (പുഴ).

അത്തപ്പൂക്കളച്ചന്തവും (ഗന്ധർവബാധ) തറവാടിന്റെ മുറ്റത്തെ പിച്ചകമലരുകളും ആവണിവെട്ടത്തിന്റെ ചിരിയും പൂക്കുടയും ശ്രാവണപുഷ്പിതകാന്തികളും കവിയുടെ ഓർമകളെ ഓണപ്പുടവയുടുപ്പിക്കുന്നു.

മറക്കാനാവാത്ത പൊന്നോണപ്പെൺകിടാവിനെ കാത്തിരിക്കുന്ന കവിതയിൽ യഥാക്രമം ഓണവും കവിയുമാകുന്നു, ‘നിത്യകന്യകയും നിത്യകാമുകനും’. ഓണത്തിന്റെ വർണങ്ങളും നാദങ്ങളും ഗന്ധങ്ങളും ഒരു പൈതലായി നുകർന്ന കാര്യം കവി ഓർക്കുന്നു. അവളുടെ പൊന്നൂഞ്ഞാലിൽ എല്ലാം മറന്നിരിക്കാനും കവിതാകന്യകയുടെ ചിത്രം വരയ്ക്കാനും കവിയിൽ കൊതിമുളയ്ക്കുന്നു. ഓർമകളുടെ ഉത്സവമാകുന്നു ഓണം – കവിക്കും നമുക്കും.

ഓണക്കാലത്ത് അവധിയെടുത്ത് ദൂരെനിന്നു സ്വന്തം വീട്ടിലേക്കു വിരുന്നുവന്ന ഒരു ഉദ്യോഗസ്ഥയുടെ കഥയാണ് കവിതയായെഴുതിയ ‘അവൻ പറഞ്ഞിരുന്നു’. ‘ഓണമായ് വരാത്തതെന്തിനിയും ഒരുനോക്കു കാണുവാൻ’ എന്ന ‘അനുജത്തി’യിലെ ചോദ്യം ഒരാൾക്കല്ല ഒരായിരം പേർക്ക് ചോദിക്കാൻ ഓണക്കാലം ഇന്നും കരുതിവച്ചിരിക്കുന്നു. പുനഃസമാഗമത്തിന്റെയും എവിടെനിന്നും വീട്ടിലേക്കുള്ള തിരിച്ചുവരവിന്റെയും സുദിനം. ‘ഒന്നിച്ചിരുന്നു പായസമുണ്ണുന്നതിന്റെ’യും ‘വറുതിക്കിട’യിലും കായ വറുക്കുന്നതിന്റെയും... രുചിയുടെ വാർഷികാഘോഷമാകുന്നു ഓണം. ഒരു രാവിൽ സ്വാതന്ത്ര്യത്തിന്റെ ഉദയം വരുന്നത് ‘മരണവീട്ടിൽ വന്നുകേറുന്നൊരോണം പോലെ’യാണെന്ന കൽപനയിലൂടെ ഓണത്തെ പുനർജന്മത്തിന്റെ ഉത്സവമാക്കുന്നു.

ഒഎൻവിയുടെ ഓണക്കവിതകളിൽ സന്തോഷത്തിന്റെ സദ്യവട്ടത്തിനൊപ്പം സന്താപത്തിന്റെ കഞ്ഞിക്കുമ്പിളും രോഷത്തിന്റെ ആർപ്പുവിളികളും കാണാനുണ്ട്, കേൾക്കാനുണ്ട്. ‘െപാന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ’ (ഇരുളിൽ നിന്നൊരു ഗാനം) എന്നാരംഭിക്കുന്ന പ്രസിദ്ധവും ജനകീയവുമായ കവിതയിൽ ‘ഓണനിലാപ്പാലലകള് ഓടിവരുന്നേരം എന്തിനാണ് നിൻകരള് നൊന്തുപോണെൻ കള്ളീ’ എന്ന് ആനന്ദക്കവിളിലൊരു നൊമ്പരമറുകണിയാൻ കവി മറക്കുന്നില്ല. ‘പൊന്നോണം പലതങ്ങനെ പിന്നിട്ടു പൊള്ളുന്നൊരു കണ്ണീരിന്നുപ്പേരികൾ തീർന്നുപോകെ’ എന്നാണ് ‘ജയിലുകൾ തുറക്കുക’ എന്ന കവിത തുടങ്ങുന്നത്. ‘എന്നിട്ടും കാത്തിരിക്കുന്നിതമ്മ എന്തെന്റെ മാവേലി വന്നിടാത്തു’ എന്നാണ് ‘അവരുടെ മാവേലി’ എന്ന കവിത അവസാനിക്കുന്നത്.

ഉണ്ണാനുമുടുക്കാനുമില്ലാത്തവർക്കും ഉച്ചനീചത്വത്തിന്റെ ഇരകൾക്കും മനുഷ്യത്വരാഹിത്യത്തിന്റെ ബലിമൃഗങ്ങൾക്കും ഏറെക്കുറെ തീണ്ടാനും തൊടാനുമാവാത്ത ഓണത്തിന്റെ പിന്നാലെ പായാനാണ് നിസ്വപക്ഷപാതിയായ കവിയുടെ പേന ഇന്ധനം നിറച്ചത്. അതുകൊണ്ടാണ് ‘ഓണമിതെന്തോണം പഞ്ഞപ്പിശാചുക്കളോടി നടക്കുന്നു നാടുനീളെ’ എന്നും ‘നാണിച്ചു നാണിച്ചു നിൽപതെന്തേ നാണം മറയ്ക്കുവാനൊന്നുമില്ലേ’ (മണ്ണിന്റെ മങ്കമാർ) എന്നും ‘ഇമ്മണ്ണിലവൾ പിറന്നുണ്ട പൊന്നോണങ്ങളിൽ കണ്ണീരാലത്രേയമ്മയുപ്പേരി വറുത്തേകി’ (ഞാൻ നിന്നെ സ്നേഹിക്കുന്നു) എന്നും വിലപിക്കുന്നത്.

തെളിഞ്ഞ ആകാശത്തിലെ ആവണിനിലാവിന്റെ പാൽക്കതിരുകളായും മുക്കുറ്റിയായും തുമ്പയായും കറുകയായും കദളിപ്പൂവായും ഓണമണയുന്നു. മാഞ്ചോട്ടിലെ മഞ്ജുതാരുണ്യവിലാസമായും മാവേലിപ്പാട്ടിൻ മന്ദ്രമധുരതരംഗമായും നേന്ത്രപ്പഴത്തിന്റെ സൗരഭമായും നെയ്യാമ്പൽ പൂക്കും കുളക്കടവിൽ കുളിർവീർപ്പായും ഒന്നിച്ചുണ്ണും മധുരമായും വന്നെത്തുന്നു. ആ ഓണത്തെ ആശ്ലേഷിക്കാനാശിക്കുന്ന കവിയുടെ ‘ഓണക്കണക്ക്’ തെറ്റുന്നു:

മനസ്സിലോണമാസക്കടവും പലിശയും

കണക്കുകൂട്ടിക്കൂട്ടി ഞാനിതാ മൂർഛിക്കുന്നു.

പൊയ്പ്പോയ പൊന്നോണനാളുകളോർമതൻ മുറ്റത്തു പൂക്കളമിടുമ്പോൾ കവിയുടെ ആത്മാവിൽ നിറയുന്നത് ഇപ്പോൾ എവിടെയാണെന്നറിയാത്ത ഒരു പെൺകൊടി തന്റെ നേർക്കു നീട്ടിയ പൊന്നിലഞ്ഞിപ്പൂവിൻ സൗമ്യഗന്ധമാണ്. ‘ഒരോണപ്പാട്ട്’ എന്ന ഈ കവിത തീരുന്നത് നഷ്ടശ്രാവണത്തിന്റെ ദുഃഖം എന്നെന്നേക്കുമായി നെഞ്ചിലേറ്റിക്കൊണ്ടാണ്:

ഈ വഴി പോകാമിപ്പാട്ടുമായിങ്ങനെ

ഈ യാത്രയിലിനിയെത്ര ഓണം...

പഠിക്കുന്ന കാലത്ത് മർത്യാവകാശങ്ങളെപ്പറ്റി ഉജ്വലഭാഷണം ചെയ്തിരുന്ന ഒരു പൂർവവിദ്യാർഥിയെ ഓണത്തിരക്കുള്ള ചന്തയിൽ ഓടയുടെ നാറ്റം പേറുന്ന ജനാരണ്യവീഥിക്കരികിൽ കവി കണ്ടുമുട്ടുന്നുണ്ട്. ഏതോ തുണിമില്ല് തുപ്പിയ ചണ്ടികൾ തുച്ഛവിലയ്ക്കു വിൽക്കാൻ നിൽക്കുകയാണ് ഇന്നാ ബിരുദധാരി. എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കണമെന്നേ കരുതിയുള്ളു എന്ന അവന്റെ മറുപടി അധ്യാപകൻ കൂടിയായ കവിയെ മറ്റൊരു ചിന്തയിലേക്കാണു തിരിച്ചുവിട്ടത്. തുച്ഛമായ വില തുണിക്കല്ല നമ്മുടെ ബിരുദങ്ങൾക്കാണ് എന്നതാണ് കവിയുടെ ഓണക്കാഴ്ച.

അന്തരിച്ച സുഹൃദ്കവി പുനലൂർ ബാലനെ അനുസ്മരിച്ചെഴുതിയ കവിത ‘ഓണച്ചിന്തുകൾ’ പാടാൻ അദ്ദേഹമില്ലാത്തൊരോണം പടികടന്നെത്തുന്ന ദുഃഖം പങ്കിട്ടാരംഭിക്കുന്നു. ഒരുമിച്ചാഷോഘിച്ച ഓണത്തിന്റെ ഹർഷങ്ങൾ അയവിറക്കി ഒടുവിലെത്തുമ്പോൾ മിഴികൾ തുളുമ്പിപ്പോവുന്നു. സ്മൃതികൾ വിതുമ്പിപ്പോവുന്നു. ഓണച്ചിന്തുകൾ ഓർമതൻ കണ്ണീരോലും ചിന്തുകളാവുന്നു.

‘തോന്ന്യാക്ഷരങ്ങൾ’ എന്ന ഗദ്യകവിതയിൽ ഓണപ്പൂക്കളുടെ തലവിധി ഇങ്ങനെ കുറിച്ചിരിക്കുന്നു: അത്തപ്പൂവിടൽ മത്സരത്തിനുവേണ്ടിയാവാം എന്റെ മുറ്റത്തെ പൂക്കളെല്ലാം ആരോ കവർന്നു. അവ മത്സരപ്പൂക്കളിലുണ്ടാവാം, ചുവന്ന തെരുവിലെ ചായംപൂശിയ മുഖങ്ങൾപോലെ മത്സരജേതാവ് പാരിതോഷികം വാങ്ങി കടന്നുപോകുമ്പോൾ നിലംപറ്റെ കിടന്ന് ആ പൂക്കൾ വാടിക്കരിയുകയായിരുന്നു.

പ്രതീക്ഷയുടെ ഉത്സവമായും അദ്ദേഹം ഓണത്തെ വരവേറ്റു. അടിച്ചമർത്തപ്പെട്ടവരുടെ ചോരയിൽനിന്നും വിയർപ്പിൽ നിന്നും കണ്ണീരിൽ നിന്നും പൊട്ടിവിടരുന്ന പുതുയുഗപ്പിറവിയുടെ കാഹളം വാചാലമായിട്ടല്ലെങ്കിലും അദ്ദേഹത്തിന്റെ തിരുവോണ ദർശനത്തിൽ നിലീനമാണ്. കുമ്മിപ്പാട്ടിന്റെ മട്ടിൽ രചിച്ച ‘മണ്ണിന്റെ മങ്കമാർ’ എന്ന കവിത ‘ഓണമായോണമായ് തോഴിമാരേ നാണിച്ചു നാണിച്ചു നിൽപതെന്തേ’ എന്നു തുടങ്ങി പ്രത്യാശയിൽ പര്യവസാനിക്കുന്നു:

നാളത്തെ പൊന്നോണനാൾ പുലരാൻ

പടവാളുമിപ്പാട്ടുമായ്പോക നമ്മൾ

പുല്ലാങ്കുഴല് വിളിച്ചതുപോലുള്ള പൂവിളികളും ചെറുമണിമാലകളണിഞ്ഞ പുറവേലികളും മാത്രമല്ല മുത്തശ്ശിമാരിൽ, കാറ്റിൽ കുരവപ്പൂക്കൾ കണക്കെ നൃത്തംവയ്ക്കുന്ന പൂക്കുലകളും ഓർമയിൽ ജ്വലിച്ചു നിൽക്കുന്നു. തെങ്ങിളനീരു പകർന്ന പാട്ടിലൂടെ ആ മുത്തശ്ശിമാർ ചോദിക്കുന്നു: ‘എന്താ തുമ്പീ തുള്ളാത്തു?’ ഈ ചോദ്യത്തെ ഒരു പിണക്കമായി കരുതി കവി വിശദീകരണത്തിലേക്കു കടക്കുന്നു. കൊയ്ത്തു കഴിഞ്ഞ നിലങ്ങളിൽ ചിതറിയ കതിരുകൾ പെറുക്കുന്ന അയലത്തെ കുഞ്ഞോമനകളുടെ കരളിൽ ഓടക്കുഴലുകൾ പാടുന്ന നാൾ വരാം: അവരുടെ മുത്തശ്ശിമാർക്ക് ലേശം പുത്തരിയവില് കൊറിക്കാൻ കിട്ടുമായിരിക്കാം. ആ പുലരിയിലാണ് തന്റെ കരൾ ഓണപ്പാട്ടിനു തംബുരു മീട്ടുക എന്നാണ് കവിയുടെ പ്രതികരണം.

എന്റേതെന്നും നിന്റേതെന്നും വേർതിരിവു കാട്ടാത്തവരും ഭരണത്തിൽ സ്വാർഥത വെടിഞ്ഞവരും കൊയ്ത്തും മെതിയും മറക്കാത്തവരുമായ മനുഷ്യർ വസിക്കുന്ന ഭൂമിയിലേക്ക് ഇനിയുമെത്ര ദൂരമുണ്ടെന്ന് കവി ചോദിക്കുന്നു. ‘ഭൂമിഗീതങ്ങൾ’ എന്ന കവിതയിലെ ഈ ചോദ്യം മറ്റൊരു ഓണച്ചിന്തയിൽ ലയിപ്പിക്കുന്നു:

ഭൂമിയിലെങ്ങുമൊരുപോലെ പൈതങ്ങൾ

പൂവിളി കൂട്ടുന്നൊരോണമുണ്ടാകുമോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA